2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒരു ചമ്മലിന്റെ ഓർമ്മക്ക്‌

രണ്ട്‌ വർഷം മുമ്പത്തെ ഒരു വൈകുന്നേരം. ഒരു ചമ്മലിന്റെ ഓർമ്മ പുതുക്കുകയാണിവിടെ. ഇതിൽ വലിയ കാമ്പൊന്നും ഇല്ലന്നറിയാം. എങ്കിലും കെടക്കട്ടേ ഒരു പോസ്റ്റ്‌.

ഒരു നേരിയ കാറ്റു പോലും വീശാൻ മറന്ന അന്തരീക്ഷം ശരീരത്തോടൊപ്പം മനസ്സിനേയും തളർത്തിയിരുന്നു. റോഡിന്റെ ഓരം ചേർന്ന് റൂമിലേക്ക്‌ നടക്കുമ്പോൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ മനസ്സിന്‌ അലോസരമായി. തിരക്കുള്ള റോഡ്‌ മുറിച്ച്‌ കടന്ന് വീണ്ടും അഞ്ച്‌ മിനിട്ടോളം നടക്കണം റൂമിലേക്ക്‌ എത്താൻ.

റോഡ്‌ മുറിച്ച്‌ കടക്കാനുള്ള സാഹസികതയിൽ മുഴുകി ഒഴിഞ്ഞ റോഡും കാത്തിരിക്കുന്ന അവസ്ഥ മുഷിപ്പിക്കുന്നതാണ്‌. തിരക്കുള്ള ഈ റോഡിൽ മറുഭാഗം കടക്കാൻ കാത്ത്‌ നിൽക്കുമ്പോൾ സമയത്തെ എങ്ങനെ അഴിച്ച്‌ വിടണമെന്ന് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഓർമ്മകളിൽ മണിച്ചിത്രത്താഴിട്ട്‌ പൂട്ടി സൂക്ഷിക്കുന്ന വയലാറിന്റെ മനോഹരമായ വരികൾ നാവിലിട്ട്‌ കറക്കി ഞാൻ നിൽക്കും. പലപ്പോഴും ആ വരികളിൽ മുഴുകി പരിസരം വിസ്മരിച്ച്‌ പാട്ടിന്റെ ശബ്ദം കൂടുന്നത്‌ ഞാൻ അറിയാറില്ല.

അന്നും ശബ്ദത്തിന്റെ മാധുര്യത്തിന്‌ പകരം ചിരട്ടയിൽ ഒരതിയത്‌ പോലെയുള്ള എന്റെ ഗാനാലാപനം അൽപം കടുത്ത്‌ പോയിരിക്കണം. തൊട്ടടുത്ത്‌ അതേസാഹസത്തിന്‌ കാത്തിരിക്കുന്ന മറ്റൊരു വഴിയാത്രക്കാരൻ എന്റെ പാട്ട്‌ ആസ്വദിച്ച്‌ നിൽക്കുന്നത്‌ ഞാൻ കാണുന്നില്ലായിരുന്നു. പച്ചവിരിച്ച മാമലകളുറങ്ങുന്ന, നെൽപാടങ്ങൾ നീണ്ട്‌ നിവർന്ന് കിടക്കുന്ന, കേരമരങ്ങൾ ദൃശ്യ ഭംഗിയാകുന്ന, നിലാവിലേക്ക്‌ മനസ്സിലൊരു കുളിരായി ഒലിച്ചിറങ്ങുന്ന മഴനാരുകളുള്ള എന്റെ നാടിന്റെ ഓർമ്മകളിലേക്ക്‌ എന്റെ ഇഷ്ട ഗാനങ്ങൾ എന്നെ വലിച്ചിഴച്ച്‌ കൊണ്ട്‌ പോകുന്നതിനിടയിൽ ഈ ഗാനങ്ങളും, ഈ വരികളും, ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ അന്തരീക്ഷത്തെ ഞാനെന്തിന്‌ ശ്രദ്ദിക്കണം. അല്ലെങ്കിലും സൂര്യൻ പോലും ഒരു മഴ സ്വപ്നം കണ്ട്‌ കഴിയുന്ന ഈ മണലാരുണ്യത്തിൽ ഏത്‌ ചുണ്ടിലാണ്‌ കവിതകൾ, ഗാനങ്ങൾ, നൃത്തം ചെയ്യുക.

റോഡ്‌ നല്ല തിരക്കാണ്‌. രണ്ടും കൽപിച്ച്‌ റോട്ടിലേക്കിറങ്ങി അങ്ങ്‌ മുറിച്ച്‌ കടന്നാലോ? വേണ്ട, മദീന റോഡ്‌ മുറിച്ച്‌ കടക്കലും, മലയാളിക്ക്‌ മെസ്സ്‌ വെക്കലും ഇവിടെ വളരെ പ്രയാസമുള്ള ഏർപ്പാടാണന്ന് മുമ്പാരോ തമാശ പറഞ്ഞത്‌ ഓർത്തു.

എന്റെ സംഗീതം അതിന്റെ അഗാധതയിലേക്ക്‌ പോയിക്കൊണ്ടിരുന്നു. പരിസരം മറന്ന് ഞാൻ പാട്ടുകൾ മൂളുന്നു. മൂളുകയായിരുന്നില്ല. പാടുകയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ അലോസരമായ ശബ്ദത്തിൽ എന്റെ ശബ്ദം ആരും ശ്രദ്ദിക്കില്ലന്ന് ഞാൻ കരുതി. അങ്ങനെ കരുതാൻ പോലും ഞാൻ മെനക്കെട്ടില്ല എന്നതാണ്‌ സത്യം. എന്റെ അടുത്ത്‌ രണ്ട്‌ മൂന്ന് പേർ നിൽക്കുന്നത്‌ എനിക്ക്‌ കാണാമായിരുന്നു. അവരെ ശ്രദ്ദിക്കാൻ എനിക്ക്‌ തോന്നിയില്ല.

പക്ഷേ ഒരു നിമിശം എല്ലാം തകർന്നു.

"എഷ്‌ ഫീ.. മജ്നൂൻ? അൽ യൗം മാഫി അകൽ?" (ബ്രാന്തനാ? ഇന്നൊന്നും തിന്നില്ലേ) ഒരു അറബി വംശജൻ എന്റെ മുഖത്ത്‌ നോക്കി ചോദിച്ചപ്പോഴാണ്‌ ഞാൻ ഒരുപാട്‌ അതിരു കടന്നിരിക്കുന്നെന്ന് മനസ്സിലായത്‌.

മുഖത്ത്‌ ശ്രുതിയും സംഗതികളും ഒപ്പിച്ച്‌ വലിഞ്ഞ്‌ മുറുകിയ ഞരമ്പുകൾ പെട്ടന്നയഞ്ഞു. പ്രാണസഖിക്ക്‌ മനസ്സിന്റെ കോണിൽ പടുത്തുയർത്തിയ താജ്മഹൽ തകർന്നടിഞ്ഞു. കനവിൽ തീർത്ത വെണ്ണക്കൽ കൊട്ടാരം കളിമണ്ണിൽ തീർത്തത്‌ ആയിരുന്നെന്ന് ഞാൻ തീർച്ചപ്പെടുത്തി. നാളികേരത്തിന്റെ നാട്ടിൽ ഉണ്ടായിരുന്ന നാഴിയിടങ്ങഴി മണ്ൺ സുനാമി തിരമാലയടിച്ച്‌ ഒലിച്ച്‌ പോയി.

അവിടെ നിലാവിലേക്കൊലിച്ചിറങ്ങിയ മഴയില്ലായിരുന്നു. സൂര്യതാപമേറ്റ്‌ വിറങ്ങലിച്ച്‌ നിൽക്കുന്ന അന്തരീക്ഷത്തിൽ ഷർട്ടിന്റെ ഉള്ളിലൂടെ വിയർപ്പ്‌ കണങ്ങൾ ഒലിച്ചിറങ്ങുന്നു. ശരീരത്തിനും മനസ്സിനും കുളിർമ്മയായി വീശിയടിക്കുന്ന മന്ദമാരുതൻ ഇവിടെയില്ല. ഇവിടെ ചിറക്‌ കരിഞ്ഞ്‌ വീശാൻ മടിച്ച്‌ കാറ്റ്‌ ഏസി മുറികളിൽ ഒളിച്ചിരിപ്പാണ്‌. ഉയർന്ന് പന്തലിച്ച്‌ കിടക്കുന്ന കോൺക്രീറ്റ്‌ കാടുകൾക്കിടയിൽ പച്ചപിടിച്ച നെൽപാടങ്ങളെവിടെ.

ശരിക്കും ഞാനൊരു മജ്നൂൻ തന്നെയോ. മനസ്സിൽ ചമ്മലും, സങ്കടവും എല്ലാം സംഘമിച്ച്‌ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ 'ഭാഗ്യം, മലയാളികളാരും കണ്ടില്ല' എന്ന് മനസ്സിൽ കരുതി കുറച്ച്‌ മാറിനിൽകുമ്പോൾ പിന്നിൽ നിന്നും മലയാളത്തിലൊരു കമന്റ്‌.

"മലയാളിയെ പറയിപ്പിക്കാൻ ഒാരോർത്തരിങ്ങിറങ്ങും. വല്യ പാന്റും ഷർട്ടും ഇട്ട്‌ കഴുത്തിലൊരു കയറും കെട്ടിക്കൂട്ടിയാ ഒക്കെ തെകഞ്ഞൂന്നാ വിചാരം. ഇതിനൊന്നും തീരെ നാണും മാനൂല്ല്യേ.."

ഈ മലയാളി ഇല്ലാത്ത സ്ഥലം ഭൂമിയിൽ അപൂർവ്വമായിരിക്കുമെന്ന് അപ്പോൾ എനിക്ക്‌ തോന്നി. മലയാളിയെ കണ്ട്‌ പിടിച്ച ഈ പടച്ചോനോട്‌ എനിക്ക്‌ വല്ലാത്ത ദേശ്യം തോന്നി. 'പുറത്ത്‌ റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി' എന്ന എന്റെ അറബി വംശജനായ സുഹൃത്തിന്റെ പ്രസിദ്ധമായ തമാശ അപ്പോൾ എന്റെ മനസ്സിലേക്കോടിയെത്തി.

റോഡ്‌ തിരക്കൊഴിയുമെന്നും അത്‌ കഴിഞ്ഞ്‌ അപ്പുറം കടന്ന് റൂമിലേക്ക്‌ പോകാമെന്നുമുള്ള എന്റെ ആഗ്രഹം തൽക്കാലം നിർത്തിവെച്ച്‌ ആദ്യം കണ്ട ലേമൂസിന്‌ (ടാക്സി) ഞാൻ കൈകാട്ടി. അഞ്ച്‌ മിണുട്ട്‌ നടക്കാനുള്ള സ്ഥലത്തേക്ക്‌ പത്ത്‌ റിയാൽ കൊടുത്ത്‌ ഞാൻ പോയി. അപ്പോൾ ശ്രീലങ്കക്കാരനായ ടാക്സി ഡ്രൈവർ തന്റെ സ്റ്റീരിയയിലൂടെ പുറത്തേക്കൊഴുകുന്ന മലയാളം ഗാനം ആസ്വദിക്കുകയായിരുന്നു.

'നാദാപുരം പള്ളിയിലെ
ചന്ദനക്കുടത്തിലെ............
............................................."

അൽപം മുമ്പ്‌ ഞാൻ അലങ്കോലമാക്കിയ ഈ ഗാനം ഇങ്ങനേയും പാടാമല്ലേ എന്ന് മനസ്സിലേക്ക്‌ ഒരു ചോദ്യമെറിഞ്ഞ്‌ ഒന്നും സംഭവിക്കാത്തപോലെ ഞാൻ സീറ്റിൽ അമർന്നിരുന്നു.

അപ്പോഴും തിരക്കൊഴിയാത്ത മദീനാ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു.

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

നഷ്ട ജന്മം

നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക്‌ സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു..
നിന്റെ സ്വരമാകാൻ കൊതിച്ചപ്പോൾ
നിന്റെ സ്വരത്തിന്‌ എന്നെക്കാൾ
ഈണമാണന്നറിഞ്ഞു..
നിന്റെ തണലാകാൻ കൊതിച്ചപ്പോൾ
ഞാൻ സ്വയം ഒരു തണൽ തേടാൻ പറഞ്ഞു..
ഇപ്പോൾ,
നിന്റെ ആശ്രിതനാകാനെങ്കിലും കൊതിക്കുമ്പോൾ
ഞാനൊരു ശവമടക്കിന്റെ തിരക്കിലാണ്‌..
എന്റെ അടഞ്ഞ കൺപോളകളിൽ
പതിക്കുന്ന മൺതരികൾ
അകക്കണ്ണ്‌ മൂടുന്നതിന്‌ മുമ്പെങ്കിലും
നീ വരുമെന്ന് ഞാൻ കൊതിച്ചു..
ഒടുവിൽ,
ഈ മീസാൻ കല്ലിന്‌ തണലായി നീ ഒരു കള്ളിച്ചെടി നടുക
ഇലകൾ തളിർത്ത കള്ളിച്ചെടികൾ
നിന്നോട്‌ പറയും
ഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്.

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

എതോ അന്താരാഷ്ട്ര കുത്തക കമ്പനിയുടെ പുതിയ ബ്രാന്റിന്റെ പരസ്സ്യ മോഡലല്ല ഈ കുട്ടി. കറുത്ത ചില്ലിട്ട്‌ മൂടിയ ഈ വണ്ടിക്ക്‌ മുന്നിൽ നിൽക്കുമ്പോൾ ഇവളുടെ കണ്ണുകളിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്‌. ലോകരാജ്യങ്ങളിൽ മുൻപന്തിയിലേക്ക്‌ കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്‌ നാളെയുണ്ടായേക്കാവുന്ന വൻ സാമ്പത്തിക മുന്നേറ്റങ്ങളെ കുറിച്ചോ, നാളത്തെ ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ, ആണവകരാറിലൂടെ ഇന്ത്യ പരിഹരിക്കാൻ പോകുന്ന ഊർജ്ജ പ്രതിസന്ധികളെക്കുറിച്ചോ, ഇന്ത്യയിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന ആഗോള കുത്തക മുതലാളിമാരെ കുറിച്ചോ ഒന്നുമല്ല ഇവരുടെ പ്രതീക്ഷ.മറിച്ച്‌, ഈ കറുത്ത ചില്ല് താഴുമെന്നും, അതിൽ നിന്നും അസഹിഷ്ണുതയോടെയെങ്കിലും ഒരു കൈ പുറത്തേക്ക്‌ നീളുമെന്നും, അവളുടെ കയ്യിലേക്ക്‌ ഒരു നാണയത്തുട്ട്‌ വീഴുമെന്നും മാത്രമായിരിക്കും.

നാളെയെക്കുറിച്ച്‌ ഇവരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാക്കളേ.., അങ്ങകലെ നിന്നും ഈ സ്വതന്ത്ര ഭാരതത്തെ നോക്കി നിങ്ങൾ ലജ്ജിക്കുന്നുണ്ടാകാം....നിങ്ങൾ പറയുക.. ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പുകവലി ആരോഗ്യത്തിന് ഹാനികരം

ബാപ്പ വലിച്ച്‌ തുപ്പുന്ന ദിനേശ്ബീഡിയുടെ കുറ്റികൾ ആരും കാണാതെയെടുത്ത്‌ പുകയൂതി സായൂജ്യമടയാൻ ചെറുപ്പത്തിൽ ഒരു ഹരം തന്നെയായിരുന്നു. മുറിബീഡി ഒറ്റബീഡിയായതും ഒറ്റ ബീഡി രണ്ടും മൂന്നും പിന്നെ സിഗരറ്റിലേക്ക്‌ പരിണമിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്ന പുകച്ചുരുളുകൾക്ക്‌ വിസ്തൃതം കൂടിവരുന്നത്‌ അവൻ ശൃദ്ധിച്ചില്ല. സിനിമാ ശാലകളിലും നാലാൾ കൂടുന്നിടത്തും ചുണ്ടിൽ സിഗരറ്റ്‌ കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ പുക പടലങ്ങൾ വിസർജ്ജിക്കുമ്പോൾ ഏതോ സാമൃാജ്യം കീഴടക്കിയ സംതൃപ്തിയായിരുന്നു അവന്റെ മുഖത്ത്‌.

അവസാനം അർബുദരോഗത്തിന്റെ പിടിയിലമർന്ന് വേദനകൊണ്ട്‌ പുളഞ്ഞ അവനെ ആരോ ഡോക്ടറുടെ മുമ്പിൽ എത്തിച്ചു. തന്റെ മുമ്പിൽ വേദനയോടെ പിടയുന്ന രോഗിയെ നോക്കി ചുണ്ടിൽ എരിയുന്ന സിഗരറ്റ്‌ എടുത്ത്‌ ആഷ്ട്രേയിൽ ഞെരിച്ച്‌ ഡോക്ടർ മൊഴിഞ്ഞു.

'പുകവലി നിർത്തുക, അത്‌ ആരോഗ്യത്തിന്‌ നല്ലതല്ല'

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി.

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചുമ്മാതൊരു വീട്ടുകാര്യം...

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗൾഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളിൽ മനസ്സു തേടി..
പ്രരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടുകൾ
ഓരോന്നായി അഴിക്കുമ്പോഴും
കഴിയാതെ പോയ സ്വപ്നത്തിൽ മനസ്സു തേങ്ങി..
കാണരുതാത്തതു കാണരുതെന്നു
അപ്പോഴും അരും വിലക്കിയില്ല..
ഇങ്ങകലെ വർഷങ്ങൾക്കിപ്പുറം
വരച്ചു തീരാത്ത
മാതൃകയിൽ നോക്കി ഞാനിരിക്കുന്നു..
ഇപ്പോഴും ആരും പറയുന്നില്ല
കാണരുതാത്ത സ്വപ്നങ്ങൾ കാണരുതെന്ന്...

2008, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അഹമ്മദ്.. നീ ഇനി വരില്ല... നീ ഇനി വിളിക്കില്ല...

ടെലിഫോണിന്റെ നിലക്കാത്ത ശബ്ദം കാതുകളെ അലോസരപ്പെടുത്തുന്നു. ആരാണീ രാവിലെത്തന്നെ എന്ന് പിറുപിറുത്ത്‌ മനസ്സില്ലാ മനസ്സോടെ ഫോണെടുത്തപ്പോൾ മറുതലക്കൽ അയാൾ. ഒരിക്കൽ ആദ്യമായി ഈ ഓഫീസിന്റെ വാതിലുകൾ തുറന്ന് ജോലിക്കായി ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ ആദ്യം കാതുകളിൽ പതിഞ്ഞ ഫോൺ ശബ്ദവും അയാളുടേതായിരുന്നു. അഹമദ്‌ എന്ന് സ്വയം പരിചയപ്പെടുത്തി, സുഡാൻ കാരനായ അയാളുടെ വിശേഷങ്ങൾ പറയുന്നതിനോട്‌ കൂടെ എന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച്‌, നാടും വീടും കൂട്ടുകുടുബങ്ങളെയെല്ലാം തിരക്കി അയാൾ ഒരു നവസൗഹൃദത്തിന്‌ തുടക്കം കുറിച്ചു. പ്രക്ഷുബ്ദമായ ഔദ്യോഗിക സംഭാഷണങ്ങൽക്കിടയിലും ഭാഷ-വർണ്ണ-ദേശ വിത്യാസമന്യേ അയാളുടെ വാക്കുകളിൽ സമാധാനവും സ്നേഹവും നിറഞ്ഞ്‌ നിന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നും ടെലഫോൺ റിസീവറിലൂടെ മാത്രം കേൾക്കുമായിരുന്ന അയാളുടെ ശബ്ദത്തിന് ഞാനൊരു മുഖം സങ്കൽപിച്ചു.

ഒരിക്കൽ അയാൾ വന്നു. ഈ വാതിലുകൾ കടന്ന് അജാനുബാഹുവായ, ഇൻ ചെയ്ത പന്റ്സിന്റെ ബൽറ്റിൽ ഒതുങ്ങി നിൽക്കാൻ മടിച്ച്‌ പുറത്തേക്കുന്തിയ വയറും, കറുത്ത്‌ തടിച്ച മുഖത്ത്‌ വെളുത്ത വരിയൊക്കാത്ത പല്ലുകളും കാട്ടി നിർത്താതെ ചിരിക്കുന്ന മുഖവുമായി അയാൾ വന്നപ്പോൾ എനിക്ക്‌ മനസ്സിലായില്ല എന്നും കാതുകളിൽ വിരുന്ന് വരാറുള്ള ആ നല്ല ശബ്ദത്തിനുടമയാണിതെന്ന്. എന്റെ മനസ്സിൽ ഞാൻ സങ്കൽപിച്ച മുഖവുമായി ഒരു സാമ്യവും അവകാശപ്പെടാനില്ലാത്ത ആ നല്ലമനുഷ്യൻ എന്റെ മനസ്സിൽ ഒരു വിചാരമായി. ഒരു വികാരമായി. പ്രശ്നസ്ങ്കീർണ്ണമായ ഈ ലോകം എന്നും സമാധാനത്തിൽ കഴിയണമെന്ന് സംഭാഷനങ്ങലിലെല്ലാം നിറഞ്ഞ്‌ നിന്ന അയാളുടെ മനസ്സ്‌ വിശാലമായിരുന്നു.

'സഹോദരാ എന്തുണ്ട്‌ വിശേഷങ്ങൾ' അയാളുടെ ഔദ്യോഗിക ഭാഷയിൽ കുശലാന്വേഷണം നടത്തി.

കാര്യങ്ങൾ പറഞ്ഞ്‌ അയാൾ ഫോൺ വെക്കുന്നതിന് മുമ്പായി കുറച്ച്‌ കാശ്‌ ഈ മാസാവസാനം വേണമെന്ന് പറഞ്ഞു.

'സുഡാനിലുള്ള ഉമ്മാനെ ഇവിടെക്ക്‌ കൊണ്ട്‌ വരണം. മറ്റ്‌ ചില പേഴ്സണലായ ആവശ്യങ്ങൾ കൂടിയുണ്ട്‌'

എന്നും നല്ലത്‌ മാത്രം പറയുന്ന എന്റെ മനസ്സിലെ എല്ലാ വർഗ്ഗ-വംശ-ദേശ ചിന്തകളുടേയും ഗതികളെ തകിടം മറിച്ച ആ നല്ല മനുഷ്യനോട്‌ തരില്ലന്ന്‌ പറയാൻ തോന്നിയില്ല.

ദൈവം അനുവദിച്ചാൽ ഈ മാസാവസാനം തരാമെന്ന് മറുപടി നൽകി.

ഇന്ന് നേരം ഒരുപാട്‌ വൈകിയിരിക്കുന്നു. നിർത്താതെയടിക്കുന്ന ഫോണിന്റെ തലക്കലെങ്ങും അയാളുടെ ശബ്ദം കേട്ടില്ല. എന്നും വിളിക്കാറുള്ള അയാൾക്കിതെന്ത്‌ പറ്റി. തെല്ലത്ഭുതത്തോടെ മൊബെയിലിലേക്ക്‌ അടിച്ച്നോക്കി. പക്ഷെ, ഫോൺ ഓഫാക്കി വച്ചിരിക്കുന്നു. ജോലിയിൽ മുഴുകി. വൈകുന്നേരം ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നപ്പോഴും ഇന്ന് ഫോണിൽ കേൾക്കാത്ത ഒരാളുടെ മാത്രം മുഖമായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് കാതുകളിൽ മുഴങ്ങിയ ശബ്ദങ്ങളിലൊന്നും അയാളുടെ വിത്യസ്തമായ സ്വരം ഇല്ലായിരുന്നല്ലോ എന്നാശ്ചര്യപ്പെട്ടു.

പിറ്റേന്ന് രാവിലെ ഓഫീസ്‌ ഇമെയിലുകൾ പരതുന്നതിനിടയിൽ ഒരു അനോൺസ്‌മന്റ്‌ മെസ്സേജ്‌.

With great grief, we hereby inform you of the demise of our colleague Mr. Ahammed, on......................................


ബാക്കി വായിക്കാൻ കഴിയാതെ ഞാൻ സ്തംഭിച്ച്‌ നിന്നു. മനസ്സിന്റെ കോണിലെവിടെയോ ഒരു വെളുത്ത ചിരിയുമായി അഹമ്മത്‌. ഇല്ല അവിശ്വസനീയം. ഇത്‌ വെറുമൊരു ഫെയ്ക്‌ മെസ്സേജാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ ഇമെയിലിന്റെ ഉടമസ്തന് വിളിച്ചു. അയാളിൽ നിന്നും എനിക്ക്‌ കിട്ടിയ വാർത്ത എന്നെ തളർത്തുന്നതായിരുന്നു.

ഇന്നലെ രാവിലേയായിരുന്നു. എണീറ്റ്‌ ഓഫീസിലേക്ക്‌ പോകാൻ ഒരുങ്ങുന്നതിനിടയിൽ ഒരു ചെറിയ തലകറക്കം. കൂടുതൽ നേരം നിന്നില്ല. ആശുപത്രിയിലേക്കെത്തുന്നതിന്ന് മുമ്പേ ജീവൻ അടർന്ന് പോയിരുന്നു.

ദൈവത്തിന്റെ വികൃതമായ തമാശകളിൽ പൊലിഞ്ഞ്‌ പോയ പ്രിയ സുഹൃത്തിന്റെ സ്വരം ഇനി കേൾക്കില്ലന്ന യാഥാർത്ഥ്യം മനസ്സിലൊരു വിങ്ങലായി പടർന്ന് തുടങ്ങിയിരുന്നു. മരണം മുന്നിൽ കണ്ടെന്നപോലെ നൊന്ത്‌ പ്രസവിച്ച മാതാവിനെ കാണണമെന്ന ആ മനുഷ്യന്റെ മോഹം പോലും നിറവേറ്റാതെ പോലിഞ്ഞു പോയ അഹമ്മദിന്റെ മുഖം ഒരിക്കലും മായാത്ത ഒരു മുറിവായി. ശീതീകരിച്ച ഈ മുറിയിലും വിയർത്തൊലിക്കുന്നെന്ന് ഞാനറിഞ്ഞു. കടുംകറുത്ത മുഖമുള്ള സ്നേഹിക്കാൻ മാത്രമറിയുന്ന അഹമ്മദിനെ എന്തിന് ദൈവം ഇത്രവേകം വിളിച്ചെന്ന് ചുറ്റും തളം കെട്ടിനിന്ന നിശ്ശബ്ദതയോട്‌ പുലമ്പിക്കൊണ്ടിരുന്നു.

അഹമ്മദ്‌ നീ എത്ര വലിയവനാണെന്ന് ഞാനറിയുന്നു. നിന്റെ മോഹങ്ങളിൽ നടക്കാതെ പോയ നിന്റെ ഉമ്മാനെ ഞാനിന്ന് കണ്ടു. ഹോസ്പിറ്റൽ മോർച്ചറിക്ക്‌ മുമ്പിൽ കരഞ്ഞ്‌ കലർന്ന മുഖവുമായി നിന്റെ ജീവനില്ലാത്ത ശരീരം ഒരു നോക്ക്‌ കാണാൻ നിന്റെ ഉമ്മ എത്തിയിരിക്കുന്നു.

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ പുറത്തേക്ക്‌ നടക്കുമ്പോൾ ഒരു കോണിൽ നിശ്ശബ്ദനായി ഇരിക്കുന്ന കറുത്ത്‌ മെലിഞ്ഞ ബാലൻ തന്റെ മുഖത്ത്‌ നോക്കി വെളുത്ത പല്ലുകൾ കാട്ടി ചിരിച്ചു. അഹമ്മദിന്‌ കൊടുക്കാനായി കരുതിവച്ച പണം എന്റെ പോക്കറ്റിൽ കിടന്ന് അപ്പോൾ വിങ്ങുന്നുണ്ടായിരുന്നു.

2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ചൈനീസ് സ്പെഷ്യൽ എലിക്കറി കേരളത്തിലും

പാഠപുസ്തകങ്ങളിലൂടെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത് അത്ര പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കണം നമ്മുടെ പർട്ടിയുടെ ഇപ്പോഴത്തെ മാതൃ രാജ്യമായ ചൈനയുടെ സംസ്കാരം കേരള ജനതയിൽ പരീക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് പക്ഷേ, എട്ടും പൊട്ടും തിരിയാത്ത ചെറിയ കുട്ടികളിലല്ലന്ന് മത്രം. ഹോട്ടലുകൾ വഴിയാണ്… കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ വിളമ്പിയാണ് ഈ പരീക്ഷണം.

എലിയും, പൂച്ചയും, നായയും, പുഴുവും, പഴുതാരയും, പാമ്പും, തേളും, കൂറയും, പാറ്റയും തുടങ്ങി സർവ്വ കീടങ്ങളും തീന്മേശയിലെ രുചിയുള്ള വിഭവങ്ങളാക്കി കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണ രീതി നമ്മുടെ പ്രഭുദ്ധ കേരളത്തിലും പരീക്ഷിച്ച് തുടങ്ങിയോ? ഏതായാലും നമ്മുടെ ഭക്ഷ്യ മന്ത്രി മറുപടി തരുമായിരിക്കും. കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നും ഒരു പുതിയ വിഭവത്തിന്റെ ഫോട്ടൊ പത്രങ്ങളിൽ വന്നിരിക്കുന്നു.

ചിത്രവും പത്ര വാർത്തയും ചുവടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക. രുചിച്ച് നോക്കാൻ തൽകാലം തരമില്ല.

ഇതൊരു പക്ഷേ നമ്മുടെ മുഖ്യൻ മൂന്നാറിലേക്കയച്ച മൂന്ന് പൂച്ചകൾ പറ്റിച്ച പണിയാകുമോ........?

2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വികൃതമായ നാലുവരിക്കവിത

വർഷങ്ങളുടെ പിറകിൽ മറന്ന് വെച്ച ഒരു മുഖം അന്വേഷിച്ചാണ്
അയാൾ അവിടെയെത്തിയത്‌.
വിരഹാർദ്ദ്രമായ നാളുകൾക്ക്‌ പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയ ആ
മുഖം അന്വേഷിച്ച്‌ അയാൾ അവിടെ അലഞ്ഞ്‌ നടന്നു.
വശ്യമനോഹരമായ കുസൃതിയോടെ തന്റെ ആദ്യകവിതയെക്കുറിച്ച്‌
വാതോരാതെ കലഹിച്ച അവളുടെ സാമീപ്യത്തിനായി അയാൾ കൊതിച്ചു.
കണ്മുന്നിൽ നിറയുന്ന എല്ലാ മുഖങ്ങളിലും അയാൾ
തന്റെ ഭൂതകാലത്തെ തിരഞ്ഞു.
വെയിലിൽ തുടുത്ത ചുവന്ന മുഖത്ത്‌ ശല്യം ചെയ്യുന്ന വിയർപ്പുകണങ്ങൾ
തട്ടംകൊണ്ട്‌ തുടച്ച്‌ ഒളികണ്ണിട്ട്‌
ചെറുപുഞ്ചിരിയുമായി നടന്നകലുന്ന അവളുടെ മുഖം
അയാൾ ആ നഗരത്തിന്റെ കോലാഹലത്തിൽ
അന്വേഷിച്ച്‌ തളർന്നു.
വികൃതമായ ഒരു പകൽസ്വപ്നത്തിന്റെ ആലസ്യത്തിൽ
അലമുറയിട്ട്‌ കരയുന്ന കൈകുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌
ജഢപിടിച്ച മുടിയിഴകളിൽ നിർത്താതെ ചൊറിഞ്ഞ്‌
തന്റെ നേരെ നീട്ടിയ ചളിപുരണ്ട കയ്യിലേക്ക്‌ എറിഞ്ഞ്‌ തന്ന
ഒറ്റരൂപാ നാണയത്തിലേക്ക്‌ തിരിച്ചും മറിച്ചും നോക്കുന്ന യുവതിയെ
അയാൾ അവജ്ഞയോടെ നോക്കി.
ഒരു രൂപയുടെ അധികാരം കിട്ടിയ സന്തോഷത്തോടെ
തിരിഞ്ഞു നടന്ന അവളുടെ ഒക്കത്ത്‌
കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള തന്റെ നാലുവരിക്കവിത
പക്ഷെ
അപ്പോൾ എത്ര വികൃതമാണെന്ന് അയാൾക്ക്‌ തോന്നി..

വിശ്വസിച്ചാലും ഇല്ലങ്കിലും

ഇതുവരെ കാണാത്തവര്‍ക്കായി മാ‍ത്രം...

മുടിവെക്കാന്‍ ഭൂമിക്ക് സമരം ചെയ്യാതിരുന്നാ‍ല്‍ മതിയായിരുന്നു.


ഈ ഭര്‍ത്താവിന്റെ ഒരു ഗതികേട്. എന്നും ഇത് ഏറ്റി നടക്കേണ്ടിവരുമല്ലോ...


ഇത്ര ചെറുപ്പത്തിലേ നീ ഇങ്ങനെ തുടങ്ങീയാല്‍ പിന്നെ....


ഇത്രയൊക്കെ സ്തലമുണ്ടായിട്ടും വെറുതെ ആ കുപ്പിയെ....

കണ്ടാല്‍ തോന്നില്ല ഇത്ര ചെറിയ ഷൂ വേണമെന്ന്.


പിരിയൊക്കെ ലൂസാ....