നീ ചിരിക്കുമ്പോൾ എന്റെ മനസ്സിൽ ഉത്സവം നടക്കുന്നത്
നീ പറയുമ്പോൾ ഞാൻ കാതുകൾ കൂർപ്പിച്ച് ആസ്വദിക്കുന്നത്
നീ സങ്കടപ്പെടുമ്പോൾ എന്റെ നെഞ്ച് പിടയുന്നത്
നീ കരയുമ്പോൾ എന്റെ അധരങ്ങൾ വിറക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഈ നഗരഗ്രീഷ്മത്തിലും ഹൃദയഭിത്തിയിലൊരു ഇളം തെന്നലടിക്കുന്നത്
ഈ തീചൂളയിലും മനസ്സിലൊരു കുളിർമഴ പെയ്യുന്നത്
ഈ കൂരിരുട്ടിലും ഉള്ളിലൊരു താരകം വിരിയുന്നത്
ഈ പ്രക്ഷുബ്ധതയിലും കണ്ണിൽ പ്രതിക്ഷകൾ മുളക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഇനിയുമൊരു പ്രണയകാലം മുന്നിലെന്ന് ബോധ്യപ്പെടുത്തി
ഓർമ്മകളിൽ കുടിയിരുത്തിയ പഴയപ്രണയ ഭാണ്ഡങ്ങൾ വീണ്ടും തുറപ്പിച്ചത്
അസഹ്യമായ കാത്തിരിപ്പുകൾക്ക് യുഗങ്ങളുടെ ദൈർഘ്യമെന്ന് ഓർമ്മിപ്പിച്ച്
ഈ തുരുത്തിൽ ഞാനൊരു മുഖം മിനുക്കിസൂക്ഷിക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം