2009, മേയ് 28, വ്യാഴാഴ്‌ച

എന്റെ പ്രിയസുഹൃത്തിന്റെ നൊമ്പരങ്ങൾ

ഇത് ഒരു കഥയായി വായിക്കാൻ നമുക്ക് കഴിയുമായിരിക്കാം. എങ്കിലും ഇത് വായിച്ച് കഴിയുമ്പോൾ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നത്, നെഞ്ചിനുള്ളിൽ ഒരു വേദനയൂറുന്നത്, എന്റെ കണ്ണിൽ നീർത്തുള്ളികൾ പൊടിയുന്നത് ആ കഥാപാത്രത്തിന്റെ മുഖം എന്റെ മനസ്സിൽ കിടന്ന് പിടയുന്നതിനാലായിരിക്കാം. നാടിന്റേയും പ്രിയപ്പെട്ടവരുടേയും ഓർമ്മകളിൽ ആരുടെയൊക്കെയോ അശ്രദ്ധയുടെ പേരിൽ സ്വയം നീറിക്കഴിയുന്ന നമ്മുടെയൊക്കെ പ്രിയ സുഹൃത്തിനെ ആർക്കെങ്കിലും ഇവിടെ സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ഒരു പരിശ്രമമെങ്കിലും അവന്റെ കാത്തിരിപ്പിന് വിരാമമാകുമെങ്കിൽ ഇനിയും ഈ ബൂലോഗത്ത് രസച്ചരടുകൾ പൊട്ടിച്ച് നമ്മെയൊക്കെ ചിരിപ്പിക്കാൻ നിങ്ങളുടെ ശ്രമങ്ങൾക്കാകുമെങ്കിൽ .......................

എന്റെ പ്രിയ സുഹൃത്ത് ഈ ബൂലോഗത്ത് ഒരു ഇടവേളയിലാണ്. അവന്റെ പ്രിയതമയുടെ, ഉമ്മയുടെ കുടുംബാംഗങ്ങളുടെ ഓർമ്മയിൽ വീടണയുന്നതും കാത്ത് വേദനയോടെ കഴിയുന്ന ആ പ്രവാസിബ്ലോഗ്ഗറുടെ സംഭവകഥ ഇവിടെ വായിക്കൂ‍....

2009, മേയ് 24, ഞായറാഴ്‌ച

മനസ്സിൽ മഞ്ഞ് പെയ്യുന്നു...

ഇന്നിന്റെ സന്ധ്യയിലലിയും മുമ്പേ
നാളെ പകൽ പിറക്കാതിരുന്നെങ്കിൽ
എന്ന നിന്റെ മന്ത്രം എന്റെ കാതുകളിൽ
ഒരു രാഗമായൊഴുകുന്നു
ഒരു ഇളം മാരുതൻ മുടിയിഴകളിൽ
തഴുകിയുണർത്തുമ്പോൾ
പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്
അകലെ എന്നോർമ്മകളിൽ
സായൂജ്യമടയുമ്പോഴും ഓർക്കുക
നീ എന്റെ തന്ത്രികളിൽ വീണലിഞ്ഞ
സ്വർഗ്ഗീയ രാഗമായിരുന്നെന്ന്
നിന്റെ വശ്യമായ ചിരിയിൽ
സ്വയം മറക്കുമ്പോൾ ഞാനറിയുന്നു
പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....

2009, മേയ് 16, ശനിയാഴ്‌ച

പ്രണയം പൂക്കുന്നത്

നീ ചിരിക്കുമ്പോൾ എന്റെ മനസ്സിൽ ഉത്സവം നടക്കുന്നത്
നീ പറയുമ്പോൾ ഞാൻ കാതുകൾ കൂർപ്പിച്ച് ആസ്വദിക്കുന്നത്
നീ സങ്കടപ്പെടുമ്പോൾ എന്റെ നെഞ്ച് പിടയുന്നത്
നീ കരയുമ്പോൾ എന്റെ അധരങ്ങൾ വിറക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഈ നഗരഗ്രീഷ്മത്തിലും ഹൃദയഭിത്തിയിലൊരു ഇളം തെന്നലടിക്കുന്നത്
ഈ തീചൂളയിലും മനസ്സിലൊരു കുളിർമഴ പെയ്യുന്നത്
ഈ കൂരിരുട്ടിലും ഉള്ളിലൊരു താരകം വിരിയുന്നത്
ഈ പ്രക്ഷുബ്ധതയിലും കണ്ണിൽ പ്രതിക്ഷകൾ മുളക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഇനിയുമൊരു പ്രണയകാലം മുന്നിലെന്ന് ബോധ്യപ്പെടുത്തി
ഓർമ്മകളിൽ കുടിയിരുത്തിയ പഴയപ്രണയ ഭാണ്ഡങ്ങൾ വീണ്ടും തുറപ്പിച്ചത്
അസഹ്യമായ കാത്തിരിപ്പുകൾക്ക് യുഗങ്ങളുടെ ദൈർഘ്യമെന്ന് ഓർമ്മിപ്പിച്ച്
ഈ തുരുത്തിൽ ഞാനൊരു മുഖം മിനുക്കിസൂക്ഷിക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം

2009, മേയ് 13, ബുധനാഴ്‌ച

പ്രണയം ബാക്കിയാക്കിയത്

കടലിലേക്ക് കണ്ണും നട്ടിരുന്ന്
ഒരു തിരയിളകിയിരുന്നെങ്കിലെന്ന്
വിലപിച്ച് പോയവൻ...
കൊടുങ്കാറ്റടിച്ചപ്പോഴും
ഒരു കുളിർക്കാറ്റു വീശിയെങ്കിലെന്ന് ചിന്തിച്ചവൻ
മഴ തിമിർത്ത് പെയ്തപ്പോഴും
ഒരു തുള്ളി ദാഹജലം കിട്ടിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ചവൻ..
മഞ്ഞിൽ കുതിർന്ന്
അലിഞ്ഞപ്പോഴും
ഒന്ന് കുളിർന്നെങ്കിലെന്ന് സ്വപ്നം കണ്ടവൻ..
എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....

***

2009, മേയ് 8, വെള്ളിയാഴ്‌ച

ഇത് കവിതയല്ല..... സ്വപ്നങ്ങളുടെ ചിതൽകൂരപൊള്ളയായ മോഹങ്ങളുടെ
സ്വപ്നങ്ങൾ നിറച്ച നഭസ്സിൽ
ഈ ഭണ്ടാരങ്ങൾ
പൊട്ടിത്തെറിക്കുന്നതെന്നാണ്?
തുറന്ന് വെച്ച ഭാജനം
അകം ശൂന്യമായ വെറും
ഓട്ട് പാത്രമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ
നിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ
എനിക്കൂഹിക്കാം
നിന്റെ മേനിയിൽ നിന്നും
ഉഷ്ണം ഊറ്റിയെറിയുന്ന
നീർക്കണങ്ങൾ പോലും
എനിക്ക് ദാഹശമനിയായിരുന്നെന്ന് ഞാൻ അറിയുന്നു
ഇവിടെ ഈ ഭാജനം ഞാൻ തുറക്കട്ടേ
അടയാളങ്ങൾ വെച്ച്
ആർഭാടങ്ങളൊരുക്കി
നിന്നെ ഞാൻ ക്ഷണിച്ചത്
വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക.

***