2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒരു ചമ്മലിന്റെ ഓർമ്മക്ക്‌

രണ്ട്‌ വർഷം മുമ്പത്തെ ഒരു വൈകുന്നേരം. ഒരു ചമ്മലിന്റെ ഓർമ്മ പുതുക്കുകയാണിവിടെ. ഇതിൽ വലിയ കാമ്പൊന്നും ഇല്ലന്നറിയാം. എങ്കിലും കെടക്കട്ടേ ഒരു പോസ്റ്റ്‌.

ഒരു നേരിയ കാറ്റു പോലും വീശാൻ മറന്ന അന്തരീക്ഷം ശരീരത്തോടൊപ്പം മനസ്സിനേയും തളർത്തിയിരുന്നു. റോഡിന്റെ ഓരം ചേർന്ന് റൂമിലേക്ക്‌ നടക്കുമ്പോൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ മനസ്സിന്‌ അലോസരമായി. തിരക്കുള്ള റോഡ്‌ മുറിച്ച്‌ കടന്ന് വീണ്ടും അഞ്ച്‌ മിനിട്ടോളം നടക്കണം റൂമിലേക്ക്‌ എത്താൻ.

റോഡ്‌ മുറിച്ച്‌ കടക്കാനുള്ള സാഹസികതയിൽ മുഴുകി ഒഴിഞ്ഞ റോഡും കാത്തിരിക്കുന്ന അവസ്ഥ മുഷിപ്പിക്കുന്നതാണ്‌. തിരക്കുള്ള ഈ റോഡിൽ മറുഭാഗം കടക്കാൻ കാത്ത്‌ നിൽക്കുമ്പോൾ സമയത്തെ എങ്ങനെ അഴിച്ച്‌ വിടണമെന്ന് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഓർമ്മകളിൽ മണിച്ചിത്രത്താഴിട്ട്‌ പൂട്ടി സൂക്ഷിക്കുന്ന വയലാറിന്റെ മനോഹരമായ വരികൾ നാവിലിട്ട്‌ കറക്കി ഞാൻ നിൽക്കും. പലപ്പോഴും ആ വരികളിൽ മുഴുകി പരിസരം വിസ്മരിച്ച്‌ പാട്ടിന്റെ ശബ്ദം കൂടുന്നത്‌ ഞാൻ അറിയാറില്ല.

അന്നും ശബ്ദത്തിന്റെ മാധുര്യത്തിന്‌ പകരം ചിരട്ടയിൽ ഒരതിയത്‌ പോലെയുള്ള എന്റെ ഗാനാലാപനം അൽപം കടുത്ത്‌ പോയിരിക്കണം. തൊട്ടടുത്ത്‌ അതേസാഹസത്തിന്‌ കാത്തിരിക്കുന്ന മറ്റൊരു വഴിയാത്രക്കാരൻ എന്റെ പാട്ട്‌ ആസ്വദിച്ച്‌ നിൽക്കുന്നത്‌ ഞാൻ കാണുന്നില്ലായിരുന്നു. പച്ചവിരിച്ച മാമലകളുറങ്ങുന്ന, നെൽപാടങ്ങൾ നീണ്ട്‌ നിവർന്ന് കിടക്കുന്ന, കേരമരങ്ങൾ ദൃശ്യ ഭംഗിയാകുന്ന, നിലാവിലേക്ക്‌ മനസ്സിലൊരു കുളിരായി ഒലിച്ചിറങ്ങുന്ന മഴനാരുകളുള്ള എന്റെ നാടിന്റെ ഓർമ്മകളിലേക്ക്‌ എന്റെ ഇഷ്ട ഗാനങ്ങൾ എന്നെ വലിച്ചിഴച്ച്‌ കൊണ്ട്‌ പോകുന്നതിനിടയിൽ ഈ ഗാനങ്ങളും, ഈ വരികളും, ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ അന്തരീക്ഷത്തെ ഞാനെന്തിന്‌ ശ്രദ്ദിക്കണം. അല്ലെങ്കിലും സൂര്യൻ പോലും ഒരു മഴ സ്വപ്നം കണ്ട്‌ കഴിയുന്ന ഈ മണലാരുണ്യത്തിൽ ഏത്‌ ചുണ്ടിലാണ്‌ കവിതകൾ, ഗാനങ്ങൾ, നൃത്തം ചെയ്യുക.

റോഡ്‌ നല്ല തിരക്കാണ്‌. രണ്ടും കൽപിച്ച്‌ റോട്ടിലേക്കിറങ്ങി അങ്ങ്‌ മുറിച്ച്‌ കടന്നാലോ? വേണ്ട, മദീന റോഡ്‌ മുറിച്ച്‌ കടക്കലും, മലയാളിക്ക്‌ മെസ്സ്‌ വെക്കലും ഇവിടെ വളരെ പ്രയാസമുള്ള ഏർപ്പാടാണന്ന് മുമ്പാരോ തമാശ പറഞ്ഞത്‌ ഓർത്തു.

എന്റെ സംഗീതം അതിന്റെ അഗാധതയിലേക്ക്‌ പോയിക്കൊണ്ടിരുന്നു. പരിസരം മറന്ന് ഞാൻ പാട്ടുകൾ മൂളുന്നു. മൂളുകയായിരുന്നില്ല. പാടുകയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ അലോസരമായ ശബ്ദത്തിൽ എന്റെ ശബ്ദം ആരും ശ്രദ്ദിക്കില്ലന്ന് ഞാൻ കരുതി. അങ്ങനെ കരുതാൻ പോലും ഞാൻ മെനക്കെട്ടില്ല എന്നതാണ്‌ സത്യം. എന്റെ അടുത്ത്‌ രണ്ട്‌ മൂന്ന് പേർ നിൽക്കുന്നത്‌ എനിക്ക്‌ കാണാമായിരുന്നു. അവരെ ശ്രദ്ദിക്കാൻ എനിക്ക്‌ തോന്നിയില്ല.

പക്ഷേ ഒരു നിമിശം എല്ലാം തകർന്നു.

"എഷ്‌ ഫീ.. മജ്നൂൻ? അൽ യൗം മാഫി അകൽ?" (ബ്രാന്തനാ? ഇന്നൊന്നും തിന്നില്ലേ) ഒരു അറബി വംശജൻ എന്റെ മുഖത്ത്‌ നോക്കി ചോദിച്ചപ്പോഴാണ്‌ ഞാൻ ഒരുപാട്‌ അതിരു കടന്നിരിക്കുന്നെന്ന് മനസ്സിലായത്‌.

മുഖത്ത്‌ ശ്രുതിയും സംഗതികളും ഒപ്പിച്ച്‌ വലിഞ്ഞ്‌ മുറുകിയ ഞരമ്പുകൾ പെട്ടന്നയഞ്ഞു. പ്രാണസഖിക്ക്‌ മനസ്സിന്റെ കോണിൽ പടുത്തുയർത്തിയ താജ്മഹൽ തകർന്നടിഞ്ഞു. കനവിൽ തീർത്ത വെണ്ണക്കൽ കൊട്ടാരം കളിമണ്ണിൽ തീർത്തത്‌ ആയിരുന്നെന്ന് ഞാൻ തീർച്ചപ്പെടുത്തി. നാളികേരത്തിന്റെ നാട്ടിൽ ഉണ്ടായിരുന്ന നാഴിയിടങ്ങഴി മണ്ൺ സുനാമി തിരമാലയടിച്ച്‌ ഒലിച്ച്‌ പോയി.

അവിടെ നിലാവിലേക്കൊലിച്ചിറങ്ങിയ മഴയില്ലായിരുന്നു. സൂര്യതാപമേറ്റ്‌ വിറങ്ങലിച്ച്‌ നിൽക്കുന്ന അന്തരീക്ഷത്തിൽ ഷർട്ടിന്റെ ഉള്ളിലൂടെ വിയർപ്പ്‌ കണങ്ങൾ ഒലിച്ചിറങ്ങുന്നു. ശരീരത്തിനും മനസ്സിനും കുളിർമ്മയായി വീശിയടിക്കുന്ന മന്ദമാരുതൻ ഇവിടെയില്ല. ഇവിടെ ചിറക്‌ കരിഞ്ഞ്‌ വീശാൻ മടിച്ച്‌ കാറ്റ്‌ ഏസി മുറികളിൽ ഒളിച്ചിരിപ്പാണ്‌. ഉയർന്ന് പന്തലിച്ച്‌ കിടക്കുന്ന കോൺക്രീറ്റ്‌ കാടുകൾക്കിടയിൽ പച്ചപിടിച്ച നെൽപാടങ്ങളെവിടെ.

ശരിക്കും ഞാനൊരു മജ്നൂൻ തന്നെയോ. മനസ്സിൽ ചമ്മലും, സങ്കടവും എല്ലാം സംഘമിച്ച്‌ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ 'ഭാഗ്യം, മലയാളികളാരും കണ്ടില്ല' എന്ന് മനസ്സിൽ കരുതി കുറച്ച്‌ മാറിനിൽകുമ്പോൾ പിന്നിൽ നിന്നും മലയാളത്തിലൊരു കമന്റ്‌.

"മലയാളിയെ പറയിപ്പിക്കാൻ ഒാരോർത്തരിങ്ങിറങ്ങും. വല്യ പാന്റും ഷർട്ടും ഇട്ട്‌ കഴുത്തിലൊരു കയറും കെട്ടിക്കൂട്ടിയാ ഒക്കെ തെകഞ്ഞൂന്നാ വിചാരം. ഇതിനൊന്നും തീരെ നാണും മാനൂല്ല്യേ.."

ഈ മലയാളി ഇല്ലാത്ത സ്ഥലം ഭൂമിയിൽ അപൂർവ്വമായിരിക്കുമെന്ന് അപ്പോൾ എനിക്ക്‌ തോന്നി. മലയാളിയെ കണ്ട്‌ പിടിച്ച ഈ പടച്ചോനോട്‌ എനിക്ക്‌ വല്ലാത്ത ദേശ്യം തോന്നി. 'പുറത്ത്‌ റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി' എന്ന എന്റെ അറബി വംശജനായ സുഹൃത്തിന്റെ പ്രസിദ്ധമായ തമാശ അപ്പോൾ എന്റെ മനസ്സിലേക്കോടിയെത്തി.

റോഡ്‌ തിരക്കൊഴിയുമെന്നും അത്‌ കഴിഞ്ഞ്‌ അപ്പുറം കടന്ന് റൂമിലേക്ക്‌ പോകാമെന്നുമുള്ള എന്റെ ആഗ്രഹം തൽക്കാലം നിർത്തിവെച്ച്‌ ആദ്യം കണ്ട ലേമൂസിന്‌ (ടാക്സി) ഞാൻ കൈകാട്ടി. അഞ്ച്‌ മിണുട്ട്‌ നടക്കാനുള്ള സ്ഥലത്തേക്ക്‌ പത്ത്‌ റിയാൽ കൊടുത്ത്‌ ഞാൻ പോയി. അപ്പോൾ ശ്രീലങ്കക്കാരനായ ടാക്സി ഡ്രൈവർ തന്റെ സ്റ്റീരിയയിലൂടെ പുറത്തേക്കൊഴുകുന്ന മലയാളം ഗാനം ആസ്വദിക്കുകയായിരുന്നു.

'നാദാപുരം പള്ളിയിലെ
ചന്ദനക്കുടത്തിലെ............
............................................."

അൽപം മുമ്പ്‌ ഞാൻ അലങ്കോലമാക്കിയ ഈ ഗാനം ഇങ്ങനേയും പാടാമല്ലേ എന്ന് മനസ്സിലേക്ക്‌ ഒരു ചോദ്യമെറിഞ്ഞ്‌ ഒന്നും സംഭവിക്കാത്തപോലെ ഞാൻ സീറ്റിൽ അമർന്നിരുന്നു.

അപ്പോഴും തിരക്കൊഴിയാത്ത മദീനാ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു.