വഴിയിൽ കാഴ്ച അവസാനിക്കുന്നേടത്ത് കണ്ണ് തെറ്റാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. അല്പം അകലെ ഇറക്കം ഇറങ്ങി വരുന്ന ചെമ്മൺ പാതയിൽ ഒരു പാദസരത്തിന്റെ കിലുക്കം കേൾക്കാൻ, ചിരിക്കുമ്പോൾ നുണക്കുഴിവിരിയുന്ന സ്വർണ്ണ നിറമുള്ള മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ കരിവളയിട്ട കൈകൾകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്നത് കാണാൻ, പുറത്ത് കെട്ടിവെച്ച പുസ്ഥക കെട്ടുക്കെട്ടുകളിൽ ആയാസപ്പെട്ട് കൂട്ടുകാരികളോട് സല്ലപിച്ച് ഒരു ചെറുപുഞ്ചിരിയുമായി തന്നെ കടന്ന് പോകുന്നത് കൺകുളിർക്കെ കാണാൻ രാവിലെ മുതലേ വന്നിരുന്നതാ ഈ റോഡരികിൽ. അവളുടെ ഒരു കടാക്ഷം തന്റെ ശ്വാസഗതി വർദ്ധിപ്പിച്ച് കടന്ന് പോകുമ്പോൾ ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ തുള്ളിച്ചാടാറുണ്ട്. സ്ഥിരം കൂട്ടുകാരനായ ഷാൻ കൂടെയുണ്ടാകാറുണ്ടെങ്കിലും ഇന്ന് ആരെയും കൂട്ടാതെ ഒറ്റക്ക് വന്നതിന് ഒരു കാരണം തന്റെ നെഞ്ചിനോട് ചേർന്ന് വിങ്ങുന്നുണ്ട്.
ഇന്ന് വരെ പരസ്പരം കാണുമ്പോൾ ചിരിക്കും എന്നല്ലാതെ അവളെ ഇഷ്ടമാണെന്ന് ഞാനിത് വരെ പറഞ്ഞിട്ടില്ല. അവളൂടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ, ആ കവിളുകളിൽ നാണത്താൽ ഒരു പുഞ്ചിരി വിടരുമ്പോൾ അതിനർത്ഥം സ്വയം കണ്ടത്തി അവളെ എന്നേ തന്റെ മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു.
പക്ഷേ ഷാനാണ് പറഞ്ഞത്, 'ടാ.. നീ ഇങ്ങനെ ഇഷ്ടം ഉള്ളിലൊതുക്കി നടന്നിട്ടെന്താ കാര്യം..എന്നും ങ്ങനെ ചിരിച്ച് നടന്നാ മതിയോ? അവൾക്കിതെങ്ങാനും അറിയോ..? നീ ധൈര്യമായി അവളോട് ഐ ലൌ യു പറയ്..' അവൻ സർവ്വജ്ഞാനിയെ പോലെ പറഞ്ഞത് നീരസത്തോടെയാണ് കേട്ടതെങ്കിലും വാക്കുകളിൽ കാര്യമുണ്ടെന്ന് തോന്നി.
എന്നാൽ ഒന്ന് പറയുക തന്നെ. ഉറക്കം വരാത്ത തന്റെ രാത്രികളിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഇനിയും അവൾ വരണമെങ്കിൽ തന്റെ ഇഷ്ടം അറിയിക്കേണ്ടിയിരിക്കുന്നു. അന്ന് രാത്രി, അവളും നാടും ഉറങ്ങിക്കിടന്നപ്പോൾ തന്റെ വിരലുകൾ അവളുടെ മനസ്സ് കവരാൻ വാക്കുകൾ സൃഷ്ടിക്കുകയായിരുന്നു. എത്ര എഴുതിയിട്ടും വാക്കുകൾ ഇഷ്ടപ്പെടുന്നില്ല. കണ്ണും കരളും ഹൃദയവും എല്ലാം സംഗമിച്ച് അവസാനം എന്തൊക്കെയോ എഴുതി കുറിച്ച് പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചു.
രാവിലെ വീണ്ടും വീണ്ടും ആ കത്തിലേക്ക് നോക്കി നെഞ്ചിടിപ്പോടെ അവൾ സ്ഥിരമായി വരാറുള്ള വഴിയിൽ വന്നിരിക്കുകയാണ്. വാച്ചിൽ സമയം പോകുന്നില്ലന്ന് തോന്നി. ഓരോ നിമിഷം കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നു. പോകറ്റിൽ കിടന്ന് തന്റെ സാഫലമാകാൻ പോകുന്ന പ്രണയത്തിന്റെ അടയാളം നെഞ്ചിലേക്ക് ചൂട് പകരുന്നു.
രാവിലെ സമയം എട്ടായിട്ടേ ഉള്ളെങ്കിലും വല്ലാത്ത ചൂടിൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കവിളിലൂടെ ചുണ്ടിലേക്കിറങ്ങി ഉപ്പ് രസം പകർന്നു. സമയം പോകുന്തോറും ഹൃദയ മിടിപ്പ് വർദ്ധിച്ച് വരുന്നത് അറിയാമായിരുന്നു. ഇത്രയധികം ടെൻഷൻ ഇതിന് മുമ്പൊന്നും താനനുഭവിച്ചിട്ടില്ലല്ലോ എന്ന് കരുതിയിരിക്കേ തെക്ക് ഭാഗത്ത് നിന്നും കുതിരക്കുളമ്പടി പോലെ ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ കുട്ടികളുടെ കാലടി ശബ്ദം കാതുകളിൽ മുഴങ്ങി. പക്ഷേ, ഞാൻ ശ്രദ്ധിച്ചത് കുളമ്പടി ശബ്ദത്തിൽ നിന്ന് വേറിട്ട് കേട്ട ആ പാദസരത്തിന്റെ കിലുക്കമായിരുന്നു.
അകലെ നിന്ന് കണ്ടപ്പോഴേ നെഞ്ചിടിപ്പ് പതിന്മടങ്ങ് വർദ്ധിക്കാൻ തുടങ്ങി. ആ കാലടികൾ അടുത്ത് എത്തും തോറും ഒന്നിനും രണ്ടിനും ഒക്കെ പോകണമെന്ന് വയറ്റിൽ നിന്ന് ആരൊക്കെയോ കലഹിക്കുന്നു. കാലുകൾ അനങ്ങാൻ കഴിയാത്ത വിധം മരവിച്ച് പോലെ. ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. പോക്കറ്റിൽ നിന്നും പ്രണയലേഖനം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി. എങ്ങനെ ഇത് ഞാൻ അവൾക്ക് കൊടുക്കും.
10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.
അവളും കൂട്ടുകാരും തന്നെ കടന്ന് പോകുമ്പോൾ അവൾ ഒരിക്കൽ കൂടി തന്നെ നോക്കി. ആ കണ്ണുകളിലും ഒരു പരിഭ്രാന്തി ഉള്ളപോലെ. അവൾക്കും തന്നോടെന്തോ പറയാനുള്ള പോലെ. കൂട്ടുകാരികളെല്ലാം എന്തോ പറഞ്ഞ് ചിരിക്കുന്നു. അവരെല്ലാം അറിഞ്ഞിരിക്കും. തന്റെ കയ്യിൽ കിടന്ന കത്ത് ഞാൻ പോക്കറ്റിലേക്ക് തന്നെ ഇട്ടു. തൽക്കാലം പിന്നെ കൊടുക്കാം. ഷാനും കൂടി വേണമായിരുന്നു. അവനുണ്ടായിരുന്നെങ്കിൽ ഒരു ദൈര്യമുണ്ടാകുമായിരുന്നു. തന്നെ പറഞ്ഞാൽ മതി. ആരും ഇല്ലാതെ ഒറ്റക്ക് അവൾക്ക് കത്ത് കൊടുക്കാൻ തോന്നിയ ആ നശിച്ച സമയത്ത് ശപിച്ചു.
അവൾ കൂട്ടത്തിൽ നിന്ന് തന്നെ തിരിഞ്ഞ് നോക്കി ഒരിക്കൽ കൂറി ചിരിച്ചു. അപ്പോൾ നുണക്കുഴികൾ വിരിഞ്ഞ് ആ സ്വർണ്ണ നിറമുള്ള കവിളുകൾ തുടുത്തു. തനിക്ക് ഇത് മതി. ഈ ചിരി. താൻ എന്നും കണ്ട് സായൂജ്യമടയാറുള്ള അവളുടെ കടാക്ഷം. പെട്ടന്ന് അവൾ ചുരുട്ടി പിടിച്ച കയ്യിൽ നിന്നും ഒരു കടലാസ് കഷ്ണം താഴേക്കിട്ടു. എന്നിട്ടെന്നെ നോക്കി കണ്ണുകൾകൊണ്ടെന്തോ ആഗ്യം കാട്ടി. മനസ്സിലായി പൊന്നേ, ആ കത്ത് എടുക്കാനല്ലേ. മനസ്സിൽ പറഞ്ഞു. എന്റെ മനസ്സിൽ ഒരു പൂത്തിരി കത്തി. ഹമ്പടി കള്ളീ.. നിനക്ക് ഇത് തരാൻ കഴിയുമായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ടെൻഷനടിപ്പിക്കണമായിരുന്നോ?
ഞാൻ വേകം ആ ചുരുട്ടിക്കൂട്ടിയ കടലാസ് കഷ്ണം ഓടി ചെന്നെടുത്തു.
ചുരുളുകൾ അഴിയുന്തോറും അതിലെഴുതിയ വാക്യങ്ങൾ മനപ്പാടമാണെങ്കിലും അവളുടെ കൈപടയിൽ എന്നെ ഇഷ്ടമാണെന്നെഴുതിയ അക്ഷരനക്ഷത്രങ്ങളെ കൺകുളിർക്കെ കാണാൻ വല്ലാത്ത ആകാംക്ഷയായിരുന്നു.
ചുരുളുകൾ നിവർന്ന അക്ഷരങ്ങൾക്കിടയിലൂടെ കണ്ണുകൾ പരതിയപ്പോൾ തലയിൽ ഒരു സ്ഫോടനം നടന്ന പോലെ. കണ്ണുകളിൽ ഇരുട്ട് പടരുന്നു. അകന്ന് പോകുന്ന പാദസരത്തിന്റെ കിലുക്കം കാതുകളിൽ മരണമണിയായി മുഴങ്ങുന്നു.
'പ്രിയ ഷാൻ…. എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്കും ഇഷ്ടമാണെന്ന പ്രതീക്ഷയോടെ..
നിന്റെ സ്വന്തം,
!@#$$%^^&&&***