വൈകുന്നേരം വരേയുള്ള ജോലിയുടെ ക്ഷീണം ശരീരത്തേയും ബാധിച്ചിരുന്നു. റൂമിലെത്തി നേരെ സോഫയിലേക്ക് ചാഞ്ഞു. പ്രിയതമ വെച്ച് നീട്ടിയ കടുപ്പമുള്ള ചായ കുടിച്ചെന്ന് വരുത്തി. ടെലിവിഷനിൽ കണ്ണീരൊഴുക്കുന്ന സീരിയൽ നടിയുടെ മുഖത്തെ കുഴികൾ അടച്ച് കറുപ്പ് നിറം മറച്ച് വെള്ള പൂശിയ ക്രീമേതെന്ന് വെറുതെ ചിന്തിച്ചിരിക്കുന്നതിനിടയിൽ, സൈലന്റാക്കിവെച്ച മൊബൈൽ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് വിറക്കുന്നു. നീരസത്തോടെ മൊബൈലിലെടുത്ത് സ്ക്രീനിൽ നോക്കിയപ്പോൾ അപരിചിതമായ ഒരു നമ്പർ. അതങ്ങ് അടിച്ച് കട്ടാവട്ടേ എന്ന് വിചാരിച്ച് സോഫയിലേക്ക് ഒന്ന് കൂടി ചാഞ്ഞ് കിടന്നു. ഒരുപാട് നേരം അവിടെ കിടന്ന് വിറച്ച മൊബൈൽ വിറയൽ നിലച്ച് അടങ്ങിക്കിടന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും ബ്ര്ര്ര്ര്ര്ര്രൂൂം എന്ന് ആഞ്ഞ് വിറക്കുന്ന മൊബൈൽ ഭാര്യയെടുത്ത് കയ്യിലേക്ക് നീട്ടി.
'ഇതൊന്ന് എട്ത്തൂടേ.. അല്ലങ്കിൽ പിന്നെ എന്തിനാ മൊബൈല്?'
നീരസത്തോടെ അവളുടെ മുഖത്തേക്കും കിടന്ന് വിറക്കുന്ന മൊബൈലിലേക്കും നോക്കി പച്ച ബട്ടണമർത്തി.
'ഹലോ..'
'ഹലോ… എന്താ ഫോണെടുക്കാത്തത്? ഞാൻ എത്ര നേരായി അടിക്കണു.'
അതൊക്കെ മനസ്സിലായി. എന്റെ ഫോൺ എനിക്കിഷ്ടമുള്ളപ്പോൾ എടുക്കും. ഈ അസമയത്ത് എന്നെ ഫോണെടുക്കാൻ പഠിപ്പിക്കുന്ന ഇയാളാരെന്ന് മനസ്സിലായില്ല. ചോദിക്കാൻ ധൈര്യമില്ലാഞ്ഞിട്ടല്ലങ്കിലും വെറുതെ മനസ്സിൽ പറഞ്ഞു.
'ആ.. ആരാ..? ഞാൻ ബാത് റൂമിലായിരുന്നു…'
'എടാ അനക്കെന്നെ മനസ്സിലായില്ലേ?'
ഇത്ര അധികാരത്തിൽ പറയണമെങ്കിൽ ഇവനാരെങ്കിലും ഒക്കെ ആവും. ഏതായാലും പാവത്തിന്റെ കാശ് വെറുതെ കളയണ്ട. അറിയില്ലന്ന് പറഞ്ഞാൽ സംസാരം ഒഴിവാക്കാമല്ലോ..
'എടാ മനസ്സിലായില്ല.. '
'ഞാൻ ശിഹാബാടാ കുട്ടീ… ഇത്ര എളുപ്പം മറന്നു അല്ലേ..'
കാതുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
'എടാ ശിഹാബേ ജ്ജെവിടെന്നാ ഈ വിളിക്കണേ..?'
ഭൂതകാലത്തിന്റെ കുത്തൊഴുക്കിൽ അനിവാര്യമായ യാത്രക്കൊരുങ്ങിയപ്പോൾ നഷ്ടപ്പെട്ടുപോയ ബാല്യകാല സുഹൃത്തിന്റെ ശബ്ദം അപ്പോൾ എനിക്ക് വ്യക്തമാകുന്നുണ്ടായിരുന്നു.
ഗൾഫിലേക്ക് വന്നതിന് ശേഷം നഷ്ടപ്പെട്ട പഴയ കൂട്ടുകാരിൽ എപ്പൊഴെങ്കിലുമൊക്കെ വിളിച്ചുണർത്തുന്ന ശബ്ദം. എന്നിട്ടും ഒരുപാട് നാളുകൾക്ക് ശേഷമായത് കൊണ്ടാകാം ആദ്യം മനസ്സിലാവാതെ പോയത്.
'ഞാനിവിടെ അടുത്തുന്ന് തന്നെയാണ്. എങ്ങനെയാ അന്റെ അടുത്തുക്ക് വരിക.'
'ജ്ജ് പ്പൊ എവിടെയാ?'
'മദീനാ റോഡിലാ.. ഹയാത് റിജൻസിന്റെ അടുത്ത്, ബലദിൽക്ക് പോകുന്ന വഴി'
'എന്നാലേ… കുറച്ച് കൂടി മുന്നോട്ട് പോയാൽ ഫസ്റ്റ് യു ടേൺ കിട്ടും. അവിടന്ന് യുടേൺ ചെയ്ത് രണ്ടാമത് റൈറ്റിലേക്ക് കാണുന്ന റോഡിലൂടെ വന്ന് മൂന്നാമത് കാണുന്ന ബിൽഡിംഗ്.. അവിടെ എത്തിയിട്ട് ഒരു മിസ്സടിക്ക്. ഞാൻ പുറത്തിറങ്ങി വരാം.'
'ഓക്കെടാ'
റൂമിന്റെ മാപ്പ് ഇത്ര കൃത്യമായി പറഞ്ഞ് കൊടുത്ത ആശ്വാസത്തിൽ ഒന്ന് ഞെളിഞ്ഞിരുന്ന് ഭാര്യയെ നോക്കി.
'എന്താണ്ടാക്ക്വാ… ശിഹാബ് വരുണുണ്ട്. ആദ്യായിട്ട് വരികയല്ലേ…'
'എന്തിനായാലും പാലില്ല. ങ്ങളൊന്ന് പുറത്ത് പോയി എന്തെങ്കിലും കൊണ്ടുവരീ..'
പ്രിയ സുഹൃത്തിനെ സൽക്കരിക്കാൻ എന്തെങ്കിലും കൊണ്ട് വന്നേ പറ്റൂ.. ഇവളുടെ കൈപ്പുണ്യം ആ പാവത്തിനെ പരീക്ഷിക്കണ്ട.
'ഞാനിന്നാലേയ് എന്തെങ്കിലും വാങ്ങി വരാം. അവൻ ദാ ഇപ്പൊ വരും ആ വാതിലൊന്ന് തൊറന്ന് കൊടുത്തേക്ക്.'
പുറത്തിറങ്ങി അടുത്തുള്ള ബേക്കറിയിൽ കേറി രണ്ട് പിസ്സയും പെപ്സിയും പാലുമൊക്കെയായി റൂമിൽ മടങ്ങിയെത്തിയിട്ടും സുഹൃത്തിനെ കാണാനില്ല. ഇവനിതെവിടെ പോയി?
ഹെന്റെ റബ്ബേ,.ഇത്ര അടുത്തുന്ന് വരുന്ന അവൻ ഇത്ര വൈകേണ്ടതില്ലല്ലോ. വല്ല അപകടവും പറ്റിയോ? അതോ വഴിതെറ്റി വേറെ എവിടേക്കെങ്കിലും തിരിഞ്ഞോ? ഒരു ആപത്തും പറ്റാതിരുന്നാൽ മതിയായിരുന്നു. ഈ ഹലാക്ക് പിടിച്ച നാട്ടിൽ ഒന്ന് നിലവിളിച്ചാൽ പോലും ഒരുത്തനും തിരിഞ്ഞ് നോക്കില്ല. മനസ്സിലൂടെ ഒരുപാട് ചിന്തകൾ അകാരണമായി മിന്നിമറഞ്ഞു.
മൊബൈലിന്റെ കാൾ ഹിസ്റ്ററിയിൽ നിന്നും നമ്പർ തപ്പിയെടുത്ത് ഡയൽ ചെയ്യാൻ ഒരുങ്ങുമ്പോൾ ക്വാളിംഗ് ബെല്ലിൽ കിളി ചിലച്ചു. ആകാംക്ഷയോടെ വാതിൽ തുറന്നപ്പോൾ വിയർത്ത് കുളിച്ച് തന്റെ പ്രിയ കൂട്ടുകാരൻ മുന്നിൽ. വിയർപ്പ് കണങ്ങൾ ഷർട്ടിലേക്കൊലിച്ചിറങ്ങി ക്ഷീണിതനായ ആ മുഖത്ത് നോക്കിയപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി.
'ഹെന്ത് പറ്റി. ആകെ വിയർത്തിരിക്കുന്നു.'
'വെസർക്കാതെ പിന്നെ, ഒരു കിലോ മീറ്ററ് നടന്നിട്ടുണ്ടാകും'
റൂമിലേക്ക് കേറി ഏസിയുടെ തണുപ്പിലേക്ക് ഷർട്ടിന്റെ രണ്ട് ബട്ടൺ തുറന്ന് വെച്ച് നെഞ്ചിലേക്ക് ഊതിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ ഞാൻ ഒന്നും മനസ്സിലാകാത്തപോലെ അവന്റെ മുഖത്തേക്ക് നോക്കി.
'അപ്പൊ.. നീ നടന്നാണോ വന്നത്?'
'അല്ലാതെ പിന്നെ. ആ യു ടേൺ തെരഞ്ഞ് ഞാൻ എത്ര നടന്നൂന്നോ? ജ്ജ് പറഞ്ഞപ്പോ ഞാൻ കരുതി അടുത്തായിരിക്കുംന്ന്.'
അവന്റെ നിശ്കളങ്കമായ വാക്കുകൾ എന്റെ പ്രക്ഷുബ്ദമായ മനസ്സിലേക്കൊരു ചിരിമാല തൂക്കി.
'അനക്ക് ചിരിച്ചാ മതി. നടന്ന് കൊഴങ്ങിയത് ഞാനാ..'
ഒരു റോഡ് മുറിച്ച് കടക്കാൻ മാത്രമുള്ള ദൂരത്തേക്ക് 1 കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് യു ടേൺ ചെയ്ത് നടന്ന് കുഴങ്ങി വന്ന എന്റെ പ്രിയസുഹൃത്തിന്റെ നിഷ്കളങ്കതയായിരുന്നു അപ്പോൾ എന്റെ മനസ്സ് നിറയേ…..
'എന്റെ ഒരോ സുഹൃത്തുക്കളേയ്' :)
2009, ഫെബ്രുവരി 28, ശനിയാഴ്‌ച
2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
കേരളത്തിന്റെ അഭിമാനം ഇന്ത്യയുടേയും
റസൂൽ പൂക്കുട്ടി, ഇന്നത്തെ പ്രഭാതം എനിക്ക് നൽകിയ മനോഹരമായ നാമം.
ലോകത്തിന്റെ നെറുകയിലേക്ക് ഉച്ചത്തിൽ ശബ്ദിച്ച പൂക്കുട്ടി.
ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ ഒന്നടങ്കം കോടാക് തിയേറ്ററിലേക്ക് ക്ഷണിച്ച റസൂൽ.ജനങ്ങൾ സംഗീതം കേൾക്കാനായി മാത്രം തിയേറ്ററിലേക്ക് വരുന്ന കാലം സ്വപ്നം കാണുന്ന പൂക്കുട്ടി.
നാളത്തെ കുട്ടികൾക്ക് പരീക്ഷക്കൊരു ചോദ്യം കൂടി സമ്മാനിച്ചിരിക്കുന്നു.
‘ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ മലയാളി’
അഭിനന്ദനങ്ങൾ
അങ്ങ് ഞങ്ങൾക്ക് സമർപ്പിച്ച ഈ അപൂർവ്വ ബഹുമതി ആനന്ദാശ്രുക്കളോടെ സ്വീകരിക്കുന്നു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ
പ്രാർത്ഥനയോടെ
നരിക്കുന്നൻ
സസ്നേഹം നിങ്ങൾക്കായി സമർപ്പിക്കുന്നത്
നരിക്കുന്നൻ
at
തിങ്കളാഴ്‌ച, ഫെബ്രുവരി 23, 2009
14 അഭിപ്രായങ്ങൾ:
കഥ, കവിത, പ്രവാസി, മലയാളി
compliments,
music,
oscar,
rasuul pookkutty,
slumdog
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)