2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓർമ്മകൾ തേടി

തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങൾ മുറ്റത്തേക്ക്‌ ഒലിച്ചിറങ്ങിയിരിക്കുന്നു. കുട്ടികൾ മുറ്റത്ത്‌ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ കളിക്കുകയാണ്‌. രാവിലെ തന്നെ ഷർട്ടും പാന്റ്സും ഒക്കെയിട്ട്‌ മുറ്റത്തേക്കിറങ്ങുന്നത്‌ കണ്ട്‌ ഉമ്മാന്റെ പിൻ വിളി.
'എവിടേക്കാ ഇത്ര രാവിലെത്തന്നെ... ദൂരത്ത്ക്കാ' 

സാധാരണ വെള്ളമുണ്ടും ഷർട്ടും ഇട്ടിറങ്ങുന്ന ഞാൻ പാന്റ്സിട്ടതിലുള്ള സംശയമായിരിക്കും. പ്രവാസിയായതിൽ പിന്നെ നാട്ടിൽ വരുമ്പോൾ എവിടേക്കും തുണിയാണെടുക്കുക. വല്ല ദീർഗ്ഗ ദൂരം പോകുമ്പോൾ മാത്രം പാന്റ്സ്‌ ധരിക്കും. പക്ഷേ ഇന്ന് ഞാൻ പോകുന്നത്‌ എന്റെ ഓർമ്മകൾ തേടിയാണ്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ എവിടെയൊക്കെയോ ചിതറിപ്പോയ തന്റെ ഓർമ്മകൾ പൊറുക്കിയെടുക്കാൻ വെറുതെ ഒന്നിറങ്ങിയതാണ്‌. അതൊന്നും ഈ ഉമ്മാനോട്‌ പറഞ്ഞാൽ മനസ്സിലാകില്ല. അല്ലങ്കിലും ഓർമ്മകൾ തേടിപ്പോകുകയാണന്ന് ഉമ്മാനോട്‌ പറഞ്ഞാൽ ഉമ്മ ഒരുപക്ഷേ, പള്ളിയിലേക്ക്‌ നേർച്ചയിടും. തന്റെ പൊന്നുമോന്റെ ഓർമ്മകൾ തിരിച്ച്‌ കൊടുക്കണേ എന്ന് പറഞ്ഞ്‌. അതിനും ഞമ്മൾതന്നെ കാശ്‌ കൊടുക്കണം. 

"അല്ല..ഞാൻ ഉച്ചക്ക്‌ മുമ്പേ വരും.. ഒരുകൂട്ടുകാരന്റെ വീട്ടിലേക്കാ.." 

വെറുതെ പറഞ്ഞിറങ്ങി. വണ്ടിയെടുത്തില്ല. ഇന്ന് ഞാനൊരു പഴയ വിദ്യാർത്ഥിയാകുകയാണ്‌. നാട്ടിൽനിന്നും തിങ്ങിനിരങ്ങി രണ്ട്‌ രൂപകൊടുത്ത്‌ ജീപ്പിൽ ടൗണിലേക്ക്‌. അവിടെ നിന്നും കോളേജിന്റെ അടുത്തേക്ക്‌ വീണ്ടും ബസ്സിൽ യാത്ര. ഞായറാഴ്ചയായതിനാൽ ബസ്സിൽ വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഈ ഓർമ്മകൾ തേടിയിറങ്ങാൻ ഞായറാഴ്ച തന്നെ തിരഞ്ഞെടുക്കാൻ കാരണം ഒന്നുമില്ല. വർഷങ്ങൾക്ക്‌ പിറകിലെ തന്റെ കലാലയം ഒരിക്കൽകൂടിയൊന്ന് കാണാൻ മോഹം. ചുമ്മാ.. ആരും ശല്യം ചെയ്യാനില്ലാതെ, ഗോരമായ നിശ്ശബ്ദതയിൽ വിജനമായ തന്റെ കലാലയത്തിൽ ഉറക്കെയുറക്കെ എനിക്ക്‌ വിളിച്ച്‌ പറയണം. ആളും പരിവാരവുമില്ലാതെ ഞാനിതാ ഒരിക്കൽകൂടി വന്നിരിക്കുന്നെന്ന് ആ നിശ്ശബദതയെ നോക്കി എനിക്ക്‌ കൂകിവിളിക്കണം. ആ അട്ടഹാസം കേട്ട്‌ പി.ടി.എമ്മിന്റെ ചുവരുകൾ കോരിത്തരിക്കണം. ഒൻപത്‌ മണിയോടെ കലാലയത്തിലേക്ക്‌ തിരിയുന്ന റോഡരികിൽ ബസ്സിറങ്ങി. ചുറ്റും നോക്കി. ആരും പരിസരത്തെങ്ങും ഇല്ല. വലത്‌ വശത്ത്‌ ഓലകൊണ്ട്‌ മേഞ്ഞ അമ്മാവന്റെ ചായക്കട അടച്ചിട്ടിരിക്കുന്നു.

ചെറിയ കയറ്റം കയറിവേണം കോളേജിലേക്കെത്താൻ.
കയറ്റമുള്ള റോഡ്‌ താണ്ടി ഞാൻ ഗേറ്റിനടുത്തെത്തി. കൂറ്റൻ ഗേറ്റിനപ്പുറത്ത്‌ നീണ്ട്‌ കിടക്കുന്ന റോഡിന്റെ അങ്ങേ അറ്റത്ത്‌ പൂർവ്വകാലത്തിന്റെ ഒരുപാട്‌ ചരിത്രങ്ങൾ മനസ്സിലൊതുക്കി ഇനിയും വരുമെന്ന് ചൊല്ലിപ്പോയ മുഖങ്ങൾ പ്രതീക്ഷിച്ച്‌ വീശിയടിക്കുന്ന കാറ്റിനോട്‌ നിശ്ശബ്ദമായി പ്രതികരിക്കുന്ന തന്റെ കലാലയം. ആ കനത്ത നിശ്ശബ്ദത കണ്ടാലറിയാം എന്തോക്കെയോ പറയാൻ ആ ചുവരുകൾ കൊതിക്കുന്നുണ്ടെന്ന്. ആരെയൊക്കെയോ കാണാൻ അവ കാത്തിരിക്കുന്നുണ്ടെന്ന്. 


ആ കൂറ്റൻ ഗേറ്റ്‌ താഴിട്ട്‌ പൂട്ടിയിരിക്കുന്നു. സാരമില്ല... ചാടിക്കിടക്കുക തന്നെ. ഇതൊക്കെ എത്ര പ്രാവശ്യം ചാടിക്കിടന്നിരിക്കുന്നു. അൽപം പോലും പ്രയാസപ്പെട്ടില്ല. ആ കൂറ്റൻ ഗേറ്റിന്റെ മൂർദ്ദാവിൽ കേറിനിന്ന് ഞാൻ ഉറക്കെ കൂവി വിളിച്ചു. എന്റെ ഒച്ച ആ നിശ്ശബ്ദതയിൽ ആരും കേൾക്കാനില്ലാതെ എവിടെയും തട്ടി പ്രതിധ്വനിക്കാതെ എവിടേക്കോ ഒഴുകിപ്പോയി.

ഗേറ്റിനിപ്പുറം കടന്ന്, നീണ്ട്‌ പുളഞ്ഞ്‌ പോകുന്ന റോഡിൽ അൽപ നേരം ഞാൻ മലർന്ന് കിടന്നു. മുകളിൽ തെളിഞ്ഞ ആകാശം എന്നെ നോക്കി ചിരിക്കുന്ന പോലെ. അവർക്കെന്നെ മനസ്സിലായിരിക്കണം. അല്ലങ്കിൽ പിന്നെ എന്നെ മാത്രം നോക്കിയിരിക്കുമോ?


അക്കേഷ്യ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റേറ്റ്‌ നടക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു. മടിയിൽ തലചായ്ച്ച്‌ അവൾ വാതോരാതെ സംസാരിച്ചത്‌ ഈ അക്കേഷ്യമരങ്ങൾ ഇന്നും ഓർക്കുന്നുണ്ടാകണം. അവളുടെ കുസൃതികൾ കണ്ട്‌ നാണം പിടിച്ചിരുന്ന ഈ ഇളം കാറ്റും എന്തൊക്കെയോ പറയാൻ എന്നെ തഴുകൊക്കൊണ്ടിരുന്നു. ഈ അന്തരീക്ഷത്തിൽ എവിടെയോ ആരൊക്കെയോ എന്നോട്‌ കലഹിക്കുന്ന പോലെ. അവിടെ അവളുടെ ശബ്ദം വേറിട്ട്‌ മാറ്റിയെടുക്കാൻ എനിക്ക്‌ കഴിയുന്നില്ല. കൂട്ടം കൂടിയിരിക്കുന്ന വിദ്യാർത്ഥികൾക്ക്‌ നടുവിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഒരാൾ. അയാളുടെ മുഖത്ത്‌ എന്തൊക്കെയോ ഒലിച്ചിറങ്ങുന്നു. ഒരു തരം ചുവന്ന ദ്രാവകം. അത്‌ ചോരതന്നെയാണോ..? ഷർട്ടിലും പാന്റ്സിലും ഉണങ്ങാത്ത ചോരപ്പാടുകൾ. ആരൊക്കെയോ എന്തൊക്കെയോ ആക്രോശിക്കുന്നു. ഇടക്കെപ്പോഴോ ഒരു കല്ല് അയാളുടെ നെറ്റിയെ കീറിക്കൊണ്ട്‌ പാഞ്ഞ്‌ പോയി. നെറ്റിയിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ ചുറ്റും കൂടിനിൽക്കുന്നവരിലേക്കും പടരുന്നു. അകലെ നിന്നും വീണ്ടും ഒരു കരച്ചിൽ വേറിട്ട്‌ കേൾക്കാം. അത്‌ അവളുടെ കരച്ചിൽ തന്നെ. ആ കരച്ചിൽ ഉച്ചത്തിലാകുന്നു. പെട്ടന്ന് എവിടെനിന്നൊക്കെയോ വാഹനങ്ങളുടെ ശബ്ദം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? അവൾ എവിടെ? എല്ലാം നിലക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. തീർത്തും നിശ്ശബ്ദത... പെട്ടന്ന് ശക്തമായ കാറ്റിൽ അക്കോഷ്യ മരങ്ങൾ ഉലഞ്ഞാടി. തലേന്നത്തെ മഴയിൽ സംഭരിച്ച അവസാനത്തെ തുള്ളി മഴവെള്ളം എന്റെ നെറ്റിയിലേക്ക്‌ വീണു. ഒരു തുള്ളി കണ്ണൂ നീരുപോലെ. നെറ്റിയിലെ തന്റെ മുറിപ്പാടുകളിൽ അറിയാതെ തലോടി. 

എല്ലാം എനിക്ക്‌ വ്യക്തമാകുന്നു. ഈ കാറ്റും ഈ മരങ്ങളും ഈ കോളേജിന്റെ ചുവരുകളും ഈ അന്തരീക്ഷവും എന്നോട്‌ ഒന്നും പറയാതെ പറയുന്നു. അവർ എന്റെ ഈ വരവിന്‌ കാതോർത്ത പോലെ... വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിർവ്വരമ്പുകൾ ഭേധിച്ച്‌ ഈ കലാലയത്തിൽ ചോരത്തുള്ളികൾ വീണപ്പോൾ ഉയർന്ന തേങ്ങലുകളിൽ അവളുമുണ്ടായിരുന്നു. തികഞ്ഞ രാഷ്ട്രീയമില്ലാതിരുന്നിട്ടും ഞാനെങ്ങനെ ആ ചോരത്തുള്ളികൾക്കവകാശിയായി. ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾക്കിടയിൽ എങ്ങനെയാണ്‌ എന്റെ ശബ്ദവും അലിഞ്ഞില്ലാതായത്‌?

അടച്ചിട്ട വരാന്തയിലേക്കുള്ള ഗ്രില്ലിൽ ഞാൻ പിടിച്ച്‌ കുലുക്കി. അപ്പോൾ അങ്ങേ തലക്കൽ നിന്നും ഒരു രൂപം എന്നെ മാടിവിളിക്കുന്ന പോലെ. അത്‌ അവളായിരുന്നു. ഞാൻ ഉറക്കെ വിളിച്ചു... എന്റെ ശബ്ദം നാൽ ചുവരുകൾക്കിടയിൽ തട്ടിത്തെറിച്ച്‌ നിമിശങ്ങളോളം ആ വരാന്തകളിലൂടെ ഒഴുകി നടന്നു. അവൾ എവിടെയായിരിക്കും......

മനസ്സ്‌ പ്രക്ഷുബ്ദമാകുന്നു. അപ്പോൾ അകലെ ഒരു മുദ്രാവാക്യം കേൾക്കുന്നു. 'ഇങ്കുലാബ്‌ സിന്താബാദ്‌'.