2008, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അഹമ്മദ്.. നീ ഇനി വരില്ല... നീ ഇനി വിളിക്കില്ല...

ടെലിഫോണിന്റെ നിലക്കാത്ത ശബ്ദം കാതുകളെ അലോസരപ്പെടുത്തുന്നു. ആരാണീ രാവിലെത്തന്നെ എന്ന് പിറുപിറുത്ത്‌ മനസ്സില്ലാ മനസ്സോടെ ഫോണെടുത്തപ്പോൾ മറുതലക്കൽ അയാൾ. ഒരിക്കൽ ആദ്യമായി ഈ ഓഫീസിന്റെ വാതിലുകൾ തുറന്ന് ജോലിക്കായി ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ ആദ്യം കാതുകളിൽ പതിഞ്ഞ ഫോൺ ശബ്ദവും അയാളുടേതായിരുന്നു. അഹമദ്‌ എന്ന് സ്വയം പരിചയപ്പെടുത്തി, സുഡാൻ കാരനായ അയാളുടെ വിശേഷങ്ങൾ പറയുന്നതിനോട്‌ കൂടെ എന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച്‌, നാടും വീടും കൂട്ടുകുടുബങ്ങളെയെല്ലാം തിരക്കി അയാൾ ഒരു നവസൗഹൃദത്തിന്‌ തുടക്കം കുറിച്ചു. പ്രക്ഷുബ്ദമായ ഔദ്യോഗിക സംഭാഷണങ്ങൽക്കിടയിലും ഭാഷ-വർണ്ണ-ദേശ വിത്യാസമന്യേ അയാളുടെ വാക്കുകളിൽ സമാധാനവും സ്നേഹവും നിറഞ്ഞ്‌ നിന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നും ടെലഫോൺ റിസീവറിലൂടെ മാത്രം കേൾക്കുമായിരുന്ന അയാളുടെ ശബ്ദത്തിന് ഞാനൊരു മുഖം സങ്കൽപിച്ചു.

ഒരിക്കൽ അയാൾ വന്നു. ഈ വാതിലുകൾ കടന്ന് അജാനുബാഹുവായ, ഇൻ ചെയ്ത പന്റ്സിന്റെ ബൽറ്റിൽ ഒതുങ്ങി നിൽക്കാൻ മടിച്ച്‌ പുറത്തേക്കുന്തിയ വയറും, കറുത്ത്‌ തടിച്ച മുഖത്ത്‌ വെളുത്ത വരിയൊക്കാത്ത പല്ലുകളും കാട്ടി നിർത്താതെ ചിരിക്കുന്ന മുഖവുമായി അയാൾ വന്നപ്പോൾ എനിക്ക്‌ മനസ്സിലായില്ല എന്നും കാതുകളിൽ വിരുന്ന് വരാറുള്ള ആ നല്ല ശബ്ദത്തിനുടമയാണിതെന്ന്. എന്റെ മനസ്സിൽ ഞാൻ സങ്കൽപിച്ച മുഖവുമായി ഒരു സാമ്യവും അവകാശപ്പെടാനില്ലാത്ത ആ നല്ലമനുഷ്യൻ എന്റെ മനസ്സിൽ ഒരു വിചാരമായി. ഒരു വികാരമായി. പ്രശ്നസ്ങ്കീർണ്ണമായ ഈ ലോകം എന്നും സമാധാനത്തിൽ കഴിയണമെന്ന് സംഭാഷനങ്ങലിലെല്ലാം നിറഞ്ഞ്‌ നിന്ന അയാളുടെ മനസ്സ്‌ വിശാലമായിരുന്നു.

'സഹോദരാ എന്തുണ്ട്‌ വിശേഷങ്ങൾ' അയാളുടെ ഔദ്യോഗിക ഭാഷയിൽ കുശലാന്വേഷണം നടത്തി.

കാര്യങ്ങൾ പറഞ്ഞ്‌ അയാൾ ഫോൺ വെക്കുന്നതിന് മുമ്പായി കുറച്ച്‌ കാശ്‌ ഈ മാസാവസാനം വേണമെന്ന് പറഞ്ഞു.

'സുഡാനിലുള്ള ഉമ്മാനെ ഇവിടെക്ക്‌ കൊണ്ട്‌ വരണം. മറ്റ്‌ ചില പേഴ്സണലായ ആവശ്യങ്ങൾ കൂടിയുണ്ട്‌'

എന്നും നല്ലത്‌ മാത്രം പറയുന്ന എന്റെ മനസ്സിലെ എല്ലാ വർഗ്ഗ-വംശ-ദേശ ചിന്തകളുടേയും ഗതികളെ തകിടം മറിച്ച ആ നല്ല മനുഷ്യനോട്‌ തരില്ലന്ന്‌ പറയാൻ തോന്നിയില്ല.

ദൈവം അനുവദിച്ചാൽ ഈ മാസാവസാനം തരാമെന്ന് മറുപടി നൽകി.

ഇന്ന് നേരം ഒരുപാട്‌ വൈകിയിരിക്കുന്നു. നിർത്താതെയടിക്കുന്ന ഫോണിന്റെ തലക്കലെങ്ങും അയാളുടെ ശബ്ദം കേട്ടില്ല. എന്നും വിളിക്കാറുള്ള അയാൾക്കിതെന്ത്‌ പറ്റി. തെല്ലത്ഭുതത്തോടെ മൊബെയിലിലേക്ക്‌ അടിച്ച്നോക്കി. പക്ഷെ, ഫോൺ ഓഫാക്കി വച്ചിരിക്കുന്നു. ജോലിയിൽ മുഴുകി. വൈകുന്നേരം ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നപ്പോഴും ഇന്ന് ഫോണിൽ കേൾക്കാത്ത ഒരാളുടെ മാത്രം മുഖമായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് കാതുകളിൽ മുഴങ്ങിയ ശബ്ദങ്ങളിലൊന്നും അയാളുടെ വിത്യസ്തമായ സ്വരം ഇല്ലായിരുന്നല്ലോ എന്നാശ്ചര്യപ്പെട്ടു.

പിറ്റേന്ന് രാവിലെ ഓഫീസ്‌ ഇമെയിലുകൾ പരതുന്നതിനിടയിൽ ഒരു അനോൺസ്‌മന്റ്‌ മെസ്സേജ്‌.

With great grief, we hereby inform you of the demise of our colleague Mr. Ahammed, on......................................


ബാക്കി വായിക്കാൻ കഴിയാതെ ഞാൻ സ്തംഭിച്ച്‌ നിന്നു. മനസ്സിന്റെ കോണിലെവിടെയോ ഒരു വെളുത്ത ചിരിയുമായി അഹമ്മത്‌. ഇല്ല അവിശ്വസനീയം. ഇത്‌ വെറുമൊരു ഫെയ്ക്‌ മെസ്സേജാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ ഇമെയിലിന്റെ ഉടമസ്തന് വിളിച്ചു. അയാളിൽ നിന്നും എനിക്ക്‌ കിട്ടിയ വാർത്ത എന്നെ തളർത്തുന്നതായിരുന്നു.

ഇന്നലെ രാവിലേയായിരുന്നു. എണീറ്റ്‌ ഓഫീസിലേക്ക്‌ പോകാൻ ഒരുങ്ങുന്നതിനിടയിൽ ഒരു ചെറിയ തലകറക്കം. കൂടുതൽ നേരം നിന്നില്ല. ആശുപത്രിയിലേക്കെത്തുന്നതിന്ന് മുമ്പേ ജീവൻ അടർന്ന് പോയിരുന്നു.

ദൈവത്തിന്റെ വികൃതമായ തമാശകളിൽ പൊലിഞ്ഞ്‌ പോയ പ്രിയ സുഹൃത്തിന്റെ സ്വരം ഇനി കേൾക്കില്ലന്ന യാഥാർത്ഥ്യം മനസ്സിലൊരു വിങ്ങലായി പടർന്ന് തുടങ്ങിയിരുന്നു. മരണം മുന്നിൽ കണ്ടെന്നപോലെ നൊന്ത്‌ പ്രസവിച്ച മാതാവിനെ കാണണമെന്ന ആ മനുഷ്യന്റെ മോഹം പോലും നിറവേറ്റാതെ പോലിഞ്ഞു പോയ അഹമ്മദിന്റെ മുഖം ഒരിക്കലും മായാത്ത ഒരു മുറിവായി. ശീതീകരിച്ച ഈ മുറിയിലും വിയർത്തൊലിക്കുന്നെന്ന് ഞാനറിഞ്ഞു. കടുംകറുത്ത മുഖമുള്ള സ്നേഹിക്കാൻ മാത്രമറിയുന്ന അഹമ്മദിനെ എന്തിന് ദൈവം ഇത്രവേകം വിളിച്ചെന്ന് ചുറ്റും തളം കെട്ടിനിന്ന നിശ്ശബ്ദതയോട്‌ പുലമ്പിക്കൊണ്ടിരുന്നു.

അഹമ്മദ്‌ നീ എത്ര വലിയവനാണെന്ന് ഞാനറിയുന്നു. നിന്റെ മോഹങ്ങളിൽ നടക്കാതെ പോയ നിന്റെ ഉമ്മാനെ ഞാനിന്ന് കണ്ടു. ഹോസ്പിറ്റൽ മോർച്ചറിക്ക്‌ മുമ്പിൽ കരഞ്ഞ്‌ കലർന്ന മുഖവുമായി നിന്റെ ജീവനില്ലാത്ത ശരീരം ഒരു നോക്ക്‌ കാണാൻ നിന്റെ ഉമ്മ എത്തിയിരിക്കുന്നു.

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ പുറത്തേക്ക്‌ നടക്കുമ്പോൾ ഒരു കോണിൽ നിശ്ശബ്ദനായി ഇരിക്കുന്ന കറുത്ത്‌ മെലിഞ്ഞ ബാലൻ തന്റെ മുഖത്ത്‌ നോക്കി വെളുത്ത പല്ലുകൾ കാട്ടി ചിരിച്ചു. അഹമ്മദിന്‌ കൊടുക്കാനായി കരുതിവച്ച പണം എന്റെ പോക്കറ്റിൽ കിടന്ന് അപ്പോൾ വിങ്ങുന്നുണ്ടായിരുന്നു.