2008, ഡിസംബർ 20, ശനിയാഴ്‌ച

മഴക്കാല നൊമ്പരങ്ങൾ

ആകാശത്ത് മിന്നിയ വെള്ളിവെളിച്ചത്തിന് പിറകെ മുറ്റത്ത് മറച്ച് കെട്ടിയ ആസ്പെറ്റോസ് സീറ്റിലേക്ക് ചരക്കല്ലുകൾ വാരിയെറിഞ്ഞപോലെ മഴ പെയ്ത് തുടങ്ങി. കിഴക്ക് ഭാഗത്തേക്ക് വീശിയടിച്ച കാറ്റിൽ തൊടിയിലെ മരങ്ങൾ ഉലഞ്ഞാടാൻ തുടങ്ങി. പെട്ടന്ന് ഭയങ്കരമായ ശബ്ദത്തോടെ ഇടിവെട്ടി. ഒപ്പം മഴയുടെ ശക്തി കൂടിക്കൂടി വന്നു.

ഇടക്ക് വീശിയടിച്ച കാറ്റിൽ മഴനാരുകൾ ഹമീദിന്റെ മനസ്സിനും ശരീരത്തിനും കുളിരായി ഇറയത്തേക്ക് ചീറ്റിയറിച്ചു. നിർത്താതെ പെയ്യുന്ന മഴയേ നോക്കി ഇരിക്കാൻ നല്ല രസം തോന്നി. സിറ്റൌട്ടിൽ ചാരുകസേരയിൽ മഴയെ നോക്കി, അതിന്റെ താളം ആസ്വദിച്ച്, ചെരിഞ്ഞും നിവർന്നും ആടിയും ഉലഞ്ഞും പെയ്യുന്ന മഴയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാൻ തനിക്ക് കഴിയും.

‘’എന്താ രാവിലെത്തന്നെ മഴകണ്ടിരിക്ക്യാ.. അടുത്ത ആഴ്ച്ച പോകാനായി. ഒരുപാട് സ്ഥലത്ത് പോകാനുള്ളതാ… ഈ നശിച്ച മഴ കാരണം ഒന്ന് പൊറത്ത് എറങ്ങാനും കൂടി കഴിയാതായി.” വാതിൽ പടിയിൽ കയ്യിൽ ചൂടുള്ള പാൽചായയുമായി പുറത്ത് നിർത്താതെ പെയ്യുന്ന മഴയെ ശപിക്കുന്ന ഭാര്യയോട് പുച്ഛം തോന്നി. ഭാര്യയുടെ കയ്യിൽ നിന്നും ചൂടുള്ള ചായ വാങ്ങി കുടിക്കുമ്പോൾ തണുത്ത പ്രഭാതത്തിൽ തൊണ്ടയിലൂടെ ചൂടുള്ള വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി അറിഞ്ഞു. ആവിപറക്കുന്ന കപ്പിൽ നിന്നും ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തന്നെ നോക്കിയിരിക്കുന്ന തന്നെ ഭാര്യക്ക് മനസ്സിലാവുന്നുണ്ടാകില്ല. തന്റെ മനസ്സിൽ തിരയടിക്കുന്ന സാഗരം ഈ മഴനാരുകൾകൊണ്ട് കുളിര് പരത്താൻ കഴിയുമെങ്കിൽ ഇനിയും ഞാൻ മഴയെ നോക്കിയിരിക്കും.

‘’നിങ്ങൾ എണീറ്റ് വന്ന് മേൽ കഴുകി വരീ… ചായ കുടിച്ച് പെട്ടന്ന് പോണം.. എന്നാലേ ഉച്ചയാകുമ്പോഴേക്ക് അവിടെയെത്തൂ..” അകലെയുള്ള ഭാര്യവീട്ടിൽ ഇന്ന് ഉച്ചക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. തലേന്നേ പോകാത്തതിലുള്ള അരിശം അവളുടെ മുഖത്തുണ്ട്.

‘മോളൂ.. ചായ കുടിക്കാൻ വന്നാ… എന്നിട്ട് വേകം പോയി കുളിക്ക്…’

‘ച്ച് വയ്യ.. ഈ തണുപ്പത്ത് കുളിക്കാൻ‘ ഈ തണുത്ത വെളുപ്പാൻ കാലത്ത് ശരീരത്തിലേക്ക് വെള്ളം പാരുന്നത് ആർക്കും സഹിക്കില്ല.

‘പോയി കുളിക്ക്യാ അനക്ക് നല്ലത്. അവടെ ഒരുപാട് ആളുകൾ ഉണ്ടാകും‘

‘ഉമ്മ കുളിച്ചോ എനിക്ക് വയ്യ..‘

‘ഞാൻ വെള്ളം ചൂടാക്കി വച്ചക്കുണു… പോയി കുളിച്ച് വന്നാ….’

ഇനി രക്ഷയില്ലന്ന് കരുതിയാവണം മോളുടെ ശബ്ദം പിന്നെ കേട്ടില്ല.

‘നിങ്ങൾക്ക് കുളിക്കാൻ വെള്ളം ചൂടാക്കട്ടേ … വേകം കുളിച്ച് വരി മൻഷ്യാ….’

“എനിക്ക് നിന്റെ ചൂട് വെള്ളം ഒന്നും വേണ്ടടീ.. ഞാൻ ഈ തണുത്ത വെള്ളം കൊണ്ട് കുളിക്ക്യാൻ പോകാ..”

‘വേണ്ടട്ടോ… നല്ല തണുപ്പാ.. ചീരാപ്പ് പിടിച്ചാ ബുദ്ധിമുട്ടാകുംട്ടോ..‘ അവളുടെ വാക്കുകളിൽ തേനൊഴുകുന്നു. സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ എല്ലാ പെണ്ണുങ്ങളും ഇങ്ങനെത്തന്നെയാകും. അവിടെ എത്തുന്നത് വരെ തേനും ചക്കരയുമായിരിക്കും. എത്തിയാൽ പിന്നെ ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ഉള്ളവിവരം അറിയില്ല. കാരണവന്മാരുടെ അടുത്തേക്ക് നമ്മളെ തള്ളിവിട്ട് അവൾ സൊറപറയാൻ അടുക്കളയിലേക്ക് മുങ്ങും. ഇടക്കെപ്പോഴെങ്കിലും ഒരു ചായ, വെള്ളം എന്തെങ്കിലും തരാൻ വേണ്ടി മാത്രം തലയിളക്കം കാണും. എങ്കിലും, ഈ ജീവിതം എനിക്കെത്രയോ സുന്ദരമാണ്. മനസ്സിൽ ഒരുപാട് സംതൃപ്തിയുണ്ട്. മണലാരണ്യത്തിന്റെ തീച്ചൂളയിൽ മനസ്സുരുകിയെങ്കിലും തന്റെ കുടുംബത്തെ സന്തോഷത്തോടെ കൊണ്ട് പോകാൻ തനിക്ക് കഴിഞ്ഞിരിക്കുന്നു. തിരിച്ച് പോകാൻ ഇനിയും നാളുകളേ ഉള്ളൂ എന്ന തിരിച്ചറിവിൽ ഇടനെഞ്ചിൽ ഒരു തീപാറുന്നത്, ആ തീ ചിന്തകളിലേക്ക് പടർന്ന് കത്തുന്നത് ഒരു നിത്യസംഭവമായിരിക്കുന്നു. എങ്കിലും…..

കുളിമുറിയിൽ ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പുറത്ത് തിമർത്ത് പെയ്യുന്ന മഴയിൽ തണുത്തുറഞ്ഞ ഈ പ്രഭാതത്തിൽ ഒരു തണുത്ത കുളി. ഇതാസ്വദിക്കാൻ ഒരു പ്രവാസിക്കേ കഴിയൂ..

അകത്ത് ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ഇവളിതെവിടെ പോയി.

‘എടീ.. ആ ഫോണൊന്നെടുക്ക്.. നീയിതെവിടെയാ…’

‘ഇതാ വരണൂ…. അവൾ അടുക്കളയിൽ നിന്നും ഓടിയെത്തിയപ്പോഴേക്കും ബെല്ലടി നിലച്ചു.

വീണ്ടും അല്പ നേരം കഴിഞ്ഞ് വീണ്ടും ഫോണടിച്ചു. തല തുവർത്താതെ ബാത്ത് റൂമിൽ നിന്നും ഇറങ്ങി ചെന്ന് ഫോണെടുത്തു. മറുതലക്കൽ അബു.

‘എന്താ അബോ.. ഈ രാവിലത്തന്നെ ഫോണടിച്ച് കളിക്ക്യാ… ഞാൻ ഇന്ന് സർക്കീട്ട് ഭാര്യവീട്ടിലേക്കാ ഇഷ്ടാ…’

‘എടാ.. ഒരു കാര്യം പറയാനുണ്ട്…‘ മറുതലക്കൽ അബുവിന്റെ ശബ്ദത്തിലെ പരിഭ്രാന്തി കാതുകളിൽ അറിഞ്ഞു.

‘ഞമ്മടെ..ചേനത്തൊടീലെ മയമദാക്ക മരിച്ചു… ഇന്ന് രാവിലെ..’

അവന്റെ വാക്കുകൾ കാതുകളിലേക്ക് കുത്തിയിറങ്ങി. ഒരു നിമിഷം സ്ഥബ്ധനായി നിന്നു. ഈറൻ തുവർത്താത്ത നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ നിലത്തേക്ക് വീണ് ചിതറി.

..’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..’ (നിശ്ചയമായും ദൈവത്തിൽ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..) എന്നിൽ നിന്നും വന്ന വചനങ്ങൾ കേട്ട് പിന്നിൽ ഭാര്യയും ആകാക്ഷയോടെ നിൽക്കുന്നു.

‘ആരാ… ആരാ മരിച്ചത്..’

‘ചേനത്തൊടിയിലെ മയമാക്ക’

എവിടെയോ ഒരു നീറ്റൽ. വയസ്സായ ഒരു മനുഷ്യൻ.. തന്റെ നല്ല കാലം ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നെയാണ് അയാൾ പോയത്. ഒരുപാട് വർഷം ഗൽഫിൽ കഴിഞ്ഞ തനിക്ക് എന്നെങ്കിലുമൊക്കെ നാട്ടിൽ വരുമ്പോൾ കാണുന്ന ഇത്തരം പഴയ മനുഷ്യർ വലിയ മാനസിക അടുപ്പങ്ങളൊന്നും ഉണ്ടാക്കാറില്ല. പക്ഷേ, ഒരു സാധാരണക്കാരൻ എന്നതിലുപരി ഇദ്ധ്യേഹം മനസ്സിൽ നല്ലൊരു നീറ്റൽ ബാക്കിയാക്കിയിർക്കുന്നു.

ഒരുപാട് കാലം രോഗിയായി കിടക്കുകയായിരുന്ന അയാൾ ഇന്നലെ അങ്ങാടിയിലേക്കിറങ്ങി. അല്പം ആശ്വാസം ഉണ്ടായിരുന്നത്രെ. കണ്ടവരോടെല്ലാം കുശലം പറഞ്ഞു. കൂട്ടത്തിൽ തന്നോടും അബുവിനോടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

‘ഏല്ലാരിം കാണണമെന്നു ഒരു പൂതി… ഒരു അശ്വാസം കിട്ടിയപ്പൊൽ ഞാനിങ്ങു പോന്നു.’ പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ഹംസ ഹാജി ചോദിച്ചപ്പോൽ മയമാക്ക പറയുന്നത്‌ കേട്ടു.

ആയാളുടെ കണ്ണുകളിൽ ഒരു തരം പ്രകാശം നിറഞ്ഞിരുന്നു. ഇനിയും എന്തൊക്കെയോ പറയാൻ അയാളുടെ അന്തരംഗങ്ങൽ ആഗ്രഹിച്ചിരുന്നപോലെ. കണ്ടവരോടൊക്കെ വാതോരാതെ സംസാരിചു. വ്വൈകുന്നെരം ഞാനും അബുവുമാണു വീട്ടിലെക്കു കൊണ്ടു ചെന്നാക്കിയതു. മടങ്ങി പോരുമ്പോൾ ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക്‌ മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ വലിയ മനുഷ്യൻ. എന്തിനായിരുന്നു ഇതൊക്കെ. മരണം മുന്നിൽ കണ്ടിരുന്നോ.

മുമ്പു ഇതു പൊലെ ഒരിക്കൽ നട്ടിൽ നിന്നു മടങ്ങുമ്പോൾ എന്റെ അമ്മായിയും ഇങ്ങനെ ഒരു പാടു പറഞ്ഞിരുന്നു. ഞാൻ മടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു.

അബുവിനോട് കൂടെ ആ മരണവീട്ടിന്റെ മുറ്റത്തേക്കു കയറിയപ്പോൾ പ്രാർത്ഥനാനിർഭരമായ മനസ്സുകളുമായി ഒരുപാട് മുഖങ്ങൽ. ഏങ്ങും ഒരു മൂഖത. ഒരുപാട് പേർ കൂടിച്ചേർന്ന ഈ വീട്ടിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ആരുടേയും ശബ്ദം ഉച്ഛത്തിൽ കേൾക്കുന്നില്ല.

അകത്തു കട്ടിലിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരത്തിൽ നിന്നും മകൻ അലവിക്കുട്ടി ഞങ്ങൽക്കു കാണാനായി മുഖത്തെ തുണി മാറ്റിത്തന്നു. ഇന്നലെ രാത്രി തന്നെ കെട്ടിപ്പിടിച്ച് കണ്ണീർവ്വാർത്ത, ഇനി ഈ കുട്ട്യാളെ ഞാൻ കാണുമോ എന്നു വിലപിച്ചു കരഞ്ഞ ആ വലിയ മനുഷ്യന്റെ നിശ്ചലമായ മുഖത്തെക്കു കൂടുതൽ നോക്കിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല.

ഒരു വിലാപയാത്രയായി ആ മൃതശരീരം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് നടക്കുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ആറടി കുഴിയിലേക്ക് ആ മൃതശരീരത്തിനു മേലെ മൂന്നു പിടി മണ്ണ് വാരിയിട്ട് മടങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ഏതോ വേണ്ടപ്പെട്ട ഒരാളെ യാത്രയാക്കി മടങ്ങുമ്പോലെ. പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത ആ യാത്രക്കായി താനും കാത്തിരിക്കേണ്ടിയിരിക്കുന്നെന്ന് ഉള്ളിലിരുന്നാരോ ഓർമ്മിപ്പിക്കുമ്പോലെ.

ചാറ്റൽ മഴയിൽ വെള്ളം ഒലിച്ചിറങ്ങുന്ന തലമുടി നെറ്റിയിലേക്കു ഊർന്നിറങ്ങി വീടിന്റെ വരാന്തയിലേക്ക് കയറുമ്പോൾ വാതിലിൽ തന്നേയും കാത്ത് ഭാര്യയും മോളും ഒരുങ്ങി നില്പുണ്ടായിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന അവരെ കണ്ടില്ലെന്ന് നടിച്ച് ഞാൻ അകത്തേക്ക് കയറി.

പിന്നിൽ വാതിൽ ശക്തിയായി അടയുന്ന ശബ്ദം അവഗണിക്കാനേ തോന്നിയുള്ളൂ.

കണ്ണുകളിൻ ഒരു ഇടുങ്ങിയ കുഴിയിലേക്ക് ഇറക്കി വെക്കുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരം മാത്രം. ആളൊഴിഞ്ഞ പള്ളിക്കാട്ടിൽ ഇടുങ്ങിയ കുഴിക്കുള്ളിൽ ആ ശരീരം ഒറ്റക്കാണ്.

*****