2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഓർമ്മപ്പെടുത്തലുകൾ..

‘’ഹലോനരിയല്ലേ’‘

ഈ ഉശ്ണം പിടിച്ച വെളുപ്പാൻ കാലത്ത് മൊബൈലിൽ വിളിച്ച് മൃഗത്തിന് പേരിടുന്ന കിളിനാദം ആരുടേതെന്ന് ആലോചിച്ചിരിക്കുന്ന്തിനിടയിൽ വീണ്ടും മറുതലക്കൽ നിന്നും ശബദമുണ്ടാക്കി.

‘’ഇത് ഞാനാ ..’‘ ഇടക്ക് വാക്കൊന്ന് മുറിഞ്ഞോ?

കൺപോളകളിലേക്ക് മാറാല പിടിച്ച് കിടന്ന ഉറക്കം തട്ടിയുണർത്തി കാതുകളിൽ മൊബൈൽ അവിശ്വസനീയമായെതെന്തോ മന്ത്രിക്കുന്നു. പണ്ടെങ്ങോ കേട്ട് മറന്ന ശബ്ദം അവ്യക്തതയോടെ ഈ വെളുപ്പിന് തട്ടിയുണർത്തിയപ്പോൾ സ്വപ്നമായിരിക്കും എന്ന് തോന്നി. പക്ഷേ, ജനൽപാളികളിലൂടെ മുഖത്തേക്ക് അരിച്ച് കേറിയ പ്രകാശരശ്മികളുടെ സാന്നിദ്ദ്യത്തിലൂടെ മറുതലക്കൽ നിന്നും അവളുടെ ശബ്ദം വീണ്ടും മുറിഞ്ഞു.

‘’ഹലോ, എന്താ ഒന്നും മിണ്ടാത്തെ, ഞാൻ..’‘

‘’ആദി?.. എവിടെന്നാ വിളിക്കുന്നേ?”

‘‘ഇത്ര പെട്ടന്ന് മറന്നോ.. വെറുതെ നമ്പർ കിട്ടിയപ്പോൾ വിളിച്ചതാ’‘

‘’നീയെതെവിടെയാ..’‘

അക്കോഷ്യമരങ്ങൾക്ക് കീഴെ ചോരവാർന്നൊലിക്കുന്ന മുഖത്തോടെ പൊട്ടിക്കരഞ്ഞ് ഭൂതകാലസ്മൃതിയിലേക്ക് ആരോടും പറയാതെ മറഞ്ഞ് പോയ ഈ ശബ്ദം തനിക്ക് മറക്കാൻ കഴിയുമോ? കയ്യിൽ പറ്റിയ രക്തത്തുള്ളികളുടെ പാപക്കറ ശിരസ്സിലേക്കൊട്ടിച്ച് വെച്ച് ഒരു കലാലയം തന്നെ തള്ളിപ്പറഞ്ഞപ്പോൾ അവളുടെ അശക്തമായ കരച്ചിൽ താൻ വ്യക്തമായി കേട്ടിരുന്നു. പക്ഷേ കോലാഹലങ്ങളിൽ തന്റെ ശബ്ദം മുറിഞ്ഞപ്പോൾ അവ്യക്തമായി മുന്നിലവതരിച്ച രൂപങ്ങളിലൊന്നും അവളുണ്ടായിരുന്നില്ല. ഇന്ന് വർഷങ്ങൾക്കിപ്പുറം തന്റെ പ്രഭാതത്തെ തട്ടിയുണർത്തി അവതരിപ്പിക്കുന്ന ഈ ശബ്ദം അവളുടേത് തന്നെയോ?

‘’എന്താ എണീറ്റില്ലായിരുന്നോ? ശല്യായീ..ല്ലേ?”

‘’ഹെയ്.. സാരല്യ നീയിപ്പോ എവിടെയാ’‘

“ടൌണിൽ, ഈ നമ്പർ കുറേ അന്വേഷണങ്ങൾക്കൊടുവിൽ കിട്ടിയതാ.. ഈ ആഴ്ച നാട്ടിൽ വരും എന്ന് അറിഞ്ഞിരുന്നു. വന്നോന്നറിയാൻ വെറുതെ വിളിച്ച് നോക്കിയതാ..”


‘’എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഒന്ന് കാണാൻ പറ്റ്വോ”

“വൈകുന്നേരം കോട്ടക്കുന്നിൽ വരാം’‘

അപ്രതീക്ഷിതമായി തൊട്ടുണർത്തിയ ആ വിളി അവളുടേത് തന്നെയെന്ന് തീർച്ചപ്പെടുത്താൻ കഴിയാതെ കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചിലേക്ക് പിണഞ്ഞ് കിടന്ന മോളുടെ കൈ മെല്ലെ എടുത്ത് മാറ്റി കട്ടിലിൽ നിന്നും എണീറ്റു. ഭാര്യ നേരത്തേ എണീറ്റിരിക്കുന്നു. താഴെ അടുക്കളയിൽ നിന്നും പെണ്ണുങ്ങളുടെ കലപില ശബ്ദം. കോണിപ്പടി കേറിവരുന്ന കാലടിശബ്ദം വാതിൽ തുറന്ന് അകത്ത് കിടന്നു. പുലർച്ചെ എണീറ്റ് കുളിച്ച് ഈറനണിഞ്ഞ മുടി വെള്ള തോർത്ത്മുണ്ട് കൊണ്ട് പിന്നിലേക്ക് കെട്ടിയിട്ട് നമ്രമുഖിയായി തൊട്ട് മുന്നിൽ ഭാര്യ നിന്നപ്പോൾ ഒരുപാട് സുന്ദരിയായിരിക്കുന്ന പോലെ തോന്നി.

‘’ആരാ രാവിലെത്തന്നെ ഫോണിൽ?’‘

ആര് വിളിച്ചാൽ ലവൾക്കെന്താന്ന് മനസ്സിൽ തോന്നിയെങ്കിലും ഒരു സുഹൃത്തെന്ന് പറഞ്ഞൊഴിഞ്ഞു.

വൈകുന്നേരം കോട്ടക്കുന്നിന്റെ മുകളിലേക്ക് പടികൾ കയറുമ്പോൾ ആകാക്ഷയായിരുന്നു. ഒരു നോക്ക് കാണാൻ പലപ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കോളേജിന്റെ ഇരുണ്ട കോണിൽ അവ്യക്തമായി അവൾ മറഞ്ഞ് പോകുമ്പോൾ തന്റെ ജീവിതത്തിൽ നിന്ന് തന്നെയായിരുന്നു അതെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി. തന്റെ അന്വേഷണങ്ങൾക്കൊന്നും പിടിതരാതെ അവൾ സമർത്ഥമായി ഒഴിഞ്ഞ് മാറിയപ്പൊൾ ഒരിക്കലും ഇങ്ങനെയൊരു വിളി താൻ പ്രതീക്ഷിച്ചിരുന്നില്ല.

വാരാന്ത്യത്തിന്റെ തിരക്ക് കോട്ടക്കുന്നിന്റെ മുകളിൽ ദൃശ്യമായിരുന്നു. സാമാന്യം നല്ല തിരക്കുള്ള ആ ആൾക്കൂട്ടത്തിൽ ഞാനവളുടെ മുഖം അന്വേഷിച്ചു. തന്റെ ഹൃദയഭിത്തികളിൽ കരിങ്കൽ ചീളുകൾകൊണ്ട് കോറിയിട്ട് പോയ അവളുടെ മുഖം ഋതുഭേദങ്ങളിൽ രൂപമാറ്റം ഉണ്ടാക്കിയിരിക്കാം. പക്ഷേ, തിരിച്ചറിയുമായിരിക്കാം. തന്റെ മനസ്സിൽ കിടന്ന് അവൾ ചിരിക്കുന്നു. നുണക്കുഴികൾ വിരിയുന്ന ആ ചിരി ഒരു കാലാന്തരങ്ങൾക്കും മായ്ക്കാൻ കഴിയില്ല. 

പണ്ട് ചിലപ്പോഴൊക്കെ പോയി ഇരിക്കാറുണ്ടായിരുന്ന കോട്ടക്കുന്നിന്റെ പടിഞ്ഞാറേ മൂലയിലെ വയസ്സൻ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. ഈ ആൾകൂട്ടത്തിൽ അവൾ തന്നെ പ്രതിക്ഷിച്ച് ഇരിക്കാൻ സാധ്യതയുള്ളത് അവിടെയാണ്. ലക്ഷ്യത്തേക്ക് അടുക്കുന്തോറും മനസ്സ് ചൂട് പിടിക്കാൻ തുടങ്ങി. ഇഷ്ടികകട്ടകൾ പതിച്ച നടപ്പത പടിഞ്ഞാറേ മൂലയിലേക്ക് അനന്തമായി നീളുമ്പോൾ കാലുകൾക്ക് തളർച്ചയോ തിടുക്കമോ എന്നറിയാൻ കഴിയുന്നില്ല. ഉള്ളിൽ ഒരു കോലാഹലം നടക്കുകയാണ്. അടുത്തെത്തുന്തോറും മനസ്സിൽ എന്തെന്നില്ലാത്ത പിരിമുറുക്കം.
എത്തിയപ്പോൾ അവിടെ പണ്ടുണ്ടായിരുന്ന മരമൊന്നും കാണാനില്ലായിരുന്നു. ഒരുപാട് പ്രണയങ്ങൾക്ക് മൂഖസാക്ഷിയായ ആ വൃക്ഷം ഏതെങ്കിലും വീടിന്റെ വാതിൽപൊളിയിൽ അലങ്കാരമായി നിൽ‌പ്പുണ്ടാകും. ഒന്നു രണ്ട് പേർ അങ്ങിങ്ങായി ഇരിക്കുന്നുണ്ട്. അവരിലൊന്നും താൻ തേടിവന്നവൾ ഇല്ലന്ന് എനിക്ക് മനസ്സിലായി. ഇവളിതെവിടെ പോയി. സാധാരണ എപ്പോഴും താനായിരുന്നു വൈകി എത്തുന്നത്. വരുമെന്ന് വർഷങ്ങൾക്ക് ശേഷം മൊബൈലിലൂടെ വിളിച്ച് പറഞ്ഞിട്ട് പറ്റിക്കുമെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. ഇനി തങ്ങളുടെ ബന്ധം അറിയാമായിരുന്ന ആരെങ്കിലും താൻ വന്നതറിഞ്ഞ് വിളിച്ച് പറ്റിച്ചതാകുമോ?


പെട്ടന്നാണ് കണ്ണുകൾ ഒരു ചുവന്ന പേപ്പർ കഷ്ണത്തിൽ ഉടക്കിയത്. ആളൊഴിഞ്ഞ ഒരു മൂലയിൽ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത രീതിയിൽ കുത്തനെ നിൽക്കുന്ന ഒരു പാറക്കല്ലിന്റെ വശത്ത് പാറിപ്പോകാതിരിക്കാനായി ചെറിയ കല്ല് വെച്ച് നിർത്തിയ ഒരു ചുവന്ന പേപ്പർകഷ്ണം. അടുത്ത് ചെന്ന് അത് തുറന്ന് നോക്കി. പണ്ട് എന്റെ ഉറക്കം വരാത്ത രാത്രികൾക്ക് കാവൽകിടന്ന നനുത്ത അക്ഷരക്കൂട്ടങ്ങൾ. ‘‘ഇപ്പോഴും നേരത്തെയെത്താൻ പഠിച്ചില്ല അല്ലേ.. അല്പം ദൃതിയുണ്ട്.. വീണ്ടും വിളിക്കാം.. എന്നെ വിളിക്കരുത്..’‘


കൈവെള്ളയിൽ കിടന്ന് ആ ചുവന്ന പേപ്പർകഷ്ണം കിടന്ന് വിറക്കുന്നതിനിടയിലും ആൾക്കൂട്ടത്തിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. ഒരിക്കലെങ്കിലും ഒരു നോക്ക് കണ്ടിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു. പക്ഷേ...അവളെവിടെ? ഇനി ഇത് വേറെ ആരെങ്കിലും ആർക്കോ വേണ്ടി എഴുതി വെച്ചതാകുമൊ? ഇനി അവൾ തന്നെയാണെങ്കിൽ എന്തിനാണ് വെറുതെ എന്നെ വിളിച്ച് ഓർമ്മിപ്പിച്ചത്? എന്തിന് ഇവിടെ വരെ വന്ന് ഈ കത്തെഴുതി തനിക്ക് മുഖം തരാതെ കാണാമറയത്തിരിക്കണം. മോബൈലെടുത്ത് രാവിലെ വിളിച്ച നമ്പറിലേക്ക് ഡയൽ ചെയ്യാൻ  തോന്നിയെങ്കിലും വേണ്ടന്ന് വെച്ചു.

ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് തന്നെ അപ്രതീക്ഷിതമായി തൊട്ടുണർത്തിയ ഒരു സ്വപ്നമായി ഇതവിടെ കിടക്കട്ടേ. അതോ ഇതൊരു സ്വപ്നം തന്നെയായിരുന്നോ. ഇനിയൊരിക്കലെങ്കിലും ഒരു വിളി പക്ഷേ താൻ പ്രതീക്ഷിക്കുന്നില്ല. ചുവന്ന പേപ്പർകഷ്ണം പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകി കോട്ടക്കുന്നിന്റെ ചവിട്ടുപടികൾ ഇറങ്ങി. 


താഴെ നഗരത്തിന്റെ മുകളിലേക്ക് നിയോൺ ബൾബുകൾ പ്രകാശം ചൊരിയാൻ തുടങ്ങിയിരുന്നു. 


നഗര മധ്യത്തിൽ നിന്നും നട്ടിലൂടെ പോകുന്ന ചെറിയ പുട്ടും കുറ്റി പോലത്തെ ബസ്സിലേക്ക് കേരി സീറ്റ് പിടിച്ചിരുന്ന് പുറത്തെ നഗരക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. റോഡിൽ വാഹനങ്ങളിലേക്ക് ദൈന്യതയോടെ നോക്കി ആരുടെയെങ്കിലും ദയാവായ്പിനായി കൈനീട്ടുന്ന ഒരു കറുത്ത മൂക്കൊലിക്കുന്ന പെൺകുട്ടിയുടെ കയ്യിലേക്ക് പോക്കറ്റിലുണ്ടായിരുന്ന ചില്ലറ എടുത്തിട്ടു. അവൾ ചില്ലറയിലേക്കും എന്റെ മുഖത്തെക്കും ഒന്ന് നോക്കിയിട്ട് അടുത്ത ആളുടെ നേരെ കൈനീട്ടിക്കൊണ്ട് നഗരത്തിന്റെ നിഗൂഢതയിലേക്ക് നടന്ന് നീങ്ങി. പാന്റ്സിന്റെ പൊക്കറ്റിൽ നിന്നും മൊബൈൽ ശബ്ദമുണ്ടാക്കി. ആകാംക്ഷയോടെ എടുത്ത് നോക്കുമ്പോൾ മറു തലക്കൽ പരിഭവങ്ങളുമായി ഭാര്യ. 

‘നിങ്ങളിതെവിടേയാ..? എത്ര നേരായി പോയിട്ട്? ‘

‘ഞാനിതാ വരുന്നു... എന്തെങ്കിലും വേണോ?

‘ഒന്നും വേണ്ട....മോള് കോട്ടക്കുന്നിൽ പോകണം എന്ന് പറഞ്ഞിരുന്നില്ലേ... അവൾ നിങ്ങളോട് പിണങ്ങിയിരിക്ക്യാ..‘

ആ ചുവന്ന പേപ്പർകഷ്ണം പുറത്തെടുത്ത് ആ വരികളിലൂടെ വീണ്ടും കണ്ണുകൾ പായിച്ചു. അപ്പോൾ പക്ഷേ, ആ എഴുത്തിനോടും അത് എഴുതിയവളോടും ഒരു തരം നീരസമായിരുന്നു. ഒരു തരം അവജ്ഞയോടെ ഞാൻ പല്ലിറുമ്മി. പുറത്തെ ചവറ്റ്കൂനയിരിലേക്ക് പേപ്പർകഷ്ണം ചുരുട്ടിയെറിഞ്ഞു. ആ ചുവപ്പ് നിറം കൂനയിൽ വേറിട്ട് കണ്ണുകളിലേക്ക് തറക്കുന്നു. തന്റെ നെഞ്ചിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം കണക്കേ, അത് ആ ചവറ്റ് കൂനയിലൂടെ റോഡിലേക്ക് അരിച്ചിറങ്ങുന്ന പോലെ. പിൻസീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ അടച്ചു. ബസ്സ് നീങ്ങി തുടങ്ങിയിരുന്നു.

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ആദരാഞ്ജലികള്‍അറിയാതെ പൊഴിഞ്ഞ് പോയ കണ്ണൂ നീർ തുള്ളിപോലെ..
നീ യാത്രയായി എന്ന് ഞാൻ അറിയുന്നു..

ആദ്യമായി നിന്റെ ബ്ലോഗിലേക്ക് ഇത്ര സങ്കടത്തോടെ
എന്നെ നീ ക്ഷണിച്ചതെന്തിനാ സഹോദരാ..
നീ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു.
ഈ ബൂലോഗം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും,
ഇത്രയും രോദനങ്ങൾ നിനക്കായി ഉയർന്നിട്ടും..
ഞങ്ങളെ എല്ലാവരേയും ആ കണ്ണീ‍രിലാഴ്ത്തി,

നീ യാത്രയായല്ലോ സഹോദരാ..
നീ ഞങ്ങളിൽ ഉപേക്ഷിച്ച് പോയ നിന്റെ വരികളിലൂടെ
ഇനി ഞാൻ നിന്നെ കാണാം.
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഇനിയൊരിക്കലും കാണില്ലാത്ത നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
ഒന്ന് പരിചയപ്പെടാനെങ്കിലും നീ വരുമെന്ന് ഞാൻ കരുതി. പക്ഷെ,......

ആദരാഞ്ജലികളോടെ..
നരി

മലയാളം ന്യൂസിൽ വന്ന വാർത്തയും, സുനിൽ കൃഷ്ണന്റെ വിശദമായ റിപ്പോർട്ടും താഴെ:

----------------------------------