രണ്ടു ദിവസമായി മഴ പെയ്തിട്ടില്ല. മരച്ചില്ലകൾ ഒന്നനങ്ങാൻ പോലും കൂട്ടാക്കാതെ ഒരു ഇളം കാറ്റിന്റെ സാമീപ്യം ആഗ്രഹിച്ച് നിൽപ്പാണ്. മഴയില്ലങ്കിൽ ചൂടിന്റെ കാഠിന്യം കൂടുന്നു. ആകാശത്ത് പെയ്യാൻ മടിച്ച് കൂടിനിൽക്കുന്ന മഴക്കാറുകൾ ശരീരത്തിൽ വിയർപ്പു കണങ്ങളായി പൊടിയാൻ തുടങ്ങി. നല്ല ചൂട്. നേരെ ശരീരത്തിലേക്ക് തിരിച്ച് വെച്ച ടേബ്ബിൾ ഫാൻ എത്ര കറങ്ങിയിട്ടും ചൂടുകാറ്റ് മാത്രം വീശി. ആകെ ഒരസ്വസ്ഥത തോന്നിയപ്പോൾ ഞാൻ എണീറ്റു. അരയിൽ നിന്നും ഊർന്ന് തുടങ്ങിയ പുള്ളിത്തുണി മുറുക്കിയെടുത്ത് വരാന്തയിൽ വന്ന് നിന്നു. മുകളിലത്തെ നിലയിലാണങ്കിലും ഒരു ഇളം കാറ്റുപോലും വീശാൻ മറന്ന് പ്രക്ര്ഹ്തി സ്തംഭിച്ചു നിൽക്കുന്നു. കഠിനമായ ഉഷ്ണത്തിൽ ശരീരം അസ്വസ്ഥതയോടെ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ ഒരു പൂതി. പുഞ്ചക്കുളത്തിൽ ഒന്നു പോയി മുങ്ങിക്കുളിച്ചാലോ… ഈ നട്ടുച്ചക്ക് കുളത്തിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ നല്ല രസമായിരിക്കും. അബുവിനെ കൂടി കൂട്ടാമായിരുന്നു. അവൻ പക്ഷേ, ഇന്ന് പെണ്ണ് കാണാൻ പോയതാണ്. അഞ്ചാമത്തെ കാണലാണ്. ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു. പാവം. സുന്ദരനാണങ്കിലും എന്തോ ഒരു ഭാഗ്യ ദോഷം അവനെ വിടാതെ പിന്തുടരുന്നു. 4 പ്രാവശ്യവും ഞാനും കൂടെ പോയിരുന്നു. എന്തോ എനിക്കീ പെണ്ണ് കാണൽ ചടങ്ങ് അത്ര രസമുള്ള കാര്യമായി തോന്നിയില്ല. എല്ലാം പറഞ്ഞുറപ്പിച്ച് എല്ലാ വിവരങ്ങളും പരസ്പരം പറഞ്ഞ് പോയാലും എന്തെങ്കിലും കാരണത്താൽ അതങ്ങ് മുടങ്ങും. ചിലപ്പോൾ പെണ്ണിന്റെ സൌന്ദര്യക്കുറവ്, അതുമല്ലങ്കിൽ സ്ത്രീധനത്തിന്റെ കുറവ് അങ്ങിനെ പലതും ഉളളതും ഇല്ലാത്തതുമായ കാര്യങ്ങളാൽ കല്യാണം മുടങ്ങും. എല്ലാം ഒത്ത് വന്നാൽ നാട്ടിലെ പ്രസിദ്ദമായ “കാസർറ്റും” [കല്യാണം മുടക്കികൾ എന്ന ഒരു വിഭാഗം ഉണ്ട്] ഇവിടെ, ഒരായിരം പ്രതീക്ഷകളുമായി ഉടുത്തൊരുങ്ങി കയ്യിൽ ചായഗ്ലാസുമായി കല്യാണച്ചന്തയിൽ കാഴ്ച്ച വസ്തുവാകുന്ന പെണ്ണിനെ കുറിച്ച്, അവളുടെ വിങ്ങുന്ന മനസ്സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാത്രി തലയണയിൽ മുഖം പൂഴുത്തി കരഞ്ഞ് കരഞ്ഞ് മറവിയുടെ കാണാതുരുത്തിലേക്ക് അവളന്ന് കണ്ട മുഖവും വലിച്ചെറിയും. ആരോടും ഒരു പരിഭവവും പറയാതെ അവൾ തന്റെ പുത്തൻ വസ്ത്രങ്ങൾ അലക്കിത്തേച്ച് വക്കും... വീണ്ടും ഒരാൾ വരുന്നതും കാത്ത്…
“സുക്വോ.. ഞമ്മക്ക് പുഞ്ചക്കുഴീ പോയി ഒന്ന് കുളിച്ച് വന്നാലോ” ചിന്തകളെ തൽക്കാലം വിശ്രമിക്കാൻ വിട്ട് ഞാൻ സുകുവിനോട് ചോതിച്ചു.
“ഇല്ലടാ.. നീ പോ…ഞാനിതൊന്ന് തീർക്കട്ടേ.. രണ്ടീസം കഴിഞ്ഞാ സ്കൂള് തൊർക്കും. അതിന് മുമ്പ് ഇതൊക്ക് തീർത്ത് കൊട്ത്തില്ലങ്കി കുട്ടികളെന്റെ പെടലിക്ക് പിടിക്കും” എന്റെ കൂടെ പോരാൻ കഴിയാത്ത വിഷമം മറച്ച് വച്ച് അവൻ പറഞ്ഞു. മറ്റാരേയും കൂടെ കൂട്ടാൻ താത്പര്യം തോന്നിയില്ല. തൊട്ടടുത്തുള്ള ജയന്റെ വീഡിയോഷോപ്പിൽ കുറേ കുട്ടികൾ സിനിമ കാണുന്നുണ്ട്. ആരേയും വിളിച്ചില്ല.
സുകുവിനോട് ഞാൻ വരാന്ന് പറഞ്ഞ് പടികളിറങ്ങി താഴേക്ക് നടന്നു. ആകാശവാണിയിൽ നിന്നുയരുന്ന ശുദ്ദസംഗീതവും, വീഡിയോഷോപ്പിലെ സിനിമാ ശബ്ദരേഖയും, തുന്നൽ മിഷീനിന്റെ ശബ്ദവും അലിഞ്ഞ് മിശ്രിതമായ ശബ്ദം അകന്ന് പോയിക്കൊണ്ടിരുന്നു. റോഡിൽ നിന്നും അല്പം അകലെയാണ് പുഞ്ചക്കുഴി. റോഡിൽനിന്നിറങ്ങി അലിയുടെ വീടിന്റെ മുന്നിലൂടെ തൊടികൾ താണ്ടി ഇടതൂർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ വേണം പുഞ്ചക്കുഴിയിലെത്താൻ. സുർഹ്ര്ഹ്ത്ത് കൂടിയായ അലിയുടെ വീടിന്റെ മുറ്റത്തോട് ചേന്നുള്ള നടവഴിയിലൂടെ നടന്നപ്പോൾ ആസ്യാത്ത വാതിൽ പടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു. സംസാരിക്കാൻ നിന്നാൽ നിർത്താൻ അല്പം ബുദ്ധിമുട്ടും എന്നത് കൊണ്ട് മുഖം കൊടുക്കാതെ ഞാൻ വേകം നടന്നു. അപ്പോൾ ഒക്കത്ത് നിൽക്കാതെ കരയുന്ന ചെറിയ കുഞ്ഞിനേയും പിടിച്ച് അലിയുടെ പെങ്ങൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി നൽകി അവൾ ഉള്ളിലേക്ക് തന്നെ വലിഞ്ഞു.
തട്ടുതട്ടുകളായി നിൽക്കുന്ന പഴയ പാടശേഖരത്തിന്റെ അവശിഷ്ടങ്ങളിൽ നിരന്ന് കിടക്കുന്ന കവുങ്ങിൻ മരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ നല്ല തണുപ്പ്. എത്ര വെയിലേറ്റാലും ചൂട് എത്താത്ത ഇടതൂർന്ന കവുങ്ങിൻ തോട്ടങ്ങൾ പെരിന്താറ്റിരിയുടെ സൌഭാഗ്യങ്ങളാണ്. പുഞ്ച്ക്കുഴിയെലെത്തിയപ്പോൾ ആരുമില്ല. നട്ടുച്ചക്ക് ഈ പാവം പ്രവാസിയല്ലാതെ മറ്റാര് വരാൻ. ഞാൻ ഷർട്ടും ബനിയനും ഊരി നിലത്തിട്ട് പുഞ്ചക്കുഴി ആകെ ഒന്ന് വീക്ഷിച്ചു. ഇഗ്ലീഷിൽ എൽ എന്നഴുതിയപോലെ. പണ്ട് കണ്ട ആ കുളമല്ല. ഒരു പാട് ചെറുതായ പോലെ. ഒരു മൂലയിൽ പരന്ന അലക്കുകല്ല് വച്ചിരിക്കുന്നു. അതിന്റെ അറ്റത്തായി പതിച്ച് വെച്ച സാബൂനിന്റെ കഷ്ണം പറ്റിപ്പിടിച്ച് കിടക്കുന്നു. രണ്ട് കവുങ്ങുകൾ ചേർത്ത് കെട്ടിവെച്ച അയലിൽ നിലത്തിട്ട വസ്ത്രം എടുത്ത് തൂക്കി കൂടെ തുണിയും അഴിച്ച് ബർമ്മുഡ മാത്രം ധരിച്ച് ഞാൻ കുളിക്കാൻ തയ്യാറെടുത്തു. കാൽ വെള്ളത്തിലേക്ക് തട്ടിയപ്പോൾ അടിയിൽ നിന്നും ഒരു തണുപ്പ് അരിച്ച് കയറി. കയ്യിലെ രോമഗൂപങ്ങൾ എഴുന്നേറ്റ് നിന്നു. അല്പ് നേരം അങ്ങനെത്തന്നെ നിന്നു. പിന്നെ മെല്ലെ കുളത്തിലേക്കിറങ്ങി. ഇറങ്ങുമ്പോൾ ശരീരത്തിനോടൊപ്പം മനസ്സും തണുത്തുറക്കുന്നുണ്ടായിരുന്നു. ഒന്നു മുങ്ങി ഉയർന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ വരുന്നതും, മുകളിൽ നിന്ന് മുട്ടിയിട്ടും, സൂചിച്ചാട്ടം ചാടിയുമെല്ലാം കളിച്ച് ഉല്ലസിച്ച വർഷങ്ങളുടെ പിറകിലേക്ക് മനസ്സ് ഒരു നിമിഷം തെന്നി നീങ്ങി. അന്നൊക്കെ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്ന പുഞ്ചക്കുഴിതന്നെയാണോ ഇത്. ഇതിലേക്കാണോ പണ്ട് 8 മീറ്ററോളം ഉയരത്തിൽ നിന്ന് സൂചിച്ചാട്ടം ചാടിയിരുന്നത്. ഇതിലാണോ പണ്ട് തലങ്ങും വിലങ്ങും ഞങ്ങൾ നീന്തിക്കളിച്ചിരുന്നത്. നീർന്ന് വിലങ്ങനെ കിടന്നാൽ ഇരു ഭിത്തികളും ശരീരത്തിൽ തട്ടിനിൽക്കുന്ന ഈ കുളത്തിലെങ്ങനെ പത്തിലതികം പേർ ഒരേ സമയം നീന്തിക്കുളിച്ചിരുന്നത്. ഒരുപാട് ഒരുപാട് ചെറുതായിരിക്കുന്നു. കാലുകളിൽ പരൽമീനുകൾ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വെറുതെ കാലിളക്കി ഒന്ന് നീന്താൻ ശ്രമിച്ചപ്പോൾ അടിയിൽ നിന്നും ഊറിനിന്ന ചേറ് പൊന്തി വെള്ളം കലങ്ങാൻ തുടങ്ങി. ഏതായാലും നനഞ്ഞതല്ലേ.. ഞാൻ ശരിക്കും ആ ചെറിയ കുളത്തിൽ തലങ്ങും വിലങ്ങും കാലിട്ടടിച്ച് നീന്തി. ആരും കാണാനില്ലാത്തത് കൊണ്ടു തന്നെ ഞാൻ അല്പനേരത്തേക്ക് ഒരു കൊച്ച് കുട്ടിയായി. ഒരുപ്രത്യേക ആവേശത്തിൽ പുഞ്ച്ക്കുഴിയുടെ ഓരോ മുക്കും മൂലയും തൊട്ട് നീന്തി തകർത്താടി ഞാൻ കരക്ക് കയറിയിരുന്നു. താഴെ കുളത്തിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു. കലങ്ങിമറിഞ്ഞ കുളം ഒരു കൊയ്ത്ത് കഴിഞ്ഞ പാടം പോലെ തോന്നിച്ചു. ശരീരത്തിൽ ആകെ ചളി ഊറി പറ്റിപ്പിടിച്ചിരിക്കുന്നു. ചേറിന്റേയും പരൽ മീനിന്റേയും മനം പുരട്ടുന്ന മണം മൂക്കിലടിച്ചെങ്കിലും അതൊരു രസമായിട്ടെടുത്തു.
“ഹയ്യേ, ആകെ കലങ്ങീക്കണു. എങ്ങനേ ഇനി തിരുമ്പ്വാ”
പിന്നിൽ ഒരു വലിയ തുണിക്കെട്ടുമായി സലീനയും അനിയത്തിയും. ബർമ്മുഡയിട്ട് നനഞ്ഞ്കുതിർന്ന് നിൽക്കുന്ന എന്നെയും കലങ്ങിമറിഞ്ഞ പുഞ്ചക്കുളത്തിലേക്കും സലീന മാറി മാറി നോക്കി.
“ഏത് കുട്ട്യാളാ ഇപ്പോ ഇവിടെ ചാടിക്കുളിച്ചത്, കാദറും ഈ ചളിവെള്ളത്തിലാ കുൾച്ചത്?”
ഹാവൂ, ആശ്വാസമായി. എവൾ എന്നെ സംശയിക്കുന്നില്ല. അല്ലെങ്കിലും ഈ നട്ടുച്ചക്ക് ഈ പുഞ്ചക്കുഴിയിൽ ചാടി, നീന്തിക്കുളിച്ച് കലക്കാൻ മാത്രം ഈ നാട്ടിലെ ആണുങ്ങൾക്ക് പിരന്തൊന്നുമില്ലന്ന് അവൾ കരുതിയിരിക്കണം.
“ഹല്ല, ഞാനിപ്പോ വന്നതേള്ളൂ, ഒന്നിറങ്ങിക്കയറി, ആകെ കലങ്ങിയ വെള്ളായിരുന്നു. ഇനി നീ എങ്ങനാ തിരുമ്പ്വാ” അവളോടെന്തോ ഒരു സഹതാപം തോന്നി. ദൂരെയുള്ള വീട്ടിൽ നിന്ന് വലിയൊരു ഭാണ്ടക്കെട്ടുമായി അലക്കാൻ വന്നിട്ട് വെറുതെ മടങ്ങേണ്ടി വരുമല്ലോ. ഞാൻ അയലിൽ നിന്നും തുണിയെടുത്ത് നനഞ്ഞ ബർമുഡക്ക് മീതെ വാരിച്ചുറ്റി കുപ്പായവും ബനിയനും ഇട്ടു.
“സാരല്യ. ഈ ചളി പ്പോ ഊറിക്കോളും. ഏതായാലും ഈ കുരുത്തം കെട്ട കുട്ട്യാള്….. സ്കൂള് തുറക്കുന്നത് വരേ ഇനി ഈ വയ്ക്ക് നോക്കണ്ട…”
പൊന്നാര സലീനാ ഈ കുട്ടി സ്കൂൾ തുറന്നാലും ഇവിടെണ്ടാകും. ഇനിയും ക്ര്ഹ്ത്യം 25 നാൾ കഴിയണം ഈ കുട്ടിയുടെ വിക്ര്ഹ്തികൾക്ക് വിരാമമാകാൻ. അതുവരേ തുടരാനാ എനിക്ക് മോഹം. ഉള്ളിൽ തന്നോട് തന്നെ പറഞ്ഞ് ചെറു പുഞ്ചിരിയുമായി ഞാൻ വരമ്പ് കയറി നടന്നു. തുണിക്കടിയിൽ നനഞ്ഞ് ബർമ്മുഡയിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റു വീഴുന്നത് കണ്ടു സലീനയും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ വെളുത്ത വട്ടമുഖത്ത് പുഞ്ചിരിച്ചപ്പോൾ ഒരു നുണക്കുഴി വിരിയുന്നത് എടക്കണ്ണിട്ട് നോക്കി ഞാൻ ഇളം പുല്ലുകൾ കിളിർത്തു തുടങ്ങിയ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു. പിന്നിൽ ചളി ഊറിത്തുടങ്ങിയ പുഞ്ചക്കുഴിയിലേക്ക് ഇനിയും നിലത്ത് വെക്കാത്ത തുണിക്കെട്ടും അരയിൽ കെട്ടിപ്പിടിച്ച് സലീന നിർവ്വികാരനായി നിന്നു. കാഴ്ചകൾ അവസാനിക്കുന്നിടത്ത് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ അവളെ കണ്ടില്ല. കുളത്തിലേക്ക് ഇറങ്ങിയിരിക്കണം.
ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോള്‍ മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറി വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്‍ക്കുന്നുണ്ടായിരുന്നു.
തുടരും..