'ച്ചും പോണം ഗൾഫ്ക്ക്'
'ച്ചും പോണം ഗൾഫ്ക്ക്'
രാവിലെ ചായകുടിക്കാൻ അടുക്കളയിൽ കേറി പലയിലിരുന്നപ്പോഴേ തുടങ്ങിയതാണ് ഈ പാത്രക്കിലുക്കം.
'എന്താ ബലാലേ... ഒന്ന് ഒച്ചണ്ടാക്കാതിരിക്ക്.. ഓന്റെ ഒരു ഗൾഫ്'
'ന്റെ പേര് ബിലാല്‌ന്നാ..ച്ചും പോണം ഗൾഫ്ക്ക്'
കയ്യിലിരുന്ന ചായ ഗ്ലാസ് നിലത്തേക്കെറിഞ്ഞ് പ്രതിഷേദം ശക്തമാക്കി അമർത്തിച്ചവിട്ടി ബിലാൽ പുറത്തേക്കിറങ്ങി.
'ന്റെ റബ്ബേ.. ഈ ചെർക്കന് നല്ല ബുദ്ദി കൊട്ക്കണേ' ഉമ്മാന്റെ പ്രാർത്ഥന ബിലാലിന് ഉൾകൊള്ളാൻ കഴിയുന്ന മൂഡിലായിരുന്നില്ല.
'കാക്കാരൊക്കെ (ജ്യേഷ്ടന്മാർ) പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗൾഫ്കാരായി. അവരെയെല്ലാം ഉപ്പ തന്നെയല്ലെ ഗൾഫിൽക്ക് കൊണ്ടോയത്? പ്രീഡിഗ്രി കഴിഞ്ഞിട്ടും ന്നെന്താ ഉപ്പാക്ക് ശ്രദ്ദല്ലാത്തത്? എല്ലാ ചെങ്ങായിമാരും ഗൾഫിൽ പോയി നല്ലോണം സമ്പാദിച്ചു. ഓലെക്കെ നാട്ടിൽ വരുമ്പോൾ കയ്യിലെ കാശെന്താ ചെയ്യെണ്ടതെന്നറിയാതെ നട്ടം തിരിയുന്നു. ഞാനിവിടെ പ്പഴും...'
ബിലാൽ നടക്കുന്നതിനിടയിൽ പിറുപിറുത്തുകൊണ്ടിരുന്നു. ഇന്നലെയാണ് മജീദ് ഗൾഫിന്ന് ലീവിന് വന്നത്. എന്തൊരു പത്രാസാ ഓന്. പണ്ടത്തെ മജീദേ അല്ല. ഒരു നാലണക്ക് വകയില്ലാത്ത എന്നോട് അവന് പുച്ചം തോന്നിയിരിക്കും. വാപ്പയും രണ്ട് ജ്യേഷ്ടന്മാരും ഗൾഫിലുണ്ടായിട്ടെന്താ? കാൽകാശിന് വകയില്ലങ്കിൽ ഒരു വിലയൂണ്ടാകൂല. ഒരു സിനിമക്ക് പോകണങ്കിൽ ആരുടേയും കയ്യീന്ന് കടം മേടിക്കണം.
മജീദ് കണ്ടപ്പോൾ ചോദിച്ചു. 'എന്താ ബിലാൽ.. നിന്റെ വിസയുടെ കാര്യം ഉപ്പയും ജ്യേഷ്ടന്മാരും ഒന്നും ശ്രദ്ദിക്കുന്നില്ലേ?'
ശുദ്ധമലയാളം കേട്ടപ്പോൾ ഒന്ന് ചൂളിപ്പോയി. ഇവനിതൊക്കെ എവിടന്ന് പഠിച്ചു. പണ്ട് മദ്രസയിൽ വയളിന്റെന്ന് കുലാവി വിറ്റ് നടന്നീന്റ ചെർക്കനാ. ഇങ്ങനേം മാറോ മൻഷര്? സ്കൂളിൽ ത്രേസ്യാമ ടീച്ചർ ഇങ്ങനെ മലയാളം പറയണത് കേട്ടിട്ടുണ്ട്.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെ ഗൾഫായിരുന്നു. എത്ര പ്രാവശ്യം ഉപ്പാനോടും കാക്കാമാരോടും പറഞ്ഞിരിക്കുന്നു. ഇനി വയ്യ. ഈ നാട്ടിൽ തേരാ പാര നടന്ന് മടുത്തു. ആദ്യമൊക്കെ കാണുമ്പോൾ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിരുന്നവർ ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്യുന്നില്ല. കടം മേടിക്കും എന്ന് കരുതിയാവും. ഞാൻ കാശൊന്നും ചോതിച്ചില്ലല്ലോ.. ഒരു വിസയല്ലേ ചോദിച്ചുള്ളൂ. ഞാൻ ചോദിക്കുമ്പം മാത്രം അവിടെ വിസയില്ല. എത്ര ആളുകൾ ഇവടന്ന് ഗൾഫ്ക്ക് പോകുന്നു. ഇവർക്കൊക്കെ എവിടന്ന് കിട്ടി ഈ വിസ? പ്രീഡിഗ്രിക്ക് പഠിക്കുമ്പം പാസ്പോർട്ട് എടുക്കാൻ പറഞ്ഞതാ ഉപ്പ. അന്ന് തന്നെ അപേക്ഷ കൊടുത്ത് നാല് മാസത്തിനകം പാസ്പോർട്ട് കയ്യിൽ കിട്ടി. ഇന്ന് വരെ വിസയായില്ല. പിന്നെന്തിനാ പാസ്പോർട്ടെടുക്കാൻ പറഞ്ഞത്. അന്ന് പൂതിവെക്കാൻ തുടങ്ങിയതാ.
ഗൾഫില് വല്യ സ്വർണ്ണഖനികളുണ്ടത്രെ..അവിടെ തന്നെ പണിക്ക് കേറണം. എന്നും കുറച്ച് സ്വർണ്ണം പോക്കറ്റിലിട്ട് കൊണ്ടോരണം. പിന്നെ മജീദിനെ പോലെ സുന്ദരമായി മലയാളം പറയണം. ഒരു വലിയ വീട്.എന്നും നാട്ടിൽ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റ് സൗധത്തിന്റെ മുറ്റത്ത് ലക്ഷങ്ങളുടെ കാറുകൾ നിരന്ന് കിടക്കണം. ഇന്ന് മുഖം തിരിച്ച് നടന്നവർ തന്റെ വീട്ടിൽ നിത്യ സന്ദർശ്ശകരാകണം. അവരുടെ മുന്നിലേക്ക് നൂറിന്റെ കെട്ടുകൾ വലിച്ചെറിയണം. പണം...പണം...പണം....
വീട്ടിലെത്തിയ ഉടനെ ബിലാൽ ഉപ്പാക്കും ജ്യേഷ്ടന്മാർക്കും ഒരു കത്തെഴുതി. 'എത്രയും പെട്ടന്ന് എനിക്ക് വിസ സംഘടിപ്പിക്കുക.. അല്ലങ്കിൽ...................!
കത്ത് ഒരു സസ്പെൻസിട്ട് നിർത്തി. കത്ത് ഒട്ടിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഉപ്പാക്കും കാക്കാമാർക്കും വിഷമമാകുമോ? ഞാൻ എന്തെങ്കിലും കടുംകൈ കാണിക്കുമെന്ന് കരുതി പേടിക്കുമോ? വേണ്ട... കവർ പൊളിച്ചു... കത്ത് ഒരാവർത്തികൂടി വായിച്ച് കീറിക്കളഞ്ഞു. ഉമ്മാന്റെ അടുത്ത് ചെന്നപ്പോൾ ഉമ്മ നിസ്കരിക്കാൻ നിന്നിരിക്കുന്നു. ബിലാൽ കാത്തിരുന്നു.
നിസ്കാരം കഴിഞ്ഞ് ഉമ്മ മുഖത്തേക്ക് നോക്കി. ' ന്താ ഈ ഇഷാ മഗ് രിബിന്റെ എടക്ക്..ജ്ജ് നിസ്കരിച്ചോ? പോയി ഇരുന്നൊരു യാസീനോതിക്കാ..'
'ഞാൻ നിസ്കരിച്ചോളാ...മ്മാ... ഞാൻ കത്ത് കീറി.. ഇങ്ങള് പറഞ്ഞാ മതി ഉപ്പാനോട്..ച്ച് ഒരു വിസ.. ഇപ്പ കേൾക്കും..' ബിലാലിന്റെ ദയനീയമായ സ്വരം ഉമ്മാക്ക് കൊണ്ടോ എന്തോ.
'ന്റെ ബിലാലേ.. ഇപ്പീട്ടും നോക്കായ്ട്ടൊന്നും അല്ല. നല്ലൊരു പേപ്പർ കിട്ടിയാ ഓല് വാങ്ങി അയക്കും.. അത് വരെ ന്റെ കുട്ടി ഈ പെരീത്തെ കാര്യങ്ങളൊക്കെ നോക്കി നടക്ക്. ഓൽക്ക് അറിയാത്തതൊന്നും അല്ല്ല്ലോ.. അന്നെപ്പോലല്ലേ തെക്കേലെ റഷീദ്? ആ ചെർക്കൻ എന്തല്ലാം പണിയാ എട്ക്കാ..ജ്ജ് എന്ന് പോയതാ ആ പാടത്ത്ക്ക്? മിനിഞ്ഞാന്ന് അബു പറയണ കേട്ടു.. അടക്ക ഒക്കെ ചാടിക്കെടക്കുണൂന്ന്.അന്നോട് എത്രവട്ടം പറഞ്ഞക്കുണു ആ മയമീനെ കൊണ്ട് ആ അടക്ക പറിപ്പിക്കണം ന്ന്? ജ്ജത് കേട്ടോ?'
'ഉം.. തൊടങ്ങി. ച്ച് കേക്കണ്ട...അടക്കീം തേങ്ങീ നോക്കി നടന്നാ മതീലോ... ഗൾഫീ പോയാൽ അടക്ക പെർക്കണ പണിയൊന്നുംണ്ടാകൂല. കമ്പ്യൂട്ടർ പഠിച്ചതും കോളേജ്പ്പോയതും കണ്ട മകാളി പിടിച്ച അടക്കിം മണ്ടരിയുള്ള തേങ്ങിം പെർക്കി നടക്കാനാ...? ഞ്ഞെ കിട്ടൂല അയ്ന്'
എല്ലാ സൗകര്യങ്ങളുണ്ടായിട്ടും, വീട്ടിൽ മാരുതിക്കാറുണ്ടായിട്ടും, ടൗണിൽ നല്ലൊരു തുണിക്കടയുണ്ടായിട്ടും, കന്ന് കാലികളെ കുളിപ്പിക്കാൻ കൊണ്ടോകുന്ന, ചാണകം മണക്കുന്ന, പാടത്ത് കൃഷിയിറക്കി ചേറും ചളിയുമായി അങ്ങാടിയിൽ പച്ചക്കറി വിൽക്കാൻ വരുന്ന റഷീദിനോട് ബിലാലിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
പക്ഷേ... കൂടുതൽ കാലം ആ കാത്തിരിപ്പ് വേണ്ടി വന്നില്ല. 'അടുത്ത ആഴ്ച എന്റെ കൂടെ പണിയെടുക്കുന്ന മഞ്ചേരിക്കാരൻ അലവിയുടെ കയ്യിൽ ഒരു വിസ അയച്ചിരിക്കുന്നു' എന്ന ഉപ്പാന്റെ ശ്ബ്ദം ഫോണിലൂടെ കേട്ടപ്പോൾ ബിലാലിന്റെ മനസ്സിൽ ഒരു ആഘോഷം നടക്കുകയായിരുന്നു. തെന്റെ പൊട്ടത്തരങ്ങൾ എഴുതി നിറച്ച ബ്ലോഗിൽ കമന്റ് വന്ന് നിറഞ്ഞത് കണ്ട് പൊട്ടിച്ചിരിക്കുന്ന ബ്ലോഗ്ഗറെ പോലെ ബിലാൽ തുള്ളിച്ചാടി.
..........കികികികികികികി...........
'ബിലാൽക്കാ എന്താ മൊബെയിലടിക്കണത് കേൾക്ക്ണില്ലേ... സ്വപ്നം കാണാ?'
സഹമുറിയൻ കൃഷ്ണൻ കുട്ടിയുടെ വാക്കുകൾ ബിലാലിക്കാന്റെ ഓർമ്മകളെ പെട്ടന്ന് കടിഞ്ഞാണിട്ടു. ഹെന്ത് ഞാൻ ഇതെവിടെയായിരുന്നു.
വേനലും, വർഷവും, വർഷങ്ങളും കഴിഞ്ഞിരിക്കുന്നു. കാറ്റും കോളും അടങ്ങിയിരിക്കുന്നു. മനസ്സിലടിക്കുന്ന തിരമാലകൾക്ക് തീരെ ശക്തിപോര. കണ്ണുകളിൽ തീക്ഷ്ണത നഷ്ടപ്പെട്ടിരിക്കുന്നു. ഋതുഭേതങ്ങളിൽ താൻ താനല്ലാതായിരിക്കുന്നു. നീണ്ട 20 വർഷം കഴിഞ്ഞ് പോയതറിഞ്ഞില്ല. തലയിൽ ജെല്ലിട്ട മിനുക്കിയിരുന്ന മുടി കഷണ്ടിക്ക് വഴിമാറിയിരിക്കുന്നു. വെളുത്ത നാരുകളിൽ ചായം പൂശാൻ മടിയായിരിക്കുന്നു. മേശമേൽ പലതരം മരുന്നുകൾ കുമിഞ്ഞ് കൂടിയിരിക്കുന്നു. ബിലാൽക്കയുടെ മനസ്സിൽ ഇപ്പോൾ ആശകളൊന്നും ഇല്ല. ആ കണ്ണൂകളിൽ ഇനി ഭാവിയുടെ പ്രതീക്ഷകളില്ല. എല്ലാം ശാന്തം. നാട്ടിൽ കോൺക്രീറ്റ് കാടിന് സ്ഥലം കിട്ടാത്തത് കൊണ്ടായിരുന്നില്ല...വാഹനങ്ങൾക്ക് വില കൂടിയത് കൊണ്ടായിരുന്നില്ല...തന്റെ കീശയിൽ വീണ സ്വർണ്ണക്കട്ടികൾക്ക് വിലയില്ലായിരുന്നു. 20 വർഷം മുമ്പ് താൻ എന്തായിരുന്നോ ആ നിലയിൽ നിന്നു എന്തെങ്കിലും ഒരു മാറ്റം ശരീരത്തിനല്ലാതെ നേടിയെടുക്കാൻ തനിക്ക് കഴിയാതെ പോയതെന്ത്? അയാളുടെ ചിന്തകൾ പോലും മരിച്ച് തുടങ്ങിയിരിക്കുന്നു. സ്വപ്നം കണ്ട സമ്പത്തിന് പകരം തലക്ക് മീതെ കുന്ന് കൂടിയ കടങ്ങളും പേരറിയുന്നതും അറിയാത്തതുമായ രോഗങ്ങളും മാത്രമായി ഇന്ന് ബിലാൽക്ക അവശേഷിക്കുന്നു.
'എന്താങ്ങള് ഫോണെട്ക്കാത്തത്? നാട്ടീന്നാണെന്നാ തോന്നണത്..'
കൃീഷ്ണൻ കുട്ടി നീട്ടിയ മൊബെയിൽ വാങ്ങുമ്പോൾ ബിലാലിക്കാന്റെ മനസ്സ് ശൂന്യമായിരുന്നു.
മറുതലക്കൽ 18 വയസ്സുകാരൻ അനീസ് മോൻ.
'ഹലോ.. ഉപ്പാ എന്താ വർത്താനം'
'അങ്ങനെ പോണു മോനേ.. അവടെ സുഖല്ലേ? അന്റെ പരീക്ഷ കയ്ഞ്ഞോ?'
'ഇവിടെ എല്ലാർക്കും സുഖാ... പിന്നെ പരീക്ഷ കയ്ഞ്ഞു.. ച്ച് വല്യ പ്രതീക്ഷ ഒന്നൂല്ല... നിങ്ങളവിടെ നല്ല വിസണ്ടങ്കിൽ നോക്കി'
ബിലാലിക്കാന്റെ കാതുകളിൽ ഒരു തിരമാലയുടെ ശബ്ദം ശക്തിയായി അടിച്ചു. അയാളുടെ വാക്കുകൾ മുറിഞ്ഞു. 20 വർഷം മുമ്പ് തന്റെ ഉപ്പ തനിക്ക് നൽകിയ വിസയുടെ അവകാശം ചോദിക്കുന്നു എന്റെ മകൻ. അതെ അതായിരിക്കണം നിയമം. അവനും മടുത്ത് തുടങ്ങിയിരിക്കണം.
മൊബയിൽ ഡയറക്ടറിയിൽ നിന്ന് വിസക്കച്ചവടക്കാരൻ ഹംസയുടെ നമ്പർ തപ്പിയെടുക്കുമ്പോൾ ബിലാലിക്കാന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.