2009, ജൂൺ 1, തിങ്കളാഴ്‌ച

കെട്ടിയാടിയത്

ഈ അഗ്നിയിൽ എരിയാൻ കൂട്ട് വരുമെന്ന
മൂഢധാരണയിൽ മുഴുവനായി വിഴുങ്ങിത്തീരും മുമ്പെ
ഒരു വാക്കിനായി കൊതിച്ചത്
എന്റെ അതിമോഹമാവാം

കടൽ പോലെ ഇളകിമറിഞ്ഞ കനവുകളും
കുത്തൊലിച്ചൊഴുകിയ വാക്കുകളും
തുളുമ്പിത്തെറിച്ച നോട്ടങ്ങളും
ഞാനൊരു വെറും വിഢിയായിരുന്നെന്ന് സ്ഥാപിക്കട്ടേ

മഴവില്ലുകൾ തീർത്ത സ്വപ്നങ്ങളിൽ
പടർന്ന് കയറുന്ന ഇരുട്ടിനോട്
എന്നെ പൊതിഞ്ഞെടുക്കാൻ പറഞ്ഞ നിമിഷങ്ങളോട്
ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ

എന്റെ ചങ്കിൽ കുമിഞ്ഞ് കൂടിയ വേദനക്ക് മീതെ
കഥകൾ മെനെഞ്ഞെടുക്കുന്ന തിരക്കിൽ നീ ഓർക്കുക
കൂമ്പിയടഞ്ഞ നിന്റെ കൺപോളകളിലൂടെ അദൃശ്യനാകാനല്ല,
ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്.