2008, ജൂലൈ 12, ശനിയാഴ്‌ച

മോഹിനി

ശരറാന്തൽ ഒളിമിന്നുന്ന പൂമുഖത്ത്‌
നിന്റെ നാണത്തിൽ വിടർന്ന മന്ദഹാസം,
ചേതോഹരമാകുന്ന നിൻ നയനങ്ങളിൽ
പ്രേമത്തിൻ കൗതുകം ഞാൻ കണ്ടു.
വിരുപ്പമെന്നുള്ളിൽ നുരയുന്നു
മോഹത്തിൻ ദിക്കറിയാത്തൊരു കളിയോടമാണു ഞാൻ
നീ എന്റെ ഹൃദയത്തിലെ പ്രണയപാനപാത്രം
നൽകുമോ..
എനിക്കു നിൻ സ്നേഹപാനം
പഞ്ചരത്നമുതിരുന്ന നിൻ കളമൊഴികൾ
കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു
ഉറങ്ങാത്ത രാവുകളിൽ കുളിർമ്മഴ പെയ്യുമ്പോൾ
കൂട്ടിനായ്‌ നിന്നെ ഞാൻ മോഹിച്ചു.

...ഒരു മഴക്കാലത്ത്.....5

എന്നും പ്രസന്നഭാവത്തോടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന മൂത്താപ്പാന്റെ ഇരിപ്പ്‌ കണ്ടപ്പോൾ എന്റെ മനസ്സ്‌ ഒന്ന് പിടഞ്ഞു. അരികെയുള്ള കാലിയായ കട്ടിലിൽ രണ്ട്‌ വർഷം മുമ്പ്‌ വരുമ്പോൾ ഒരാൾ കൂടി ഇവിടെ കിടന്നിരുന്നു. തന്റെ മൂർദ്ദാവിൽ നിറഞ്ഞൊഴുകിയ കണ്ണീരോടെ ചുമ്പിച്ച്‌ യാത്രയാക്കുമ്പോൾ അന്ന് അമ്മായി പറഞ്ഞു.
"ഞ്ഞി ജ്ജ്‌ വരുമ്പോ ഞാണ്ടാകൂലാ" അറം പറ്റിയപോലെ ആവാക്കുകൾ യാഥാർത്ത്യമായി. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു. ഒരു പക്ഷെ, മരണം കണ്മുന്നിൽ കണ്ട്‌ തന്നെയാവാം അമ്മായി അങ്ങനെ പറഞ്ഞത്‌.
സ്നേഹമതിയായിരുന്ന ആ വൃദ്ധ മനസ്സ്‌ എന്നും നന്മയുടെ നിറകുടമായിരുന്നു. വയ്യാതെ കിടക്കുകയായിരുന്നിട്ടും എനിക്ക്‌ പ്രിയപ്പെട്ട ഹല്വ്വയും തേങ്ങയും പ്ലൈറ്റിൽ നിന്ന് എടുത്ത്‌ എന്റെ വായിലേക്ക്‌ വച്ച്‌ തന്നപ്പോൾ ആ സ്നേഹപ്രകടത്തിന് മുമ്പിൽ കണ്ണുകൾ ഈറനണിഞ്ഞു.
"അനക്ക്‌ പ്പളും മധുരം നല്ലഷ്ടംതന്നെല്ലെ" ആ മധുരം വായിലൂടെ മനസ്സിലേക്ക്‌ ഏറ്റ്‌ വാങ്ങുകയായിരുന്നു.
അപ്പോഴേക്കും ഈറനണിഞ്ഞ കണ്ണുകളിൽ നിന്നും നീരൊലിച്ചിറങ്ങിയിരുന്നു. കണ്ണുനീർ തുടച്ച്‌ അമ്മായിയോടും മൂത്താപ്പാനോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അമ്മായിയിൽ നിന്നുയർന്ന നേർത്ത കരച്ചിലിന്റെ ശബ്ദം കാതുകളിൽ ഒരു വേദനയായി ഇന്നും തങ്ങിനിൽക്കുന്നു.
മൂത്താപ്പാന്റെ കണ്ണുകളിലേക്ക്‌ നോക്കി ഞാൻ കുറേ നേരം അവിടെയിരുന്നു. ആ കണ്ണുകളിലെ ദൈന്യത എന്റെ മനസ്സിൽ പുതിയ മുറിവുകളുണ്ടാക്കി. വളരെ ഉന്മേശത്തോടെ എവിടെയും എന്തിനും മുന്നിലുണ്ടായിരുന്ന മൂത്താപ്പാന്റെ എന്തിനേയോ ഭയക്കുന്നവണ്ണ അകലേക്ക്‌ തുറിച്ച്‌ നോക്കിയുള്ള ഇരിപ്പ്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. ചുളിഞ്ഞ്‌ കറുത്ത മുഖത്ത്‌ കണ്ണുകൾ കാണാത്ത വിധം കുഴിയിലായിരിക്കുന്നു. പുറത്ത്‌ വരാൻ മടിച്ച്‌ എവിടെയോ ഉരതി അവ്യക്തമാകുന്ന ശബ്ദം. ജനലഴികൾക്കിടയിലൂടെ പുറത്തെ വിശാലമായ ലോകത്തേക്ക്‌ നോക്കിയിരിക്കുന്ന ആ മനസ്സ്‌ വായിക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.
അകത്തെ ഹാളിൽ കാളിംഗ്‌ ബെല്ലടിക്കുന്നതും ആരോചെന്ന് വാതിൽ തുറക്കുന്നതും കേട്ടു. മൂത്താപ്പാനെ കാണാൻ ആരോവന്നതാവണം. കാലടിശബ്ദം ഈ മുറിക്ക്‌ മുൻപിലേക്ക്‌ നീങ്ങുന്നതെന്ന് തോന്നുന്നു.
"അസ്സലാമു അലൈകും" എനിക്ക്‌ ആളെ മനസ്സിലായില്ല. ആദ്ധ്യമായി കാണുകയായിരുന്നു. 60 കഴിഞ്ഞ മെലിഞ്ഞ്‌ നീണ്ട്‌ പുഞ്ചിരിക്കുന്ന മുഖത്തോടെ ഒരാൾ.
"വ അലൈകും സലാം"
മൂത്താപ്പ എണീക്കാൻ തത്രപ്പെട്ട്‌ സലാം മടക്കി. ഞാനും സലാം മടക്കി എണീറ്റ്‌ നിന്നു.
കയ്യിൽ ഒരു കീസിൽ ആപിളുമായി അയാൾ മൂത്താപ്പാന്റെ കട്ടിലിൽ സമീപമായി ഇരുന്നു.
'ബാക്കർന്റെ അമ്മോസനാ' മൂത്താപ്പ അവ്യക്തമായ ഭാഷയിൽ പരിചയപ്പെടുത്തി. ആ ശബ്ദം കാതുകൾകൊണ്ട്‌ വലിച്ചെടുക്കാൻ ഞാൻ പ്രയാസപ്പെട്ടു. പ്രസാദമായ ഒരു ചിരിയോടെ ആ നല്ലമനുഷ്യൻ എന്റെ കയ്യിൽ പിടിച്ച്‌ വിവരങ്ങൾ അന്വേഷിച്ചു. മൂത്താപ്പ, ഞാൻ ആരാണെന്നും, എവിടെയാണെന്നും, ഇപ്പോൾ വന്നതാണെന്നും തുടങ്ങി എന്റെ ജീവ ചരിത്രങ്ങൾ അയാളോട്‌ അവ്യക്തമെങ്കിലും വിവരിച്ച്‌ കൊടുത്തുകൊണ്ടിരുന്നു.

പുതിയ ബന്ധങ്ങൾ, പുതിയ ആളുകൾ, പുതിയ കഥകൾ, പുതിയ നാടുകൾ, പുതിയ പരിചയങ്ങൾ.. ഓരോ അവധിക്കാലവും കൂടിച്ചേരലുകളുടെ സംഗമവേദിയാകുന്നു. അയാൾ ഒരുപാട്‌ വിശേഷങ്ങൾ പറഞ്ഞു. കുടുംബങ്ങളെ കുറിച്ചും, അവരുടെ സുഖവിവരവും എല്ലാം. ആഴ്ചയിലൊരിക്കലെങ്കിലും അയാൾ മൂത്താപ്പാന്റെ സുഖാന്വേഷണം തിരക്കി ഇവിടെ വരാറുണ്ട്‌. കുറേ നാളായി വീടിന്റെ മുറ്റത്തിനപ്പുറം ഒരു വലിയ ലോകം തന്റെ കാഴ്ചകളെ മറച്ച്‌ നിൽക്കുമ്പോൾ ഈ സന്ദർശ്ശനങ്ങൾ മൂത്താപ്പാക്ക്‌ നല്ല ആശ്വാസമാകുന്നു.
മുറ്റത്ത്‌ ഉയർന്ന് നിൽക്കുന്ന വരിക്കപ്ലാവിന്റെ ചില്ലകളിൽ ഇളം കാറ്റിന്റെ ശീൽകാരം. കിഴക്കേമാനത്തുണ്ടായിരുന്ന വെളുത്ത മേഘനാരുകൾ കറുത്തിരുണ്ടിരിക്കുന്നു. ജനൽപാളികളിലൂടെ ഇരുണ്ട ആകാശത്തേക്ക്‌ നോക്കിയിരുന്ന മൂത്താപ്പാന്റെ കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭീതി തെളിഞ്ഞു. ജനൽപടിയിൽ മുട്ട്‌ കുത്തിയിരുന്നിടത്ത്‌ നിന്നും നിരങ്ങി കട്ടിലിന്റെ മൂലയിലേക്ക്‌ വലിഞ്ഞു. മൂത്താപ്പാന്റെ മനസ്സറിഞ്ഞെന്നോണം ബാക്കറിന്റെ അമ്മോശൻ ജനൽ വാതിലുകൾ അടച്ച്‌ കുറ്റിയിട്ടു. റൂമിന്റെ വാതിൽ അടച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച്‌ നിന്ന ഞാൻ റൂമിൽ നിന്നും ആശങ്കയോടെ പുറത്ത്‌ കടന്നു. പുറത്ത്‌ ഡൈനിംഗ്‌ ഹാളിൽ ഞങ്ങളുടെ സംസാരം ശ്രവിച്ചിരുന്ന പെണ്ണുങ്ങളോട്‌ ഞാൻ കാര്യം തിരക്കി.
"ഒന്നൂല്ല്യടാ, ഇപ്പാക്ക്‌ മയ വല്ല്യപേട്യാ, മയ വര്‌ണത്‌ കണ്ടാപിന്നെ എല്ലാ വാതിലും ജനാതിലും ഒക്കെ അടച്ചവിടെരിക്കും" മാനൂന്റെ ഭാര്യ ഇമ്മുട്ടിയാണ്‌ മറുപടി തന്നത്‌.
കണ്ട്‌ മനസ്സിലാകാത്ത മൂത്താപ്പാന്റെ രോഗവിവരങ്ങൾ ഞാൻ അവരോട്‌ അന്വേഷിച്ചറിഞ്ഞു.
മഴ മേഘങ്ങളെ കീറിമുറിച്ച്‌ ഭൂമിക്ക്‌ സാഫല്യമേകി. അൽപം ശക്തിയോടെത്തന്നെയാണ് പെയ്യുന്നത്‌. ഇറയത്ത്‌ നിന്ന് ചീറ്റിയടിച്ച്‌ ചീത്തലിൽ പൂമുഖം നനഞ്ഞ്‌ കുതിർന്നു. കാറ്റിന്റെ ദിശക്കനുസരിച്ച്‌ മഴ ചെരിഞ്ഞ്‌ പെയ്യുന്നത്‌ കാണാൻ നല്ലം രസം തോന്നി. എങ്കിലും മഴവന്നാൽ ഏതോ ഭയാനകമായ ഓർമ്മയിൽ ചിതറിത്തെറിക്കുന്ന എന്റെ മൂത്താപ്പാന്റെ മനസ്സിനെ കുറിച്ച്‌ ഓർത്തപ്പോൾ എവിടെയോ ഒരു നീറ്റൽ.
മഴ ചോരുന്നത്‌ വരെ കാത്തിരിക്കാൻ എനിക്ക്‌ നേരമില്ലായിരുന്നു.
"ഞാനെറങ്ങ്വാ, മഴ ചോരുമ്പോത്തിന് നേരം വൈകും"
എല്ലാവരോടും യാത്ര പറഞ്ഞു. ബാക്കറിന്റെ അമ്മോശനോട്‌ പ്രത്യേകം സലാം പറഞ്ഞ്‌ ഞാൻ പിന്നാമ്പുറത്തെ പുളിമരച്ചോട്ടിൽ നിർത്തിയിട്ട കാറിലേക്ക്‌ നടന്നു. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പുളിമരത്തിനെ ചുവട്ടിൽ ഇത്ര ശക്തമായി മഴപെയ്തിട്ടും കാര്യമായ നനവൊന്നും കണ്ടില്ല. ഇടക്ക്‌ ചില്ലകളിൽ നിന്നും കാറിന്റെ മുകളിലേക്ക്‌ വലിയ ഒറ്റത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. വീടിന്റെ മുറ്റത്തേക്ക്‌ കൊത്തിയുണ്ടാക്കിയ ടാറിടാത്ത റോട്ടിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നു. നനഞ്ഞ്‌ കുതിർന്ന് കുത്തനെയുള്ള ചളിനിറഞ്ഞ പാതയിലൂടെ ആ വാഹനം മെല്ലെ അരിച്ചിറങ്ങി. തുടരും...