2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

എതോ അന്താരാഷ്ട്ര കുത്തക കമ്പനിയുടെ പുതിയ ബ്രാന്റിന്റെ പരസ്സ്യ മോഡലല്ല ഈ കുട്ടി. കറുത്ത ചില്ലിട്ട്‌ മൂടിയ ഈ വണ്ടിക്ക്‌ മുന്നിൽ നിൽക്കുമ്പോൾ ഇവളുടെ കണ്ണുകളിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്‌. ലോകരാജ്യങ്ങളിൽ മുൻപന്തിയിലേക്ക്‌ കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്‌ നാളെയുണ്ടായേക്കാവുന്ന വൻ സാമ്പത്തിക മുന്നേറ്റങ്ങളെ കുറിച്ചോ, നാളത്തെ ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ, ആണവകരാറിലൂടെ ഇന്ത്യ പരിഹരിക്കാൻ പോകുന്ന ഊർജ്ജ പ്രതിസന്ധികളെക്കുറിച്ചോ, ഇന്ത്യയിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന ആഗോള കുത്തക മുതലാളിമാരെ കുറിച്ചോ ഒന്നുമല്ല ഇവരുടെ പ്രതീക്ഷ.മറിച്ച്‌, ഈ കറുത്ത ചില്ല് താഴുമെന്നും, അതിൽ നിന്നും അസഹിഷ്ണുതയോടെയെങ്കിലും ഒരു കൈ പുറത്തേക്ക്‌ നീളുമെന്നും, അവളുടെ കയ്യിലേക്ക്‌ ഒരു നാണയത്തുട്ട്‌ വീഴുമെന്നും മാത്രമായിരിക്കും.

നാളെയെക്കുറിച്ച്‌ ഇവരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാക്കളേ.., അങ്ങകലെ നിന്നും ഈ സ്വതന്ത്ര ഭാരതത്തെ നോക്കി നിങ്ങൾ ലജ്ജിക്കുന്നുണ്ടാകാം....നിങ്ങൾ പറയുക.. ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?