ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?