2008 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

എതോ അന്താരാഷ്ട്ര കുത്തക കമ്പനിയുടെ പുതിയ ബ്രാന്റിന്റെ പരസ്സ്യ മോഡലല്ല ഈ കുട്ടി. കറുത്ത ചില്ലിട്ട്‌ മൂടിയ ഈ വണ്ടിക്ക്‌ മുന്നിൽ നിൽക്കുമ്പോൾ ഇവളുടെ കണ്ണുകളിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്‌. ലോകരാജ്യങ്ങളിൽ മുൻപന്തിയിലേക്ക്‌ കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്‌ നാളെയുണ്ടായേക്കാവുന്ന വൻ സാമ്പത്തിക മുന്നേറ്റങ്ങളെ കുറിച്ചോ, നാളത്തെ ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ, ആണവകരാറിലൂടെ ഇന്ത്യ പരിഹരിക്കാൻ പോകുന്ന ഊർജ്ജ പ്രതിസന്ധികളെക്കുറിച്ചോ, ഇന്ത്യയിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന ആഗോള കുത്തക മുതലാളിമാരെ കുറിച്ചോ ഒന്നുമല്ല ഇവരുടെ പ്രതീക്ഷ.മറിച്ച്‌, ഈ കറുത്ത ചില്ല് താഴുമെന്നും, അതിൽ നിന്നും അസഹിഷ്ണുതയോടെയെങ്കിലും ഒരു കൈ പുറത്തേക്ക്‌ നീളുമെന്നും, അവളുടെ കയ്യിലേക്ക്‌ ഒരു നാണയത്തുട്ട്‌ വീഴുമെന്നും മാത്രമായിരിക്കും.

നാളെയെക്കുറിച്ച്‌ ഇവരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാക്കളേ.., അങ്ങകലെ നിന്നും ഈ സ്വതന്ത്ര ഭാരതത്തെ നോക്കി നിങ്ങൾ ലജ്ജിക്കുന്നുണ്ടാകാം....നിങ്ങൾ പറയുക.. ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

2008 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പുകവലി ആരോഗ്യത്തിന് ഹാനികരം

ബാപ്പ വലിച്ച്‌ തുപ്പുന്ന ദിനേശ്ബീഡിയുടെ കുറ്റികൾ ആരും കാണാതെയെടുത്ത്‌ പുകയൂതി സായൂജ്യമടയാൻ ചെറുപ്പത്തിൽ ഒരു ഹരം തന്നെയായിരുന്നു. മുറിബീഡി ഒറ്റബീഡിയായതും ഒറ്റ ബീഡി രണ്ടും മൂന്നും പിന്നെ സിഗരറ്റിലേക്ക്‌ പരിണമിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്ന പുകച്ചുരുളുകൾക്ക്‌ വിസ്തൃതം കൂടിവരുന്നത്‌ അവൻ ശൃദ്ധിച്ചില്ല. സിനിമാ ശാലകളിലും നാലാൾ കൂടുന്നിടത്തും ചുണ്ടിൽ സിഗരറ്റ്‌ കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ പുക പടലങ്ങൾ വിസർജ്ജിക്കുമ്പോൾ ഏതോ സാമൃാജ്യം കീഴടക്കിയ സംതൃപ്തിയായിരുന്നു അവന്റെ മുഖത്ത്‌.

അവസാനം അർബുദരോഗത്തിന്റെ പിടിയിലമർന്ന് വേദനകൊണ്ട്‌ പുളഞ്ഞ അവനെ ആരോ ഡോക്ടറുടെ മുമ്പിൽ എത്തിച്ചു. തന്റെ മുമ്പിൽ വേദനയോടെ പിടയുന്ന രോഗിയെ നോക്കി ചുണ്ടിൽ എരിയുന്ന സിഗരറ്റ്‌ എടുത്ത്‌ ആഷ്ട്രേയിൽ ഞെരിച്ച്‌ ഡോക്ടർ മൊഴിഞ്ഞു.

'പുകവലി നിർത്തുക, അത്‌ ആരോഗ്യത്തിന്‌ നല്ലതല്ല'

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി.

2008 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചുമ്മാതൊരു വീട്ടുകാര്യം...

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗൾഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളിൽ മനസ്സു തേടി..
പ്രരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടുകൾ
ഓരോന്നായി അഴിക്കുമ്പോഴും
കഴിയാതെ പോയ സ്വപ്നത്തിൽ മനസ്സു തേങ്ങി..
കാണരുതാത്തതു കാണരുതെന്നു
അപ്പോഴും അരും വിലക്കിയില്ല..
ഇങ്ങകലെ വർഷങ്ങൾക്കിപ്പുറം
വരച്ചു തീരാത്ത
മാതൃകയിൽ നോക്കി ഞാനിരിക്കുന്നു..
ഇപ്പോഴും ആരും പറയുന്നില്ല
കാണരുതാത്ത സ്വപ്നങ്ങൾ കാണരുതെന്ന്...