2009 ഒക്റ്റോബർ 17ന് ഓർമ്മപ്പെടുത്തൽ എന്ന ഒരു ബോറൻ പോസ്റ്റിട്ടു ബൂലോഗത്തു നിശബ്ദനായി അലഞ്ഞ് നടക്കുകയായിരുന്നു. എന്തെങ്കിലും കുത്തിക്കുറിച്ച് സൗഹൃദവും പുതിയ ബന്ധങ്ങളും കെട്ടുപ്പിണച്ചു എന്റെ മനസ്സിനെ ആർദ്ദ്രമാക്കിയ ഈ ബൂലോഗത്ത് വീണ്ടും എന്റെ സുഹൃത്തുക്കളോട് സംവദിക്കണമെന്ന് മനസ്സ് മന്ത്രിച്ച് തുടങ്ങിയിട്ട് ഒരുപാട് നാളായി.. ജീവിതം വലിച്ച് നീട്ടുന്ന അനിവാര്യമായ തിരക്കിൽ പെട്ടു പോയി എന്ന് വീമ്പിളക്കി സ്വയം കയ് കഴുകാൻ താൽപര്യം ഇല്ല. അത് കൊണ്ട് തന്നെ മടിപിടിച്ച് കിടന്ന ഈ ഇടവേളയിൽ എന്റെ ബ്ലോഗ് ജീവിതം മൗനമായി ഞാൻ തുടരുന്നുണ്ടായിരുന്നു. 2010 എന്ന എന്റെ സംഭവ ബഹുലമായ വർഷത്തെ എന്നെങ്കിലും ഈ കോളത്തിൽ കുത്തിക്കുറിക്കാൻ കഴിയുമെങ്കിൽ വീർപ്പ് മുട്ടുന്ന എന്റെ മനസ്സിൽ നിന്നും പെയ്തൊഴിയുന്ന ഒരു പേമാരി തന്നെയാകും അത്. പക്ഷെ.... പെയ്തൊഴിയാതെ... [തലക്കെട്ട് :) ]
ഒരു ഇടവേളയും ആവശ്യമില്ലാതിരുന്ന കാലത്ത് എന്തിനായിരുന്നു ഒരു മൗനം എന്ന് ആലോചിച്ചിട്ടുണ്ട്. ബ്ലോഗ് വായിച്ച് ചിന്തിച്ചും, ചിരിച്ചും, കുളിർത്തും തളിർത്തും, തരിച്ചും, ത്രസിച്ചും തനിച്ച് ബൂലോഗത്തിലൂടെ നടക്കുമ്പോൾ ഒരു കാര്യം തീർച്ചയായിരുന്നു. ഇവരെപ്പോലെ എഴുതാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ബ്ലോഗ് എപ്പോഴോ പുനർജ്ജനിക്കുമായിരുന്നെന്ന്. ഇപ്പോഴും എഴുതാൻ കഴിഞ്ഞിട്ടല്ല എന്ന് പ്രത്യേകം, വീണ്ടും വീണ്ടും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പിന്നെ എന്തിനാണ്? എനിക്ക് തന്നെ അറിയില്ല. എപ്പോഴാണ് വീണ്ടും ഈ ബൂലോഗത്ത് സജീവമാകണമെന്ന് മനസ്സിൽ തോന്നിച്ചതെന്ന് അറിയില്ല. പക്ഷെ, തോന്നിത്തുടങ്ങിയിട്ടും എഴുതി പോസ്റ്റാൻ വിഷയമില്ലാഞ്ഞിട്ടോ [?] മടിപിടിച്ചിട്ടോ എഴുതണം എന്ന് വീണ്ടും ആഗ്രഹം തോന്നിയത് ഒരാഴ്ച്ച മുൻപാണ്.
കാരണം.......
ഞാൻ ബ്ലോഗ് തുടങ്ങിയതിന് ശേഷം പ്രധാനപ്പെട്ട പല ബ്ലോഗ് മീറ്റുകളും നടക്കുകയുണ്ടായി. ബൂലോഗത്തെ പുലികളായ എഴുത്ത്കാരൊക്കെ പങ്കെടുത്ത ചേറായി മീറ്റും, ഹരീഷിന്റെ പ്രത്യേക ശ്രദ്ധയിൽ വിജയകരമായി നടത്തിയ തൊടുപുഴ മീറ്റും അതിൽ പ്രധാനമാണ്. പ്രത്യക്ഷത്തിൽ അതിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലങ്കിലും ആ മീറ്റുകളുടെ വിജയവും അതിലൂടെ വളർന്ന സൗഹൃദ ബന്ധങ്ങളും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. തൊടുപുഴ മീറ്റ് വിജയകരമായി ഈറ്റി പോസ്റ്റി ബൂലോഗത്ത് തരംഗം സൃഷ്ടിച്ചപ്പോൾ മനസ്സിൽ കരുത്തിയതായിരുന്നു അടുത്ത ഏതെങ്കിലും ഒരു മീറ്റിൽ ഈറ്റാൻ കിട്ടിയിട്ടില്ലങ്കിലും വേണ്ട ഒരു മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന്. മുട്ടു വിറക്കുമെങ്കിലും ബൂലോഗ പുലികളെ ഒക്കെ കാണണമെന്ന്. അങ്ങനെയാണ് ഒരുപാട് പുലികൾ പങ്കെടുത്ത ചേറായി മീറ്റ് പ്രക്യാപിക്കപ്പെട്ടത്. അന്നും പ്രവാസിയുടെ എടുത്താൽ പൊങ്ങാത്ത പ്രയാസങ്ങൾക്കിടയിൽ ഒരു വലിയ ലക്ഷ്യം പാതി വഴിയിൽ ഉപേക്ഷിച്ച് പതുങ്ങിയിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ... ഒരു കാര്യം അന്നെനിക്ക് ബോധ്യമായി. മീറ്റ് എന്നെ തേടി വരികയല്ലാതെ ഒരിക്കലും എനിക്ക് ഒരു മീറ്റ് തേടി പോകാൻ കഴിയില്ല എന്ന്.
അങ്ങനെ ഇരിക്കുമ്പോഴാണ്....
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ് [ജിദ്ദ ചാപ്റ്റർ] ബ്ലോഗേഴ്സ് മീറ്റും അനുമോദന സമ്മേളനവും നടത്തുന്നു എന്ന് ഒരു നോട്ടീസ് എന്റെ ഇമെയിലിൽ വരുന്നത്. എങ്ങനെയോ വഴി തെറ്റി വന്ന ആ നോട്ടീസ് കണ്ടപ്പോഴേ മനസ്സിൽ തീരുമാനിച്ചുറച്ചു. പോയേ പറ്റൂ... ജിദ്ദയിലെ ബ്ലോഗർമാരെ പലരേയും കാണാം. 2008ൽ ജിദ്ദയിൽ മലയാളം ബ്ലോഗിംഗ് എങ്ങനെ തുടങ്ങാം എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ജിദ്ദയിലെ ഒരുപാട് ബ്ലോഗേഴ്സിന് പ്രചോദനമായി തുടക്കം കുറിച്ച പല വമ്പന്മാരേയും കാണാലോ. ഇത്ര കാലമായിട്ടും ഇവിടെ ഉള്ള ഒരു ബ്ലോഗ്ഗറേയും ഞാൻ നേരിട്ട് കണ്ടിട്ടില്ല. അത് അവരുടെ കുഴപ്പം അല്ല. മടിപിടിച്ചിരിക്കുന്നത് ഹോബിയായി കാണുന്ന എന്നെ മനസ്സിലാക്കാൻ അവർക്ക് കഴിയട്ടേ.
ഗൾഫിൽ തന്നെ പ്രസിദ്ധമായ ശറഫിയ്യയെന്ന കൊച്ച് പട്ടണത്തിലെ ലക്കി ദർബാർ ഹോട്ടലിന്റെ ഓഡിറ്റേറിയത്തിലേക്കുള്ള വാതിൽ തുറന്ന് കാല് വച്ചപ്പോഴേ മുകളിൽ നിന്നും രണ്ട് പുലികൾ ഇറങ്ങി വരുന്നത് കണ്ടു. സ്റ്റേജിൽ നിന്നും എടുത്താൽ പൊങ്ങാത്ത വാക്കുകൾ കൊണ്ട് ലോക ചരിത്രം പടിപ്പിക്കുന്ന പ്രാസംഗികന്റെ വാക്കുകളെക്കാൾ തന്റെ നേരെ വരുന്ന ആ ബ്ലോഗ് പുലികളുടെ നേരെ ഞാൻ കൈ നീട്ടി. അവർ 'ദെന്താദ്, കയ്യോ?' എന്ന് മനസ്സിൽ കരുതിയ പോലെ വേണോ വേണ്ടേ എന്ന നിലക്ക് ഒന്ന് അറച്ച് നിന്നോ? 2 നിമിഷത്തിൽ കൂടുതൽ കൈ നീട്ടിപ്പിടിച്ച് നിൽക്കുന്നത് സുഖകരമല്ലന്ന് തോന്നിയതിനാലാവാം, ഞാൻ പതിയെ കൈ വലിച്ചു. അപ്പോഴതാ, എതിരെ വന്ന ആളുടെ കൈ പാന്റ്സിനെ പോക്കറ്റിൽ നിന്നും പതിയെ പുറത്ത് വരുന്നു. കൈ കണ്ടതും എന്റെ കൈ വീണ്ടും ചാടി വീണു.
"ഹലോ, ഞാൻ നരി."
"ഹേ, നരിയോ?..." അയാൾ ചുറ്റും ഒന്ന് നോക്കിയോ ?
"അതെ, നരിക്കുന്നൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന ആളാ..."
"ഓ.. ഞാൻ കൊമ്പൻ മൂസ"
അറിയാതെ ആ സുന്ദരനായ ബ്ലോഗറുടെ തലയിലേക്കെന്റെ കണ്ണുകൾ നീണ്ടു. അത് കണ്ടിട്ടാവണം മനോഹരമായ ഒരു ചിരി പാസ്സാക്കി കൊമ്പില്ലാത്ത കൊമ്പൻ മൂസ കൂടുതൽ നോട്ടത്തിന് പിടിതരാതെ പിന്മാറി.
"ഓകെ.. നിങ്ങൾ കേറി ഇരിക്ക്.. ഞങ്ങൾ ഇപ്പോൾ വരാം.."
ശരിയെന്ന് പറഞ്ഞ് ഞാൻ പടികൾ കയറി മുകളിലേക്ക് നടന്നു. പേരിടുന്നതിന് മുൻപ് രൂപത്തെ കണ്ണാടിയിൽ നോക്കിയില്ലങ്കിൽ എന്റെയും മൂസയുടെയും ഒക്കെ പോലെ ഇരിക്കും എന്ന് മനസ്സിലായി. ഹല്ലേലും ഒരു പേരിലെന്തിരിക്കുന്നു.
മുകളിലെ ഹാളിലേക്കെത്തുമ്പോഴും സ്റ്റേജിൽ പ്രാസംഗികൻ കത്തിക്കയറുകയാണ്. കമ്പ്യൂട്ടർ കണ്ട്‌പിടിക്കുന്നതിനും മുൻപത്തെ ബ്ലോഗിങ്ങിനെക്കുറിച്ചൊക്കെയാ ടിയാൻ കത്തിക്കയറുന്നത്.. അതെന്തായാലും നമ്മള് ജനിക്കുന്നതിന് മുൻപത്തെ പരിപാടിയായതോണ്ട് അത്ര താൽപര്യം ഒന്നും തോന്നിയില്ല. അത് കൊണ്ട് തന്നെ, എന്റെ പ്രഥമ ബ്ലോഗ് മീറ്റിൽ നമ്മുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കായില്ലാത്തോര് എറച്ചിക്ക് ചെന്ന മാതിരി' കോണിപ്പടികയറി ഹാളിലെത്തി മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ ഞാൻ നിന്നു.
അപ്പോഴതാ...
സരസമായ ചിരിയോടെ ഒരു യുവ ബ്ലോഗർ. കഴുത്തിൽ ബ്ലോഗ് മീറ്റിന്റെ കയറും തൂക്കി, മനോഹരമായ ചിരിയോടെ സാജു എന്ന് പരിചയപ്പെടുത്തിയ ആ ബ്ലോഗ്ഗർ എന്നോട് കുശലം ചോദിച്ചു. ആദ്യമായി പരിചയപ്പെട്ട ആ നല്ല ബ്ലോഗറുടെ ബ്ലോഗ് അഡ്രസ്സ് എഴുതിയെടുക്കുന്നതിനിടയിൽ എന്റെ ചിതലരിച്ച് തുടങ്ങിയ ബ്ലോഗിനെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. തൽക്കാലം ഇടക്ക് നിർത്തിപ്പൂട്ടിയ ബ്ലോഗാണെന്നും ഇനിയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നും ഒക്കെ പറഞ്ഞ് ഞാനും തടിതപ്പി. അല്ലേലും എന്റെ ബ്ലോഗിന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..
ഇടക്ക് നമ്മുടെ കൊമ്പൻ വീണ്ടും വന്ന് എന്നോട് ബുക്കിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. വലിയ നീല ചട്ടയുള്ള പുസ്ഥകം തുറന്നപ്പോൾ തന്നെ ബ്ലോഗില്ലാത്തതും ഉള്ളതുമായ ലിസ്റ്റിലേക്കൊന്ന് ഓടിച്ച് നോക്കി ഞാനും എഴുതി. എന്തിനോ....
പിന്നെയാണ്... ഹെന്റെ റബ്ബേ, ഇതാണോ ബ്ലോഗ് മീറ്റ് എന്ന് തോന്നിപ്പോയ എന്റെ വല്ലാത്ത നിമിഷങ്ങൾ. മുന്നിൽ ഇരിക്കുന്ന കസേരയിൽ മുഖത്തെന്തൊക്കെയോ വല്ലാത്ത ഭാവങ്ങൾ ഒട്ടിച്ച് വെച്ച ഒരുപാട് ബുജികളിരിക്കുന്നു. ഒന്നു ചിരിപ്പിക്കാൻ എന്റെ പോക്കറ്റിൽ 5 പൈസയുടെ തുട്ട്ണ്ടോ എന്ന് നോക്കിപ്പോവുന്ന നിലയിലുള്ള ബോറൻ പരിപാടി. തൊട്ടടുത്തിരിക്കുന്ന കഴുത്തിൽ ബ്ലൊഗ് മീറ്റ് ഡെലിഗേറ്റ്സ് എന്ന് തൂക്കിയ കാർഡുമിട്ടിരിക്കുന്ന രണ്ട് ബ്ലോഗർമാരുടെ മുഖത്തേക്ക് ഞാൻ ഇടക്കിടക്ക് നോക്കിച്ചിരിക്കാൻ ശ്രമിച്ചു.
ഹേയ്.. അവർക്കമ്മാതിരി അഹങ്കാരം ഒന്നും ഇല്ലന്ന് എനിക്ക് മനസ്സിലായി. കുറച്ച് നേരം വലത്തേക്കാല് ഇടത്തേ കാലിലേക്കും, പിന്നെ ഇടത്തേക്കാല് വലത്തേക്കാലിലേക്കും, മാറി മാറി കേറ്റിവെച്ച് ഞാനും ഒരു അഹങ്കാരിയെപ്പേലെ അവിടെ ഇരുന്നു. സ്റ്റേജിൽ മാറിമാറി പ്രാസംഗികർ കത്തിക്കയറുമ്പോഴും ഇല്ലാത്ത സമയമുണ്ടാക്കി ഞാൻ പെട്ടു പോയ മഹത്തായൊരു ബ്ലോഗ് മീറ്റിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു എന്റെ മനസ്സ് നിറയേ. ഇങ്ങനെയാണോ ബ്ലോഗ് മീറ്റ് നടത്താറ്. പഴയ പരിചയക്കാരെയല്ലാതെ പുതിയ ബന്ധങ്ങളെ ആരും അന്വേഷിക്കാത്തതെന്തേ? എന്താ ഞാനും ഇങ്ങനെ ഇരിക്കുന്നേ? എന്താ ഞാൻ ആരോടും മിണ്ടാത്തത്? ആ ഇരിത്തത്തിനിടയിൽ ഞാൻ സ്റ്റേജിലും സദസ്സിലും ഉപവിഷ്ടരായ മഹാ ബ്ലോഗ് സുഹൃത്തുക്കളുടെ ഇടയിൽ എവിടെയെങ്കിലും കണ്ട് മുട്ടിയ പരിചിത മുഖങ്ങളുണ്ടോ എന്നന്വേഷിച്ച് കണ്ണുകൾ പരതി. മൊബെയിലിൽ ക്യാമറയും ഓണാക്കി ഞാൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.
അപ്പോൾ സ്റ്റേജിൽ ജിദ്ദയിലെ മലയാളം ബ്ലോഗർമാരുടെ എണ്ണത്തിൽ കൈവെക്കുകയായിരുന്നു പ്രാസംഗികൻ. 45ഓളം മലയാളം ബ്ലോഗർമാർ ജിദ്ദയിൽ ഉണ്ടെന്ന് പ്രാസംഗികൻ പറഞ്ഞത് ആ സദസ്സിലെ ഏകദേശകണക്ക് സൂചിപ്പിച്ചതായിരിക്കും എന്ന് എനിക്ക് അപ്പഴേ തോന്നി. ജിദ്ദയിലെ മലയാളികൾക്കിടയിൽ മലയാളം ബ്ലോഗിംഗിന്റെ സാദ്ധ്യതകളെ പരിചയപ്പെടുത്തിയ ബീരാൻ കുട്ടിയും ശഫീക്കും ഒന്നും ഇല്ലാത്ത ആ ബ്ലോഗ് മീറ്റ് ഒരു പാർട്ടി മീറ്റിംഗ് പോലെയേ എനിക്ക് തോന്നിയുള്ളൂ.. അതിനപ്പുറത്തെ ബ്ലോഗ് ബന്ധങ്ങളെ അവിടെ ഞാൻ കണ്ടില്ല. അതിനിടക്ക് ഒരു ബ്ലോഗിണിയുടെ ബ്ലോഗ് പരിചയപ്പെടുത്തിക്കൊണ്ട് ജിദ്ദയിലെ ഏക വനിതാ ബ്ലോഗർ എന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നും കേട്ടു.. അത് തെറ്റാണ് വേറേയും ഒരാളുണ്ടെന്ന്... ചുണ്ടിൽ വിരിഞ്ഞ ചിരി ഈ വരിയെഴുതുമ്പോഴും അറിയാതെ പൊട്ടിപ്പോകുന്നു. ഫൈസ്ബുക്കിലെ ജിദ്ദാ ബ്ലോഗിൽ രെജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കെടുത്ത് ജിദ്ദാ ബ്ലോഗർമാരുതെ എണ്ണം പറഞ്ഞാൽ ........ എനിക്ക് കണക്കറിയില്ലേയ്....
പരിചയമുള്ള ഒരു ബ്ലോഗ് മുഖം കണ്ടു, നമ്മുടെ ബഷീർ വള്ളിക്കുന്ന്. അദ്ധ്യേഹത്തിനായിരുന്നു അനുമോദന സമ്മേളനം നടത്തിയത്. [അതും പേഴ്സനലായി അറിയാത്ത ആളായതോണ്ട് ഒരു അന്യനെ പോലെ അകലെ നിന്ന് നോക്കി നിൽകാനേ കഴിഞ്ഞുള്ളൂ... എങ്കിലും ആ സ്റ്റേജിൽ നിന്ന് ഒന്ന് ഇറങ്ങീട്ട് വേണ്ടേ... ഈ കൈ വേണോ വേണ്ടേ എന്നറിയാൻ കഴിയൂ..] പിന്നെ ജിദ്ദാ മലയാളി സാമൂഹിക സാഹിത്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായ ബ്ലോഗർ കൂടിയായ [ഇപ്പോൾ ഇരുട്ടിലാണ്] ഉസ്മാൻ ഇരുമ്പുഴിയേയും... എപ്പോഴും കാണുന്ന ആളായതോണ്ട്, ഞങ്ങൾക്ക് പറയാൻ വിഷയം ഒന്നും ഇല്ലാതെയും പോയി...
ബ്ലോഗ് മീറ്റിൽ പങ്കെടുത്തിട്ടില്ലാത്ത വരികളിലൂടെ മാത്രം കണ്ടറിഞ്ഞ എന്റെ ദൃഷ്ടിയിൽ ഈ മീറ്റിനെ വിജയം എന്ന് പറയാൻ എനിക്കാവുന്നില്ല. ജിദ്ദയിലെ വമ്പന്മാരായ കോളമെഴുത്തുകാർ എല്ലാ വ്യാഴാഴ്ചയും മൈക്കിനു മുന്നിൽ ഒത്തുകൂടുന്നപോലെ ഒത്തുകൂടി സദസ്സർക്ക് ആവശ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരുപാട് വേണ്ടാത്തതും വേണ്ടതും കൂട്ടിക്കലർത്തി സ്പോൺസറുടെ വകയിൽ ഭക്ഷണം കഴിച്ച് പിരിഞ്ഞ ഒരു ‘വ്യാഴാഴ്ചത്തെ പരിപാടി’. അതിനപ്പുറത്ത് അവരുടെ ഭാഷയിൽ പറഞ്ഞാൽ എഡിറ്റിംഗും കട്ടിംഗും കഫീലും ഒന്നുമില്ലാതെ ഡയറിയെഴുതുന്ന ഈ ഡയറിയെഴുത്തുകാരൻ പ്രതീക്ഷിച്ചതൊന്നും അവിടെ കിട്ടിയില്ല.
നരിയെന്തേ, ബ്ലോഗ് മീറ്റിന് പോയപ്പോൾ എന്നെ വിളിക്കാതിരുന്നതെന്ന് പരിഭവം പറഞ്ഞ എന്റെ സുഹൃത്തിനോട് പറയാൻ ഒരുപാട് ന്യായം ഉണ്ടായിരുന്നു ആ പടികൾ ഇറങ്ങി വീട്ടിലേക്ക് വണ്ടി കയറുമ്പോൾ…
.
19 അഭിപ്രായങ്ങൾ:
നരിയെന്തേ, ബ്ലോഗ് മീറ്റിന് പോയപ്പോൾ എന്നെ വിളിക്കാതിരുന്നതെന്ന് പരിഭവം പറഞ്ഞ എന്റെ സുഹൃത്തിനോട് പറയാൻ ഒരുപാട് ന്യായം ഉണ്ടായിരുന്നു ആ പടികൾ ഇറങ്ങി വീട്ടിലേക്ക് വണ്ടി കയറുമ്പോൾ…
ബഹുമാനപ്പെട്ടവരെ എങ്ങിനെ സ്വീകരിച്ചു ആനയിക്കണമായിരുന്നു എന്നു അങ്ങ് പറഞ്ഞില്ല. അതെല്ലാം എഴുതിത്തന്നാല്‍ അടുത്ത മീറ്റില്‍ പരിഗണിക്കാവേ.
അവിടെ വന്നവരൊക്കെ സ്വയം സംഘാടകരായി പ്രോഗ്രാം നടത്തുകയായിരുന്നു. അതിനിടയില്‍ ഇങ്ങിനെ ഒരു തുമ്മിയാല്‍ തെറിക്കുന്ന മൂക്കിനെ കാണാതെ പോയി. ക്ഷമിക്കുമല്ലോ. നമുക്ക് അടുത്ത മീറ്റില്‍ ശരിയാക്കാമെന്നെയ്.
അജ്ഞാത സുഹൃത്തേ,
ഈ ബഹുമാനപ്പെട്ടവരെ സ്വീകരിച്ചാനയിക്കാൻ ആനയും അമ്പാരിയും വേണമായിരുന്നു. അത്രക്കുണ്ടേയ്.. എന്ന് പറയാൻ എന്റെ മനസ്സനുവദിക്കുന്നില്ല.. സോറി.. മീറ്റ് എന്റെ കാഴ്ചയിൽ ഞാൻ കണ്ടതിവിടെ പോസ്റ്റിയെന്നേ ഉള്ളൂ.. വേദനിച്ചെങ്കിൽ ക്ഷമിക്കുക..
സാരമില്ലടോ..എല്ലാവരേയും കണ്ടില്ലേ...സാവധാനം പരിചയപെടൂ....
ഇത്തിരി വിമർശനാത്മകമാണല്ലോ...
എന്തായാലും എഴുതി തുടങ്ങിയല്ലോ, അതുമതി.
മീറ്റും സംഭവും ഒക്കെ പോട്ടെ നിങ്ങള് നന്നായി എഴുതെന്റിഷ്ട്ടാ...
:-))
'കായില്ലാത്തോര് എറച്ചിക്ക് ചെന്ന മാതിരി'
ആയിപ്പോയല്ലേ..അല്ലെങ്കിലും പരിചയമില്ലാത്തവരുടെ ഇടയില്‍ ചെന്നു പെട്ടാല്‍ എന്തു പരിപാടിയായാലും ഇതു പോലെ സംഭവിക്കും.ഒന്നുകില്‍ ചാടിക്കയറി പരിചയം പിടിച്ചു പറ്റാന്‍ അറിഞ്ഞിരിക്കണം.. അല്ലെങ്കില്‍ പോകാതിരിക്കണം.അറിഞ്ഞിടത്തോളം പല ഗ്രൂപ്പുകളായിട്ടാണ് ബ്ലോഗ്ഗ് ലോകം മുന്നേറിക്കൊണ്ടിരിക്കുന്നത്..ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ പിടിച്ചു കയറിയാല്‍ അടുത്ത
പ്രാവശ്യം കായിള്ളോന്‍ ഇറച്ചിക്കു ചെന്ന പോലെയാക്കാം:)
നികുകേചേരി: അങ്ങനെയാവാം... സാവധാനം പരിചയപ്പെട്ടേ പറ്റൂ.. നന്ദി മാഷേ..
കുമാരൻ: ഹേയ്.. ഇത് വിമർശനമല്ല കെട്ടോ.. ഞാനൊഴിച്ച് എല്ലാവരും അവിടെ ആസ്വദിച്ചിട്ടുണ്ടെന്നാ എന്റെ അറിവ്. എനിക്കെന്തോ പിടിച്ചില്ല. അതെന്റെ തെറ്റായിരിക്കും. ഇടിച്ച് കേരി പരിചയപ്പെടാനുള്ള കഴിവില്ലായ്മ... നന്ദി..
സുകന്യ: എന്തോന്ന് എഴുത്ത്. അതൊക്കെ അറിയാവുന്നവർക്ക് പറഞ്ഞതല്ലേ.. ഇത് ചുമ്മാ എന്തൊക്കെയോ കുത്തിക്കുറിക്കുക. അതും എന്തെങ്കിലും ഉണ്ടെങ്കിൽ.. നന്ദി..
പ്രദീപൻസ്: അതേ അതാണ്.. മീറ്റും ഈറ്റും ഒന്നുമല്ല കാര്യം.. എഴുതാൻ കഴിയണ്ടേ.. നന്ദി മാഷേ..
പള്ളിക്കരയിൽ: ഈ ചിരി കൊള്ളാട്ടോ.. നന്ദി..
മുനീർ എൻ പി.: നന്ദി, പരിചയമുള്ളവർ അവിടെ ഉണ്ടാകും എന്ന ഉറച്ച് വിശ്വാസത്തിലാ പോയത്. എന്ന് വെച്ച് എനിക്ക് പരിചയപ്പെടാമായിരുന്നു. സാരല്ല. ഇങ്ങനേയും വേണ്ടേ അനുഭവങ്ങൾ.. പിട്ടെ. ഗ്രൂപ്പിൽ കേരാൻ എനിക്ക് താല്പര്യം ഇല്ലാട്ടോ.. അത്രക്കൊന്നും നമ്മൾ ഇല്ലന്നേ. ഒന്നുറപ്പിച്ചു. കായി ഉണ്ടെങ്കിൽ മാത്രേ ഇനി മീറ്റിനൊള്ളൂ..
എന്റെ നല്ല അഭിപ്രായം ഞാനിതാപോസ്റ്റ് ചെയ്യുന്നു...
karangithirinju ivde ethi vayichu kannu niranju komban moosa
ഞാൻ കരുതി ചെറിയൊരു വിമർശകനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുവെന്ന്. ഇതിപ്പൊ ഞാൻ പറയും മുമ്പെ എഴുതിക്കഴിഞ്ഞുവല്ലെ?
പഴയ പരിചയക്കാരെയല്ലാതെ പുതിയ ബന്ധങ്ങളെ ആരും അന്വേഷിക്കാത്തതെന്തേ? ആ ഇരിത്തത്തിനിടയിൽ ഞാൻ സ്റ്റേജിലും സദസ്സിലും ഉപവിഷ്ടരായ മഹാ ബ്ലോഗ് സുഹൃത്തുക്കളുടെ ഇടയിൽ എവിടെയെങ്കിലും കണ്ട് മുട്ടിയ പരിചിത മുഖങ്ങളുണ്ടോ എന്നന്വേഷിച്ച് കണ്ണുകൾ പരതി. മൊബെയിലിൽ ക്യാമറയും ഓണാക്കി....
ഇക്കാര്യം ഞാനെഴുതിയത് പിന്നെ എഡിറ്റ് ചെയ്ത് മാറ്റി.
അതിനിടക്ക് ഒരു ബ്ലോഗിണിയുടെ ബ്ലോഗ് പരിചയപ്പെടുത്തിക്കൊണ്ട് ജിദ്ദയിലെ ഏക വനിതാ ബ്ലോഗർ എന്ന് പറഞ്ഞപ്പോൾ....
ഞാനയാളെ തിരുത്തി. അതിന്റെ മുമ്പെ നിങ്ങൾ വിവാദമുണ്ടാക്കല്ലി എന്ന് സ്റ്റെജിൽ നിന്നു തന്നെ പറഞ്ഞെന്ന് തോന്നുന്നു. (അയാളാ പെണ്ണിന്റെ ആരോ ആണെന്ന് തോന്നുന്നു. അയാൾക്ക് ബ്ലോഗർമാരെ കുറിച്ച് നല്ല വിവരാ. കാരണം ഇവരൊക്കെ ഫേസ്ബുക്കെ കണ്ടിട്ടുള്ളു) ഞാനയാളുടെ തൊട്ടടുത്തായിരുന്നു ഇരുന്നിരുന്നത്.
ബീരാൻ കുട്ടി ദുബായിലെവിടെയോ ഉണ്ടെന്ന് തോന്നുന്നു. ശഫീഖ് ജിദ്ദയിൽ കാണുമായിരിക്കും. അവരാണല്ലൊ ആദ്യമായി ബ്ലോഗ് മീറ്റ് നടത്തിയത്.
ഏതായാലും അത്കൊണ്ടൊരു കാര്യം കിട്ടി നരി എഴുതിത്തുടങ്ങിയിരിക്കുന്നു!
സന്തോഷമായി എന്റെ ചങ്ങാതി.
നരിക്കുന്നനെ മീറ്റില്‍ കണ്ടു ചെറുതായി പരിചയപ്പെട്ടു എന്നാണ് ഓര്മ. ബഷീര്കയെയും കണ്ടു പരിചയപ്പെട്ടിരുന്നു. താങ്കളുടെ മനസ്സ് തുറന്നത് നന്നായി... ഏതൊരു മീറ്റിന്റെ ശേഷവും ഇതൊക്കെ ഉണ്ടാവാറുണ്ടല്ലോ അല്ലെ...
ഒരു കാര്യം മാത്രം പറയാം, വള്ളിക്കുന്നിനെ ആദരിക്കുക എന്നതിനാല്‍ ആണ് അതൊരു കേവല ബ്ലോഗ് മീറ്റ് ആക്കാതെ രണ്ടു പത്രക്കാരെ അധികം വിളിച്ചത്. ബാക്കിയെല്ലാവരും ബ്ലോഗ് മുതലാളിമാരോ സജീവ ബ്ലോഗ് വായനക്കാരോ ആയിരുന്നു എന്നാണറിവ്. പഴയ ആളുകളെ വിളിക്കാന്‍ തെച്ചിക്കൊടനോട് പറഞ്ഞിരുന്നു. കാരണം ബഷീര്‍ വള്ളിക്കുന്ന് അടക്കമുള്ള ഞങ്ങളൊക്കെ വെറും പുതുമുഖക്കാര്‍ മാത്രം.
ഏതായാലും ഇനി നിര്ത്താതെ എഴുതി ജിദ്ദയിലെ ബ്ലോഗ് 'നരി'യായി മുന്നേറുക..ആശംസകള്‍!
പത്രവാര്‍ത്തയുടെ അറിവിലാണ് ജിദ്ദയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിന് പോയത്, ബ്ലോഗറോ പുലിയോ എലിയോ ഒന്നുമല്ലാത്തതിനാല്‍ പരിപാടി ശ്രവിക്കുക എന്ന ഉദ്ദേശ്യമാണുന്ടായിരുന്നത്. കുറച്ച് പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു. ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടായി. നിറഞ്ഞ സദസ്സും നല്ല പ്രസംഗങ്ങളും. താങ്കളായിരുന്നോ കാലില്‍ കാലും കയറ്റിവെച്ച്, ഇടക്ക് അര്‍ഥം വെച്ച് ചിരിച്ച് ആ ഗമയില്‍ ഇരുന്ന പുലി, സോറിട്ടോ താങ്കളും ഒരു പുലിയാണെന്ന് ആ സംഘാടകര്‍ അറിഞ്ഞിരുന്നെങ്കില് കഴുത്തിലൊരു മാലയും, സ്റ്റേജിലൊരു കസേരയും ഉറപ്പായിരുന്നെട്ടോ.
ഇസ് ഹാക്: നന്ദി.. ഇങ്ങനേയും ഒരു അഭിപ്രായത്തിന്..:)
അയ്യോപാവം: എന്തിനാ മാഷേ കണ്ണ് വെറുതെ നിറക്കുന്നത്.. ശോ.. അത് തുടച്ച് കള. നന്ദി കെട്ടോ... കറങ്ങി തിരിഞ്ഞാണെങ്കിലും ഇവിടെ എത്തിയതിന്..
ഒ.എ.ബി: മാഷേ, നമുക്കേതായാലും അടുത്ത് കാണാം. പിന്നെ പോട്ടം കണ്ടു, ഇനി പിടിക്കാം.. മീറ്റിനെ കുറിച്ച് ഇതിൽ കൂടുതലായി ഒന്നും എനിക്ക് പറയാനില്ല.. കാരണം, ഞാനിത്രയേ കണ്ടുള്ളൂ.. അതിൽ കൂടുതൽ കണ്ടതിനെ താങ്കളും പറഞ്ഞിട്ടുണ്ടല്ലോ... എന്നെപ്പോലെ ചിന്തിക്കുന്നവർ വേറെയും ഉണ്ടെന്ന് മനസ്സിലായി...
നന്ദി.. പിന്നേയ്.. ഇതൊന്നും ഒരു എഴുത്താണെന്ന് തോന്നുന്നില്ല.. വെറും ഡയറിക്കുറിപ്പ്.. ഇവിടെയൊക്കെ ഉണ്ടാകും,, വായിച്ചോണ്ട്...
ഐക്കരപ്പടിയൻ: മാഷേ, താങ്കളെ ഞാൻ കണ്ടിരുന്നു. പരിചയപ്പെട്ടിട്ടില്ല.. എന്റെ വിഷമം ഞാൻ എന്റെ ബ്ലോഗിൽ പകർത്തി എന്നേ ഉള്ളൂ... അത് പലതിലും പലർക്കും വിയോജിപ്പുണ്ടാകും.. പക്ഷേ അത് എന്നെ ശ്രദ്ധിക്കാതിരുന്നതിലാണെന്ന് ചിലർ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.. ഒരിക്കലും അല്ലകെട്ടോ.. ആരേയും വേദനിപ്പിക്കാനല്ല ഞാൻ ഇങ്ങനെ ഒരു പോസ്റ്റിട്ടത്.. എനിക്ക് തോന്നിയത്.. അത്രമാത്രം... എന്താണ് ഒരു ‘കേവല’ ബ്ലോഗ് മീറ്റ് ആക്കിയിരുന്നെങ്കിൽ? ബ്ലോഗ് മീറ്റ് അത്രക്ക് ചീപ്പ് ഏർപ്പാടാണോ? ബഷീർ വള്ളിക്കുന്നിന് ശേഷം ബ്ലോഗ് എഴുതിത്തുടങ്ങിയവനാണ് ഞാൻ അത് കൊണ്ടു ഞാനും ഒരു പുതുമുഖം തന്നെയാ... എന്റെ അഭിപ്രായം വീണ്ടും താങ്കൾ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.. ഞാനൊരു പുലിയും അല്ല കെട്ടോ.. അതീ ബ്ലോഗിൽ പരതിയാൽ മനസ്സിലാകും.. സുഹൃത്തേ വീണ്ടും കാണാം... നന്ദിയോടെ...
ഷഹബാസ്: സുഹൃത്തേ, വാക്കിലെ പരിഹാസം വല്ലാതെ വേദനിപ്പിച്ചു.. ഈ പോസ്റ്റിനെ കുറിച്ച് എന്റെ നിലപാട് വളരെ വ്യക്തമായി അറിയിച്ചിട്ടുണ്ട്.. അത് മനസ്സിലാകുന്നവർക്ക് മനസ്സിലാകും... പിന്നെ, താങ്കൾ ബ്ലോഗെഴുതാൻ ആവേശത്തോടെയാണ് പുറത്തിറങ്ങിയതെന്നറിഞ്ഞതിൽ സന്തോഷം.. സ്വാഗതം.. ഇത്ര കഴിഞ്ഞിട്ടും ഒരു ഐഡി ഉണ്ടാക്കിയില്ലേ?
ഞാനൊരു പുലിയൊന്നുമല്ല കെട്ടോ, ഒരു ചെറിയ പേടിത്തൊണ്ടൻ നരി... പുലിയോളം വരോ നരി..
ഓ.ടോ: വിവര സാങ്കേതിക വിദ്യ ഒരുപാട് പുരോഗമിച്ചിരിക്കുന്നു..
നന്ദി....
ഇത് വരെ ഒരു ബ്ലോഗറും നേരിട്ട് കണ്ടില്ല എന്ന് തുടക്കം പറയുകയും പിന്നെ ഉസ്മാനെ നേരത്തെ അറിയാം എന്ന് പറയുകയും ചെയ്യുന്നു ....?
എന്ത് വന്നാലും നരികുന്നന്‍ തിരിച്ചു വന്നു .....അത് നല്ലത് തന്നെ ...ആ ബ്ലോഗ് മീറ്റ് കൊണ്ട് വീണ്ടും എഴുതാന്‍ തോനിയത് തന്നെ വലിയ കാര്യം അല്ലെ ....
സന്തോഷം
സംഘാടകര്‍ വന്‍ വിജയമെന്നും സൌദിയിലെ പല ബ്ലോഗേര്‍സും പരിഭവവും പറയുന്ന ഈ വിവാദമീറ്റിനെപ്പറ്റി ചില ബ്ലോഗില്‍ വായിച്ചിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു നിങ്ങളുടെ സൃഷ്ടി കള്‍ ഒരു പാട് പേര്‍ വായിക്കാന്‍ www.ourkasaragod എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ