2009, മാർച്ച് 11, ബുധനാഴ്‌ച

തണുത്തുറഞ്ഞ സ്വപ്നങ്ങൾ

നാല് ചുമരുകൽക്കുള്ളിൽ വർഷങ്ങളോളമായി തന്റെ സന്തതസഹചാരിയായ തലയിണയെ കെട്ടിപ്പിടിച്ച് ഏസിയുടെ ചെറിയ മൂളലിന്റെ താളത്തിൽ മുകളിലേക്ക് നോക്കി കിടന്നു. ജോലിയുടെ ക്ഷീണം കൺപോളകളിലേക്ക് പടരാൻ അധികം സമയം വേണ്ടി വന്നില്ല.

മനസ്സിന് ഇന്നെന്തോ ഒരു പ്രത്യേക സംതൃപതി. നാട്ടിലേക്ക് വിളിച്ച് ഒരുപാട്. സംസാരിച്ചതിനാലാവാം. മോള് നല്ല സന്തോഷത്തിലാണ്. ഫോണിലൂടെ അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോഴേ മനസ്സ് നിറഞ്ഞു. നാളെ ആദ്യമായി സ്കൂളിൽ പോകുന്നു. എന്തോ വലിയൊരു കാര്യം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നു എന്ന തോന്നലാവാം, ആ പിഞ്ചു മനസ്സ് ആവേശത്തിലാണ്. ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കണമെന്ന് ഭാര്യയോട് പ്രത്യേകം പറഞ്ഞിരുന്നു. സ്കൂൾ വീടിന്റെ അടുത്ത് തന്നെയായതിനാൽ പ്രശ്നമില്ല. അവളുടെ ഉമ്മയോട് തന്നെ സ്കൂളിലേക്ക് കൊണ്ട്ചെന്നാക്കാൻ പറഞ്ഞപ്പോൾ മോളുടെ പ്രതികരണം മറ്റൊന്നായിരുന്നു.

‘ഞങ്ങളുടെ സ്കൂളീന്ന് വലിയ ബസ്സ് വരും. ഞാനതില് പോകാം. ‘ ഇവളിതൊക്കെ എവിടെന്ന് പഠിച്ചു എന്ന് ആലോചിച്ച് ഒരുപാട് ചിരിച്ചു. പുതിയ ഉടുപ്പിട്ട് കണ്ണെഴുതി മുടിയൊക്കെ ചീകിയൊതുക്കി പുത്തൻ ബാഗും തോളിലിട്ട് മൊള് ഗമയിൽ സ്കൂളിലേക്ക് പോകുന്ന രംഗം ഓർത്തപ്പോൾ മൻസ്സിൽ കുളിര് കോരി. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇത്രയും കൂടുതൽ ഫോണിൽ സംസാരിക്കുന്നത്. അത്യാവശ്യമുള്ളതെന്തെങ്കിലും പറഞ്ഞ് ഫോൺ വെക്കാറാണ് പതിവ്. ഇന്ന് പക്ഷേ മോളെ കിട്ടിയപ്പോൾ അവളുടെ ആവശ്യങ്ങളും പരാതികളും ഒക്കെ കേട്ടപ്പോൾ ഒരുപാട് സംസാരിക്കണമെന്ന് തോന്നി.

ഒരുകാര്യം മാത്രം ഭാര്യയോടും മോളോടും മറച്ച് വെച്ചിരിക്കുകയാണ്. അടുത്ത മാസം ലീവിന് നാട്ടിൽ വരുന്നുണ്ടെന്ന കാര്യം. അതേതായാലും ഇപ്പോ പറയണ്ട. ഒരു സർപ്രൈസായി പോകാനാകുമ്പോൾ പറയാം.. ടിക്കറ്റിന് ഇത്ര വിലകുറഞ്ഞ സമയത്തെങ്കിലും ഒന്ന് പോയിവരാൻ കഴിഞ്ഞീല്ലെങ്കിൽ പിന്നെ എപ്പഴാ? നാട്ടിലെത്തിയിട്ട് വേണം പുതിയ വീട്ടിലേക്ക് താമസം മാറാൻ. തറവാട്ടിൽ നിന്ന് മാറാൻ മനസ്സുണ്ടായിട്ടല്ല. എങ്കിലും അനിവാര്യമായൊരു മാറ്റം എന്നായാലും ആവശ്യമാണ്. ഭാര്യയുടെ നിർബന്ധമായിരുന്നു.

‘ഒരു വീട്, അതെന്നായാലും വേണ്ടിവരും, ഇപ്പോ നിങ്ങൾ ഗൾഫിലാകുമ്പോഴേ അതിന് കഴിയൂ…’

അന്നൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ തുടങ്ങി കഴിഞ്ഞപ്പോൾ ഒരു ആവേശം.. സ്വന്തമായൊരു വീട്. അതിന്റെ വരാന്തയിലെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കാലുകൾ നീട്ടിയൊന്ന് ആശ്വാസത്തോടെ ചാഞ്ഞ് കിടക്കണം. ഏതൊരു ഗൾഫ് മലയാളിയേയും പോലെ എന്റേയും സ്വപ്നം പൂവണിയാറായി. നാളെയുടെ നിറമുള്ള സ്വപ്നങ്ങൾ അയാളുടെ ഉറക്കത്തെ പ്രകാശപൂരിതമാക്കി.

പെട്ടന്നെന്തോ ശബ്ദം കേട്ട് അയാളൊന്ന് ഞെട്ടി തിരിഞ്ഞ് കിടന്നു. പഹയന്മാർ, ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. രാവിലെ മുതൽ നേരം ഇരുട്ടുന്നത് വരെ ജോലി ചെയ്ത് റൂമിൽ വരുന്നത് സുഖമായി വിശ്രമിക്കാനാ. ഇവിടെ ഉറങ്ങുന്നവരെയെങ്കിഉം ശല്യം ചെയ്യാതെ കിടന്നൂടെ ഇവർക്ക്. നാളെ രാവിലെ തന്നെ മുതലാളിയെ കാണണം. നാട്ടിലേക്ക് പോകാൻ പാസ്സ് പോർട്ടിൽ റി എൻട്രി അടിക്കാൻ ഏൽ‌പ്പിക്കണം. അതിന് ഇവരൊന്ന് ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ.

ഇതെന്താ ഇവർ ചെയ്യുന്നത്. എന്തിനാ എല്ലാവരും ഈ പാതിരാക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? എനിക്കെന്തായാലും വയ്യ എണീറ്റ് നോക്കാൻ. നേരത്തെ ഉറങ്ങിയാലേ ഒരു അഞ്ച് മണിക്കൂറെങ്കിലും സുഖമായി ഉറക്കം കിട്ടൂ.

‘എടാ, നീ ജമാലിനെ വിളിക്ക്’

സാദിക്കിന്റെ ശബ്ദമാണല്ലോ. തന്റെ ചുറ്റും കൂടി നിന്ന് തന്നെ ശബദമുണ്ടാക്കുന്നതെന്തിനാ? എന്തിനാ ഈ രാത്രിയിൽ ജമാലിനെ വിളിക്കുന്നേ. അവനും തുടങ്ങിയോ ഈ പഹയന്മാരുമായി രാത്രിയിലെ കളി. ഏതായാലും നേരം വെളുക്കട്ടേ. അവനെ പറഞ്ഞ് മനസ്സിലാക്കണം. ഈ മരുഭൂമിയിൽ വന്ന് അധികം കളിയൊന്നും വേണ്ടന്ന് പറയണം. എത്രയും വേകം എന്തെങ്കിലും സമ്പാദിച്ച് കൂടണയാൻ നോക്കാൻ പറയണം. അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് എന്നെങ്കിലും മടങ്ങുമ്പോൾ ഒന്നും ഉണ്ടാവില്ല.

വാതിൽ തുറക്കുന്നു. ആരൊക്കെയോ കേറി വരുന്നു. ആകെ ബഹളമായി. ഈ നശിച്ച ചീട്ട് കളി കാരണം ആകെ ബുദ്ധിമുട്ടായല്ലോ. എണീറ്റ് റൂമിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞാലോ.. വേണ്ട. അവർ കളിക്കട്ടേ. എന്നാലും നാളെ പറയണം, ഇനി ഇങ്ങനെ റൂമിലിരുന്ന് കളിക്കരുതെന്ന്. കളിക്കണമെങ്കിൽ വേറെ റൂമിലിരുന്നൂടെ. ആളുകൾ ഉറങ്ങുന്നതെങ്കിലും ശ്രദ്ധിക്കണ്ടേ.

ഇവരിതെന്തിനാ എന്നെ പിടിച്ചുയർത്തുന്നത്? എവിടേക്കാ ഇവർ കൊണ്ട് പോകുന്നത്. ഇവരുടെ ഒരു തമാശ. ആ ഹമീദിന്റെ പണിയാകും. പഹയൻ കളിയിൽ ജയിച്ചാൽ പിന്നെ എന്താ ചെയ്യേണ്ടതെന്നറിയില്ല. ഏതായാലും കണ്ണ് അടച്ച് ഇതൊക്കെ ആസ്വദിക്കുക തന്നെ.

‘കയ്യീന്ന് വിടെടാ…’ ആരോ തന്റെ കയ്യിൽ പിടിച്ചപ്പോൾ സർവ്വ നിയന്ത്രണവും വിട്ടു. എത്രയാന്ന് കരുതിയാ സഹിക്കുന്നത്. പക്ഷേ അയാൾ കേട്ട ഭാവം പോലും ഇല്ല. കയ്യിലെ പിടി കൂടുതൽ ശക്തമാക്കി.

‘എല്ലാം കഴിഞ്ഞു… വേകം അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ…‘ അയാൾ കൂടെ നിൽക്കുന്നവരോട് എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണിത്ര അറിയിക്കാനുള്ളത്?

‘എടാ ഹമീദേ, നീ ഒന്നെന്നെ കൊണ്ടു വന്നേടത്ത് തന്നെ കിടത്തിക്കേ… എന്തിനാ നിങ്ങളെന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്. ഞാനവിടെ സുഖമായി കിടക്കുവല്ലാരുന്നോ?’

എത്ര ഒച്ചയിട്ട് പറഞ്ഞിട്ടും ആരും ഒന്ന് ശ്രദ്ധിക്കുന്നുപോലും ഇല്ല. ഇവരുടെയൊക്കെ ചെവിയിലെന്താ പഞ്ഞി തിരുകിയിരിക്കുന്നോ? ഹാവൂ ജമാലാണല്ലോ വരുന്നത്. എന്താ അവന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നല്ലോ.. എന്തിനാ ഇവൻ കരയുന്നത്. ഹെന്റെ റബ്ബേ വീട്ടിലാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ.

‘ജമാലേ, എനിക്ക് തണുക്കുന്നു. നീ ഒരു പുതപ്പെടുത്താ…’

അവൻ നിന്ന് ഹമീദിന്റെ തോളിലേക്ക് ചാരി നിന്ന് വീണ്ടും മോങ്ങുകയാണല്ലോ. താനിവിടെ തണുത്ത് കിടക്കുന്നതെന്താ അവൻ കണ്ടില്ലേ…

‘എന്താ ചെയ്യുക..? നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റോ? ജമാലിന്റെ വാക്കുകൾ മുറിയുന്നു.

‘ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… മുകളിലുള്ളവൻ തീരുമാനിക്കുന്നു. ഏതായാലും നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റുമെങ്കിൽ അതായിരിക്കും നല്ലത്.’

സാദിക്കിന്റെ ശബ്ദവും താണിരിക്കുന്നു. ഇവരൊക്കെ ഇതെന്തിനെ കുറിച്ചാ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആരെ നാട്ടിൽ കൊണ്ടു പോകുന്ന വിഷയമാ ഈ പറയുന്നത്. ആരാണിപ്പൊ മുകളീ കേരിയിരിക്കുന്നത്?

‘ഞാൻ കഫീലിന് വിളിച്ചിട്ടുണ്ട്… ഏതായാലും നമുക്ക് മറ്റ് കാര്യങ്ങളൊക്കെ നോക്കാം. എമ്പസ്സിയിലേക്ക് മെസ്സേജ് അയപ്പിക്കണം. നീ വീട്ടിൽ അറിയിച്ചോ?’

‘ഉം…‘ ജമാലിന്റെ തൊണ്ടയിടറുന്നു.

ആരോ രണ്ട് പേർ വന്ന് തന്നെ ഒരു പുതിയ കട്ടിലിലേക്ക് കിടത്തുന്നു. അവരിലൊരാൾ ഒരു വെളുത്ത തുണി തന്റെ മേലെ പുതച്ചപ്പോൾ ഒരാശ്വാസം തോന്നി. കുറേ നേരമായി ഇവരോട് പറയുന്നു. ഒന്ന് പുതക്കാൻ. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. ഇനിയും ഉറങ്ങാൻ കഴിയുന്നില്ലല്ലോ. നേരം വെളുത്ത ഉടനെ വീട്ടിലേക്ക് വിളിക്കണം. മോൾക്ക് സ്കൂളിൽ പോകുന്നതിന് മുൻപ് വിളിക്കാം എന്ന് പ്രത്യേകം ഉറപ്പ് കൊടുത്തിട്ടുണ്ട്. വിളിച്ചിട്ടില്ലങ്കിൽ അവൾ പിണങ്ങും.

തന്നെ കിടത്തിയ കട്ടിൽ എവിടേക്കോ കോണ്ടു പോകുന്നു. ഏതായാലും ഈ തിരക്കിൽ നിന്ന് വിട്ട് നിൽക്കുന്നത് നല്ലതാ. സുഖമായി ഒന്നുറങ്ങാനെങ്കിലും….


വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരവുമായി നാലുചക്രമുള്ള കട്ടിൽ ആശുപത്രി മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ പിന്നിൽ തേങ്ങലുകളുയർന്നു. ഒരുപാട് നേരമായി അടക്കിവെച്ച തേങ്ങലുകൾ ആശുപത്രി വരാന്തയെ കണ്ണീരണിയിച്ചു. അകലെ ഒരു പ്രവാസിയുടെ സ്മാരകം കണക്കേ ഇരുനില മാളിക ആകാശത്തേക്ക് നോക്കി തന്റെ യജമാനന്റ്റെ വരവിന് കാതോർക്കുന്നുണ്ടായിരുന്നു.

19 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

അറിയില്ല, തണുത്തുറഞ്ഞ സ്വപ്നത്തിൽ മരണം തൊണ്ടയിൽ കുരുങ്ങുമ്പോൾ, ആത്മാവ് പറന്നുയരുമ്പോൾ എന്തെങ്കിലുമൊക്കെ അറിയാൻ കഴിയുമെന്ന്. ചുറ്റും കൂടിനിൽക്കുന്നaവരോട് പരാതികളും പരിഭവങ്ങളും ഉണ്ടാകുമോ എന്ന്...ഒരു സുഖ ശയ്യക്കായി തന്നെ തയ്യാറാക്കൂ എന്ന് വിലപിക്കാറുണ്ടെന്ന്....

smitha adharsh പറഞ്ഞു...

അസ്സല്‍ കഥ...എന്നെപ്പോലെ ഓരോ പ്രവാസിയും കൂടുതല്‍ ഇഷ്ടപ്പെടും.തീര്‍ച്ച.

ഇടയ്ക്കെപ്പോഴോ,എന്‍റെ ഒരു കഥയിലും ഇങ്ങനെ ഒരു ക്ലൈമാക്സ് വന്നിരുന്നു.അത് ഒരു പോസ്റ്റ് ആക്കിയിട്ടിരുന്നു.സമയം കിട്ടിയാല്‍ ഒന്ന് നോക്കൂട്ടോ.എന്‍റെ പോസ്റ്റ് മനഃപൂര്‍വ്വം വായിപ്പിക്കാന്‍ ശ്രമിക്കുന്നതല്ല..ഒരേ ചിന്തകള്‍ വന്നത് കണ്ടപ്പോള്‍ ഒരു യാദൃശ്ചികത..പക്ഷെ,അത് ഒരു സ്കാന്‍ ചെയ്ത കോപ്പി ആണ്.വായിക്കാന്‍ കുറച്ചു സമയം വേണം.വായിച്ചു കഴിഞ്ഞു എന്നെ തല്ലാന്‍ വരരുത് ട്ടോ.
that post's link...

http://chirakullapakalkinaavu.blogspot.com/2008/09/blog-post.html

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!

പ്രിയ നരീ,
തീര്‍ച്ചയായും ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നുണ്ടാകാം...
നൊമ്പരപ്പെടുത്തുന്നു... ആശംസകള്‍..

smitha adharsh പറഞ്ഞു...

എനിക്കറിയാം..ആ കഥ വായിച്ചിരുന്നില്ലെന്ന്...
നമ്മുടെ രണ്ടു പേരുടെ കഥയും ഒന്നില്‍ നിന്ന് ഒന്ന് തീര്‍ച്ചയായും വ്യത്യസ്തമാണ്.
അതുകൊണ്ടാണ് കൂടുതല്‍ എന്നെ അത് അതിശയിപ്പിച്ചത്.
പോസ്റ്റ് വായിച്ചതിനു നന്ദി.
സ്കാന്‍ ചെയ്തത്,വീണ്ടും ക്ലിക്കി വായിച്ചല്ലോ..നല്ല മനസ്സ്..

ബിന്ദു കെ പി പറഞ്ഞു...

ഹൃദയസ്പർശിയായ കഥ. സ്വന്തം മരണത്തെ ഒരു സ്ക്രീനിലെന്ന പോലെ കാണാൻ കഴിഞ്ഞെങ്കിൽ..അല്ലേ..?

അവസാനത്തെ പാരഗ്രാഫ് ഒരു അഭംഗിയായി തോന്നി.

Unknown പറഞ്ഞു...

ബ്ലോഗുകളില്‍ പലതും വായിച്ചിട്ടുണ്ട്.... മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും സ്വയം പുകഴ്ത്തലുകളും ഒക്കെ
പക്ഷെ നരിക്കുന്നാ
സ്വന്തം മരണ രംഗം ഭാവനയില്‍ കണ്ടു എഴുതുന്ന ഒരു ബ്ലോഗ്ഗേറെ ആദ്യമായിട്ടാ കാണുന്നെ..

എന്തായാലും മരണത്തെ കുറിച്ച് ഓര്‍ക്കേണ്ടി വന്നപ്പോ മനസ്സോന്നിടക്ക് പിടഞ്ഞു പോയി നരിക്കുന്നാ....

അരുണ്‍ കരിമുട്ടം പറഞ്ഞു...

നരിക്കുന്നാ,
കൂടുതല്‍ ഒന്നും പറയാനില്ല,ആദ്യം ക്ലിക്കായില്ല.മനസ്സിലാക്കി വന്നപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു,
സൂപ്പര്‍

ശ്രീഇടമൺ പറഞ്ഞു...

അനുപമം.....*

പറയാതെ വയ്യ.... താങ്കളുടെ രചനാ രീതി തികച്ചും വ്യത്യസ്തമാണ്....നല്ല വായനാ സുഖം പ്രദാനം ചെയ്യാന്‍ കഴിയുന്ന ശൈലി...!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നാ‍....
ശരീരം മുഴുവന്‍
മോര്‍ച്ചറിയിലെ ഫ്രീസറിലെ തണുപ്പ്..
പുതക്കാനൊരു ബ്ലാങ്കറ്റ് കിട്ടിയിരുന്നെങ്കില്‍!

നീ ഒരിക്കല്‍ കൂടി എന്നെ പൊള്ളിച്ചു.

Unknown പറഞ്ഞു...

മോര്‍ച്ചറിയിലെ ഫ്രീസറിലെ തണുപ്പ്..
പുതക്കാനൊരു ബ്ലാങ്കറ്റ് കിട്ടിയിരുന്നെങ്കില്‍!


എന്തൊരു ചൂട് നിന്റെ വാകുകള്‍ക്ക്...........

ശ്രീ പറഞ്ഞു...

ഇങ്ങനെയാകുമോ മരണം നമ്മെ തേടിയെത്തുന്നത്? ഒരു പക്ഷേ ആയിരിയ്ക്കും അല്ലേ?

നന്നായിരിയ്ക്കുന്നു മാഷേ... ഒരു നൊമ്പരം!

Unknown പറഞ്ഞു...

Very touching narration and the subject is great. A brave attempt.
I dont know how to comment in malayalam fonts, sorry.
I have a blog that requires your comments and suggestions, please visit by blog.

Unknown പറഞ്ഞു...

Very touching narration and the subject is great. A brave attempt.
I dont know how to comment in malayalam fonts, sorry.
I have a blog that requires your comments and suggestions, please visit by blog.

Typist | എഴുത്തുകാരി പറഞ്ഞു...

വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു വേദന.

വരവൂരാൻ പറഞ്ഞു...

സ്നേഹത്തെ കുറിച്ചും സ്വപ്നങ്ങളെകുറിച്ചു പറഞ്ഞ്‌ കൊതിപ്പിച്ച്‌, നീ ഞങ്ങളോട്‌ ഈ ക്രുരതകാട്ടിയല്ലോ... രംഗബോധമില്ലാത്ത കോമാളി ഇവിടെയും ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.. മനസ്സിൽ ഒരു വേദനയായി ഈ എഴുത്ത്‌. ആശംസകൾ

നരിക്കുന്നൻ പറഞ്ഞു...

സ്മിത ആദർശ്:
ആ കഥയും ഈ കഥയും തമ്മിൽ വിത്യാസമുണ്ടെങ്കിലും ഒരേ തീം പോലെ തോന്നി. ഇങ്ങനെ വന്നത് എന്ത്കൊണ്ടാണെന്നറിയില്ല. ഏതായാലും ഒരുപോലെ ചിന്തിക്കുന്ന രണ്ട് പ്രവാസികൾ…..:) ഞാൻ കാണാതെ പോയ ആ പോസ്റ്റ് [ഇതിനെക്കാളേറെ ഒരുപാട് നിലവാരം പുലർത്തുന്ന] ലിങ്ക് അയച്ച് തന്നതിന് നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

പകൽകിനാവൻ:
കടമെടുക്കുന്നു ഈ വരികൾ
പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!
വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

സ്മിത [വീണ്ടും]
അതെ എന്നെയും അതിശയിപ്പിക്കുന്നു. ക്ലിക്കി ക്ലിക്ക് വായിച്ചു. തീർച്ചയായും നല്ല നിലവാരം പുലർത്തുന്നു ആ കഥ. ഒരിക്കൽ കൂടി നന്ദി.

ബിന്ദു കെ.പി:
നല്ല അഭിപ്രായത്തിന് നന്ദി. കഥയുടെ വിവരണത്തിനനുസരിച്ച് അവസാനം ഭംഗിയായില്ലന്ന് എനിക്കും തോന്നി. വീണ്ടും നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും നൽകുക. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

സാബിത്ത്:
ഇടക്കൊക്കെ ഒരു പിടച്ചിൽ നല്ലതാ.. നമ്മളും ഈ ലോകവും മരണത്തിനു മുന്നിൽ വളരെ ചെറുതാണെന്ന് ഓർത്തിരിക്കാനെങ്കിലും. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

അരുൺ കായംകുളം:
നന്ദി മാഷേ.. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

ശ്രീഇടമൺ:
നന്ദി..സുഹൃത്തെ, വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട്:
എന്റെ കഥയേക്കാളേറെ താങ്കളുടെ കമന്റിലെ ഈ ചെറിയ വാചകങ്ങൾ എന്നെ പൊള്ളിക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.
മുരളിക:
ഈ ചൂടുള്ള കമന്റുകൾക്ക് നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

ശ്രീ:
ഒരുപക്ഷേ ഇങ്ങനെയൊക്കെയാകും അല്ലേ..? വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

തെച്ചിക്കോടൻ:
വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. താങ്കളുടെ ബ്ലോഗ് സന്ദർശിച്ചു. ഇനിയും വരാം. നല്ല ഒരുപാട് ഓർമകൾ ഞാനവിടെ പ്രതീക്ഷിക്കുന്നു

എഴുത്തുകാരി:
വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

വരവൂരാൻ:
രംഗബോദമില്ലാത്ത കോമാളിതന്നെയായിരുന്നു.. എങ്കിലും മനോഹരമായ ഒരു സ്വപ്നത്തിൽ ഒരുപാട് ബാക്കിവെച്ച് എന്തിനാണിങ്ങനെയൊരു ക്രൂരതകാട്ടിയത്..? വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഭയന്ന് ഇത്തരമൊന്ന് ഞാന്‍ നിര്‍ത്തിയിരുന്നു. പ്രവാസത്തിന്‍റെ വിഹ്വലതകള്‍ തീര്‍ന്നുപോകട്ടെ...

the man to walk with പറഞ്ഞു...

oh..sad..:(

siva // ശിവ പറഞ്ഞു...

വളരെ ഇഷ്ടമായി ഈ കഥ...