2011, ജൂൺ 17, വെള്ളിയാഴ്‌ച




താളമില്ലാതെ പതിക്കുന്ന ഗ്രീഷ്മ രശ്മികളോടും
ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് കണങ്ങളോടും
വന്യമായി ആര്‍ത്തലക്കുന്ന മണല്‍ക്കാറ്റുകളോടും
ഞാന്‍ പ്രണയാത്തിലാണ്..
ഇടവപ്പാതിയില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍
ചീന്തലടിക്കുന്ന ഇറയത്ത്‌ ചീരാപ്പ്‌ കൊള്ളാനിരിക്കുമ്പോലെ,
എന്റെ വാടകവീടിന്‍റെ മട്ടുപ്പാവില്‍ 
ഞാന്‍ സുര്യതാപമേറ്റിരിക്കും...
വിയര്‍പ്പിറങ്ങി ചീരാപ്പ്‌ പിടിക്കും വരേ....

2011, മാർച്ച് 10, വ്യാഴാഴ്‌ച

മൂത്രശങ്ക

കോളേജിൽ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ആർക്കും തന്റെ ആദ്യത്തെ കോളേജ് ദിനത്തെ പറ്റി എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ഓർമ്മകളിൽ ഒരിക്കലും മാറാലവീഴാതെ ആ സംഭവഭഹുലമായ ദിവസത്തെ എത്ര അടുക്കും ചിട്ടയുമില്ലാതെ ഒരുക്കൂട്ടിവെച്ചാലും ഏവരും ഓർത്തെടുക്കും. ഒരു ചെറിയ അനുഭവം പോലും ഓർക്കാൻ ആദ്യ കാമ്പസ് ദിനം വഴിയൊരുക്കിയിട്ടില്ലങ്കിൽ ആ കോളേജ് ജീവിതം തന്നെ വെറും വേസ്റ്റാണെന്നേ എനിക്ക് തോന്നൂ. അന്ന് ഒരുപക്ഷേ, ഭയത്തിന്റെ ചീളുകൾ കണ്ണുകളിൽ പടർന്നിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ ഓർത്തെടുക്കുമ്പോൾ ഒരു സുഖം.


2 വർഷത്തെ ഹോസ്റ്റൽ ജീവിതത്തിന് ശേഷം എസ് എസ് എൽ സി പാസായി പിഡിസിക്ക് ചേരാൻ ഇരുന്നപ്പൊഴേ സുഹൃത്തുക്കൾ പറഞ്ഞു മലപ്പുറത്തോ മഞ്ചേരിയിലോ നോക്കാം. പെരിന്തൽമണ്ണ പി ടി എമ്മിൽ എന്നും അടിപിടിയാണ് എന്ന്. പക്ഷേ, ഹോസ്റ്റൽ ഫീസും മറ്റും കൊടുത്ത് പടിപ്പിച്ചിട്ടും പി.ടി.എമ്മിൽ പടിക്കാനുള്ള മാർക്കേ അധികാരികൾ എനിക്ക് തന്നുള്ളൂ. അതിനാൽ മറ്റ് കോളേജിലൊന്നും പോയി സമയം കളയാനുള്ള അഹങ്കാരം ഒന്നും കാണിക്കാതെ ഞാൻ പെരിന്തൽമണ്ണയിലേക്ക് തന്നെ പുറപ്പെട്ടു. കോളേജ് എന്നാൽ ഒരു വൻ സംഭവമാണെന്ന് ഒരിക്കലും കോളേജിൽ പോയിട്ടില്ലാത്ത എന്റെ സുഹൃത്തുക്കൾ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എങ്കിലും എന്റെ നാട്ടിൽ നിന്ന് രണ്ട് പേർ പി.ഡി.സിക്ക് അവിടെ രണ്ടാം വർഷത്തിന് പഠിക്കുന്നുണ്ടെന്ന ധൈര്യത്തിലായിരുന്നു ഉപ്പ. ആദ്യ ദിനം മുതൽ ഉപ്പ എന്നെ അവരിൽ ഒരാളുടെ കൂടെത്തന്നെ കോളേജിലേക്ക് പറഞ്ഞയച്ചു. ചെറുപ്പം മുതലേ വീട്ടുകാരുടെ കടുത്ത ശിക്ഷണത്തിൽ വളർന്ന എനിക്ക് എന്റെ നാടിനപ്പുറത്തുള്ള ലോകം തന്നെ അന്യമായിരുന്നു. ഒമ്പതും പത്തും ക്ലാസ് നാട്ടിൽ നിന്നും ദൂരെ ഒരു ബോർഡിംഗിൽ ചേർത്ത് പടിപ്പിച്ചതിനാൽ നാട്ടിലെ സുഹൃത്തുക്കളും ബന്ധങ്ങളും ഒക്കെ എനിക്ക് അന്യമായി. എങ്കിലും ചെറുപ്പത്തിലെ ഒന്നു രണ്ട് സുഹൃത്തുക്കൾ മാത്രം എന്നും കൂടെ ഉണ്ടായിരുന്നു.

ഒരു വെള്ള തുണിയും ഫുൾകൈ ഷർട്ടും ഇട്ട് പഞ്ചപാവമായി അക്കേഷ്യമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന നീണ്ട പാതക്കരികിലൂടെ അകലെ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന കോളേജിലേക്ക് തന്നെ ചോരകുടിക്കാൻ കാത്തിരിക്കുന്ന ഡ്രാക്കുളമാരുടെ അടുത്തേക്ക് ഞാൻ എന്റെ നാട്ടുകാരനും സീനിയറുമായ അബ്ദുവിനോപ്പം മൂത്ര ശങ്കയോടെ നടന്നു. പാതായ്ക്കര ബസ്സിറങ്ങിയ ഉടനെ അടുത്തുള്ള ചെറിയ നിസ്കാരപ്പള്ളിയിൽ കയറി മൂത്രം ഒഴിച്ചതേ ഉള്ളൂ. ഇതാ വീണ്ടും മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഭയം കൊണ്ടാണോ.. ഹെയ്. അങ്ങനെ വരാൻ വഴിയില്ലല്ലോ.. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉമ്മാനോട് അപ്പഴേ പറഞ്ഞതാ പഴങ്കഞ്ഞി വേണ്ടാ എന്ന്. പഴങ്കഞ്ഞിയും മാങ്ങാചമ്മന്തിയും കൂട്ടി രാവിലെത്തന്നെ വെട്ടിവിഴുങ്ങിയപ്പോഴേ ഓർക്കേണ്ടതായിരുന്നു കോളേജിൽ നമ്മടെ കാക്കാമാരെ കാണുമ്പോൾ മൂത്രം ഒഴിക്കാൻ മുട്ടുമെന്ന്. നാട്ടിൽ നിന്ന് പോരുമ്പോൾ ഇവിടെ എത്തുന്നത് വരെ കോളേജിനെ പറ്റിയും അവിടത്തെ അന്തരീക്ഷത്തെ പറ്റിയും മറ്റും വിശദമായി ക്ലാസ് എടുക്കുകയായിരുന്നു അബ്ദു എന്ന സുഹൃത്ത്. രാഷ്ട്രീയവും തല്ലും സമരവും തുടർക്കഥയായി മാറിയ കോളേജിന്റെ തനിക്കന്യമായ ലോകത്തെ പറ്റി അവർ പറയുമ്പോൾ മനസ്സിൽ ഭയം ഇല്ലായിരുന്നു. ഒരു ചെറിയ ശങ്ക. ആറാം തമ്പുരാൻ സ്റ്റൈലിൽ ഒരു ഭ്രമം.

മുന്നിൽ പോകുന്ന കുട്ടികൾ ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മടക്കി കുത്താതെ രാവിലെ ഇസ്തിരി ഇട്ട് വെച്ച തന്റെ വെള്ള തുണിയും തൂവെള്ള ഫുൾകൈ ഷർട്ടും കണ്ട് കണ്ണ് വെക്കുകയായിരിക്കും എന്ന് കരുതി ഷർട്ടിന്റെ കോളറിൽ ഒന്ന് അമർത്തി പിടിച്ച് ഞാനും അവരുടെ പിന്നാലെ നടന്നു. കോളേജ് എന്ന തന്റെ മഹാ സംഭവം ഇതാ തന്റെ കണ്മുന്നിൽ എത്തിയിരിക്കുന്നു. ഇന്ന് മുതൽ ഞാനും ഒരു കോളേജ് കുമാരനാണ്.അല്പം മുന്നിലെത്തിയതും രണ്ട് വിദ്യാർത്ഥികളെ തടഞ്ഞ് നിർത്തി നാല് പേർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വീണ്ടും മൂത്ര ശങ്ക തുടങ്ങിയിരുന്നു.

‘അബ്ദൂ, ഇവിടെ മൂത്രപ്പുര എവിടാ?’

‘നിനക്ക് സുഗറുണ്ടോടാ, ഇത് മൂന്നാമത്തെ പ്രാവശ്യമാണല്ലോ.. ‘ ഈ അബ്ദുവിന്റെ ഒരു കാര്യം. ഞാൻ മൂത്രം ഒഴിക്കുന്നത് പോലും അബ്ദു കറക്റ്റ് എണ്ണി വെച്ചിട്ടുണ്ട്. ഇനി പറയണ്ട. എനിക്ക് പേടികൊണ്ടാണെന്ന് ഇവന്മാർ പറയും.

‘ഡാ, ഫൈസലേ, അതിറ്റിങ്ങളെ വിട്ടളടാ..’ അബ്ദു രണ്ട് പേരെ ചോദ്യം ചെയ്യുന്ന നാല് കാക്കാമാരിൽ ഒരാളോട് വിളിച്ച് പറഞ്ഞു.

‘ഹെയ്, ഇതൊരു പരിചയപ്പെടലല്ലേ അബ്ദൂ... അല്ല ഇതാരാ നിന്റെ കൂടെ ഒരു ഉജാല പരസ്യം.?’ ഫൈസലെന്ന ബെൽബോട്ടം പാന്റ്സിന്റെ ഉടമ മുഖമുയർത്തി എന്നെ നോക്കി. അവന്റെ കണ്ണുകൾ എന്റെ ചുളി വീഴാത്ത കഞ്ഞി മുക്കിയ വെള്ള ഷർട്ടിലേക്കും വെളുത്ത തുണിയിലേക്കുമാണ്. ഹെന്റെ പടച്ചോനെ, ഇവൻ ഇനി ഈ തുണിയെങ്ങാൻ കണ്ണ് വെച്ചതാണോ?

‘ഇത് നമ്മുടെ ആളാ... ഒന്ന് ശ്രദ്ധിച്ചോണം..’ അബ്ദു എന്റെ മുന്നിൽ അവന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

‘നിന്റെ ആളാണെങ്കിൽ ഒരു പ്രശ്നവും ഇല്ല അബ്ദൂ.. ദൈര്യായി ക്ലാസിൽ കൊണ്ടാക്ക്..’ ഫൈസലിന്റെ മറുപടി അബ്ദുവിന്റെ മുഖത്ത് ഒരു അഹങ്കാരത്തിന്റെ പുഞ്ചിരി വിരിയിച്ചോ?

ഏതായാലും അബ്ദു ആളൊരു പുലി തന്നെ. അവന് കോളേജിൽ വലിയ ബന്ധം ആണെന്ന് മനസ്സിലായി. ഇനി റാഗിംഗും ഒന്നും പേടിക്കണ്ട. ഇവന്റെ സംരക്ഷണയിൽ ഞാൻ ഇവിടെ സുരക്ഷിതൻ.

കോളേജിന്റെ വലിയ ഗേറ്റിലൂടെ അകത്ത് കടന്നതും കണ്ണുകളിൽ ഒരു ഇരുട്ട് പടർന്ന പോലെ. വെയിലിൽ നിന്ന് നേരെ തണലിലേക്ക് കേറിയതിന്റെയാവും. കുട്ടികളുടെ കലപില ശബ്ദം നാല് ചുമരുകൾക്കിടയിൽ കിടന്ന് പ്രതിധ്വനിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു. ഒരു നാണവും ഇല്ലാത്ത വർഗ്ഗം. ഇതിറ്റിങ്ങളെയൊക്കെ ആരാ കോളേജിലേക്ക് പറഞ്ഞയച്ചത്. വളർത്ത് ദോഷം.. അല്ല പിന്നെ. മനസ്സിൽ പിറുപിറുത്തെങ്കിലും ഞാനെന്ന കോളേജ് കുമാരനും നാളെ ഇത്പോലെ ഏതെങ്കിലും പെണ്ണിന്റെ തോളിൽ കയ്യിട്ട് നിൽക്കാമല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്നു. അബ്ദു കാണണ്ട.. ഫുൾകൈ ബട്ടണിട്ട് നിർത്തിയത് കൊണ്ട് ഉള്ളിൽ എഴുന്നേറ്റ് നിന്ന രോമങ്ങൾ ഇവൻ കാണില്ല. പക്ഷേ എന്റെ കണ്ണൂകൾ ആർത്തിയോടെ അവിടെയൊക്കെ ഒഴുകി നടക്കുന്നത് അവൻ കണ്ടാൽ നാളെ മുതൽ ഇപ്പാന്റെ കുട്ടി കോളേജിൽ പോണ്ടാ എന്ന് ഉപ്പ വിധി പറയും.

കോളേജിന്റെ നീണ്ട ഇടനാഴിയിലൂടെ വലത്തേ അറ്റത്ത് നിന്നും രണ്ടാമത്തെ ക്ലാസിലേക്ക് എന്നെ രാജകീയമായി തന്നെ അബ്ദു ആനയിച്ചു. വഴിയിൽ ഒരു തടസ്സവും നേരിടാതെ ക്ലാസ് മുറിയിലെ അവസാനത്തെ ബെഞ്ചിൽ പെൺകുട്ടികളുടെ സീറ്റിന്റെ ഒരു വശത്തായി എന്നെ അബ്ദു കൊണ്ട് ചെന്നിരുത്തിയപ്പോൾ ക്ലാസിലെ കുട്ടികളൊക്കെ എന്നെ അസൂയയോടെ നോക്കി. പല മുഖത്തും അവരുടെ ആദ്യ ദിനം ശരിക്കും അനുഭവിച്ചതിന്റെ ക്ഷീണം കാണാമായിരുന്നു.

‘നീ ഇവിടെ ഇരിക്ക്, എല്ലാവരെയും ഒന്ന് പരിചയപ്പെട്ടോ..ഞാൻ അടുത്ത ഹവർ കഴിഞ്ഞാൽ വരാം’ എന്നെ സുരക്ഷിതമായി ക്ലാസ് മുറിയിൽ കൊണ്ട് വന്നാക്കിയതിന്റെ അഹങ്കാരമൊന്നും കാണിക്കാതെ അബ്ദു എന്റെ പുറത്ത് മെല്ലെ കൊട്ടി അവന്റെ ക്ലാസിലേക്ക് നടന്നു. അവൻ പോയപ്പോൾ എനിക്ക് ചുറ്റും വലിയൊരു നിശ്ശബ്ദത തളം കെട്ടി നിന്നു. ഇതു വരെ പിടിച്ച് നിന്ന മൂത്ര ശങ്ക വീണ്ടും കാലുകൾക്കിടയിൽ ശല്യം ചെയ്യാൻ തുടങ്ങി. പിടിച്ച് നിൽക്കുക തന്നെ.

‘എന്താ പേര്?’ അടുത്തുള്ള കൂട്ടുകാരൻ കൈ നീട്ടി ചോദിച്ചപ്പോഴാണ് ഞാൻ ബെഞ്ചിലിരിക്കുന്നവരെ ശ്രദ്ധിക്കുന്നത്.

ഷർട്ടിന്റെ പോക്കറ്റ് കീറിപ്പറിഞ്ഞ് ഇവനെന്താ ഇത്ര പാവമാണോ ഇങ്ങനെ കോളേജിലേക്ക് വരാൻ എന്ന് ചിന്തിച്ചപ്പോൾ ആ കൂട്ടുകാരനോട് എനിക്ക് ഒരു വല്ലാത്ത സഹതാപം തോന്നി.

അവന്റെ കീറിയ പോക്കറ്റിലേക്കും മുഖത്തേക്കും മാറിമാറി നോക്കി ഞാൻ പേര് പറഞ്ഞു.

‘ആരും റാഗ് ചെയ്തില്ലെ? അതാരാ ക്ലാസിൽ കൊണ്ട് വന്നാക്കിയത്?’

‘എന്ത് റാഗിംഗ്...എന്നോടാരും ഒന്നും ചോദിച്ചില്ല. അത് എന്റെ സുഹൃത്താ.. സെക്കന്റ് പിഡിസിക്ക് പടിക്കാ’ തെല്ലൊരു ഗമയോടെ പറയുമ്പോൾ ആ കൂട്ടുകാരനും എന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയപോലെ.

‘എന്റെ പേര് സതീശ്... എന്റെ കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ അവര് വാങ്ങി.. പോരാത്തതിന് ഈ പുതിയ ഷർട്ടിന്റെ പോക്കറ്റും വലിച്ച് കീറി... ഇന്നലെയാ ഇത് തയ്ച്ച് കിട്ടിയത്’ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത ദൈന്യത.
പാവം ഞാൻ തെറ്റിദ്ധരിച്ചു. ഏതായാലും ഞാൻ അബ്ദുവിന് മനസ്സാ നന്ദി പറഞ്ഞു. അല്പ സമയത്തിനകം ഞങ്ങൾ നല്ല കൂട്ടുകാരായി.

‘എവിടെയാ വീട്..‘ പിന്നിൽ ഒരു കിളിനാദം ചിലച്ചപ്പോൾ ഷർട്ടിന്റെ ഉള്ളിൽ കോളേജ് കണ്ട് എഴുന്നേറ്റ് നിന്ന് വീണ്ടും ഉറങ്ങിക്കിടന്ന രോമങ്ങൾ സടകുടഞ്ഞെണീറ്റു.

‘ഹെന്ത്..?’

അടുത്ത ബെഞ്ചിൽ എന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിയോടെ ചോദിക്കുന്ന ആ സുന്ദരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചങ്കിലൊക്കെ വെള്ളം വറ്റി വരണ്ടു. വരണ്ടുണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനച്ച് ഞാൻ പറഞ്ഞു.

‘പെരിന്താറ്റിരി..’

‘ഇതെവിടെയാ പെരിങ്ങാട്ടിരി’ ഇനിയിവൾക്ക് എന്റെ റൂട്ട് മാപ്പ് മുഴുവൻ കൊടുക്കേണ്ടി വരോ പടച്ചോനെ. എന്നാലും വേണ്ടിയില്ല. ഒരു സുന്ദരിയോട് സൊല്ലാൻ കിട്ടിയ ചാൻസല്ലേ. ഉപ്പ അറിയാതിരുന്നാൽ മതി.

‘ഹായ് ബ്രദേഴ്സ്’ ഗാംഭീര്യത്തോടെ ആ ശബ്ദം മുഴങ്ങിയപ്പോൾ ആ നാലു ചുമരുകൾക്കുള്ളിൽ അതുവരെ തേനീച്ച ഇരമ്പും പോലെ സംസാരിച്ച് കൊണ്ടിരിക്കുന്ന ശബ്ദങ്ങൾ പെട്ടന്ന് നിശ്ചലമായി. ഈ സുന്ദരിയോട് സൊല്ലാൻ പറ്റിയ സമയം നശിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ നോക്കി. അപ്പോൾ കാല്പാദം മുഴുവൻ മറക്കുന്ന ബെൽബോട്ടൻ പാന്റ്സിട്ട താൻ അല്പം മുൻപ് പുറത്ത് വെച്ച് കണ്ട ഫൈസൽ എന്ന അബ്ദുവിന്റെ സുഹൃത്ത്.

എല്ലാവരോടും പേരും നാടും പറയാൻ പറഞ്ഞ് അയാൾ മുന്നിലെ കസേരയിൽ ഇരുന്ന് ടാബിളിലേക്ക് കാലുകൾ കേറ്റിവെച്ചിരുന്നു.

എല്ലാരും പേരും തങ്ങളുടെ നാടും ഇനിയും ചോദ്യങ്ങൾ ഒഴിവാക്കാനെന്നവണ്ണം ഉപ്പാന്റേയും ഉമ്മാന്റേയും പേരും മുമ്പ് പടിച്ച സ്കൂളും എല്ലാം വിശദമായി പറഞ്ഞ് കൊടുത്തു.

‘’ആ ഉജാല എണീറ്റ് നിൽക്കൂ’ ഈ പെണ്ണുങ്ങൾക്കൊക്കെ ഇടാൻ കണ്ട പേര്. ഉജാല. ആരാ ആ തൂവെള്ള നിറക്കാരി സുന്ദരി എന്ന് പരസ്പരം നോക്കുന്നതിനിടയിൽ എല്ലാവരുടേയും കണ്ണുകൾ എന്റെ തുണിയിലേക്കും കുപ്പായത്തിലേക്കും നീളുന്നു. ചിലരുടെ മുഖത്ത് ചിരി. ചിലരുടെ മുഖത്ത് സഹതാപം. എന്നെയാണോ പടച്ചോനേ ഉജാല എന്ന് വിളിച്ചത്. ഇത്ര നല്ല തുണിയും കുപ്പായവും ഈ ജന്മത്തിനിടക്ക് ഞാൻ ഇട്ടിട്ടില്ല. എന്നിട്ട് പറയുന്നത് കേട്ടില്ലേ.

ഞാൻ അവിടെ തന്നെ ഇരുന്നു. പെട്ടന്ന് അയാൾ കസേരയിൽ നിന്നും ചാടി എണീറ്റ് എന്റെ നേരെ ചീറിയടുത്തു.

‘എന്താ നിന്നോട് എണീക്കാൻ പറഞ്ഞത് കേട്ടില്ലേടാ..’ തൊട്ട് മുമ്പിൽ നിൽക്കുന്നത് എന്നെ ധൈര്യമായി ക്ലാസിൽ കൊണ്ട് ചെന്നാക്കാൻ അബ്ദുവിനോട് പറഞ്ഞ ആൾ തന്നെയാണോ എന്ന് ഒരു സംശയം. അടുത്തിരുന്ന് വീട് ചോദിച്ച സുന്ദരിയുടെ സ്വരം കേട്ട് എണീറ്റ് നിന്നിരുന്ന രോമങ്ങളെല്ലാം പെട്ടന്ന് ചാഞ്ഞുറങ്ങാൻ തുടങ്ങി. സ്വന്തം രോമങ്ങളാണെന്ന് പറഞ്ഞിട്ടെന്താ ഒരു കാര്യത്തിനും കൂടെ നിൽക്കില്ല. കയ്യും കാലുമൊക്കെ തണുത്ത് വിറക്കുന്നു. കണ്ണിൽ ഒരു വല്ലാത്ത ഭീതി. രാവിലെ കോളേജിലേക്ക് വീട്ടിൽ നിന്നും പറഞ്ഞയച്ച ഉപ്പാന്റേയും ഉമ്മാന്റേയും, അനിയന്റേയും, മൂത്തച്ചിയുടേയും, തുണിയലക്കാൻ വന്ന കാളിത്തള്ളയുടേയും എന്നെ കോളേജെന്നാൽ ഒരു സംഭവമാണേന്ന് പറഞ്ഞ് പഠിപ്പിച്ച സുഹൃത്തുക്കളുടേയും എല്ലാം മുഖം ഒരു നിമിഷം കൊണ്ട് മനസ്സിൽ ചടപടാ മിന്നി മറയാൻ തുടങ്ങി. പക്ഷേ എന്തോ അബ്ദുവിന്റെ മുഖം മാത്രം അപ്പോൾ മനസ്സിൽ വന്നില്ല. അല്ലങ്കിലും പണ്ടാരമടങ്ങുന്ന നേരത്ത് ആവശ്യക്കാരെ കിട്ടില്ലല്ലോ.

പെട്ടന്ന് ഞാൻ ബെഞ്ചിൽ നിന്നും താനെ ഉയർന്നു. ഞാൻ അയാളുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി.

‘മൂത്രപ്പുര എവിടാ’ മൂത്രസഞ്ചികിടന്ന് കനം കൂടുന്നത് അടിവയറ്റിൽ ശരിക്കും അറിയുന്നുണ്ടായിരുന്നു. എന്റെ വാക്ക് കേട്ട് ക്ലാസിൽ ചെറിയൊരു ഇളക്കം. എല്ലാവരുടേയും മുഖത്ത് ചിരി പടരുന്നു. ഞാൻ അതിന് തമാശയൊന്നും പറഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോൾ വീണ്ടും വന്നു ഫൈസൽ എന്ന രണ്ടാംവർഷക്കാരന്റെ ചോദ്യം.

‘നിനക്ക് മൂത്രം ഒഴിക്കണോ?’

ഹാവൂ ആശ്വാസമായി. അബ്ദുവിനില്ലാത്ത സ്നേഹം ഇവനുണ്ട്. ഞാൻ ഇവനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ റബ്ബേ. സമാധാനത്തോടെ ഞാൻ മൂളി.

‘ഉം‘

ക്ലാസ് മുറിയിൽ വീണ്ടും ചിരി. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു. ഇവരൊന്നും മൂത്രവും മലവും ഒന്നും ഒഴിവാക്കാത്ത കൂട്ടത്തിലാണോ? ഒരു സംശയം.

‘എന്നാൽ ഉജാല വാ.. ഞാൻ കാണിച്ച് തരാം മൂത്രമൊഴിക്കുന്ന സ്ഥലം’

എന്റെ കൈ പിടിച്ച് അയാൾ നടന്നു. ക്ലാസ് മുറിയുടെ വലത്തേ മൂലയിൽ കുട്ടികൾക്ക് അഭിമുഖമായി എന്നെ നിർത്തി. എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ എന്ത് സംഭവിക്കുന്നു എന്നറിയാതെ അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

‘ആ മൂലയിലേക്ക് തിരിഞ്ഞ് നിന്ന് ഒഴിക്കെടാ മൂത്രം’ അയാളുടെ അലർച്ച എന്റെ കാതുകളിൽ മുഴങ്ങി. അപ്പോഴാണ് മനസ്സിലായത് ഇതാണ് റാഗിംഗ് എന്ന്. ‘നിന്നെ ആരും റാഗ് ചെയ്തില്ലേ‘ എന്ന പുതിയ കൂട്ടുകാരൻ സതീശൻ ചോദിച്ച് നാവെടുത്തിട്ട് അതിക നേരമായില്ലല്ലോ. വല്ലാത്ത നാവെന്നെ. ചിന്തിച്ചിരിക്കേ എന്റെ കണ്ണുകളിൽ അറിയാതെ നീർപടയാൻ തുടങ്ങി. മുപ്പതോളം വരുന്ന കുട്ടികളുടെ മുന്നിൽ അതും പകുതിയും പെൺകുട്ടികൾ, എന്നോട് മൂത്രമൊഴിക്കാൻ പറയുന്നു. കാലിനിടയിൽ ചൂടുള്ള നനവ് പടരുന്നുണ്ടോ?

‘എന്താടാ പറഞ്ഞാൽ കേൾക്കില്ലേ‘ പറയലും ഒരു ചവിട്ടും എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി ഉയർന്നതും എന്റെ മൂത്രനാളത്തിലൂടെ അണക്കെട്ടൊഴുകിയെതും ഒരുമിച്ചായിരുന്നു. മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുഖത്ത് വിരിഞ്ഞത് ചിരിയാണോ, സങ്കടമാണോ, സഹതാപമാണോ, ദേഷ്യമാണോ എന്ന് ആലോചിക്കാനൊന്നും അപ്പോൽ മനസ്സിന് സമയം കിട്ടിയില്ല. ഇത്രനേരം പിടിച്ച് നിന്ന മൂത്രശങ്ക എന്റെ പുത്തൻ തുണിയിലൂടെ ആ ക്ലാസ്മുറിയുടെ മൂലയിൽ കുട്ടികൾക്കഭിമുഖമായി ഞാൻ തീർത്തു. തല ഉയർത്താതെ അങ്ങനെ ഒരു പതിനഞ്ച് മിനുട്ടോളം ആ ഇരിപ്പ് തുടർന്നു. എന്ത് ചെയ്യണമെന്നറിയില്ല. ആരും ഒന്നും മിണ്ടുന്നില്ല. ക്ലാസ് മുറിയിൽ ആകെ നിശ്ശബ്ധത. പുറത്ത് ജനൽ പാളികളിലൂടെ, വാതിലിലൂടെ എന്റെ നേരെ നീണ്ടുവന്ന കണ്ണുകൾ ഞാൻ കണ്ടില്ല. നിശ്ശബ്ദനായി കണ്ണുകളിലൂടെ കവിളിലേക്കൊലിച്ചിറങ്ങിയ നീർച്ചാലുകൾ തുടക്കാൻ പോലും കഴിയാതെ ഞാനിരുന്നു. കുറേ കഴിഞ്ഞപ്പോൾ തോളിൽ ഒരു തണുത്ത സ്പർശം. തല ഉയർത്താൻ കഴിയുന്നില്ല.

‘ടാ. എണീക്ക്..’ അബ്ദുവിന്റെ ശബ്ദം കേട്ടതും ചങ്കിൽ വേദനയോടെ പിടിച്ച് നിർത്തിയ കരച്ചിൽ പുറത്ത് ചാടി. കണ്ണിലൂടെ ഒഴുകിയൊലിക്കുന്ന കണ്ണുനീർ മുഖത്ത് നനവ് പടർത്തി.

ആകെ നനഞ്ഞ് കുതിർന്ന ആ മൂലയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച് അബ്ദു എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു. താഴ്ത്തിപ്പിടിച്ച തലയുമായി തിരിഞ്ഞ് നോക്കാതെ അവന്റെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

‘അപ്പഴേ ഞാൻ നിന്നോട് ചോദിച്ചില്ലേ.. മൂത്രപ്പുര എവിടേന്ന്..’

മൂത്രം നനഞ്ഞ് നാശമായ തുണിയിലേക്കും എന്റെ മുഖത്തേക്കും നോക്കി ഒന്നും പറയാതെ നിന്ന അബ്ദുവിന്റെ മുഖത്ത് അന്ന് നിഴലിച്ചത് ചിരിയായിരുന്നോ സഹതാപമായിരുന്നോ എന്ന് വർഷങ്ങൾക്കിപ്പുറം ഞാനോർത്തെടുക്കുകയാണിപ്പോൾ. ഇന്നും ആ ദിവസത്തിന്റെ ഓർമ്മയിൽ എന്റെ നെഞ്ച് പിടക്കുന്നത് എനിക്ക് അറിയാം. എന്റെ മനസ്സിൽ വെള്ളിടിവെട്ടുന്നത് എനിക്ക് കേൾക്കാം. എന്റെ കണ്ണുകളിൽ ഭയം നിറയുന്നത് ഞാൻ അറിയുന്നു.

2011, മാർച്ച് 5, ശനിയാഴ്‌ച

'കായില്ലാത്തോര്‌ എറച്ചിക്ക്‌ ചെന്ന മാതിരി'

2009 ഒക്റ്റോബർ 17ന്‌ ഓർമ്മപ്പെടുത്തൽ എന്ന ഒരു ബോറൻ പോസ്റ്റിട്ടു ബൂലോഗത്തു നിശബ്ദനായി അലഞ്ഞ്‌ നടക്കുകയായിരുന്നു. എന്തെങ്കിലും കുത്തിക്കുറിച്ച്‌ സൗഹൃദവും പുതിയ ബന്ധങ്ങളും കെട്ടുപ്പിണച്ചു എന്റെ മനസ്സിനെ ആർദ്ദ്രമാക്കിയ ഈ ബൂലോഗത്ത്‌ വീണ്ടും എന്റെ സുഹൃത്തുക്കളോട്‌ സംവദിക്കണമെന്ന് മനസ്സ്‌ മന്ത്രിച്ച്‌ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി.. ജീവിതം വലിച്ച്‌ നീട്ടുന്ന അനിവാര്യമായ തിരക്കിൽ പെട്ടു പോയി എന്ന് വീമ്പിളക്കി സ്വയം കയ്‌ കഴുകാൻ താൽപര്യം ഇല്ല. അത്‌ കൊണ്ട്‌ തന്നെ മടിപിടിച്ച്‌ കിടന്ന ഈ ഇടവേളയിൽ എന്റെ ബ്ലോഗ്‌ ജീവിതം മൗനമായി ഞാൻ തുടരുന്നുണ്ടായിരുന്നു. 2010 എന്ന എന്റെ സംഭവ ബഹുലമായ വർഷത്തെ എന്നെങ്കിലും ഈ കോളത്തിൽ കുത്തിക്കുറിക്കാൻ കഴിയുമെങ്കിൽ വീർപ്പ്‌ മുട്ടുന്ന എന്റെ മനസ്സിൽ നിന്നും പെയ്തൊഴിയുന്ന ഒരു പേമാരി തന്നെയാകും അത്‌. പക്ഷെ.... പെയ്തൊഴിയാതെ... [തലക്കെട്ട്‌ :) ]

ഒരു ഇടവേളയും ആവശ്യമില്ലാതിരുന്ന കാലത്ത്‌ എന്തിനായിരുന്നു ഒരു മൗനം എന്ന് ആലോചിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ വായിച്ച്‌ ചിന്തിച്ചും, ചിരിച്ചും, കുളിർത്തും തളിർത്തും, തരിച്ചും, ത്രസിച്ചും തനിച്ച്‌ ബൂലോഗത്തിലൂടെ നടക്കുമ്പോൾ ഒരു കാര്യം തീർച്ചയായിരുന്നു. ഇവരെപ്പോലെ എഴുതാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ബ്ലോഗ്‌ എപ്പോഴോ പുനർജ്ജനിക്കുമായിരുന്നെന്ന്. ഇപ്പോഴും എഴുതാൻ കഴിഞ്ഞിട്ടല്ല എന്ന് പ്രത്യേകം, വീണ്ടും വീണ്ടും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പിന്നെ എന്തിനാണ്‌? എനിക്ക്‌ തന്നെ അറിയില്ല. എപ്പോഴാണ്‌ വീണ്ടും ഈ ബൂലോഗത്ത്‌ സജീവമാകണമെന്ന് മനസ്സിൽ തോന്നിച്ചതെന്ന് അറിയില്ല. പക്ഷെ, തോന്നിത്തുടങ്ങിയിട്ടും എഴുതി പോസ്റ്റാൻ വിഷയമില്ലാഞ്ഞിട്ടോ [?] മടിപിടിച്ചിട്ടോ എഴുതണം എന്ന് വീണ്ടും ആഗ്രഹം തോന്നിയത്‌ ഒരാഴ്ച്ച മുൻപാണ്‌.

കാരണം.......

ഞാൻ ബ്ലോഗ്‌ തുടങ്ങിയതിന്‌ ശേഷം പ്രധാനപ്പെട്ട പല ബ്ലോഗ്‌ മീറ്റുകളും നടക്കുകയുണ്ടായി. ബൂലോഗത്തെ പുലികളായ എഴുത്ത്കാരൊക്കെ പങ്കെടുത്ത ചേറായി മീറ്റും, ഹരീഷിന്റെ പ്രത്യേക ശ്രദ്ധയിൽ വിജയകരമായി നടത്തിയ തൊടുപുഴ മീറ്റും അതിൽ പ്രധാനമാണ്‌. പ്രത്യക്ഷത്തിൽ അതിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലങ്കിലും ആ മീറ്റുകളുടെ വിജയവും അതിലൂടെ വളർന്ന സൗഹൃദ ബന്ധങ്ങളും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്‌. തൊടുപുഴ മീറ്റ്‌ വിജയകരമായി ഈറ്റി പോസ്റ്റി ബൂലോഗത്ത്‌ തരംഗം സൃഷ്ടിച്ചപ്പോൾ മനസ്സിൽ കരുത്തിയതായിരുന്നു അടുത്ത ഏതെങ്കിലും ഒരു മീറ്റിൽ ഈറ്റാൻ കിട്ടിയിട്ടില്ലങ്കിലും വേണ്ട ഒരു മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന്. മുട്ടു വിറക്കുമെങ്കിലും ബൂലോഗ പുലികളെ ഒക്കെ കാണണമെന്ന്. അങ്ങനെയാണ്‌ ഒരുപാട്‌ പുലികൾ പങ്കെടുത്ത ചേറായി മീറ്റ്‌ പ്രക്യാപിക്കപ്പെട്ടത്‌. അന്നും പ്രവാസിയുടെ എടുത്താൽ പൊങ്ങാത്ത പ്രയാസങ്ങൾക്കിടയിൽ ഒരു വലിയ ലക്ഷ്യം പാതി വഴിയിൽ ഉപേക്ഷിച്ച്‌ പതുങ്ങിയിരിക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ... ഒരു കാര്യം അന്നെനിക്ക്‌ ബോധ്യമായി. മീറ്റ്‌ എന്നെ തേടി വരികയല്ലാതെ ഒരിക്കലും എനിക്ക്‌ ഒരു മീറ്റ്‌ തേടി പോകാൻ കഴിയില്ല എന്ന്.

അങ്ങനെ ഇരിക്കുമ്പോഴാണ്‌....

മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്‌ [ജിദ്ദ ചാപ്റ്റർ] ബ്ലോഗേഴ്സ്‌ മീറ്റും അനുമോദന സമ്മേളനവും നടത്തുന്നു എന്ന് ഒരു നോട്ടീസ്‌ എന്റെ ഇമെയിലിൽ വരുന്നത്‌. എങ്ങനെയോ വഴി തെറ്റി വന്ന ആ നോട്ടീസ്‌ കണ്ടപ്പോഴേ മനസ്സിൽ തീരുമാനിച്ചുറച്ചു. പോയേ പറ്റൂ... ജിദ്ദയിലെ ബ്ലോഗർമാരെ പലരേയും കാണാം. 2008ൽ ജിദ്ദയിൽ മലയാളം ബ്ലോഗിംഗ്‌ എങ്ങനെ തുടങ്ങാം എന്ന് പരിചയപ്പെടുത്തിക്കൊണ്ട്‌ ജിദ്ദയിലെ ഒരുപാട്‌ ബ്ലോഗേഴ്സിന്‌ പ്രചോദനമായി തുടക്കം കുറിച്ച പല വമ്പന്മാരേയും കാണാലോ. ഇത്ര കാലമായിട്ടും ഇവിടെ ഉള്ള ഒരു ബ്ലോഗ്ഗറേയും ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല. അത്‌ അവരുടെ കുഴപ്പം അല്ല. മടിപിടിച്ചിരിക്കുന്നത്‌ ഹോബിയായി കാണുന്ന എന്നെ മനസ്സിലാക്കാൻ അവർക്ക്‌ കഴിയട്ടേ.

ഗൾഫിൽ തന്നെ പ്രസിദ്ധമായ ശറഫിയ്യയെന്ന കൊച്ച്‌ പട്ടണത്തിലെ ലക്കി ദർബാർ ഹോട്ടലിന്റെ ഓഡിറ്റേറിയത്തിലേക്കുള്ള വാതിൽ തുറന്ന് കാല്‌ വച്ചപ്പോഴേ മുകളിൽ നിന്നും രണ്ട്‌ പുലികൾ ഇറങ്ങി വരുന്നത്‌ കണ്ടു. സ്റ്റേജിൽ നിന്നും എടുത്താൽ പൊങ്ങാത്ത വാക്കുകൾ കൊണ്ട്‌ ലോക ചരിത്രം പടിപ്പിക്കുന്ന പ്രാസംഗികന്റെ വാക്കുകളെക്കാൾ തന്റെ നേരെ വരുന്ന ആ ബ്ലോഗ്‌ പുലികളുടെ നേരെ ഞാൻ കൈ നീട്ടി. അവർ 'ദെന്താദ്‌, കയ്യോ?' എന്ന് മനസ്സിൽ കരുതിയ പോലെ വേണോ വേണ്ടേ എന്ന നിലക്ക്‌ ഒന്ന് അറച്ച്‌ നിന്നോ? 2 നിമിഷത്തിൽ കൂടുതൽ കൈ നീട്ടിപ്പിടിച്ച്‌ നിൽക്കുന്നത്‌ സുഖകരമല്ലന്ന് തോന്നിയതിനാലാവാം, ഞാൻ പതിയെ കൈ വലിച്ചു. അപ്പോഴതാ, എതിരെ വന്ന ആളുടെ കൈ പാന്റ്സിനെ പോക്കറ്റിൽ നിന്നും പതിയെ പുറത്ത്‌ വരുന്നു. കൈ കണ്ടതും എന്റെ കൈ വീണ്ടും ചാടി വീണു.

"ഹലോ, ഞാൻ നരി."

"ഹേ, നരിയോ?..." അയാൾ ചുറ്റും ഒന്ന് നോക്കിയോ ?

"അതെ, നരിക്കുന്നൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന ആളാ..."

"ഓ.. ഞാൻ കൊമ്പൻ മൂസ"

അറിയാതെ ആ സുന്ദരനായ ബ്ലോഗറുടെ തലയിലേക്കെന്റെ കണ്ണുകൾ നീണ്ടു. അത്‌ കണ്ടിട്ടാവണം മനോഹരമായ ഒരു ചിരി പാസ്സാക്കി കൊമ്പില്ലാത്ത കൊമ്പൻ മൂസ കൂടുതൽ നോട്ടത്തിന്‌ പിടിതരാതെ പിന്മാറി.

"ഓകെ.. നിങ്ങൾ കേറി ഇരിക്ക്‌.. ഞങ്ങൾ ഇപ്പോൾ വരാം.."

ശരിയെന്ന് പറഞ്ഞ്‌ ഞാൻ പടികൾ കയറി മുകളിലേക്ക്‌ നടന്നു. പേരിടുന്നതിന്‌ മുൻപ്‌ രൂപത്തെ കണ്ണാടിയിൽ നോക്കിയില്ലങ്കിൽ എന്റെയും മൂസയുടെയും ഒക്കെ പോലെ ഇരിക്കും എന്ന് മനസ്സിലായി. ഹല്ലേലും ഒരു പേരിലെന്തിരിക്കുന്നു.

മുകളിലെ ഹാളിലേക്കെത്തുമ്പോഴും സ്റ്റേജിൽ പ്രാസംഗികൻ കത്തിക്കയറുകയാണ്‌. കമ്പ്യൂട്ടർ കണ്ട്‌പിടിക്കുന്നതിനും മുൻപത്തെ ബ്ലോഗിങ്ങിനെക്കുറിച്ചൊക്കെയാ ടിയാൻ കത്തിക്കയറുന്നത്‌.. അതെന്തായാലും നമ്മള്‌ ജനിക്കുന്നതിന്‌ മുൻപത്തെ പരിപാടിയായതോണ്ട്‌ അത്ര താൽപര്യം ഒന്നും തോന്നിയില്ല. അത്‌ കൊണ്ട്‌ തന്നെ, എന്റെ പ്രഥമ ബ്ലോഗ്‌ മീറ്റിൽ നമ്മുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കായില്ലാത്തോര്‌ എറച്ചിക്ക്‌ ചെന്ന മാതിരി' കോണിപ്പടികയറി ഹാളിലെത്തി മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ ഞാൻ നിന്നു.

അപ്പോഴതാ...

സരസമായ ചിരിയോടെ ഒരു യുവ ബ്ലോഗർ. കഴുത്തിൽ ബ്ലോഗ്‌ മീറ്റിന്റെ കയറും തൂക്കി, മനോഹരമായ ചിരിയോടെ സാജു എന്ന് പരിചയപ്പെടുത്തിയ ആ ബ്ലോഗ്ഗർ എന്നോട്‌ കുശലം ചോദിച്ചു. ആദ്യമായി പരിചയപ്പെട്ട ആ നല്ല ബ്ലോഗറുടെ ബ്ലോഗ്‌ അഡ്രസ്സ്‌ എഴുതിയെടുക്കുന്നതിനിടയിൽ എന്റെ ചിതലരിച്ച്‌ തുടങ്ങിയ ബ്ലോഗിനെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. തൽക്കാലം ഇടക്ക്‌ നിർത്തിപ്പൂട്ടിയ ബ്ലോഗാണെന്നും ഇനിയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നും ഒക്കെ പറഞ്ഞ്‌ ഞാനും തടിതപ്പി. അല്ലേലും എന്റെ ബ്ലോഗിന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..

ഇടക്ക്‌ നമ്മുടെ കൊമ്പൻ വീണ്ടും വന്ന് എന്നോട്‌ ബുക്കിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. വലിയ നീല ചട്ടയുള്ള പുസ്ഥകം തുറന്നപ്പോൾ തന്നെ ബ്ലോഗില്ലാത്തതും ഉള്ളതുമായ ലിസ്റ്റിലേക്കൊന്ന് ഓടിച്ച്‌ നോക്കി ഞാനും എഴുതി. എന്തിനോ....

പിന്നെയാണ്‌... ഹെന്റെ റബ്ബേ, ഇതാണോ ബ്ലോഗ്‌ മീറ്റ്‌ എന്ന് തോന്നിപ്പോയ എന്റെ വല്ലാത്ത നിമിഷങ്ങൾ. മുന്നിൽ ഇരിക്കുന്ന കസേരയിൽ മുഖത്തെന്തൊക്കെയോ വല്ലാത്ത ഭാവങ്ങൾ ഒട്ടിച്ച്‌ വെച്ച ഒരുപാട്‌ ബുജികളിരിക്കുന്നു. ഒന്നു ചിരിപ്പിക്കാൻ എന്റെ പോക്കറ്റിൽ 5 പൈസയുടെ തുട്ട്ണ്ടോ എന്ന് നോക്കിപ്പോവുന്ന നിലയിലുള്ള ബോറൻ പരിപാടി. തൊട്ടടുത്തിരിക്കുന്ന കഴുത്തിൽ ബ്ലൊഗ് മീറ്റ് ഡെലിഗേറ്റ്സ്‌ എന്ന് തൂക്കിയ കാർഡുമിട്ടിരിക്കുന്ന രണ്ട്‌ ബ്ലോഗർമാരുടെ മുഖത്തേക്ക്‌ ഞാൻ ഇടക്കിടക്ക്‌ നോക്കിച്ചിരിക്കാൻ ശ്രമിച്ചു.

ഹേയ്‌.. അവർക്കമ്മാതിരി അഹങ്കാരം ഒന്നും ഇല്ലന്ന് എനിക്ക്‌ മനസ്സിലായി. കുറച്ച്‌ നേരം വലത്തേക്കാല്‌ ഇടത്തേ കാലിലേക്കും, പിന്നെ ഇടത്തേക്കാല്‌ വലത്തേക്കാലിലേക്കും, മാറി മാറി കേറ്റിവെച്ച്‌ ഞാനും ഒരു അഹങ്കാരിയെപ്പേലെ അവിടെ ഇരുന്നു. സ്റ്റേജിൽ മാറിമാറി പ്രാസംഗികർ കത്തിക്കയറുമ്പോഴും ഇല്ലാത്ത സമയമുണ്ടാക്കി ഞാൻ പെട്ടു പോയ മഹത്തായൊരു ബ്ലോഗ്‌ മീറ്റിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു എന്റെ മനസ്സ്‌ നിറയേ. ഇങ്ങനെയാണോ ബ്ലോഗ്‌ മീറ്റ്‌ നടത്താറ്‌. പഴയ പരിചയക്കാരെയല്ലാതെ പുതിയ ബന്ധങ്ങളെ ആരും അന്വേഷിക്കാത്തതെന്തേ? എന്താ ഞാനും ഇങ്ങനെ ഇരിക്കുന്നേ? എന്താ ഞാൻ ആരോടും മിണ്ടാത്തത്‌? ആ ഇരിത്തത്തിനിടയിൽ ഞാൻ സ്റ്റേജിലും സദസ്സിലും ഉപവിഷ്ടരായ മഹാ ബ്ലോഗ്‌ സുഹൃത്തുക്കളുടെ ഇടയിൽ എവിടെയെങ്കിലും കണ്ട്‌ മുട്ടിയ പരിചിത മുഖങ്ങളുണ്ടോ എന്നന്വേഷിച്ച്‌ കണ്ണുകൾ പരതി. മൊബെയിലിൽ ക്യാമറയും ഓണാക്കി ഞാൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.

അപ്പോൾ സ്റ്റേജിൽ ജിദ്ദയിലെ മലയാളം ബ്ലോഗർമാരുടെ എണ്ണത്തിൽ കൈവെക്കുകയായിരുന്നു പ്രാസംഗികൻ. 45ഓളം മലയാളം ബ്ലോഗർമാർ ജിദ്ദയിൽ ഉണ്ടെന്ന് പ്രാസംഗികൻ പറഞ്ഞത്‌ ആ സദസ്സിലെ ഏകദേശകണക്ക്‌ സൂചിപ്പിച്ചതായിരിക്കും എന്ന് എനിക്ക്‌ അപ്പഴേ തോന്നി. ജിദ്ദയിലെ മലയാളികൾക്കിടയിൽ മലയാളം ബ്ലോഗിംഗിന്റെ സാദ്ധ്യതകളെ പരിചയപ്പെടുത്തിയ ബീരാൻ കുട്ടിയും ശഫീക്കും ഒന്നും ഇല്ലാത്ത ആ ബ്ലോഗ്‌ മീറ്റ്‌ ഒരു പാർട്ടി മീറ്റിംഗ്‌ പോലെയേ എനിക്ക്‌ തോന്നിയുള്ളൂ.. അതിനപ്പുറത്തെ ബ്ലോഗ്‌ ബന്ധങ്ങളെ അവിടെ ഞാൻ കണ്ടില്ല. അതിനിടക്ക്‌ ഒരു ബ്ലോഗിണിയുടെ ബ്ലോഗ്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ ജിദ്ദയിലെ ഏക വനിതാ ബ്ലോഗർ എന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നും കേട്ടു.. അത്‌ തെറ്റാണ്‌ വേറേയും ഒരാളുണ്ടെന്ന്... ചുണ്ടിൽ വിരിഞ്ഞ ചിരി ഈ വരിയെഴുതുമ്പോഴും അറിയാതെ പൊട്ടിപ്പോകുന്നു. ഫൈസ്ബുക്കിലെ ജിദ്ദാ ബ്ലോഗിൽ രെജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കെടുത്ത്‌ ജിദ്ദാ ബ്ലോഗർമാരുതെ എണ്ണം പറഞ്ഞാൽ ........ എനിക്ക്‌ കണക്കറിയില്ലേയ്‌....

പരിചയമുള്ള ഒരു ബ്ലോഗ്‌ മുഖം കണ്ടു, നമ്മുടെ ബഷീർ വള്ളിക്കുന്ന്. അദ്ധ്യേഹത്തിനായിരുന്നു അനുമോദന സമ്മേളനം നടത്തിയത്‌. [അതും പേഴ്സനലായി അറിയാത്ത ആളായതോണ്ട്‌ ഒരു അന്യനെ പോലെ അകലെ നിന്ന് നോക്കി നിൽകാനേ കഴിഞ്ഞുള്ളൂ... എങ്കിലും ആ സ്റ്റേജിൽ നിന്ന് ഒന്ന് ഇറങ്ങീട്ട്‌ വേണ്ടേ... ഈ കൈ വേണോ വേണ്ടേ എന്നറിയാൻ കഴിയൂ..] പിന്നെ ജിദ്ദാ മലയാളി സാമൂഹിക സാഹിത്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായ ബ്ലോഗർ കൂടിയായ [ഇപ്പോൾ ഇരുട്ടിലാണ്‌] ഉസ്മാൻ ഇരുമ്പുഴിയേയും... എപ്പോഴും കാണുന്ന ആളായതോണ്ട്‌, ഞങ്ങൾക്ക്‌ പറയാൻ വിഷയം ഒന്നും ഇല്ലാതെയും പോയി...

ബ്ലോഗ് മീറ്റിൽ പങ്കെടുത്തിട്ടില്ലാത്ത വരികളിലൂടെ മാത്രം കണ്ടറിഞ്ഞ എന്റെ ദൃഷ്ടിയിൽ ഈ മീറ്റിനെ വിജയം എന്ന് പറയാൻ എനിക്കാവുന്നില്ല. ജിദ്ദയിലെ വമ്പന്മാരായ കോളമെഴുത്തുകാർ എല്ലാ വ്യാഴാഴ്ചയും മൈക്കിനു മുന്നിൽ ഒത്തുകൂടുന്നപോലെ ഒത്തുകൂടി സദസ്സർക്ക് ആവശ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരുപാട് വേണ്ടാത്തതും വേണ്ടതും കൂട്ടിക്കലർത്തി സ്പോൺസറുടെ വകയിൽ ഭക്ഷണം കഴിച്ച് പിരിഞ്ഞ ഒരുവ്യാഴാഴ്ചത്തെ പരിപാടി’. അതിനപ്പുറത്ത് അവരുടെ ഭാഷയിൽ പറഞ്ഞാൽ എഡിറ്റിംഗും കട്ടിംഗും കഫീലും ഒന്നുമില്ലാതെ ഡയറിയെഴുതുന്ന ഈ ഡയറിയെഴുത്തുകാരൻ പ്രതീക്ഷിച്ചതൊന്നും അവിടെ കിട്ടിയില്ല.

നരിയെന്തേ, ബ്ലോഗ് മീറ്റിന് പോയപ്പോൾ എന്നെ വിളിക്കാതിരുന്നതെന്ന് പരിഭവം പറഞ്ഞ എന്റെ സുഹൃത്തിനോട് പറയാൻ ഒരുപാട് ന്യായം ഉണ്ടായിരുന്നു ആ പടികൾ ഇറങ്ങി വീട്ടിലേക്ക് വണ്ടി കയറുമ്പോൾ


.