2008, ജൂലൈ 22, ചൊവ്വാഴ്ച

ബാപ്പാക്കൊരു ഡെഡിക്കേഷൻ

ഉണർന്നെണീറ്റ് റിമോട്ടിന്റെ ബട്ടൺ ഞക്കിപ്പിഴിഞ്ഞ്
ലോകത്തെ ഒരു പെട്ടിക്കൂട്ടിലാക്കി
സമകാലീന മലിന വാർത്തകൾ കണ്ടും കേട്ടും

ഒരു കട്ടൻ ചായക്ക് പ്രിയതമയുടെ
കനിവിനായി കാത്തിരുന്നു
പല്ലു തേക്കാതെ മനുഷ്യാ ചായ തരില്ലയെന്നവൾ

ഉറക്കച്ചടവിലും പിറുപിറുത്തു കൊണ്ടിരിക്കുന്നു
മലിനമായിക്കിടക്കുന്ന നാടിന്റെ നഗ്ന ദൃശ്യങ്ങൾ

കണ്ണിന് കുളിർമ്മയാകുമ്പോൾ
എന്തിനാടീ പല്ല് തേക്കുന്നതെന്ന്
അവൾ കേൾക്കാതെ മുരടനക്കി
അവിശ്വാസങ്ങളും, വിശ്വാസങ്ങളും,

പാഠവും, പുസ്ഥകങ്ങളും, അണുവായുധവുമെല്ലാം
കത്തിക്കരിഞ്ഞ് ദുർഗന്ധം വമിക്കുമ്പോൾ
എല്ലാം കണ്ട്, എല്ലാം ശ്വസിച്ചെങ്ങിനിവൾ കൂർക്കം വലിക്കുന്നു.
ജലപീരങ്കികളാൽ തെരുവിൽ

നദിയൊഴുക്കിക്കളിക്കുന്ന ഈ പോലീസിനെന്താ
പൈപിലൂടെ കുറച്ച് വെള്ളം തിരിച്ച് വിട്ടാലെന്ന്
ബാത്ത് റൂമിലെ കാറ്റ്മാത്രം ചീറിശബ്ദമുണ്ടാക്കുന്ന

പൈപിൽ പിടിച്ച് ചിന്തിച്ചിരിക്കേ
ഇന്നും വെറുതെ കുളിക്കാൻ സമയം കളയണ്ടയെന്ന സത്യം

മനസ്സിന് നനയാത്ത കുളിർമ്മയായി.
വിഢിപ്പെട്ടിയെന്ന് പണ്ട് പറഞ്ഞവർ

ബുദ്ധിജീവികളുടെ മാത്രം വിഹാര ഗേന്ദ്രമയി
വ്യാക്യാനിക്കപ്പെട്ട ചതുരപ്പെട്ടിയിൽ
ഘോരഘോരം കത്തിക്കയറുന്ന നേതാവിന്റെ മുഖത്ത്
ഒരിക്കലും തോറ്റ് കൊടുക്കില്ലന്ന ആവേശം
വാർത്തകളില്ലാത്ത വാർത്തയിലെ

ദൈന്യത കണ്ണുകളെ വീണ്ടുമൊരു
മയക്കത്തിലേക്ക് വലിച്ചെറിയുമെന്ന് ഭയെപ്പെട്ടപ്പോൾ

റിമോട്ടിന്റെ മുഖത്ത് വീണ്ടുമിട്ടലക്കി
മുന്നിൽ അല്പവസ്ത്രധാരിയുടെ കൊഞ്ചലിൽ

പണ്ടത്തെ ചക്കരമാവിൻ ചുവട്ടിൽ
മറന്ന് വച്ച കാമുകിയെ തിരിച്ച്കിട്ടിയ
ആവേശത്തോടെ ചോർന്നൊലിക്കുന്ന പോക്കറ്റിൽ
നിന്നും അവസാനത്തെ നാണയുത്തുട്ടുമെടുത്ത്

അവന്റെ ഇഷ്ടപാട്ടിനായി കെഞ്ചുന്ന പ്രവാസി.
ഇയാൾക്കീ വിളി സ്വന്തം വീട്ടിലേക്ക് വിളിച്ചൂടെ എന്ന്
മനസ്സിൽ കരുതിയിരുന്നപ്പോൾ

മൊബൈലിൽ വയലാറിന്റെ പഴയപാട്ട്
കാതിനൊരു കുളിർമ്മയായി.
മ്യൂട്ട് ഞെക്കി അല്പനേരം റിങ് ടോൺ

ആസ്വദിച്ച് ഫോണെടുത്തപ്പോൾ
ആവശ്യങ്ങളുടെ ഭാണ്ടക്കെട്ടഴിച്ച്

മറുതലക്കൽ ബാപ്പ.
വെറുതയല്ല ഈ പ്രവാസി വീട്ടിലെ നമ്പർ മറന്നതെന്ന് തെല്ലൊരു
അത്ഭുതത്തോടെ ചിന്തിച്ചപ്പോൾ ഈ അവധി ദിനത്തിൽ
പുലർച്ചെയെണീറ്റീ പ്രശ്നപ്പെട്ടിയുടെ മുമ്പിൽ

തപസ്സിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.
പ്രിയതമയുടെ ഗാഢനിദ്രയിൽ അസൂയതോന്നി.
ചാനലിന്റെ അടിയിൽ എഴുതിക്കാണിച്ച ചൂടുള്ള നമ്പറിലേക്ക്
മൊബൈലിന്റെ ബട്ടണുകൾ മറുതലക്കൽ

കിളിനാദം കേൾക്കും വരേ ഞക്കിക്കൊണ്ടിരുന്നു.
ഹലോ,

പേരെന്താണ്,
എവിടെ നിന്നാണ്,
എന്ത് ചെയ്യുന്നു
കിളിക്കൊഞ്ചൽ കാതിലൊരു കിന്നാരമായി പതിഞ്ഞപ്പോൾ
വായിൽ നിന്നുയർന്ന ദുർഗന്ധം വകവെക്കാതെ
അങ്ങേതലക്കൽ മണമടിക്കില്ലന്ന ദൈര്യത്തോടെ

ഒരു ശോകഗാനം ഉപ്പാക്ക് ഡെഡിക്കേഷനിട്ടു….

2008, ജൂലൈ 20, ഞായറാഴ്‌ച

ജീവനെടുക്കുന്ന ജീവൻ

മതമില്ലാത്ത ജീവൻ ഒരു ജീവൻ കവർന്നിരിക്കുന്നു. വിദ്യ പറഞ്ഞ് തരുന്ന അദ്യാപകനെ മർദ്ദിച്ചവശരാക്കി മരണത്തിന് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുന്നു. ആരാണ് പിടഞ്ഞ് തീർന്ന ആ ജീവന്റെ ഉത്തരവാദി. അക്ഷരങ്ങളെ തീയിലേക്കെറിഞ്ഞ് ആ തീ നാളം ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. എന്തിനാണീ പ്രശ്നങ്ങൾ? ആർക്കാണ് ജീവന്റെ മതത്തെ കുറിച്ച് ഇത്ര വലിയ വേവലാതി?

ഏതൊരു പൌരനും അവന്റെ ഇഷ്ടാനുസരണം ഏത് മതവും തിരഞ്ഞെടുക്കാമെന്ന ഇന്ത്യൻ നിയമം നിലനിൽക്കേ ഈ പാഠഭാഗത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. ഏതെങ്കിലും ഒരു പാഠഭാഗത്തിന്റെ ഉള്ളടക്കത്തിന് അനുസൃതമായി പൊട്ടിച്ചിതറുന്നതാണോ നമ്മുടെ വിശ്വാസങ്ങൾ? എല്ലാ മത വിഭാഗങ്ങളേയും കുറിച്ചും പഠന വിധേയമാകുന്ന സുകൂൾ പാഠപുസ്ഥകത്തിൽ മതമില്ലാത്തവർക്കും ഒരിടം കൊടുത്താൽ എന്താണ് തെറ്റ്? കമ്മ്യൂണിസം ഉണ്ടായിരുന്നിടത്തെല്ലാം പരാജയപ്പെട്ട് പൊടിപിടിച്ച പഴയ പ്രമാണങ്ങളായി കിടക്കുമ്പോൾ അതിന്റെ വേരുകൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വിദ്ദ്യാസമ്പന്നമായ കേരളത്തിന്റെ മണ്ണിൽ ഏഴാം ക്ലാസിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് മൂഢ സ്വപ്നം കാണുന്ന ബുദ്ദിജീവികൾ ഇന്ന് കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഏഴാം ക്ലാസിലെ പാഠ പുസ്ഥകത്തിൽ ഞാൻ കണ്ടത്, പ്രധാന അദ്യാപകനോട് കുട്ടിയെ ചേർക്കാൻ വന്ന രക്ഷിതാക്കളുടെ
സംഭാഷണമാണ്. അതിൽ നിരീശ്വര വാദികളായ രണ്ടു അച്ചനമ്മമാരുടെ കുട്ടി, സ്വാഭാവികമായും ഒരു മതത്തെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത പഠിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത അവന് മതങ്ങളെക്കുറിച്ചൊന്നും അറിയില്ല. അവന്റെ മതം അവന് പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് ആ പിതാവ് പറഞ്ഞത്. മറിച്ച് എന്റെ മകന് ഒരു മതവും വേണ്ടന്ന് അയാൾ ശഠിച്ചില്ല. ഇതിൽ ആർക്കാണ് ഇത്ര ഭയം? ഏത് മതവിഭാഗമാണ് ഈ പാഠഭാഗത്തിന്റെ പേരിൽ തകരാൻ പോകുന്നത്. ഒരു പാഠഭാഗത്തിന്റെ പേരിൽ തുമ്മിയാൽ തെറിക്കുന്നതാണോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ. ഒരേ മതവിഭാഗത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അവരവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ച് പോകുന്നു. നാം ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമൊക്കെയായത് നമ്മുടെ മാതാപിതാക്കൾ ആ മതങ്ങളിൽ വിശ്വസിച്ചത് കൊണ്ടാണ്. ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ പറയില്ല, തന്റെ മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കട്ടേ എന്ന്. കാരണം നാം യാഥാസ്തികരാണ്. നമുക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും വിയോജിക്കാൻ കഴിയില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും പാപമെന്ന് കരുതുന്ന തനി യാഥാസ്തികർ. ചിന്താധാരകളെപ്പോലും ഏതെങ്കിലും മതത്തിന്റെ പേരിൽ കൂച്ചുവിലങ്ങിട്ട് നിർത്തി മുരടിച്ച് പോയ നമ്മുടെ മനസ്സുകൾ വിശാലമാവില്ല.

തനികാടത്തമായി വികൃതമാക്കപ്പെട്ട സമരമുറകൾ കൊണ്ട് എല്ലാ രഷ്ട്രീയ പാർട്ടികളും ഇന്നു മത്സരിക്കുകയാണ്. ആരും കാണാത്ത പുതിയ സമരമുറകൾ പരീക്ഷിക്കപ്പെടുമ്പോൾ ഖേദിക്കുന്നത് വിദ്ദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം. നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്യനിറക്കേണ്ട പുസ്ഥകക്കെട്ടുകൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ട് തീ നാളങ്ങൾക്ക് ഭക്ഷണമാക്കിയപ്പോൾ എതിർപ്പാർട്ടികൾ പ്രതിഷേദിച്ചത് പത്രക്കെട്ടുകൾ കത്തിച്ചായിരുന്നു. എല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

വർദ്ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ, ഭീഷണിയായി മാറിയ ഭക്ഷ്യപ്രതിസന്ധിക്കെതിരെ, ദുസ്സഹമായിരിക്കുന്ന ജീവിത പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികൾ വ്യക്തമായ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ഇവിടെ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളുടെ ഒരു വർഷം. പഠിക്കാൻ കഴിയാത്ത, പുസ്ഥകമില്ലാത്ത വിദ്യാലയത്തിനകത്ത് അവന് സമ്മാനിക്കുന്നത് വിദ്യാശൂന്യമായ നാളുകൾ… ഇവരെന്ത് പിഴച്ചു.

2008, ജൂലൈ 19, ശനിയാഴ്‌ച

വെറുതെ ചില നൂക്ലിയർ ആകാംക്ഷകൾ...

അമേരിക്കയുമായുള്ള യു.പി.എ. സർക്കാറിന്റെ ആണവ കരാർ ഒരു മഹാമേരുവായി തലക്കുമുകളിൽ ഭീഷണിയായി നിൽക്കുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ഭൂലോഗത്ത് അങ്ങിങ്ങ് നടക്കുന്നത് കണ്ടു. ഒരോരുത്തരുടേയും അവകാശമായി പലരും പലരുടേയും ആകാക്ഷകൾ അറിയിക്കുന്നു. എവിടെയാണ് സത്യമെന്ന് പൊതുജനം അന്തംവിട്ട് നിൽക്കുന്നു. മുസ്ലിം ലീഗിനെ പോലെ ഒന്നുമറിയാതെ അവർ ആകാംക്ഷാ നിർഭരായി... അധികാരം വിട്ട് യാതൊരു വിട്ട് വീഴ്ചക്കും തയ്യാറാകാത്ത ലീഗിന്റെ നിലപാട് പൊതു ജനത്തിന് പനസ്സിലാകും.

ഇന്ത്യാ മഹാരജ്യത്തിന്റെ പരമോന്നാ‍ധികാരം ഏതെങ്കിലും ഒരു അന്യ രജ്യത്തിന് തീരെഴുതിക്കൊടുക്കുന്നതിനെ ഒരു രാഷ്ട്രീയ പാർട്ടിയും, ഒരു മത വിഭാഗവും, മനസ്സിലെങ്കിലും അംഗീകരിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷേ, 123 കരാറിന്റെ ഉള്ള് തൊട്ട് മനസ്സിലാക്കിയില്ലങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾ പുറമേക്ക് പറയാൻ കോൺഗ്രസ്സ് എന്തിന് മടിക്കുന്നു. കരാർ ഒപ്പിടുന്നതിലൂടെ കമ്മീഷൻ രൂപത്തിൽ ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക ലാഭത്തിൽ മനം മയങ്ങി മന്മോഹൻ സിംഗ് സർക്കാർ ഇന്ത്യയെ ഒറ്റിക്കൊടുക്കുമോ? ചില ദേശസ്നേഹികൾ പരോക്ഷ്മായങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തെങ്കിലുമാവട്ടേ. പക്ഷേ, ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവായുധം തന്നെ വേണ്ടതില്ലന്ന് ശഠിക്കുന്ന കമ്മ്യൂണിസ്റ്റ്കാർ ഈ കരാറിനെ എതിർക്കുന്നതിൽ വലിയ കാരണമായി കാണുന്നത് അമേരിക്കയായത് കൊണ്ടാണ്. ഹൈഡ് ആക്റ്റിന്റെ നിഗൂഢത നിലനിൽക്കുമ്പോഴും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്ത്വ മോഹങ്ങളാണ്. ഇറാഖിലും, അഫിഗാനിലും നടത്തിയ അമേരിക്കൻ ഇടപെടലുകളാണ്. മുസ്ലിം മത വികാരത്തെ പരമാവതി ചൂഷണം ചെയ്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കുകയെന്ന പഴകിയ രാഷ്ട്രീയ തന്ത്രം പയറ്റുന്നതിൽ രണ്ട് കക്ഷികളും എന്നും മുന്നിലായിരുന്നു. ഇന്ന് മർക്സിസ്റ്റ് പാർട്ടിയുടെ ആകെയുള്ള ഒരു ആയുധമായി അത് മാറി. മുസ്ലിം രക്ഷ കമ്യൂണിസത്തിലൂടെയെന്ന് വിളിച്ച് പറഞ്ഞ് നടക്കാൻ തുട്ങ്ങിയിട്ട് നാളേറെയായിരിക്കുന്നു. ഇറാഖ് കണ്ട കൊടും ഭീകരനായ സദ്ധാം ഹുസൈനെ തുകിലേറ്റിയപ്പോൾ ലോകത്തിൽ ഒരിടത്തേ ഹർത്താൽ ഉണ്ടായിട്ടുള്ളൂ. അത് നമ്മുടെ നാടാണ്. ഇറാഖിനേയും, അഫ്ഗാനിസ്ഥാനേയും കുറിച്ച് വേദനയോടെ പുലമ്പുന്ന മാർക്സിസ്റ്റുകാർ വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് ആസ്ഥാനമായിരുന്ന സോവ്യറ്റ് യൂണിയന്റെ അധീനതയിൽ അഫ്ഗാനിസ്ഥാനിലെ മുസ്ലിംഗളെ പീഢനങ്ങളുടെ പർവ്വം കാ‍ണിച്ചത് ലോകം മറന്നിട്ടില്ല. വീണ്ടുമൊരു ഗുജറാത്ത് കാണരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ പിന്നെന്തിന് ബി.ജെ.പിക്കൊപ്പം നിന്ന് യു.പി.എ സർക്കാറിനെ പുറത്താക്കുന്നു. ഇവിടെ മുസ്ലിം സ്നേഹമല്ല, എങ്ങനേയും ഭിന്നിച്ച് നിൽക്കുന്ന മുസ്ലിം വോട്ടുകളാണ് കണ്ണിൽ. യു.പി.യെ സർക്കാറിന് ഭൂരിപക്ഷം കാണിക്കാൻ കഴിഞ്ഞാൽ ആണവ കരാർ നടപ്പാക്കുന്ന കാര്യത്തിൽ ഇനി സംശയമുണ്ടാകില്ല. എന്നാൽ, യു.പി.എ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരികയും ബി.ജെ.പി സർക്കാർ അധികാരത്തിലേറുകയും ചെയ്താൽ എല്ലാ ചെയ്തികളും വെറുതെയാകും. ബി.ജെ.പി ഒരിക്കലും ആണവ കരാറിനെ എതിർത്തിട്ടില്ല. പക്ഷെ, ഹൈഡ് ആക്റ്റിനെക്കുറിച്ചുള്ള അവരുടെ നിലപാട് മാത്രമാണ് ഇനി അറിയാനുള്ളത്.

ഇവിടെ, ഒന്നും പറയാൻ കഴിയാതെ, പറഞ്ഞിട്ടും ആരും കേൾക്കാനില്ലാതെ എല്ലാ കോണിലേക്കും കാതുകൾ കൂർപ്പിച്ച് വച്ച് നിൽക്കുകയാണ് പൊതു ജനം. അവർക്കും പലതു പറയാനുണ്ടാകും. അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അവരുടേതാകണം അവസാന വാക്ക്. അതിന് ഒരു വഴിയേ ഉള്ളൂ. അവിശ്വാസ പ്രമേയത്തിന് പകരം മന്ത്രിസഭ പിരിച്ച് വിടുക. ആണവ കരാർ മുഖ്യ അജണ്ഡയായി ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ തയ്യാറാവുക. ജനങ്ങൾ പറയട്ടേ എന്തു വേണമെന്ന്.