2008, ജൂലൈ 23, ബുധനാഴ്‌ച

ഒരു മഴക്കാലത്ത് .... ഭാഗം 6

സുകുവിന്റെ ടൈലർ ഷാപ്പിൽ നിലത്ത് കുമിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന വെട്ടുകഷ്ണങ്ങൾക്ക് മുകളിൽ ആകാശവാണിയിലൂടെ ഒഴുകിവരുന്ന പാട്ടും കേട്ട് കിടക്കാൻ നല്ല സുഖം തോന്നി. വയലാറിന്റെ പഴയ വരികളിലെ ഒരിക്കലും മരിക്കാത്ത ഈണം എത്രവട്ടം കേട്ടാലും മതിവരില്ല. പക്ഷേ, ഈ സുന്ദര ഗാനം അന്തരീക്ഷത്തിൽ ഒരു കുളിരായി അലിഞ്ഞ് ചേരുമ്പോഴും ഒരു അപശബ്ദം പോലെ സുകുവിൽ നിന്നും ഒരു തമിഴ് പാട്ട് അലയടിച്ച് കൊണ്ടിരുന്നു. ഇളയദളപതി അണ്ണാ വിജയിന്റെ ആരാധകനായ സുകുവിന്റെ ചുണ്ടുകളിൽ എപ്പോഴും ഒരു തമിഴ് പാട്ട് മൂളിക്കൊണ്ടിരിക്കും.തുന്നൽ മെഷീന്റെ കര കര ശബ്ദത്തിൽ അലിഞ്ഞ് ചേരുമെങ്കിലും ആ പാട്ടുകൾ മൂളാതെ കാലുകൾ മെഷീന്റെ പെടലിൽ താളം ചവിട്ടില്ലന്ന് തോന്നും. ചുണ്ടിൽ എപ്പോഴും എരിയുന്ന ദിനേശ് ബീഡി സുകുവിന്റെ ചുണ്ടുകൾക്ക് ഒരു അലങ്കാരമാണ്. എന്തിനേയും ഏതിനേയും വലരെ അത്ഭുതത്തോടെ വീക്ഷിക്കുന്ന സുകുവിന്റെ സാമീപ്യം എപ്പൊഴും ഒരു തനി ഗ്രാമീണ വാസിയുടെ എല്ലാ നിശ്കളങ്കതയോടേയും നമുക്ക് ആസ്വദിക്കാം.

രണ്ടു ദിവസമായി മഴ പെയ്തിട്ടില്ല. മരച്ചില്ലകൾ ഒന്നനങ്ങാൻ പോലും കൂട്ടാക്കാതെ ഒരു ഇളം കാറ്റിന്റെ സാമീപ്യം ആഗ്രഹിച്ച് നിൽ‌പ്പാണ്. മഴയില്ലങ്കിൽ ചൂടിന്റെ കാഠിന്യം കൂടുന്നു. ആകാശത്ത് പെയ്യാൻ മടിച്ച് കൂടിനിൽക്കുന്ന മഴക്കാറുകൾ ശരീരത്തിൽ വിയർപ്പു കണങ്ങളായി പൊടിയാൻ തുടങ്ങി. നല്ല ചൂട്. നേരെ ശരീരത്തിലേക്ക് തിരിച്ച് വെച്ച ടേബ്ബിൾ ഫാൻ എത്ര കറങ്ങിയിട്ടും ചൂടുകാറ്റ് മാ‍ത്രം വീശി. ആകെ ഒരസ്വസ്ഥത തോന്നിയപ്പോൾ ഞാൻ എണീറ്റു. അരയിൽ നിന്നും ഊർന്ന് തുടങ്ങിയ പുള്ളിത്തുണി മുറുക്കിയെടുത്ത് വരാന്തയിൽ വന്ന് നിന്നു. മുകളിലത്തെ നിലയിലാണങ്കിലും ഒരു ഇളം കാറ്റുപോലും വീശാൻ മറന്ന് പ്രക്ര്ഹ്തി സ്തംഭിച്ചു നിൽക്കുന്നു. കഠിനമായ ഉഷ്ണത്തിൽ ശരീരം അസ്വസ്ഥതയോടെ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ ഒരു പൂതി. പുഞ്ചക്കുളത്തിൽ ഒന്നു പോയി മുങ്ങിക്കുളിച്ചാലോ… ഈ നട്ടുച്ചക്ക് കുളത്തിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ നല്ല രസമായിരിക്കും. അബുവിനെ കൂടി കൂട്ടാമായിരുന്നു. അവൻ പക്ഷേ, ഇന്ന് പെണ്ണ് കാണാൻ പോയതാണ്. അഞ്ചാമത്തെ കാണലാണ്. ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു. പാവം. സുന്ദരനാണങ്കിലും എന്തോ ഒരു ഭാഗ്യ ദോഷം അവനെ വിടാതെ പിന്തുടരുന്നു. 4 പ്രാവശ്യവും ഞാനും കൂടെ പോയിരുന്നു. എന്തോ എനിക്കീ പെണ്ണ് കാണൽ ചടങ്ങ് അത്ര രസമുള്ള കാര്യമായി തോന്നിയില്ല. എല്ലാം പറഞ്ഞുറപ്പിച്ച് എല്ലാ വിവരങ്ങളും പരസ്പരം പറഞ്ഞ് പോയാലും എന്തെങ്കിലും കാരണത്താൽ അതങ്ങ് മുടങ്ങും. ചിലപ്പോൾ പെണ്ണിന്റെ സൌന്ദര്യക്കുറവ്, അതുമല്ലങ്കിൽ സ്ത്രീധനത്തിന്റെ കുറവ് അങ്ങിനെ പലതും ഉളളതും ഇല്ലാത്തതുമായ കാര്യങ്ങളാൽ കല്യാണം മുടങ്ങും. എല്ലാം ഒത്ത് വന്നാൽ നാട്ടിലെ പ്രസിദ്ദമായ “കാസർറ്റും” [കല്യാണം മുടക്കികൾ എന്ന ഒരു വിഭാഗം ഉണ്ട്] ഇവിടെ, ഒരായിരം പ്രതീക്ഷകളുമായി ഉടുത്തൊരുങ്ങി കയ്യിൽ ചായഗ്ലാസുമായി കല്യാണച്ചന്തയിൽ കാഴ്ച്ച വസ്തുവാകുന്ന പെണ്ണിനെ കുറിച്ച്, അവളുടെ വിങ്ങുന്ന മനസ്സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാത്രി തലയണയിൽ മുഖം പൂഴുത്തി കരഞ്ഞ് കരഞ്ഞ് മറവിയുടെ കാണാതുരുത്തിലേക്ക് അവളന്ന് കണ്ട മുഖവും വലിച്ചെറിയും. ആരോടും ഒരു പരിഭവവും പറയാതെ അവൾ തന്റെ പുത്തൻ വസ്ത്രങ്ങൾ അലക്കിത്തേച്ച് വക്കും... വീണ്ടും ഒരാൾ വരുന്നതും കാത്ത്…

“സുക്വോ.. ഞമ്മക്ക് പുഞ്ചക്കുഴീ പോയി ഒന്ന് കുളിച്ച് വന്നാലോ” ചിന്തകളെ തൽക്കാലം വിശ്രമിക്കാൻ വിട്ട് ഞാൻ സുകുവിനോട് ചോതിച്ചു.

“ഇല്ലടാ.. നീ പോ…ഞാനിതൊന്ന് തീർക്കട്ടേ.. രണ്ടീസം കഴിഞ്ഞാ സ്കൂള് തൊർക്കും. അതിന് മുമ്പ് ഇതൊക്ക് തീർത്ത് കൊട്ത്തില്ലങ്കി കുട്ടികളെന്റെ പെടലിക്ക് പിടിക്കും” എന്റെ കൂടെ പോരാൻ കഴിയാത്ത വിഷമം മറച്ച് വച്ച് അവൻ പറഞ്ഞു. മറ്റാരേയും കൂടെ കൂട്ടാൻ താത്പര്യം തോന്നിയില്ല. തൊട്ടടുത്തുള്ള ജയന്റെ വീഡിയോഷോപ്പിൽ കുറേ കുട്ടികൾ സിനിമ കാണുന്നുണ്ട്. ആരേയും വിളിച്ചില്ല.

സുകുവിനോട് ഞാൻ വരാന്ന് പറഞ്ഞ് പടികളിറങ്ങി താഴേക്ക് നടന്നു. ആകാശവാണിയിൽ നിന്നുയരുന്ന ശുദ്ദസംഗീതവും, വീഡിയോഷോപ്പിലെ സിനിമാ ശബ്ദരേഖയും, തുന്നൽ മിഷീനിന്റെ ശബ്ദവും അലിഞ്ഞ് മിശ്രിതമായ ശബ്ദം അകന്ന് പോയിക്കൊണ്ടിരുന്നു. റോഡിൽ നിന്നും അല്പം അകലെയാണ് പുഞ്ചക്കുഴി. റോഡിൽനിന്നിറങ്ങി അലിയുടെ വീടിന്റെ മുന്നിലൂടെ തൊടികൾ താണ്ടി ഇടതൂർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ വേണം പുഞ്ചക്കുഴിയിലെത്താൻ. സുർഹ്ര്ഹ്ത്ത് കൂടിയായ അലിയുടെ വീടിന്റെ മുറ്റത്തോട് ചേന്നുള്ള നടവഴിയിലൂടെ നടന്നപ്പോൾ ആസ്യാത്ത വാതിൽ പടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു. സംസാരിക്കാൻ നിന്നാൽ നിർത്താൻ അല്പം ബുദ്ധിമുട്ടും എന്നത് കൊണ്ട് മുഖം കൊടുക്കാതെ ഞാൻ വേകം നടന്നു. അപ്പോൾ ഒക്കത്ത് നിൽക്കാതെ കരയുന്ന ചെറിയ കുഞ്ഞിനേയും പിടിച്ച് അലിയുടെ പെങ്ങൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി നൽകി അവൾ ഉള്ളിലേക്ക് തന്നെ വലിഞ്ഞു.

തട്ടുതട്ടുകളായി നിൽക്കുന്ന പഴയ പാടശേഖരത്തിന്റെ അവശിഷ്ടങ്ങളിൽ നിരന്ന് കിടക്കുന്ന കവുങ്ങിൻ മരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ നല്ല തണുപ്പ്. എത്ര വെയിലേറ്റാലും ചൂട് എത്താത്ത ഇടതൂർന്ന കവുങ്ങിൻ തോട്ടങ്ങൾ പെരിന്താറ്റിരിയുടെ സൌഭാഗ്യങ്ങളാണ്. പുഞ്ച്ക്കുഴിയെലെത്തിയപ്പോൾ ആരുമില്ല. നട്ടുച്ചക്ക് ഈ പാവം പ്രവാസിയല്ലാതെ മറ്റാര് വരാൻ. ഞാൻ ഷർട്ടും ബനിയനും ഊരി നിലത്തിട്ട് പുഞ്ചക്കുഴി ആകെ ഒന്ന് വീക്ഷിച്ചു. ഇഗ്ലീഷിൽ എൽ എന്നഴുതിയപോലെ. പണ്ട് കണ്ട ആ കുളമല്ല. ഒരു പാട് ചെറുതായ പോലെ. ഒരു മൂലയിൽ പരന്ന അലക്കുകല്ല് വച്ചിരിക്കുന്നു. അതിന്റെ അറ്റത്തായി പതിച്ച് വെച്ച സാബൂനിന്റെ കഷ്ണം പറ്റിപ്പിടിച്ച് കിടക്കുന്നു. രണ്ട് കവുങ്ങുകൾ ചേർത്ത് കെട്ടിവെച്ച അയലിൽ നിലത്തിട്ട വസ്ത്രം എടുത്ത് തൂക്കി കൂടെ തുണിയും അഴിച്ച് ബർമ്മുഡ മാ‍ത്രം ധരിച്ച് ഞാൻ കുളിക്കാൻ തയ്യാറെടുത്തു. കാൽ വെള്ളത്തിലേക്ക് തട്ടിയപ്പോൾ അടിയിൽ നിന്നും ഒരു തണുപ്പ് അരിച്ച് കയറി. കയ്യിലെ രോമഗൂപങ്ങൾ എഴുന്നേറ്റ് നിന്നു. അല്പ് നേരം അങ്ങനെത്തന്നെ നിന്നു. പിന്നെ മെല്ലെ കുളത്തിലേക്കിറങ്ങി. ഇറങ്ങുമ്പോൾ ശരീരത്തിനോടൊപ്പം മനസ്സും തണുത്തുറക്കുന്നുണ്ടായിരുന്നു. ഒന്നു മുങ്ങി ഉയർന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ വരുന്നതും, മുകളിൽ നിന്ന് മുട്ടിയിട്ടും, സൂചിച്ചാട്ടം ചാടിയുമെല്ലാം കളിച്ച് ഉല്ലസിച്ച വർഷങ്ങളുടെ പിറകിലേക്ക് മനസ്സ് ഒരു നിമിഷം തെന്നി നീങ്ങി. അന്നൊക്കെ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്ന പുഞ്ചക്കുഴിതന്നെയാണോ ഇത്. ഇതിലേക്കാണോ പണ്ട് 8 മീറ്ററോളം ഉയരത്തിൽ നിന്ന് സൂചിച്ചാട്ടം ചാടിയിരുന്നത്. ഇതിലാണോ പണ്ട് തലങ്ങും വിലങ്ങും ഞങ്ങൾ നീന്തിക്കളിച്ചിരുന്നത്. നീർന്ന് വിലങ്ങനെ കിടന്നാൽ ഇരു ഭിത്തികളും ശരീരത്തിൽ തട്ടിനിൽക്കുന്ന ഈ കുളത്തിലെങ്ങനെ പത്തിലതികം പേർ ഒരേ സമയം നീന്തിക്കുളിച്ചിരുന്നത്. ഒരുപാട് ഒരുപാട് ചെറുതായിരിക്കുന്നു. കാലുകളിൽ പരൽമീനുകൾ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വെറുതെ കാലിളക്കി ഒന്ന് നീന്താൻ ശ്രമിച്ചപ്പോൾ അടിയിൽ നിന്നും ഊറിനിന്ന ചേറ്‌ പൊന്തി വെള്ളം കലങ്ങാൻ തുടങ്ങി. ഏതായാലും നനഞ്ഞതല്ലേ.. ഞാൻ ശരിക്കും ആ ചെറിയ കുളത്തിൽ തലങ്ങും വിലങ്ങും കാലിട്ടടിച്ച് നീന്തി. ആരും കാണാനില്ലാത്തത് കൊണ്ടു തന്നെ ഞാൻ അല്പനേരത്തേക്ക് ഒരു കൊച്ച് കുട്ടിയായി. ഒരുപ്രത്യേക ആവേശത്തിൽ പുഞ്ച്ക്കുഴിയുടെ ഓരോ മുക്കും മൂലയും തൊട്ട് നീന്തി തകർത്താടി ഞാൻ കരക്ക് കയറിയിരുന്നു. താഴെ കുളത്തിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു. കലങ്ങിമറിഞ്ഞ കുളം ഒരു കൊയ്ത്ത് കഴിഞ്ഞ പാടം പോലെ തോന്നിച്ചു. ശരീരത്തിൽ ആകെ ചളി ഊറി പറ്റിപ്പിടിച്ചിരിക്കുന്നു. ചേറിന്റേയും പരൽ മീനിന്റേയും മനം പുരട്ടുന്ന മണം മൂക്കിലടിച്ചെങ്കിലും അതൊരു രസമായിട്ടെടുത്തു.

“ഹയ്യേ, ആകെ കലങ്ങീക്കണു. എങ്ങനേ ഇനി തിരുമ്പ്വാ”

പിന്നിൽ ഒരു വലിയ തുണിക്കെട്ടുമായി സലീനയും അനിയത്തിയും. ബർമ്മുഡയിട്ട് നനഞ്ഞ്കുതിർന്ന് നിൽക്കുന്ന എന്നെയും കലങ്ങിമറിഞ്ഞ പുഞ്ചക്കുളത്തിലേക്കും സലീന മാറി മാറി നോക്കി.

“ഏത് കുട്ട്യാളാ ഇപ്പോ ഇവിടെ ചാടിക്കുളിച്ചത്, കാദറും ഈ ചളിവെള്ളത്തിലാ കുൾച്ചത്?”

ഹാവൂ, ആശ്വാസമായി. എവൾ എന്നെ സംശയിക്കുന്നില്ല. അല്ലെങ്കിലും ഈ നട്ടുച്ചക്ക് ഈ പുഞ്ചക്കുഴിയിൽ ചാടി, നീന്തിക്കുളിച്ച് കലക്കാൻ മാത്രം ഈ നാട്ടിലെ ആണുങ്ങൾക്ക് പിരന്തൊന്നുമില്ലന്ന് അവൾ കരുതിയിരിക്കണം.

“ഹല്ല, ഞാനിപ്പോ വന്നതേള്ളൂ, ഒന്നിറങ്ങിക്കയറി, ആകെ കലങ്ങിയ വെള്ളായിരുന്നു. ഇനി നീ എങ്ങനാ തിരുമ്പ്വാ” അവളോടെന്തോ ഒരു സഹതാപം തോന്നി. ദൂരെയുള്ള വീട്ടിൽ നിന്ന് വലിയൊരു ഭാണ്ടക്കെട്ടുമായി അലക്കാൻ വന്നിട്ട് വെറുതെ മടങ്ങേണ്ടി വരുമല്ലോ. ഞാൻ അയലിൽ നിന്നും തുണിയെടുത്ത് നനഞ്ഞ ബർമുഡക്ക് മീതെ വാരിച്ചുറ്റി കുപ്പായവും ബനിയനും ഇട്ടു.

“സാരല്യ. ഈ ചളി പ്പോ ഊറിക്കോളും. ഏതായാലും ഈ കുരുത്തം കെട്ട കുട്ട്യാള്….. സ്കൂള് തുറക്കുന്നത് വരേ ഇനി ഈ വയ്ക്ക് നോക്കണ്ട…”

പൊന്നാര സലീനാ ഈ കുട്ടി സ്കൂൾ തുറന്നാലും ഇവിടെണ്ടാകും. ഇനിയും ക്ര്ഹ്ത്യം 25 നാൾ കഴിയണം ഈ കുട്ടിയുടെ വിക്ര്ഹ്തികൾക്ക് വിരാമമാകാൻ. അതുവരേ തുടരാനാ എനിക്ക് മോഹം. ഉള്ളിൽ തന്നോട് തന്നെ പറഞ്ഞ് ചെറു പുഞ്ചിരിയുമായി ഞാൻ വരമ്പ് കയറി നടന്നു. തുണിക്കടിയിൽ നനഞ്ഞ് ബർമ്മുഡയിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റു വീഴുന്നത് കണ്ടു സലീനയും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ വെളുത്ത വട്ടമുഖത്ത് പുഞ്ചിരിച്ചപ്പോൾ ഒരു നുണക്കുഴി വിരിയുന്നത് എടക്കണ്ണിട്ട് നോക്കി ഞാൻ ഇളം പുല്ലുകൾ കിളിർത്തു തുടങ്ങിയ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു. പിന്നിൽ ചളി ഊറിത്തുടങ്ങിയ പുഞ്ചക്കുഴിയിലേക്ക് ഇനിയും നിലത്ത് വെക്കാത്ത തുണിക്കെട്ടും അരയിൽ കെട്ടിപ്പിടിച്ച് സലീന നിർവ്വികാരനായി നിന്നു. കാഴ്ചകൾ അവസാനിക്കുന്നിടത്ത് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ അവളെ കണ്ടില്ല. കുളത്തിലേക്ക് ഇറങ്ങിയിരിക്കണം.
ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോള്‍ മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറി വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്‍ക്കുന്നുണ്ടായിരുന്നു.

തുടരും..

2008, ജൂലൈ 22, ചൊവ്വാഴ്ച

ബാപ്പാക്കൊരു ഡെഡിക്കേഷൻ

ഉണർന്നെണീറ്റ് റിമോട്ടിന്റെ ബട്ടൺ ഞക്കിപ്പിഴിഞ്ഞ്
ലോകത്തെ ഒരു പെട്ടിക്കൂട്ടിലാക്കി
സമകാലീന മലിന വാർത്തകൾ കണ്ടും കേട്ടും

ഒരു കട്ടൻ ചായക്ക് പ്രിയതമയുടെ
കനിവിനായി കാത്തിരുന്നു
പല്ലു തേക്കാതെ മനുഷ്യാ ചായ തരില്ലയെന്നവൾ

ഉറക്കച്ചടവിലും പിറുപിറുത്തു കൊണ്ടിരിക്കുന്നു
മലിനമായിക്കിടക്കുന്ന നാടിന്റെ നഗ്ന ദൃശ്യങ്ങൾ

കണ്ണിന് കുളിർമ്മയാകുമ്പോൾ
എന്തിനാടീ പല്ല് തേക്കുന്നതെന്ന്
അവൾ കേൾക്കാതെ മുരടനക്കി
അവിശ്വാസങ്ങളും, വിശ്വാസങ്ങളും,

പാഠവും, പുസ്ഥകങ്ങളും, അണുവായുധവുമെല്ലാം
കത്തിക്കരിഞ്ഞ് ദുർഗന്ധം വമിക്കുമ്പോൾ
എല്ലാം കണ്ട്, എല്ലാം ശ്വസിച്ചെങ്ങിനിവൾ കൂർക്കം വലിക്കുന്നു.
ജലപീരങ്കികളാൽ തെരുവിൽ

നദിയൊഴുക്കിക്കളിക്കുന്ന ഈ പോലീസിനെന്താ
പൈപിലൂടെ കുറച്ച് വെള്ളം തിരിച്ച് വിട്ടാലെന്ന്
ബാത്ത് റൂമിലെ കാറ്റ്മാത്രം ചീറിശബ്ദമുണ്ടാക്കുന്ന

പൈപിൽ പിടിച്ച് ചിന്തിച്ചിരിക്കേ
ഇന്നും വെറുതെ കുളിക്കാൻ സമയം കളയണ്ടയെന്ന സത്യം

മനസ്സിന് നനയാത്ത കുളിർമ്മയായി.
വിഢിപ്പെട്ടിയെന്ന് പണ്ട് പറഞ്ഞവർ

ബുദ്ധിജീവികളുടെ മാത്രം വിഹാര ഗേന്ദ്രമയി
വ്യാക്യാനിക്കപ്പെട്ട ചതുരപ്പെട്ടിയിൽ
ഘോരഘോരം കത്തിക്കയറുന്ന നേതാവിന്റെ മുഖത്ത്
ഒരിക്കലും തോറ്റ് കൊടുക്കില്ലന്ന ആവേശം
വാർത്തകളില്ലാത്ത വാർത്തയിലെ

ദൈന്യത കണ്ണുകളെ വീണ്ടുമൊരു
മയക്കത്തിലേക്ക് വലിച്ചെറിയുമെന്ന് ഭയെപ്പെട്ടപ്പോൾ

റിമോട്ടിന്റെ മുഖത്ത് വീണ്ടുമിട്ടലക്കി
മുന്നിൽ അല്പവസ്ത്രധാരിയുടെ കൊഞ്ചലിൽ

പണ്ടത്തെ ചക്കരമാവിൻ ചുവട്ടിൽ
മറന്ന് വച്ച കാമുകിയെ തിരിച്ച്കിട്ടിയ
ആവേശത്തോടെ ചോർന്നൊലിക്കുന്ന പോക്കറ്റിൽ
നിന്നും അവസാനത്തെ നാണയുത്തുട്ടുമെടുത്ത്

അവന്റെ ഇഷ്ടപാട്ടിനായി കെഞ്ചുന്ന പ്രവാസി.
ഇയാൾക്കീ വിളി സ്വന്തം വീട്ടിലേക്ക് വിളിച്ചൂടെ എന്ന്
മനസ്സിൽ കരുതിയിരുന്നപ്പോൾ

മൊബൈലിൽ വയലാറിന്റെ പഴയപാട്ട്
കാതിനൊരു കുളിർമ്മയായി.
മ്യൂട്ട് ഞെക്കി അല്പനേരം റിങ് ടോൺ

ആസ്വദിച്ച് ഫോണെടുത്തപ്പോൾ
ആവശ്യങ്ങളുടെ ഭാണ്ടക്കെട്ടഴിച്ച്

മറുതലക്കൽ ബാപ്പ.
വെറുതയല്ല ഈ പ്രവാസി വീട്ടിലെ നമ്പർ മറന്നതെന്ന് തെല്ലൊരു
അത്ഭുതത്തോടെ ചിന്തിച്ചപ്പോൾ ഈ അവധി ദിനത്തിൽ
പുലർച്ചെയെണീറ്റീ പ്രശ്നപ്പെട്ടിയുടെ മുമ്പിൽ

തപസ്സിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.
പ്രിയതമയുടെ ഗാഢനിദ്രയിൽ അസൂയതോന്നി.
ചാനലിന്റെ അടിയിൽ എഴുതിക്കാണിച്ച ചൂടുള്ള നമ്പറിലേക്ക്
മൊബൈലിന്റെ ബട്ടണുകൾ മറുതലക്കൽ

കിളിനാദം കേൾക്കും വരേ ഞക്കിക്കൊണ്ടിരുന്നു.
ഹലോ,

പേരെന്താണ്,
എവിടെ നിന്നാണ്,
എന്ത് ചെയ്യുന്നു
കിളിക്കൊഞ്ചൽ കാതിലൊരു കിന്നാരമായി പതിഞ്ഞപ്പോൾ
വായിൽ നിന്നുയർന്ന ദുർഗന്ധം വകവെക്കാതെ
അങ്ങേതലക്കൽ മണമടിക്കില്ലന്ന ദൈര്യത്തോടെ

ഒരു ശോകഗാനം ഉപ്പാക്ക് ഡെഡിക്കേഷനിട്ടു….

2008, ജൂലൈ 20, ഞായറാഴ്‌ച

ജീവനെടുക്കുന്ന ജീവൻ

മതമില്ലാത്ത ജീവൻ ഒരു ജീവൻ കവർന്നിരിക്കുന്നു. വിദ്യ പറഞ്ഞ് തരുന്ന അദ്യാപകനെ മർദ്ദിച്ചവശരാക്കി മരണത്തിന് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുന്നു. ആരാണ് പിടഞ്ഞ് തീർന്ന ആ ജീവന്റെ ഉത്തരവാദി. അക്ഷരങ്ങളെ തീയിലേക്കെറിഞ്ഞ് ആ തീ നാളം ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. എന്തിനാണീ പ്രശ്നങ്ങൾ? ആർക്കാണ് ജീവന്റെ മതത്തെ കുറിച്ച് ഇത്ര വലിയ വേവലാതി?

ഏതൊരു പൌരനും അവന്റെ ഇഷ്ടാനുസരണം ഏത് മതവും തിരഞ്ഞെടുക്കാമെന്ന ഇന്ത്യൻ നിയമം നിലനിൽക്കേ ഈ പാഠഭാഗത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. ഏതെങ്കിലും ഒരു പാഠഭാഗത്തിന്റെ ഉള്ളടക്കത്തിന് അനുസൃതമായി പൊട്ടിച്ചിതറുന്നതാണോ നമ്മുടെ വിശ്വാസങ്ങൾ? എല്ലാ മത വിഭാഗങ്ങളേയും കുറിച്ചും പഠന വിധേയമാകുന്ന സുകൂൾ പാഠപുസ്ഥകത്തിൽ മതമില്ലാത്തവർക്കും ഒരിടം കൊടുത്താൽ എന്താണ് തെറ്റ്? കമ്മ്യൂണിസം ഉണ്ടായിരുന്നിടത്തെല്ലാം പരാജയപ്പെട്ട് പൊടിപിടിച്ച പഴയ പ്രമാണങ്ങളായി കിടക്കുമ്പോൾ അതിന്റെ വേരുകൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വിദ്ദ്യാസമ്പന്നമായ കേരളത്തിന്റെ മണ്ണിൽ ഏഴാം ക്ലാസിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് മൂഢ സ്വപ്നം കാണുന്ന ബുദ്ദിജീവികൾ ഇന്ന് കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഏഴാം ക്ലാസിലെ പാഠ പുസ്ഥകത്തിൽ ഞാൻ കണ്ടത്, പ്രധാന അദ്യാപകനോട് കുട്ടിയെ ചേർക്കാൻ വന്ന രക്ഷിതാക്കളുടെ
സംഭാഷണമാണ്. അതിൽ നിരീശ്വര വാദികളായ രണ്ടു അച്ചനമ്മമാരുടെ കുട്ടി, സ്വാഭാവികമായും ഒരു മതത്തെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത പഠിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത അവന് മതങ്ങളെക്കുറിച്ചൊന്നും അറിയില്ല. അവന്റെ മതം അവന് പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് ആ പിതാവ് പറഞ്ഞത്. മറിച്ച് എന്റെ മകന് ഒരു മതവും വേണ്ടന്ന് അയാൾ ശഠിച്ചില്ല. ഇതിൽ ആർക്കാണ് ഇത്ര ഭയം? ഏത് മതവിഭാഗമാണ് ഈ പാഠഭാഗത്തിന്റെ പേരിൽ തകരാൻ പോകുന്നത്. ഒരു പാഠഭാഗത്തിന്റെ പേരിൽ തുമ്മിയാൽ തെറിക്കുന്നതാണോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ. ഒരേ മതവിഭാഗത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അവരവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ച് പോകുന്നു. നാം ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമൊക്കെയായത് നമ്മുടെ മാതാപിതാക്കൾ ആ മതങ്ങളിൽ വിശ്വസിച്ചത് കൊണ്ടാണ്. ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ പറയില്ല, തന്റെ മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കട്ടേ എന്ന്. കാരണം നാം യാഥാസ്തികരാണ്. നമുക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും വിയോജിക്കാൻ കഴിയില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും പാപമെന്ന് കരുതുന്ന തനി യാഥാസ്തികർ. ചിന്താധാരകളെപ്പോലും ഏതെങ്കിലും മതത്തിന്റെ പേരിൽ കൂച്ചുവിലങ്ങിട്ട് നിർത്തി മുരടിച്ച് പോയ നമ്മുടെ മനസ്സുകൾ വിശാലമാവില്ല.

തനികാടത്തമായി വികൃതമാക്കപ്പെട്ട സമരമുറകൾ കൊണ്ട് എല്ലാ രഷ്ട്രീയ പാർട്ടികളും ഇന്നു മത്സരിക്കുകയാണ്. ആരും കാണാത്ത പുതിയ സമരമുറകൾ പരീക്ഷിക്കപ്പെടുമ്പോൾ ഖേദിക്കുന്നത് വിദ്ദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം. നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്യനിറക്കേണ്ട പുസ്ഥകക്കെട്ടുകൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ട് തീ നാളങ്ങൾക്ക് ഭക്ഷണമാക്കിയപ്പോൾ എതിർപ്പാർട്ടികൾ പ്രതിഷേദിച്ചത് പത്രക്കെട്ടുകൾ കത്തിച്ചായിരുന്നു. എല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

വർദ്ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ, ഭീഷണിയായി മാറിയ ഭക്ഷ്യപ്രതിസന്ധിക്കെതിരെ, ദുസ്സഹമായിരിക്കുന്ന ജീവിത പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികൾ വ്യക്തമായ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ഇവിടെ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളുടെ ഒരു വർഷം. പഠിക്കാൻ കഴിയാത്ത, പുസ്ഥകമില്ലാത്ത വിദ്യാലയത്തിനകത്ത് അവന് സമ്മാനിക്കുന്നത് വിദ്യാശൂന്യമായ നാളുകൾ… ഇവരെന്ത് പിഴച്ചു.

2008, ജൂലൈ 19, ശനിയാഴ്‌ച

വെറുതെ ചില നൂക്ലിയർ ആകാംക്ഷകൾ...

അമേരിക്കയുമായുള്ള യു.പി.എ. സർക്കാറിന്റെ ആണവ കരാർ ഒരു മഹാമേരുവായി തലക്കുമുകളിൽ ഭീഷണിയായി നിൽക്കുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ഭൂലോഗത്ത് അങ്ങിങ്ങ് നടക്കുന്നത് കണ്ടു. ഒരോരുത്തരുടേയും അവകാശമായി പലരും പലരുടേയും ആകാക്ഷകൾ അറിയിക്കുന്നു. എവിടെയാണ് സത്യമെന്ന് പൊതുജനം അന്തംവിട്ട് നിൽക്കുന്നു. മുസ്ലിം ലീഗിനെ പോലെ ഒന്നുമറിയാതെ അവർ ആകാംക്ഷാ നിർഭരായി... അധികാരം വിട്ട് യാതൊരു വിട്ട് വീഴ്ചക്കും തയ്യാറാകാത്ത ലീഗിന്റെ നിലപാട് പൊതു ജനത്തിന് പനസ്സിലാകും.

ഇന്ത്യാ മഹാരജ്യത്തിന്റെ പരമോന്നാ‍ധികാരം ഏതെങ്കിലും ഒരു അന്യ രജ്യത്തിന് തീരെഴുതിക്കൊടുക്കുന്നതിനെ ഒരു രാഷ്ട്രീയ പാർട്ടിയും, ഒരു മത വിഭാഗവും, മനസ്സിലെങ്കിലും അംഗീകരിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷേ, 123 കരാറിന്റെ ഉള്ള് തൊട്ട് മനസ്സിലാക്കിയില്ലങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾ പുറമേക്ക് പറയാൻ കോൺഗ്രസ്സ് എന്തിന് മടിക്കുന്നു. കരാർ ഒപ്പിടുന്നതിലൂടെ കമ്മീഷൻ രൂപത്തിൽ ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക ലാഭത്തിൽ മനം മയങ്ങി മന്മോഹൻ സിംഗ് സർക്കാർ ഇന്ത്യയെ ഒറ്റിക്കൊടുക്കുമോ? ചില ദേശസ്നേഹികൾ പരോക്ഷ്മായങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തെങ്കിലുമാവട്ടേ. പക്ഷേ, ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവായുധം തന്നെ വേണ്ടതില്ലന്ന് ശഠിക്കുന്ന കമ്മ്യൂണിസ്റ്റ്കാർ ഈ കരാറിനെ എതിർക്കുന്നതിൽ വലിയ കാരണമായി കാണുന്നത് അമേരിക്കയായത് കൊണ്ടാണ്. ഹൈഡ് ആക്റ്റിന്റെ നിഗൂഢത നിലനിൽക്കുമ്പോഴും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്ത്വ മോഹങ്ങളാണ്. ഇറാഖിലും, അഫിഗാനിലും നടത്തിയ അമേരിക്കൻ ഇടപെടലുകളാണ്. മുസ്ലിം മത വികാരത്തെ പരമാവതി ചൂഷണം ചെയ്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കുകയെന്ന പഴകിയ രാഷ്ട്രീയ തന്ത്രം പയറ്റുന്നതിൽ രണ്ട് കക്ഷികളും എന്നും മുന്നിലായിരുന്നു. ഇന്ന് മർക്സിസ്റ്റ് പാർട്ടിയുടെ ആകെയുള്ള ഒരു ആയുധമായി അത് മാറി. മുസ്ലിം രക്ഷ കമ്യൂണിസത്തിലൂടെയെന്ന് വിളിച്ച് പറഞ്ഞ് നടക്കാൻ തുട്ങ്ങിയിട്ട് നാളേറെയായിരിക്കുന്നു. ഇറാഖ് കണ്ട കൊടും ഭീകരനായ സദ്ധാം ഹുസൈനെ തുകിലേറ്റിയപ്പോൾ ലോകത്തിൽ ഒരിടത്തേ ഹർത്താൽ ഉണ്ടായിട്ടുള്ളൂ. അത് നമ്മുടെ നാടാണ്. ഇറാഖിനേയും, അഫ്ഗാനിസ്ഥാനേയും കുറിച്ച് വേദനയോടെ പുലമ്പുന്ന മാർക്സിസ്റ്റുകാർ വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് ആസ്ഥാനമായിരുന്ന സോവ്യറ്റ് യൂണിയന്റെ അധീനതയിൽ അഫ്ഗാനിസ്ഥാനിലെ മുസ്ലിംഗളെ പീഢനങ്ങളുടെ പർവ്വം കാ‍ണിച്ചത് ലോകം മറന്നിട്ടില്ല. വീണ്ടുമൊരു ഗുജറാത്ത് കാണരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ പിന്നെന്തിന് ബി.ജെ.പിക്കൊപ്പം നിന്ന് യു.പി.എ സർക്കാറിനെ പുറത്താക്കുന്നു. ഇവിടെ മുസ്ലിം സ്നേഹമല്ല, എങ്ങനേയും ഭിന്നിച്ച് നിൽക്കുന്ന മുസ്ലിം വോട്ടുകളാണ് കണ്ണിൽ. യു.പി.യെ സർക്കാറിന് ഭൂരിപക്ഷം കാണിക്കാൻ കഴിഞ്ഞാൽ ആണവ കരാർ നടപ്പാക്കുന്ന കാര്യത്തിൽ ഇനി സംശയമുണ്ടാകില്ല. എന്നാൽ, യു.പി.എ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരികയും ബി.ജെ.പി സർക്കാർ അധികാരത്തിലേറുകയും ചെയ്താൽ എല്ലാ ചെയ്തികളും വെറുതെയാകും. ബി.ജെ.പി ഒരിക്കലും ആണവ കരാറിനെ എതിർത്തിട്ടില്ല. പക്ഷെ, ഹൈഡ് ആക്റ്റിനെക്കുറിച്ചുള്ള അവരുടെ നിലപാട് മാത്രമാണ് ഇനി അറിയാനുള്ളത്.

ഇവിടെ, ഒന്നും പറയാൻ കഴിയാതെ, പറഞ്ഞിട്ടും ആരും കേൾക്കാനില്ലാതെ എല്ലാ കോണിലേക്കും കാതുകൾ കൂർപ്പിച്ച് വച്ച് നിൽക്കുകയാണ് പൊതു ജനം. അവർക്കും പലതു പറയാനുണ്ടാകും. അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അവരുടേതാകണം അവസാന വാക്ക്. അതിന് ഒരു വഴിയേ ഉള്ളൂ. അവിശ്വാസ പ്രമേയത്തിന് പകരം മന്ത്രിസഭ പിരിച്ച് വിടുക. ആണവ കരാർ മുഖ്യ അജണ്ഡയായി ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ തയ്യാറാവുക. ജനങ്ങൾ പറയട്ടേ എന്തു വേണമെന്ന്.

2008, ജൂലൈ 13, ഞായറാഴ്‌ച

പൊട്ടിത്തെറിക്കുന്ന കേരളം

ആഘോഷിക്കാൻ നമുക്കെന്തിന്
സ്ഫോടക വസ്തുക്കൾ?
ഭക്ഷിക്കാൻ നമുക്കെന്തിന്
വിഷപധാർത്ഥങ്ങൾ?
തീ നാളങ്ങൾ ഏറ്റുവാങ്ങുന്ന
സ്വപ്ന സൗധങ്ങൾ നമുക്ക്‌ പാഠമാകട്ടേ..
ആശുപത്രിക്കിടക്കയിൽ അവസാനിക്കുന്നജീവിതങ്ങൾ
നമുക്കുണർവ്വേകട്ടേ..
ഋതുക്കളുടെ വിയർപ്പുതുള്ളികൾ
സ്വപ്ന ഗോപുരങ്ങളായി ഉയരുമ്പോഴും
പ്രതീക്ഷിക്കുക....
വിശന്ന് വലഞ്ഞ തീ നാളങ്ങൾ
നമുക്ക്‌ ചുറ്റുമുണ്ടെന്ന്..
പല വർണ്ണ രൂപ വ്യത്യാസങ്ങളിൽ നാം
വളർത്തുന്നുണ്ടന്ന്...
ആമ്പൽക്കുളങ്ങളും, കേരമരങ്ങളും, നെൽപ്പാടങ്ങളും
ധന്യമാക്കേണ്ട നമ്മുടെ നാട്‌,
ഉഗ്ര സ്ഫോടനങ്ങൾ കേട്ട്‌ വിറങ്ങലിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടെന്ന്സ്വയം അഹങ്കരിക്കുമ്പോഴും,
അറിയാതെയെങ്കിലും മനസ്സിൽ ഉയരുന്നു...
ചോതിച്ച്‌ പോകുന്നു....
ദൈവമേ നീ എവിടെയാണ്...?

സിഗരറ്റിന്റെ വിലാപം

ചുണ്ടിൽ എരിയുന്ന സിഗരറ്റിനും ഒരു കഥ പറയാനുണ്ടാകും
നിന്റെ തുടുത്ത അധരങ്ങളിൽ എന്തിനെന്നെ
ബലികൊടുക്കുന്നുവെന്ന്അവൻ വിലപിച്ചിരിക്കണം.
പക്ഷേ,
എരിഞ്ഞില്ലാതാകുമ്പോഴും ഈ തീ അണക്കരുതെന്ന് അവൻ
കേണപേക്ഷിച്ചിട്ടുണ്ടാകുമോ?
തീ അണക്കപ്പെട്ട വെറുമൊരു കുറ്റിയായി എന്നെ
അവഗണിക്കരുതെന്നവൻ അധരങ്ങളോട്‌ മന്ത്രിച്ചിട്ടുണ്ടാവാം
കാലിയാക്കപ്പെടുന്ന പാക്കറ്റുകളിൽ ഒറ്റയാനാകുന്നതിനേക്കാൾ
ഭേദം എന്നെ തീ കൊളുത്തൂ എന്ന സിഗരറ്റിന്റെ വിലാപം
ഒരു ആത്മഹത്യക്കുള്ള സൂചനയാണോ
ഒരു പക്ഷേ,
വിരഹത്തേക്കാൾ സുഖം
മരണത്തിനാണന്നവൻ ചിന്തിച്ചിട്ടുണ്ടാകും.
ഉയർന്ന് പൊങ്ങുന്ന പുകച്ചുരുളുകളിൽ
നൃത്തം വെക്കുന്നത്‌ അവന്റെ ആത്മാവായിരിക്കാം.
അന്തരീക്ഷത്തിൽ ഗതികിട്ടാതെ അലയുമ്പോഴും
ആ ആത്മാവ്‌ ആരെയോ തിരയുന്നുണ്ടാവും,
അത്‌ ഒരു പക്ഷേ,
അവന്റെ വിധി നിർണ്ണയിക്കപ്പെട്ട്‌ അധരങ്ങളെയാവാം

2008, ജൂലൈ 12, ശനിയാഴ്‌ച

മോഹിനി

ശരറാന്തൽ ഒളിമിന്നുന്ന പൂമുഖത്ത്‌
നിന്റെ നാണത്തിൽ വിടർന്ന മന്ദഹാസം,
ചേതോഹരമാകുന്ന നിൻ നയനങ്ങളിൽ
പ്രേമത്തിൻ കൗതുകം ഞാൻ കണ്ടു.
വിരുപ്പമെന്നുള്ളിൽ നുരയുന്നു
മോഹത്തിൻ ദിക്കറിയാത്തൊരു കളിയോടമാണു ഞാൻ
നീ എന്റെ ഹൃദയത്തിലെ പ്രണയപാനപാത്രം
നൽകുമോ..
എനിക്കു നിൻ സ്നേഹപാനം
പഞ്ചരത്നമുതിരുന്ന നിൻ കളമൊഴികൾ
കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു
ഉറങ്ങാത്ത രാവുകളിൽ കുളിർമ്മഴ പെയ്യുമ്പോൾ
കൂട്ടിനായ്‌ നിന്നെ ഞാൻ മോഹിച്ചു.

...ഒരു മഴക്കാലത്ത്.....5

എന്നും പ്രസന്നഭാവത്തോടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന മൂത്താപ്പാന്റെ ഇരിപ്പ്‌ കണ്ടപ്പോൾ എന്റെ മനസ്സ്‌ ഒന്ന് പിടഞ്ഞു. അരികെയുള്ള കാലിയായ കട്ടിലിൽ രണ്ട്‌ വർഷം മുമ്പ്‌ വരുമ്പോൾ ഒരാൾ കൂടി ഇവിടെ കിടന്നിരുന്നു. തന്റെ മൂർദ്ദാവിൽ നിറഞ്ഞൊഴുകിയ കണ്ണീരോടെ ചുമ്പിച്ച്‌ യാത്രയാക്കുമ്പോൾ അന്ന് അമ്മായി പറഞ്ഞു.
"ഞ്ഞി ജ്ജ്‌ വരുമ്പോ ഞാണ്ടാകൂലാ" അറം പറ്റിയപോലെ ആവാക്കുകൾ യാഥാർത്ത്യമായി. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു. ഒരു പക്ഷെ, മരണം കണ്മുന്നിൽ കണ്ട്‌ തന്നെയാവാം അമ്മായി അങ്ങനെ പറഞ്ഞത്‌.
സ്നേഹമതിയായിരുന്ന ആ വൃദ്ധ മനസ്സ്‌ എന്നും നന്മയുടെ നിറകുടമായിരുന്നു. വയ്യാതെ കിടക്കുകയായിരുന്നിട്ടും എനിക്ക്‌ പ്രിയപ്പെട്ട ഹല്വ്വയും തേങ്ങയും പ്ലൈറ്റിൽ നിന്ന് എടുത്ത്‌ എന്റെ വായിലേക്ക്‌ വച്ച്‌ തന്നപ്പോൾ ആ സ്നേഹപ്രകടത്തിന് മുമ്പിൽ കണ്ണുകൾ ഈറനണിഞ്ഞു.
"അനക്ക്‌ പ്പളും മധുരം നല്ലഷ്ടംതന്നെല്ലെ" ആ മധുരം വായിലൂടെ മനസ്സിലേക്ക്‌ ഏറ്റ്‌ വാങ്ങുകയായിരുന്നു.
അപ്പോഴേക്കും ഈറനണിഞ്ഞ കണ്ണുകളിൽ നിന്നും നീരൊലിച്ചിറങ്ങിയിരുന്നു. കണ്ണുനീർ തുടച്ച്‌ അമ്മായിയോടും മൂത്താപ്പാനോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അമ്മായിയിൽ നിന്നുയർന്ന നേർത്ത കരച്ചിലിന്റെ ശബ്ദം കാതുകളിൽ ഒരു വേദനയായി ഇന്നും തങ്ങിനിൽക്കുന്നു.
മൂത്താപ്പാന്റെ കണ്ണുകളിലേക്ക്‌ നോക്കി ഞാൻ കുറേ നേരം അവിടെയിരുന്നു. ആ കണ്ണുകളിലെ ദൈന്യത എന്റെ മനസ്സിൽ പുതിയ മുറിവുകളുണ്ടാക്കി. വളരെ ഉന്മേശത്തോടെ എവിടെയും എന്തിനും മുന്നിലുണ്ടായിരുന്ന മൂത്താപ്പാന്റെ എന്തിനേയോ ഭയക്കുന്നവണ്ണ അകലേക്ക്‌ തുറിച്ച്‌ നോക്കിയുള്ള ഇരിപ്പ്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. ചുളിഞ്ഞ്‌ കറുത്ത മുഖത്ത്‌ കണ്ണുകൾ കാണാത്ത വിധം കുഴിയിലായിരിക്കുന്നു. പുറത്ത്‌ വരാൻ മടിച്ച്‌ എവിടെയോ ഉരതി അവ്യക്തമാകുന്ന ശബ്ദം. ജനലഴികൾക്കിടയിലൂടെ പുറത്തെ വിശാലമായ ലോകത്തേക്ക്‌ നോക്കിയിരിക്കുന്ന ആ മനസ്സ്‌ വായിക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.
അകത്തെ ഹാളിൽ കാളിംഗ്‌ ബെല്ലടിക്കുന്നതും ആരോചെന്ന് വാതിൽ തുറക്കുന്നതും കേട്ടു. മൂത്താപ്പാനെ കാണാൻ ആരോവന്നതാവണം. കാലടിശബ്ദം ഈ മുറിക്ക്‌ മുൻപിലേക്ക്‌ നീങ്ങുന്നതെന്ന് തോന്നുന്നു.
"അസ്സലാമു അലൈകും" എനിക്ക്‌ ആളെ മനസ്സിലായില്ല. ആദ്ധ്യമായി കാണുകയായിരുന്നു. 60 കഴിഞ്ഞ മെലിഞ്ഞ്‌ നീണ്ട്‌ പുഞ്ചിരിക്കുന്ന മുഖത്തോടെ ഒരാൾ.
"വ അലൈകും സലാം"
മൂത്താപ്പ എണീക്കാൻ തത്രപ്പെട്ട്‌ സലാം മടക്കി. ഞാനും സലാം മടക്കി എണീറ്റ്‌ നിന്നു.
കയ്യിൽ ഒരു കീസിൽ ആപിളുമായി അയാൾ മൂത്താപ്പാന്റെ കട്ടിലിൽ സമീപമായി ഇരുന്നു.
'ബാക്കർന്റെ അമ്മോസനാ' മൂത്താപ്പ അവ്യക്തമായ ഭാഷയിൽ പരിചയപ്പെടുത്തി. ആ ശബ്ദം കാതുകൾകൊണ്ട്‌ വലിച്ചെടുക്കാൻ ഞാൻ പ്രയാസപ്പെട്ടു. പ്രസാദമായ ഒരു ചിരിയോടെ ആ നല്ലമനുഷ്യൻ എന്റെ കയ്യിൽ പിടിച്ച്‌ വിവരങ്ങൾ അന്വേഷിച്ചു. മൂത്താപ്പ, ഞാൻ ആരാണെന്നും, എവിടെയാണെന്നും, ഇപ്പോൾ വന്നതാണെന്നും തുടങ്ങി എന്റെ ജീവ ചരിത്രങ്ങൾ അയാളോട്‌ അവ്യക്തമെങ്കിലും വിവരിച്ച്‌ കൊടുത്തുകൊണ്ടിരുന്നു.

പുതിയ ബന്ധങ്ങൾ, പുതിയ ആളുകൾ, പുതിയ കഥകൾ, പുതിയ നാടുകൾ, പുതിയ പരിചയങ്ങൾ.. ഓരോ അവധിക്കാലവും കൂടിച്ചേരലുകളുടെ സംഗമവേദിയാകുന്നു. അയാൾ ഒരുപാട്‌ വിശേഷങ്ങൾ പറഞ്ഞു. കുടുംബങ്ങളെ കുറിച്ചും, അവരുടെ സുഖവിവരവും എല്ലാം. ആഴ്ചയിലൊരിക്കലെങ്കിലും അയാൾ മൂത്താപ്പാന്റെ സുഖാന്വേഷണം തിരക്കി ഇവിടെ വരാറുണ്ട്‌. കുറേ നാളായി വീടിന്റെ മുറ്റത്തിനപ്പുറം ഒരു വലിയ ലോകം തന്റെ കാഴ്ചകളെ മറച്ച്‌ നിൽക്കുമ്പോൾ ഈ സന്ദർശ്ശനങ്ങൾ മൂത്താപ്പാക്ക്‌ നല്ല ആശ്വാസമാകുന്നു.
മുറ്റത്ത്‌ ഉയർന്ന് നിൽക്കുന്ന വരിക്കപ്ലാവിന്റെ ചില്ലകളിൽ ഇളം കാറ്റിന്റെ ശീൽകാരം. കിഴക്കേമാനത്തുണ്ടായിരുന്ന വെളുത്ത മേഘനാരുകൾ കറുത്തിരുണ്ടിരിക്കുന്നു. ജനൽപാളികളിലൂടെ ഇരുണ്ട ആകാശത്തേക്ക്‌ നോക്കിയിരുന്ന മൂത്താപ്പാന്റെ കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭീതി തെളിഞ്ഞു. ജനൽപടിയിൽ മുട്ട്‌ കുത്തിയിരുന്നിടത്ത്‌ നിന്നും നിരങ്ങി കട്ടിലിന്റെ മൂലയിലേക്ക്‌ വലിഞ്ഞു. മൂത്താപ്പാന്റെ മനസ്സറിഞ്ഞെന്നോണം ബാക്കറിന്റെ അമ്മോശൻ ജനൽ വാതിലുകൾ അടച്ച്‌ കുറ്റിയിട്ടു. റൂമിന്റെ വാതിൽ അടച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച്‌ നിന്ന ഞാൻ റൂമിൽ നിന്നും ആശങ്കയോടെ പുറത്ത്‌ കടന്നു. പുറത്ത്‌ ഡൈനിംഗ്‌ ഹാളിൽ ഞങ്ങളുടെ സംസാരം ശ്രവിച്ചിരുന്ന പെണ്ണുങ്ങളോട്‌ ഞാൻ കാര്യം തിരക്കി.
"ഒന്നൂല്ല്യടാ, ഇപ്പാക്ക്‌ മയ വല്ല്യപേട്യാ, മയ വര്‌ണത്‌ കണ്ടാപിന്നെ എല്ലാ വാതിലും ജനാതിലും ഒക്കെ അടച്ചവിടെരിക്കും" മാനൂന്റെ ഭാര്യ ഇമ്മുട്ടിയാണ്‌ മറുപടി തന്നത്‌.
കണ്ട്‌ മനസ്സിലാകാത്ത മൂത്താപ്പാന്റെ രോഗവിവരങ്ങൾ ഞാൻ അവരോട്‌ അന്വേഷിച്ചറിഞ്ഞു.
മഴ മേഘങ്ങളെ കീറിമുറിച്ച്‌ ഭൂമിക്ക്‌ സാഫല്യമേകി. അൽപം ശക്തിയോടെത്തന്നെയാണ് പെയ്യുന്നത്‌. ഇറയത്ത്‌ നിന്ന് ചീറ്റിയടിച്ച്‌ ചീത്തലിൽ പൂമുഖം നനഞ്ഞ്‌ കുതിർന്നു. കാറ്റിന്റെ ദിശക്കനുസരിച്ച്‌ മഴ ചെരിഞ്ഞ്‌ പെയ്യുന്നത്‌ കാണാൻ നല്ലം രസം തോന്നി. എങ്കിലും മഴവന്നാൽ ഏതോ ഭയാനകമായ ഓർമ്മയിൽ ചിതറിത്തെറിക്കുന്ന എന്റെ മൂത്താപ്പാന്റെ മനസ്സിനെ കുറിച്ച്‌ ഓർത്തപ്പോൾ എവിടെയോ ഒരു നീറ്റൽ.
മഴ ചോരുന്നത്‌ വരെ കാത്തിരിക്കാൻ എനിക്ക്‌ നേരമില്ലായിരുന്നു.
"ഞാനെറങ്ങ്വാ, മഴ ചോരുമ്പോത്തിന് നേരം വൈകും"
എല്ലാവരോടും യാത്ര പറഞ്ഞു. ബാക്കറിന്റെ അമ്മോശനോട്‌ പ്രത്യേകം സലാം പറഞ്ഞ്‌ ഞാൻ പിന്നാമ്പുറത്തെ പുളിമരച്ചോട്ടിൽ നിർത്തിയിട്ട കാറിലേക്ക്‌ നടന്നു. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പുളിമരത്തിനെ ചുവട്ടിൽ ഇത്ര ശക്തമായി മഴപെയ്തിട്ടും കാര്യമായ നനവൊന്നും കണ്ടില്ല. ഇടക്ക്‌ ചില്ലകളിൽ നിന്നും കാറിന്റെ മുകളിലേക്ക്‌ വലിയ ഒറ്റത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. വീടിന്റെ മുറ്റത്തേക്ക്‌ കൊത്തിയുണ്ടാക്കിയ ടാറിടാത്ത റോട്ടിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നു. നനഞ്ഞ്‌ കുതിർന്ന് കുത്തനെയുള്ള ചളിനിറഞ്ഞ പാതയിലൂടെ ആ വാഹനം മെല്ലെ അരിച്ചിറങ്ങി. തുടരും...

2008, ജൂലൈ 9, ബുധനാഴ്‌ച

ആരാണു നീ..?

ആരാണു നീ..?
എന്റെ മനസ്സിലൊരു ആശതൻ നൈർമ്മല്യമേകിയൊഴുകിയ തെന്നലേ
നീ ആര്..?
ഏകാന്തമാമെൻ നിശകളിൽ തഴുകിയുറക്കും സ്വപ്നമേ
ആരാണു നീ..?
വിഷാദമുണ്ടോ നിൻ രാഗങ്ങളിൽ?
ഇടറുന്നുണ്ടോ നിൻ അധരങ്ങൾ?
നീ ആരായിരുന്നാലും....
ഊഷ്മരമാമീ ഭൂമികയിലൊരു മലർവ്വാടിയായി നീ വിടരുകില്ലേ..?
നിശ്ശബ്ദമാമെൻ വീഥികളിലൊരു സംഗീതമായി നീ ഒഴുകുകില്ലേ..?
അന്ധകാരമെൻ നടപ്പാതയിലൊരു താരകമായ്‌ നീ ഉധിക്കുകില്ലേ..?
എങ്കിലും...
അരുനീ...?

2008, ജൂലൈ 6, ഞായറാഴ്‌ച

ഒരു മഴക്കാലത്ത്....4

രണ്ട്‌ മൂന്ന് ദിവസങ്ങൾ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാതെ കഴിഞ്ഞു. മഴയുടെ കിലുകിലുക്കവും, മന്ദമാരുതന്റെ തഴുകലും കൊണ്ട്‌ നൈർമ്മല്യമേറിയ മനസ്സുമായി എന്റെ ദിനങ്ങൾ വർണ്ണാഭമായി കടന്നുപോയി.

മഴപെയ്ത്‌ ചോർന്ന ഒരു പ്രഭാതത്തിൽ വീട്ടിന്റെ അടുത്ത്‌ തന്നെ ഉള്ള പറമ്പിലേക്ക്‌ ഞാൻ വെറുതെ നടന്നു. മഴത്തുള്ളികൾ കിനിഞ്ഞിറങ്ങി സൂര്യരശ്മികളെറ്റ്‌ വെട്ടിത്തിളങ്ങുന്ന പുൽതകിടിലൂടെ നടക്കാൻ നല്ല രസം തോന്നി. തിങ്ങിനിടഞ്ഞ കശുമാവിൻ ചുവട്ടിലൂടെ നടന്നപ്പോൾ ഇളം കാറ്റിൽ കുലുങ്ങി ഇലകളിൽ നിന്നും വെള്ളത്തുള്ളികൾ പൊഴിഞ്ഞ്‌ വീണപ്പോൽ, ശരീരത്തോടൊപ്പം മനസ്സും കുളിർത്തു. ബാല്യത്തിൽ കൂട്ടുകാരോടൊത്ത്‌ തെച്ചിപ്പഴം പറിച്ച്‌ നടന്നത്‌, പൂച്ചെടിയുടെ ഇലയും കുരുവും തെങ്ങിന്റെ ആരും കൂട്ടി ചവച്ച്‌ തിന്ന് കാർന്നോന്മാരെപ്പോലെ മുറുക്കി ചുവപ്പിച്ച്‌ നടന്നത്‌, പറുങ്കിമാങ്ങ കുറുക്കിയെടുത്ത്‌ കടിച്ചാപർച്ചി ഉണ്ടാക്കി തിന്നത്‌, ഒലഞ്ചുന്ന പൂച്ചെടിക്കമ്പെടുത്ത്‌ കമ്യൂണിസ്റ്റപ്പയുടെ തലഭാഗം വെട്ടി മത്സരിച്ച്‌ കളിച്ചത്‌ എല്ലാം ഒരു മിന്നായം പോലെ മനസ്സിലേക്ക്‌ ഒാടിയെത്തി. മുട്ടോളം വളർന്ന് നിൽക്കുന്ന പുൽതകിടിയിലൂടെ നടക്കുമ്പോൾ അകലെ തീക്ഷണമായ സൂര്യതാപമേറ്റ്‌ വെറുങ്ങലിച്ച്‌ നിൽക്കുന്ന മണൽതരികളെ ഓർത്തുനോക്കി.

വിചനമായ കുന്നിപ്പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത്‌ നനഞ്ഞ്‌ കുതിർന്ന കറുത്ത പാറയിൽ ഞാനിരുന്നു. അകലെ കാച്ചിനിക്കാടിന്റെ ഇടതൂർന്ന് നിലക്കുന്ന തെങ്ങിൻ തോപ്പുകൾ, കാറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്ന കവുങ്ങിൻ മരങ്ങൾ. ഒരുകാലത്ത്‌ കാച്ചിനിക്കാടിന്റെ ഒരു വശത്ത്‌ അറ്റം കാണാതെ നീണ്ട്‌ കിടന്നിരുന്ന നെൽപാടത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി ഒരു സുവർണ്ണകാലത്തിന്റെ ഓർമ്മകൾ നൽകി നിൽക്കുന്നു. പാടം നികത്തി ഉയർന്ന് പൊങ്ങുന്ന കോൺക്രീറ്റ്‌ കാടുകൾ ഒരു ശാപം കണക്കെ മുക്കിലും മൂലയിലും കാണാം. മൂർദ്ധാവിൽ ചുവന്ന തട്ടമിട്ട്‌ ഒരു അപായ സൂചനകണക്കെ അവ നിരന്ന് കിടക്കുന്നു. എങ്ങുനിന്നോ ഒഴുകിവന്ന ശക്തിയേറിയ ഒരു കാറ്റ്‌ കശുമാവുകളെ കുലുക്കി കറ്റന്നുപോയി, മഴപെയ്ത പോലെ ശരീരത്തിലേക്ക്‌ ശിഖിരങ്ങളിൽ നിന്നും വെള്ളത്തുള്ളികൾ ചീറ്റിയടിച്ചു. അപ്പോഴാണ് കിഴക്കേമാനത്ത്‌ കനത്ത്‌ കൂടിയിരിക്കുന്ന കാർമേഘം കണ്ണിൽപെട്ടത്‌. മാനം വീണ്ടും ഒരു മഴക്ക്‌ കോപ്പുകൂട്ടുകയാണ്.


"ക്വേ.............ക്‌"
"ക്വേ.............ക്‌"


കുന്നിപ്പറമ്പിന്റെ ദിക്കുകളെ പ്രകമ്പനം കൊള്ളിച്ച്‌ ഒരു ശബ്ദം. ഞാൻ അറിയാതെ ഇരിന്നിടത്ത്‌ നിന്നും എണീറ്റു. ചുറ്റും നോക്കി. ഒന്നും കാണാനില്ല, ഞാൻ ഒച്ചകേട്ട ഭാഗത്തേക്ക്‌ മെല്ലെ ശബ്ദമുണ്ടാക്കാതെ നടന്നു. കൂട്ടമായി നിൽക്കുന്ന ചന്ദനമരത്തിന്റെ ഉടയിലൂടെ ഞാൻ പതുങ്ങി ചുറ്റുപാടുമൊന്ന് വീക്ഷിച്ചു. ഒന്നും കാണാനില്ല. എന്തായിരിക്കും അത്‌. ഏതോ ജീവിയുടെ കരച്ചിലാണ്. തീർച്ച....ഇത്‌ വരെ കേട്ടിട്ടില്ലാത്ത ശബ്ദം... ഉള്ളിൽ ചെറു ഭീതിയോടെയാണെങ്കിലും എന്താണെന്നറിയാനുള്ള ജിക്ഞ്ഞാസ എന്നെ ഒന്നു കൂടി തിരയാൻ നിർബന്ധിച്ചു. പടിഞ്ഞാറെ മാനത്ത്‌ ഒരു വെള്ളിടി വെട്ടി. ഒരു ഇളം കാറ്റ്‌ പോകാൻ വിസമ്മതിച്ച്‌ അവിടെയൊക്കെ വീശിക്കൊണ്ടിരുന്നു. മഴ തിമിർത്ത്‌ പെയ്യാനുള്ള ഒരുക്കത്തിലാണ്. വേഗം വീട്ടിലേക്ക്‌ പോയില്ലങ്കിൽ മുഴുവൻ നനയും. അടുത്തൊന്നും ഒരു വീടുപോലുമില്ല. താഴെ ജ്യേഷ്ടന്റെ പണിതീരാത്ത വീടാണുള്ളത്‌. അവിടേക്ക്‌ പോയാലോ.. പക്ഷേ, ആ അപരിചിതമായ ശബ്ദത്തിന്റെ ഉടമയെ കാണാതെ എങ്ങനെ പോകും.

"ക്വേ..........ക്‌"

വീണ്ടും അതേ ശബ്ദം. ഇപ്പോൾ അൽപം അടുത്ത്‌ നിന്നാണന്ന് ശബ്ദവ്യതിയാനത്തിൽ നിന്നും മനസ്സിലായി. ഒപ്പം ഒരു ഭീതി മനസ്സിനെ പിടികൂടി. അടുത്ത്‌ ഒന്നു നിലവിളിച്ചാൽ പോലും ആരും കേൾക്കാൻ പോകുന്നില്ല. എന്തായാലും അറിഞ്ഞിട്ട്‌ തന്നെ കാര്യം. അൽപം ധൈര്യം സംഭരിച്ച്‌ ശബ്ദം കേട്ട ഭാഗത്തേക്ക്‌ വീണ്ടും നടന്നു. കുറച്ച്‌ പോയതേ ഉള്ളൂ, നിലത്തേക്ക്‌ വള്ളിപോലെ പടർന്നിറങ്ങിയ കശുമാവിൻ ചില്ലകൾക്കിടയിലൂടെ ഞാൻ കണ്ടു. എന്താണത്‌.. ഞാൻ വീണ്ടും നോക്കി, കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. എന്റെ കണ്ണുകളെ വിശ്വസിപ്പിച്ചെടുക്കാൻ അൽപം സമയമെടുത്തു. ഭാരതമാതാവ്‌ ഈ ഓണം കേറാമൂലയിൽ നേരിട്ടിറങ്ങി നൃത്തം ചെയ്യുകയോ. ദേശീയ പക്ഷി... മയിൽ... അതിന്റെ സ്വരൂപത്തിൽ ആടിക്കൊണ്ടിരിക്കുന്നു. പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പെരിന്താറ്റിരിയിൽ മയിലുണ്ടെന്ന്. ഒരിക്കലും സത്യമായിരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാലിതാ എല്ലാ അവിശ്വാസങ്ങളേയും കാറ്റിൽ പറത്തി ഇന്ത്യാമഹാരജ്യത്തിന്റെ ഔദ്ധ്യോഗിക പക്ഷി എന്റെ ഈ ചെറുഗ്രാമത്തിന്റെ ആരും കാണാത്ത സുന്ദരമായ പുൽമേട്ടിൽ മനോഹരമായി നൃത്തം ചെയ്യുന്നു.

അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക്‌ നീണ്ടു. ഈ അസുലഭ നിമിഷം മൊബെയിലിൽ പകർത്തണം. പക്ഷേ, എന്നും ശാപമായി വിടാതെ പിന്തുടരുന്ന മറവി അതെടുക്കതെ പോന്നിരിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ നഗ്ന നേത്രങ്ങൾകൊണ്ട്‌ എന്റെ ഗ്രാമത്തിൽ വെച്ച്‌ കാണാൻ കഴിയുമോ എന്നറിയില്ല. വെറുതെ വീട്ടിലിരിക്കുമ്പോൾ ഒറ്റക്ക്‌ ഈ പറമ്പിലേക്ക്‌ പോരാൻ തിരക്ക്‌ കൂട്ടിയ മനസ്സിനെ ഞാൻ സ്വയം അഭിനന്ദിച്ചു. മഴക്ക്‌ കോപ്പുകൂട്ടുന്ന പ്രകൃതിക്ക്‌ സ്വാഗതമോതി മയിൽ തകർത്താടുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ കുറേനേരം ആ മനോഹരമായ കാഴ്ച കണ്ട്‌ കൊണ്ടിരുന്നു. എവിടെ നിന്നായിരിക്കും ഇവിടേക്ക്‌ മയിലെത്തിയതെന്ന് ഇന്നും അക്ഞ്ഞാതമായി തുടരുന്നു. കുറേ വർഷങ്ങളായി ഇവിടെ മയിലുണ്ടെന്ന് പറഞ്ഞ്‌ കേൾക്കുന്നു. പക്ഷേ, ഇതെവിടെ നിന്നു വന്നു. എങ്ങനെ എത്തിപ്പെട്ടു. എത്ര എണ്ണമുണ്ട്‌ എന്നൊന്നും ആർക്കുമറിയില്ല. ഇത്‌ പെരിന്താറ്റിരിയുടെ സൗഭാഗ്യമാണ്. കൂടുതൽ കാഴ്ച്ചക്ക്‌ സമയം അനുവദിക്കാതെ ആകാശം ശക്തമായ ഒരു ഇടിമിന്നലോടെ മഴ വർഷിച്ചു. പെട്ടന്ന് മയിൽ കുന്നിപ്പറമ്പിന്റെ തെക്കെ ദിശയിലേക്ക്‌ പറന്ന് പോയി. കൺകുളിർക്കെ ആ കാഴ്ച്ചക്ക്‌ സാക്ഷിയായി മഴയും നനഞ്ഞ്‌ ഞാൻ നിന്നു. ഒരു അപൂർവ്വകാഴ്ച നൽകിയ അവേശത്തോടെ ശക്തമായി ചീറ്റിയടിച്ച പേമാരിയിൽ നനഞ്ഞ്‌ കുതിർന്ന് ഞാൻ ആ കുന്നിൻ ചെരിവിറങ്ങി വീട്ടിലേക്ക്‌ നടന്നു.

തുടരും............

2008, ജൂലൈ 4, വെള്ളിയാഴ്‌ച

അക്ഷരങ്ങള്‍

ശൂന്യമായ പേപ്പറില്‍ അക്ഷരങ്ങള്‍
കോറിയിടാന്‍... അയാളുടെ,
ഹ്ര്ഹ്ദയ ഭിത്തികള്‍ ഭേദിച്ച് വാക്കുകള്‍
ഒലിച്ചിറങ്ങിയിട്ടും... എന്തോ...
അയാളുടെ തൂലിക അകാരണമായ
ഒരാലസ്യത്തിലാണ്.
എഴുതിത്തുടങ്ങിയാല്‍ അനന്തമായി ഒരു പക്ഷേ...
താളുകള്‍ നീണ്ട് പോയേക്കാമെന്ന് അയാള്‍ ഭയപ്പെട്ടു.
ഏത് എഴുത്തുകാരനാണ്
തടിച്ച താളുകള്‍ നിറഞ്ഞ തന്റെ സ്വന്തം
അക്ഷരക്കൂട്ടങ്ങളെ സ്വപ്നം കാണാത്തത്?
പക്ഷേ അയാള്‍ എഴുതിത്തുടങ്ങിയപ്പോള്‍
കുമിഞ്ഞ് കൂടിയത് മേശക്കടിയിലെ ചവറ്റ്കൊട്ടയായിരുന്നു.

2008, ജൂലൈ 2, ബുധനാഴ്‌ച

ഒരു മഴക്കാലത്ത് ....3

മൊട്ടംകുന്നത്ത്‌ എത്തിയപ്പോൾ ആരെയും കണ്ടില്ല. എനിക്ക്‌ പരിചയമില്ലാത്ത പെരിന്താറ്റിരിയുടെ പുതിയ തലമുറയിൽ പെട്ട നാലഞ്ച്‌ ചെക്കന്മാർ മാത്രം. അവരെന്നെ നോക്കി എന്തോ പരസ്പരം പറയുന്നു. അവർക്കൊരു പക്ഷേ എന്നെ മനസ്സിലായിരിക്കാം. തായത്തീലെ ഖാദർ ഒരിക്കൽ അത്രക്കും ഫൈമസായിരുന്നല്ലോ...

ഞാൻ വേകം തിരിഞ്ഞ്‌ നടക്കാൻ തുടങ്ങീയപ്പോൾ "ഹല്ലോ.." എന്ന് ചോതിച്ച്‌ പുറത്തൊരു കൊട്ട്‌.ആരപ്പാ ഈ മാതിരി കൊട്ട്‌ കൊട്ടുന്നതെന്ന് തിരിഞ്ഞ്‌ നോക്കിയപ്പോൾ മുഖത്ത്‌ നിറയേ പുഞ്ചിരിയുമായി അബു.

എന്റെ ഈ അവദിക്കാലത്തെ അനുഗമിക്കാൻ നിക്ഷയിച്ചപോലെ അവനും 2 മാസം മുമ്പാണ് നാട്ടിലെത്തിയത്‌. ഗൾഫിൽ വച്ചുതന്നെ പറഞ്ഞുറപ്പിച്ചതാണ്... ഈ പ്രാവശ്യം അവദിക്കാലം ഒരുമിച്ച്‌ കഴിച്ച്‌ കൂട്ടണമെന്ന്. അൽപസൊൽപം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലാണ് അബു. അബു പെരിന്താറ്റിരിയെന്ന പേരിൽ കവിത ജിദ്ദയിലെ പത്രങ്ങളിലൊക്കെ വരാറുണ്ട്‌. ഒരിക്കൽ മലയാളം ന്യൂസിൽ അബു പെരിന്താറ്റിരിയെന്ന പേരിൽ ഒരു കവിത ഞാൻ കാണാനിടയായി. ആരാണീ അബു പെരിന്താറ്റിരി? ഞാൻ പലകുറി ആലോചിച്ചിട്ടും എന്റെ സുഹൃത്ത്കൂടിയായ ഇവന്റെ രൂപം അപ്പോൾ മനസ്സിൽ തെളിഞ്ഞില്ല. എട്ടാം ക്ലാസിൽ പഠനം ഉഴപ്പി നിർത്തി, കന്നു തൊളിച്ചും, ചന്ദനം വെട്ടിയും, കേർ പണിക്ക്‌ പോയും ഒക്കെ നടന്നിരുന്ന പഴയ അബുവിന്റെ രൂപം മാത്രമേ അന്നുവരെ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ സുഹൃത്ത്‌ കൂടിയായ ഈ അബുവിന് ഇങ്ങനെ എഴുതാനൊന്നും കഴിയില്ലന്ന് ഞാൻ ഉറച്ച്‌ വിശ്വസിച്ചു. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ചില നാട്ടുകാരായ ചങ്ങാതിമാരിൽ നിന്നുമാണ് ഈ അബുവാണ് ആ അബുവെന്ന് ഞാൻ മനസ്സിലാക്കുന്നത്‌. എനിക്കത്ഭുതമായിരുന്നു... എങ്ങനെ, ചെമ്പൻ മുടിയുള്ള നീണ്ട്‌ വെളുത്ത്‌ മെല്ലിച്ച്‌ എല്ലാവരോടും കച്ചറയുണ്ടാക്കി നടന്നിരുന്ന ഇവന്റെ മനസ്സിൽ കവിതയോ...ശരിക്കും അറിഞ്ഞപ്പോൾ പിന്നെ ഞാൻ ഒരുപാട്‌ പ്രോത്സാഹിപ്പിച്ചു. എങ്കിലും ഇപ്പോഴും എനിക്ക്‌ പരിഭവമുണ്ട്‌...ആറ്റിക്കുറുക്കിയെടുത്താൽ നല്ല കവിതകൾ ജനിപ്പിക്കാൻ കഴിയുന്ന ആ മനസ്സിൽ ഒരുപാട്‌ എഴുതാൻ ബാക്കിയുണ്ടെങ്കിലും ആത്മാർത്ഥതയോടെ അവൻ ശ്രമിക്കുന്നില്ല. ആ കാര്യത്തിൽ ഞങ്ങൾ എന്നും തർക്കിക്കാറുണ്ട്‌.
"എന്തിനാ.. ഒരുപാട്‌ എഴുതീട്ട്‌ വല്ല്യ കാര്യാ. ഇതോണ്ടൊന്നും വയറ് നിറയൂല മോനേ..." ആത്മഗതം പോലെ അവൻ പറയുമ്പോൾ വിശമം തോന്നും.
"നീ എപ്പളാ എത്തീത്‌? അബുവിന്റെ ചോദ്യം ഓർമ്മകളെ മുറിച്ചു.
"10 മണിക്ക്‌ പെരീലെത്തി... നല്ല മഴ... വീട്ടിലിരുന്നിട്ട്‌ ഇരിപ്പോറച്ചില്ല. ഇങ്ങട്ട്‌ പോന്നു. പണ്ടത്തെ പോലത്തന്നെ... മൊട്ടം കുന്നത്ത്‌ ഉച്ചയായാൽ ഒരു മൻഷനേം കാണൂലല്ലേ?"
"അഞ്ചുമണ്യാകണം.. എല്ലവരും പ്രാരബ്ദക്കാരല്ലെ.. പഴയ പോലെല്ല എല്ലാരും പണിക്ക്‌ പോകും.. കാശ്‌ പെരീലെത്തിലെങ്കിലും ചെക്കന്മാർക്ക്‌ അടിച്ച്‌ പൊളിക്കനുള്ളത്‌ അവരെന്നെ ണ്ടാക്കും."
"ഞാനൊക്കെ ഒരു സിനിമക്ക്‌ പോകണങ്കിൽ ഇപ്പാന്റെ കീശ തപ്പീർന്നത്‌ ഇപ്പോഴും ഓർമ്മണ്ട്‌" എനിക്ക്‌ ഉപ്പാനോടുള്ള നന്ദി അനവസരത്തിലാണങ്കിലും പറയാതിരിക്കാൻ തോന്നിയില്ല.
"വാ ഞമ്മക്കൊരു കാലിയടിച്ചാലോ.."ഞങ്ങൾ ബഷീറിന്റെ ഹോട്ടലിലേക്ക്‌ കയറി.
പഴയ പോലെത്തന്നെ. ഒർക്കുത്തൻ കയറി ദ്രവിച്ച്‌ വീഴാറായ കാലുകളോടെ ഒറ്റവലിപ്പുള്ള മേശയിൽ മച്ചുണ്യൻ കൂടിയായ ബഷീർ കൈകുത്തിയിരിക്കുന്നു. ഞാൻ ആകെ ഒന്നു വീക്ഷിച്ചു. ഉപ്പാന്റെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമാണ് ഈ ഹോട്ടൽ നിൽക്കുന്ന അഞ്ച്‌ മുറികളുള്ള കെട്ടിടവും, ചാരിയുള്ള കൊപ്ര ആട്ടാനും, അരിയും മസാലകളും പൊടിക്കാനും, നെല്ലു കുത്താനുമെക്കെയുള്ള മില്ലും. ഹോട്ടലിൽ ബഷീറെഴികെ ആരുമില്ലയിരുന്നു.
"ജ്ജെപ്പളാ വന്ന്" ബശിർ ചിരിച്ച്‌ കൊണ്ട്‌ ചോതിച്ചു.
"രാവിലെ" തെല്ല് മടുപ്പോടെ ഞാൻ മറുപടി കൊടുത്തു. ഇനിയിപ്പോൾ എല്ലാവരോടും ഇത്‌ പറഞ്ഞ്‌ മടുക്കും... പ്രവാസിയുടെ ഒരു ഗതികേട്‌... നാട്ടിലെത്തിയാൽ ഒരാഴ്ചയോളം എപ്പോൾ വന്നു എന്ന ചോദ്യത്തിന് മറുപടി കൊടുത്ത്‌ മടുക്കും. പിന്നെ എന്നാ പോകുന്നതെന്ന ചോദ്യമായി. അത്‌ കേൾക്കുമ്പോഴാണ് ദേശ്യം കൂടുതൽ. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു മടക്കയാത്ര ഓർമ്മിപ്പിച്ച്‌ ചിലർ മനപ്പൂർവ്വം കളിയാക്കും. മുന്നിൽ വന്ന തിയ്യതിയും, പിന്നിൽ പോകുന്ന തിയ്യതിയും പ്രിന്റ്‌ ചെയ്ത ഒരു ടീഷർട്ടിട്ട്‌ നടക്കുന്ന ഒരു പ്രവാസി കാർട്ടൂണാണ് അപ്പോൾ ഓർമ്മ വരിക.
"കുട്ട്യാളെ കൊണ്ട്‌ വന്നിലല്ലേ...?" അമ്മായിന്റെ മോൻ കൂടിയായ ബഷീറിന് അതറിയാനുള്ള അവകാശമുണ്ടായിരുന്നു.
"ഇല്ല ചെറിയ ലീവെ ഉള്ളൂ, അവരെ അവിടെ ആക്കി ഞാൻ പോന്നു" ഇന്നലെ എന്നെ ജിദ്ദയിൽ നിന്ന് യത്രയാക്കി വിട്ട എന്റെപ്രിയ ഭാര്യയും മിനുവും മനസ്സിലേക്ക്‌ ഓടിയെത്തി. അവരെന്തെടുക്കുകയായിരിക്കും. മൂന്ന് വയസ്സായ എന്റെ മിനുമോളുടെ കൊച്ചു കൊച്ചു കുസൃതികൾ മനസ്സിൽ ഓടിവന്നപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ചുമരിനോട്‌ ചാരിയിട്ട ബഞ്ചിൽ ഇരു തലയിലുമായി ഞാനും അബുവും ഇരുന്നു. സമീപത്തായി സ്ഥാപിച്ചിട്ടുള്ള രണ്ട്‌ വാതിലുകളുള്ള ചില്ലിട്ട അലമാരിയിൽ നെയ്യപ്പവും, സമൂസയും, പഴം പൊരിയും, നുറുക്കും, മടക്കും, നെയ്കേക്കും എല്ലാമിരിക്കുന്നു. ചുട്ടു വെച്ചിട്ട്‌ അധികം നേരമായിട്ടില്ലന്ന് തോന്നി. ഇളം ചൂടുള്ള നെയ്യപ്പം ഒന്ന് കയ്യിലെടുത്ത്‌ ഞാൻ രുചിച്ച്‌ നോക്കി... നല്ല മധുരം..
അപ്പോൾ, പുറത്ത്‌ മഴയൊഴിഞ്ഞ്‌ ആകാശം ശരിക്കും തെളിഞ്ഞിരുന്നു. ചെറിയ പൊട്ടുകൾ വീണ ഓടുകള്‍ക്കിടയിലൂടെ സൂര്യരശ്മികൾ ഹോട്ടലിനകത്തെ ചുമരിൽ അടിച്ച്‌ ഒരുവൃത്തമുണ്ടാക്കി.
തുടരും...

കാത്തിരിപ്പിന്റെ വിലാപം

ഋതുക്കള്‍ പലത് കൊഴിഞ്ഞിരിക്കുന്നു

അന്ന് നയനങ്ങളില്‍ പടര്‍ന്ന പ്രതീക്ഷയുടെ കിരണങ്ങള്‍
നിശ്ഫലമാകുന്ന സ്വപ്നങ്ങള്‍ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുന്നു...
നിണം വറ്റിയ കണ്ണൂകളില്‍ നിരാശയുടെ
നിഴല്‍ പടര്‍ന്നിരിക്കുന്നു...
കാലം മെരുക്കിയ മനസ്സും ശരീരവും ഇനിയും
ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് നിര്‍വ്വികാരനായി ഒരു ജീവന്‍..
ഒന്ന് പൊട്ടിക്കരയാന്‍ സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട ഹതഭാഗ്യന്‍..
കൊഴിഞ്ഞ് പോയ ഋതുഭേദങ്ങളിലെ കണക്ക് പുസ്ഥകങ്ങളില്‍
നഷ്ടങ്ങളുടെ ഭാരവും പേറി ഇനിയും എത്രനാള്‍....?
അങ്ങകലെ.......
പച്ചപ്പട്ടെടുത്ത എന്റെ ഗ്രാമ ശാലീനതയെ കണ്‍കുളിര്‍ക്കെ ഒന്നു കാണാന്‍,
ചീവീടുകള്‍ താരാട്ട് പാടുന്ന യാമങ്ങളും,
കിളിക്കൊഞ്ചലുകള്‍ കേട്ടുണരുന്ന പ്രഭാതവും കണ്ട് മനസ്സു കുളിര്‍ക്കാന്‍,
കോരിച്ചൊരിയുന്ന പേമാരിയില്‍ ചാടിക്കളിച്ചൊന്ന് ആര്‍ത്തുല്ലസിക്കാന്‍,
ഇറയത്തൊഴുകുന്ന മഴത്തുള്ളികള്‍ ഉള്ളം കയ്യിലിട്ടൊന്ന് അമ്മാനമാടാന്‍,
പ്രദോഷങ്ങളെ ഉത്സവപ്പറമ്പാക്കുന്ന കവലകളില്‍ കൂകിവിളിച്ചൊന്നട്ടഹസിക്കാന്‍,
അറിയില്ല....
ഈ ജന്മം ഇനിയുമെത്രനാള്‍ കാത്തിരിക്കണം.........?

എനിക്കുറങ്ങണം

എനിക്ക് വിശക്കുന്നു
കണ്ണുകൾ തുറക്കൻ വയ്യ...
എന്റെ സർവ്വ നാഡീ നരമ്പുകളും
തളർന്നിരിക്കുന്നു - എന്റെ
വരണ്ട തൊണ്ടയിലേക്കൊരിറ്റ് ദാഹ ജലം
കരുതിവെക്കുക
വയറ്റിൽ നിന്നും കള കളാ ശബ്ദം
എന്നെ മാത്രം ഊട്ടിയാൽ പോര...
എന്റെ വയറ്റിലെ പാമ്പുകൾക്കും ഞരമ്പുകൾക്കും
ഭക്ഷണം കരുതുക
കടുത്ത വിശപ്പിന്റെ ക്ഷീണം എന്നെ തളർത്തുന്നു
എനിക്കുറങ്ങണം
ഒന്നുകിൽ നിങ്ങൾ നല്ല്ല വിഭവങ്ങൾ
കൊണ്ടെന്നെ ഊട്ടുക
അല്ലെങ്കിലെന്നെ ഉറങ്ങാൻ വിടുക
-----------------
എന്തിനിത്രയും നല്ല അഹാരം കൊണ്ടെന്നെ
സൽകരിച്ചു
ഒരിക്കലും എനിക്ക് കഴിക്കാതിരിക്കാൻ
കഴിയില്ല
കാരണം..
ഭക്ഷണത്തെ അവഗണിക്കരുതെന്ന് ഞാൻ പഠിച്ചിട്ടുണ്ട്
എന്റെ കണ്ണുകളിൽ വീണ്ടും ഇരുട്ട് കയറുന്നു
എനിക്കുറങ്ങണം...
ഭക്ഷണം എന്റെ ഞരമ്പുകലൂടെ
കൺപോളകളിലേക്ക് പടരുന്നു
എനിക്കുറങ്ങണം....