2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

കുഞ്ഞാപ്പു

കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയുടെ വലത്തേ അറ്റത്ത്‌ കാലുകളിളകി ശബ്ദമുണ്ടാക്കുന്ന നടുവിൽ റ മറിച്ചിട്ടപോലെ വളഞ്ഞ്‌ കിടക്കുന്ന ബെഞ്ചിൽ കുഞ്ഞാപ്പു ഇരിപ്പുണ്ടാകും.

ചുണ്ടിൽ സദാ ഒരു ബീഡിയും പുകച്ച്‌ ആരെയും കൂസാതെ എവിടേക്കെന്നില്ലാതെ നോക്കി ചുമ്മാ എന്തൊക്കെയോ പിറുപിറുത്ത്‌ കൊണ്ട്‌ കുഞ്ഞാപ്പു അവിടെ ഇരിപ്പുണ്ടെങ്കിൽ അവിടേക്ക്‌ ആരും തിരിഞ്ഞ്‌ നോക്കാറില്ല. സാദാ ദിനേശ്‌ ബീഡിയിൽ തലക്ക്‌ കേറുന്ന എന്തെങ്കിലുമൊക്കെ ചുരുട്ടിക്കേറ്റി കുഞ്ഞാപ്പു ഇരിക്കുമ്പോൾ 'തല തെറിച്ച' കാരണവന്മാരെ കൂസാതെ നടക്കുന്ന ചില താന്തോന്നികൾ എന്ന് വലിയവർ വിളിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാർ മാത്രം ആ വഴിക്കൊന്ന് എത്തി നോക്കി കുശലം പറഞ്ഞ്‌ പോകും. എപ്പോഴും പഴകിയ ശർക്കരയുടെ മണമുള്ള കുഞ്ഞാപ്പു സ്വബോധത്തിൽ ഇരിക്കുന്ന സമയം ആ നാട്ടുകാർ ഒരിക്കലും കണ്ടിട്ടില്ല.

കൂറേനേരം ആ ഇരിപ്പിരുന്ന് ആരും ശ്രദ്ദിച്ചില്ലങ്കിൽ നടുറോഡിലിറങ്ങി ആരെയെങ്കിലും തെറി വിളിച്ച്‌ അവരുടെ വക താണ്ഡവം സ്വന്തം മുതുകത്ത്‌ ഏറ്റ്‌ വാങ്ങിയാലെ അന്നത്തെ ക്വാട്ട തികച്ച്‌ കുഞ്ഞാപ്പു ആരും കാത്തിരിക്കാനില്ലാത്ത അവന്റെ രണ്ട്‌ മുറിക്കൂരയിലേക്ക്‌ മടങ്ങൂ.. മടങ്ങുമ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം തന്റെ സ്വദസിദ്ധമായ ഭാഷയിൽ തെറിവിളിച്ച്‌ അവരിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടിയാൽ അത്‌ ഭദ്രമായി വാങ്ങി വച്ച്‌ വേച്ച്‌ വേച്ച്‌ അവൻ വീട്ടിലേക്ക്‌ നടക്കും.

കല്ലുവെട്ടുകാരനായി, വലിച്ച്‌ കെട്ടുകാരനായി (വളഞ്ഞ തെങ്ങ്‌ വലിച്ച്‌ എതിർ ദിശയിലേക്ക്‌ കമ്പിയിട്ട്‌ കെട്ടി നിവർത്തുക), ചെത്തുകാരനായി, കന്ന് തൊളിക്കാരനായി അങ്ങനെയങ്ങനെ ഒരുപാട്‌ വേഷങ്ങളിലൂടെ കുഞ്ഞാപ്പു അവന്റെ സംഭവബഹുലമായ ജീവിതം മുന്നോട്ട്‌ തെളിക്കുകയായിരുന്നു. രാവിലെ രണ്ടണ്ണം പൂശി, വകുന്നേരം പൂശാനുള്ളത്‌ ഉണ്ടാക്കാൻ മാത്രം പണിയെടുക്കുന്ന കുഞ്ഞാപ്പു നാട്ടുകാർക്ക്‌ അനഭിമതനായതും അത്‌ കൊണ്ടൊക്കെ തന്നെയാണ്‌.

വായ തുറന്നാൽ തെറിമാത്രം പുറത്ത്‌ വരുന്ന കുഞ്ഞാപ്പുവിനോട്‌ സംസാരിക്കുന്നത്‌ പോലും മാന്യതക്ക്‌ കോട്ടം തട്ടുമെന്ന് ആളുകൾ ദരിച്ചെങ്കിൽ അത്‌ കുഞ്ഞാപ്പുവിന്റെ മാത്രം കുറ്റമായിരുന്നു.

ഒരിക്കൽ "വലിച്ച്‌ കെട്ടാനുണ്ടോ, വലിച്ച്‌ കെട്ടാനുണ്ടോ" എന്ന് തൊണ്ടകീറുന്ന ശബ്ദത്തിൽ വായിട്ടലച്ച്‌ നടക്കുകയായിരുന്നു കുഞ്ഞാപ്പു.

അടുത്ത്‌ കണ്ട അദ്രുകാക്കാന്റെ വീട്ടിൽ അടുക്കള ഭാഗത്തേക്ക്‌ ചെരിഞ്ഞ്‌ കിടക്കുന്ന തെങ്ങ്‌ നോക്കി കുഞ്ഞാപ്പു വീണ്ടും ആർത്ത്‌ വിളിച്ചു..

"വലിച്ച്‌ കെട്ടാനുണ്ടോ.......വലിച്ച്‌ കെട്ടാനുണ്ടോ....."

രാവിലെ മടിപിടിച്ച്‌ പണിക്ക്‌ പോകാതെ വീട്ടിൽ ചടഞ്ഞിരിക്കുന്ന അദ്രുകാക്ക ഭാര്യയുടെ തെറിയഭിഷേകം കേട്ട്‌ അരിശമടക്കി വീട്ടിലിരിക്കുമ്പോഴാണ്‌ കുഞ്ഞാപ്പുവിന്റെ വിളി.

നല്ല ഭാഷയിൽ പറഞ്ഞില്ലങ്കിൽ കുഞ്ഞാപ്പുവാണ്‌, ഭാര്യയുടേതിനേക്കാളും വലിയ ഭാഷ പ്രയോഗിക്കുമെന്ന് ഭയന്ന് അദ്രുകാക്ക പറഞ്ഞു.

"വേണ്ട കുഞ്ഞാപ്പൂ, ഇവിടെ വലിച്ച്‌ കെട്ടാനൊന്നുമില്ല."

പിന്നീട്‌ നടന്നത്‌ രണ്ടാഴച്ച ദർമ്മാശുപത്രിക്കിടക്കയിൽ നിന്ന് വിശ്രമം കഴിഞ്ഞ്‌ നാട്ടിലെത്തിയപ്പോൾ ഞങ്ങളോട്‌ കുഞ്ഞാപ്പു വിശദീകരിച്ചതിങ്ങനെ:

ഞാൻ വലിച്ച്‌ കെട്ടാനുണ്ടോ എന്ന് ചോദിച്ചു.. അവൻ ഇല്ലന്ന് പറഞ്ഞു... ഞാൻ പോടാ മൈ.....(ബൂലോഗത്തെ മാന്യത കണക്കിലെടുത്ത്‌ ബാക്കി അശ്ലീലങ്ങൾ ഇവിടെ പൂരിപ്പിക്കുന്നില്ല) എന്ന് പറഞ്ഞു. അപ്പോൾ അവൻ വീട്ടിൽ നിന്നിറങ്ങി വന്ന് എന്റെ മുതുകത്ത്‌ കേറിയങ്ങ്‌ ഡാൻസ്‌ കളിയായിരുന്നു. ദർമ്മാശുപത്രിയില്‌ ആരും കള്ള്‌ കൊണ്ട്‌ വന്ന് തരില്ലാത്തത്‌ കൊണ്ട്‌ ചതവൊന്നും തീരുന്നതിന്‌ മുമ്പേ ഞാനിങ്ങ്‌ പോന്നു.

അതാണ്‌ കുഞ്ഞാപ്പു. കണക്കിന്‌ വാങ്ങി സൂക്ഷിക്കാൻ മാത്രം കെൽപുള്ള ഒരു മുഴുക്കുടിയൻ. പക്ഷേ കുഞ്ഞാപ്പുവിനും ഒരു നേരുണ്ട്‌. അവൻ ജീവാമൃതായി കരുതുന്ന മദ്യത്തിൽ തൊട്ട്‌ സത്യം ചെയ്ത നേര്‌. താനെത്ര കുടിച്ചാലും ഒരിക്കലും മറ്റൊരാളെ ഈ മദ്യത്തിന്റെ വഴിയിലേക്ക്‌ കൊണ്ട്‌ വരില്ലെന്ന നേര്‌. ആളുകളോട്‌ മദ്യത്തിന്‌ വേണ്ടി കാശിനിരന്നാലും ആരോടും കമ്പനിക്ക്‌ മദ്യം കഴിക്കില്ലന്ന നേര്‌. കള്ളുശാപ്പിൽ ഒരൊഴിഞ്ഞ മൂലയിൽ മദ്യത്തിന്റെ ലോകത്ത്‌ എല്ലാം മറന്ന് കുഞ്ഞാപ്പു ആർക്കും കമ്പനി കൊടുക്കാതെ, ആരുടേയും കമ്പനി സ്വീകരിക്കാതെ ജീവിക്കുന്നു എന്ന നേര്‌.

ഒരിക്കൽ കുഞ്ഞാപ്പുവും എല്ലാം നിർത്തി. ഓർമ്മയിലൊരിക്കലും പള്ളിയുടെ അകത്തളം കണ്ടിട്ടില്ലന്ന് കുഞ്ഞാപ്പു പോലും പറഞ്ഞ ആ പരിശുദ്ദമായ പള്ളിയുടെ അകത്തേക്ക്‌ പുളിച്ച ശർക്കരയുടെ ഗന്ധമില്ലാതെ, ചുണ്ടിൽ എരിയുന്ന സിഗരറ്റില്ലാതെ, എന്നും ജഢപിടിച്ച്‌ കിടന്നിരുന്ന താടി വടിച്ച്‌ വൃത്തിയാക്കി, വെള്ള ഷർട്ടും തുണിയുമെടുത്ത്‌ കുഞ്ഞാപ്പു വന്നു. ഒരു നാട്‌ മുഴുവനും ശ്വാസം അടക്കിപ്പിടിച്ച്‌ കുഞ്ഞാപ്പുലേക്ക്‌ കണ്ണുകൾ നട്ട്‌ അന്തം വിട്ട്‌ നിന്നു. അതെ, നാളെ സൂര്യൻ പടിഞ്ഞാട്ട്‌ നിന്നായിരിക്കും ഉദിക്കുകയെന്ന് പള്ളി കത്തീബ്‌ വിളിച്ച്‌ പറഞ്ഞില്ലന്നേയുള്ളൂ... ആ ഗ്രാമം മുഴുവനും അങ്ങനെ തന്നെ ചിന്തിച്ചു. ഖത്തീബടക്കം. കുഞ്ഞാപ്പു മദ്യം ഉപേക്ഷിച്ചിരിക്കുന്നു.. അവൻ നല്ല മനുഷ്യനായിരിക്കുന്നു... ഇത്‌ വിശ്വസിക്കാൻ കഴിയാതെ പലരും മുഖത്തോട്‌ മുഖം നോക്കിനിന്നു.

രണ്ടേ രണ്ട്‌ നാൾ.. അതിൽ കൂടുതൽ പോയില്ല. തലേന്ന് വെള്ള വസ്ത്രമെടുത്ത്‌ പള്ളിയിൽ ഇമാമിന്റെ പിറകിൽ ഒന്നാം വരിയിൽ നിസ്കാരത്തിന്‌ നിന്നിരുന്ന കുഞ്ഞാപ്പു രാവിലെ റോഡരികിൽ ചുരുണ്ട്‌ കൂടി കിടക്കുന്നു. വായിൽ നിന്നും ഒഴുഗുന്ന ദുർഗ്ഗന്ധത്തിനൊപ്പം കാതുകൾക്കീണമായി ചൈനീസ്‌ ഭാഷയിൽ പുളിച്ച തെറിയും.

കുഞ്ഞാപ്പുവിന്‌ ഇതൊക്കെയെ കഴിയുമായിരുന്നുള്ളൂ... വെള്ള വസ്ത്രവും, ശുദ്ദിയും, അവന്‌ അലർജ്ജിയാണ്‌... നാവിൽ നല്ലത്‌ ഒരിക്കലും വരുത്താൻ അവന്‌ കഴിയില്ല.

ഇന്നലെ ആ ജീവന്‍ ഒരു പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നാടി. കണ്ണൂകൾ പുറത്തേക്ക്‌ തള്ളി, നാവ്‌ പുറത്തേക്ക്‌ കടിച്ച്‌ മുറിച്ച്‌, തൊടയിറച്ചി മാന്തിപ്പൊളിച്ച്‌ വികൃതമായി തൂങ്ങിക്കിടക്കുന്ന ആ ശരീരത്തിൽ ഈച്ചകൾ കൂടുകെട്ടിയിരിക്കുന്നു. ജീവിതത്തിലൊരിക്കലും ആരും അവകാശികളില്ലാതെ എവിടെനിന്നോ വന്ന ആ ശരീരത്തെ നോക്കി മൂക്ക്‌ പൊത്തിപ്പിടിച്ച്‌ നാട്ടുകാരും നിന്നു. ആർക്കും വേണ്ടാത്ത ആ ജീവൻ സ്വയം അവസാനിപ്പിക്കാൻ എന്തിന്‌ കുഞ്ഞാപ്പു മിനക്കെട്ടെന്ന് ആരും ചിന്തിച്ചില്ല. എന്തൊക്കെയോ മനസ്സിലൊളിപ്പിച്ച്‌ ആരോടും പറയാതെ ആർക്കും ഭാരമാകാതെ എല്ലാം അവസാനിപ്പിച്ച്‌ ആ ശരീരം അവിടെ കിടന്നാടുമ്പോൾ കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയിൽ ഒരൊഴിഞ്ഞ ബെഞ്ച്‌ അടുത്ത അവകാശിയെയും കാത്ത്‌ കിടക്കുകയായിരുന്നു.