
‘ബർക്കത്തിന്റെ മഴയാ.. അല്ലങ്കി ഇന്നലെ വരെ പെയ്യാത്ത മഴ ഇന്നെവ്ടെന്ന് വന്ന്’ …?
കേട്ടപ്പോ ചുണ്ടിൽ ആർക്കോവേണ്ടി ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് ഞാൻ ആ കോലായിലേക്ക് കയറി നിന്നു. മഴയിലേക്ക് തന്നെ നോക്കി നിന്നപ്പോൾ അതിന്റെ ഈണവും മധുരമായി തോന്നി. സുഹ്ര്ത്തും സഹപ്രവർത്തകനുമായ ഉസ്മാൻ ഇരുമ്പുഴിയുടെ മുറിക്കുള്ളിൽ മഴപെയ്യുകയാണെന്ന കഥ എത്ര സത്യം? എയർകണ്ടീഷന്റെ എല്ലാ സ്വര വ്യതിയാനവും ഈ മഴക്കുണ്ട്. ചിലപ്പോൾ വളരെ നേർത്ത് ഒരു ചെറു മാരുതനുമായി കുളിരായി വരുന്ന മഴ, ചിലപ്പോൾ വളരെ ഗൌരവഭാവത്തിൽ ശക്തമായി പെയ്യുന്നു. അതെ അനിർവ്വചനീയം തന്നെ ഇതിന്റെ താളം. പണ്ട് മഴയെന്നാൽ ചിറികോട്ടി നെറ്റിചുളിച്ച് അനിഷ്ടം പ്രകടിപ്പിച്ചിരുന്ന എനിക്കിതെന്ത് പറ്റി? പഴയ ഓടിട്ട ഇറയത്തിന്റെ മനോഹാരിത ഒന്നുമില്ലങ്കിലും സൺഷൈഡിൽ നിന്നും കെട്ടിയിറക്കിയ ആസ്പെറ്റോസ് സീറ്റിൽ നിന്ന് ഊർന്നിറങ്ങുന്ന മഴവെള്ളത്തിലേക്ക് അറിയാതെ കാലുകൾ നീണ്ടു.
‘എന്താ ഈ കാട്ടണ്.. അന്റെ ഷൂസ് നനിലെ”
പിന്നിൽ നിന്നും ഉമ്മാന്റെ ചോദ്യം പെട്ടന്ന് എന്റെ ഓർമ്മകളെ കടിഞ്ഞാണിട്ടു. വലത് കാലിലെ ഷൂസ് ശരിക്കും നനഞ്ഞു. സൈക്കിളിൽ നിന്ന് വീണ ചിരിയോടെ ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് കയറി.
‘കാലങ്ങക്ക് ശേഷല്ലേ മഴ കാണ്ണ്ടത്…അവടെ എവിടെ മഴ? കൊല്ലത്തില് ഒരു മഴ പെയ്താലായി… ഏതായാലും ആ ശൂസ് അയ്ച്ച് വെച്ചളാ…’ പഴയ റിട്ടേർഡ് ഗൾഫുകാരൻ കൂടിയായ ഉപ്പാന്റെ വാക്കുകൾ ചെവിയിൽ പതിച്ചു…
‘അത്പ്പോ, രണ്ടീസം ശരിക്കങ്ങട്ട് പെയ്താ ഇതിന്റെ ചൊർക്കൊക്കെ അങ്ങട്ട് പോകും..’ ഡ്രൈവർ വീരൻ കാക്കാന്റെ വിയോചിപ്പ്.

പെയ്ത് തുടങ്ങിയാൽ നാട് വിറപ്പിച്ച് കടന്ന് പോകുന്ന മഴയെ ഒരിക്കലും നട്ടിൽ നിന്നും വിട്ട് നിന്നിട്ടില്ലാത്ത വീരാൻ കാക്കാക്ക് അത്ര ഇഷ്ടമല്ലന്ന് വാക്കുകളിൽ വ്യക്തം. ശരിയായിരിക്കാം, നാട്ടിൽ അല്പായുസ്സ് നിക്ഷയിച്ച് വിരുന്ന് വരുന്ന പ്രവാസികൾക്ക് മാത്രമേ ഈ മഴ ഒരു അപൂർവ്വ ഗ്ര്ഹാതുരത്തത്തിന്റെ ഓർമ്മകൾ നൽകാറുള്ളൂ. നാട്ടിൽ ജോലിചെയ്ത് ജീവിക്കുന്ന സാധാരണക്കാരനെ സമ്പന്ധിച്ചിടത്തോളം മഴ ഒരു ശാപം തന്നെയായിരിക്കാം. അധികരിച്ച് വരുന്ന ജീവിത ചിലവുകൾ അവന്റെ വരുമാനത്തെ മിച്ചം വെക്കാൻ കഴിയാത്തവണ്ണം വർദ്ധിച്ചിരിക്കുന്നു.
..............
<തുടരണം എന്ന മോഹത്തോടെ ഇന്നിത്രയും മതി... ഓർമ്മകൾക്ക് ക്ഷാമമില്ലങ്കിൽ വെറുതെ കിട്ടിയ ഈ ബൂലോഗത്തിൽ വീണ്ടും കാണാം...>