2008, ജൂലൈ 20, ഞായറാഴ്‌ച

ജീവനെടുക്കുന്ന ജീവൻ

മതമില്ലാത്ത ജീവൻ ഒരു ജീവൻ കവർന്നിരിക്കുന്നു. വിദ്യ പറഞ്ഞ് തരുന്ന അദ്യാപകനെ മർദ്ദിച്ചവശരാക്കി മരണത്തിന് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുന്നു. ആരാണ് പിടഞ്ഞ് തീർന്ന ആ ജീവന്റെ ഉത്തരവാദി. അക്ഷരങ്ങളെ തീയിലേക്കെറിഞ്ഞ് ആ തീ നാളം ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. എന്തിനാണീ പ്രശ്നങ്ങൾ? ആർക്കാണ് ജീവന്റെ മതത്തെ കുറിച്ച് ഇത്ര വലിയ വേവലാതി?

ഏതൊരു പൌരനും അവന്റെ ഇഷ്ടാനുസരണം ഏത് മതവും തിരഞ്ഞെടുക്കാമെന്ന ഇന്ത്യൻ നിയമം നിലനിൽക്കേ ഈ പാഠഭാഗത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. ഏതെങ്കിലും ഒരു പാഠഭാഗത്തിന്റെ ഉള്ളടക്കത്തിന് അനുസൃതമായി പൊട്ടിച്ചിതറുന്നതാണോ നമ്മുടെ വിശ്വാസങ്ങൾ? എല്ലാ മത വിഭാഗങ്ങളേയും കുറിച്ചും പഠന വിധേയമാകുന്ന സുകൂൾ പാഠപുസ്ഥകത്തിൽ മതമില്ലാത്തവർക്കും ഒരിടം കൊടുത്താൽ എന്താണ് തെറ്റ്? കമ്മ്യൂണിസം ഉണ്ടായിരുന്നിടത്തെല്ലാം പരാജയപ്പെട്ട് പൊടിപിടിച്ച പഴയ പ്രമാണങ്ങളായി കിടക്കുമ്പോൾ അതിന്റെ വേരുകൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വിദ്ദ്യാസമ്പന്നമായ കേരളത്തിന്റെ മണ്ണിൽ ഏഴാം ക്ലാസിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് മൂഢ സ്വപ്നം കാണുന്ന ബുദ്ദിജീവികൾ ഇന്ന് കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഏഴാം ക്ലാസിലെ പാഠ പുസ്ഥകത്തിൽ ഞാൻ കണ്ടത്, പ്രധാന അദ്യാപകനോട് കുട്ടിയെ ചേർക്കാൻ വന്ന രക്ഷിതാക്കളുടെ
സംഭാഷണമാണ്. അതിൽ നിരീശ്വര വാദികളായ രണ്ടു അച്ചനമ്മമാരുടെ കുട്ടി, സ്വാഭാവികമായും ഒരു മതത്തെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത പഠിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത അവന് മതങ്ങളെക്കുറിച്ചൊന്നും അറിയില്ല. അവന്റെ മതം അവന് പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് ആ പിതാവ് പറഞ്ഞത്. മറിച്ച് എന്റെ മകന് ഒരു മതവും വേണ്ടന്ന് അയാൾ ശഠിച്ചില്ല. ഇതിൽ ആർക്കാണ് ഇത്ര ഭയം? ഏത് മതവിഭാഗമാണ് ഈ പാഠഭാഗത്തിന്റെ പേരിൽ തകരാൻ പോകുന്നത്. ഒരു പാഠഭാഗത്തിന്റെ പേരിൽ തുമ്മിയാൽ തെറിക്കുന്നതാണോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ. ഒരേ മതവിഭാഗത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അവരവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ച് പോകുന്നു. നാം ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമൊക്കെയായത് നമ്മുടെ മാതാപിതാക്കൾ ആ മതങ്ങളിൽ വിശ്വസിച്ചത് കൊണ്ടാണ്. ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ പറയില്ല, തന്റെ മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കട്ടേ എന്ന്. കാരണം നാം യാഥാസ്തികരാണ്. നമുക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും വിയോജിക്കാൻ കഴിയില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും പാപമെന്ന് കരുതുന്ന തനി യാഥാസ്തികർ. ചിന്താധാരകളെപ്പോലും ഏതെങ്കിലും മതത്തിന്റെ പേരിൽ കൂച്ചുവിലങ്ങിട്ട് നിർത്തി മുരടിച്ച് പോയ നമ്മുടെ മനസ്സുകൾ വിശാലമാവില്ല.

തനികാടത്തമായി വികൃതമാക്കപ്പെട്ട സമരമുറകൾ കൊണ്ട് എല്ലാ രഷ്ട്രീയ പാർട്ടികളും ഇന്നു മത്സരിക്കുകയാണ്. ആരും കാണാത്ത പുതിയ സമരമുറകൾ പരീക്ഷിക്കപ്പെടുമ്പോൾ ഖേദിക്കുന്നത് വിദ്ദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം. നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്യനിറക്കേണ്ട പുസ്ഥകക്കെട്ടുകൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ട് തീ നാളങ്ങൾക്ക് ഭക്ഷണമാക്കിയപ്പോൾ എതിർപ്പാർട്ടികൾ പ്രതിഷേദിച്ചത് പത്രക്കെട്ടുകൾ കത്തിച്ചായിരുന്നു. എല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

വർദ്ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ, ഭീഷണിയായി മാറിയ ഭക്ഷ്യപ്രതിസന്ധിക്കെതിരെ, ദുസ്സഹമായിരിക്കുന്ന ജീവിത പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികൾ വ്യക്തമായ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ഇവിടെ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളുടെ ഒരു വർഷം. പഠിക്കാൻ കഴിയാത്ത, പുസ്ഥകമില്ലാത്ത വിദ്യാലയത്തിനകത്ത് അവന് സമ്മാനിക്കുന്നത് വിദ്യാശൂന്യമായ നാളുകൾ… ഇവരെന്ത് പിഴച്ചു.

5 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ജീവൻ
എന്തിനീ വിലക്കപ്പെട്ട അതിരുകൾ കടന്ന്
ഈ കുരുക്ഷേത്രത്തിൽ നീ വന്നു
നിന്റെ ഗുരുവിന്റെ നെഞ്ചിൽ നീ എയ്ത
വജ്രാസ്ത്രം ആഴ്ന്നിറങ്ങിയിരിക്കുന്നു
മതങ്ങളില്ലാത്ത വിശാലമായ ലോകത്തിലേക്ക്
നിന്റെ പ്രിയ ജയിംസ് മാഷ് മരണത്തിന്റെ
കയ്യൊപ്പുമായി യാത്രയായിരിക്കുന്നു.

കടത്തുകാരന്‍ പറഞ്ഞു...

പാഠ പുസ്തകത്തില്‍ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുന്നു, തെറ്റുണ്ടെന്ന് അവരുടെ റിപ്പോര്‍ട്ട് വന്നതിനെതുടര്‍ന്ന് ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു, അതുകൊണ്ട് തന്നെ താങ്കളുടെ വാദഗതിയില്‍ വിയോജിപ്പുണ്ട്.
കാര്യം അതല്ല, സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു. ഇതില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി കുറ്റവിമുക്തരല്ല, കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോര്‍ വാരിക്കുന്ന ഇടതുപക്ഷ വലതുപക്ഷ പാര്‍ട്ടികളുടെ സങ്കുചിത മനോഭാവമാണ്‍ ഈയൊരവസ്ഥയിലേക്ക് സ്ഥിതിഗതികളെ എത്തിച്ചിര്ക്കുന്നത്. ദുഖം രേഖപ്പെടുത്തല്‍ നഷ്ടപ്പെട്ടവരുടെ നഷ്ടത്തിന്‍ പകരമാവില്ല...

കടത്തുകാരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നരിക്കുന്നൻ പറഞ്ഞു...

കടത്തുകാരന്.
താങ്കളുടെ അഭിപ്രായം മുഖവിലെക്കെടുക്കുന്നു. എങ്കിലും സർക്കാർ ഈ മാറ്റം നടത്തിയത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണന്ന് പറയാതിരിക്കാൻ വയ്യ.

പഥികന്‍ പറഞ്ഞു...

ആരെന്തു കാട്ടിക്കൂട്ടിയാലും എനിക്കൊന്നുമില്ലായെന്ന മലയാളിയുടെ വൃത്തികെട്ട ചിന്താഗതിയാണ്‌ രാഷ്ട്രീയക്കാരെന്നു നടിക്കുന്നാ ഗുണ്ടകളെ വളർത്തുന്നത്‌. രണ്ടോ നാലോ പേർക്ക്‌ ഒരു പറ്റം ജനത്തിന്റെ ശരീരത്തിനും മനസ്സിനും മുറിവേൽപ്പിക്കാൻ കഴിയുന്നു എന്നത്‌, അവരുടെ ജീവന്‌ പുല്ലു വില നൽകുന്നു എന്നത്‌, ഏതു പരിഷ്ക്രുത രാജ്യത്തു നടക്കും, നമ്മുടെ നാട്ടിലല്ലാതെ?
മലയാളിക്ക്‌ സാക്ഷരതയും സംസ്കാരവും ഏട്ടിലെ പശുക്കൾ മാത്രം! യാഥാർഥ്യം എത്രയോ വിക്രുതം!!