മഴപെയ്ത് ചോർന്ന ഒരു പ്രഭാതത്തിൽ വീട്ടിന്റെ അടുത്ത് തന്നെ ഉള്ള പറമ്പിലേക്ക് ഞാൻ വെറുതെ നടന്നു. മഴത്തുള്ളികൾ കിനിഞ്ഞിറങ്ങി സൂര്യരശ്മികളെറ്റ് വെട്ടിത്തിളങ്ങുന്ന പുൽതകിടിലൂടെ നടക്കാൻ നല്ല രസം തോന്നി. തിങ്ങിനിടഞ്ഞ കശുമാവിൻ ചുവട്ടിലൂടെ നടന്നപ്പോൾ ഇളം കാറ്റിൽ കുലുങ്ങി ഇലകളിൽ നിന്നും വെള്ളത്തുള്ളികൾ പൊഴിഞ്ഞ് വീണപ്പോൽ, ശരീരത്തോടൊപ്പം മനസ്സും കുളിർത്തു. ബാല്യത്തിൽ കൂട്ടുകാരോടൊത്ത് തെച്ചിപ്പഴം പറിച്ച് നടന്നത്, പൂച്ചെടിയുടെ ഇലയും കുരുവും തെങ്ങിന്റെ ആരും കൂട്ടി ചവച്ച് തിന്ന് കാർന്നോന്മാരെപ്പോലെ മുറുക്കി ചുവപ്പിച്ച് നടന്നത്, പറുങ്കിമാങ്ങ കുറുക്കിയെടുത്ത് കടിച്ചാപർച്ചി ഉണ്ടാക്കി തിന്നത്, ഒലഞ്ചുന്ന പൂച്ചെടിക്കമ്പെടുത്ത് കമ്യൂണിസ്റ്റപ്പയുടെ തലഭാഗം വെട്ടി മത്സരിച്ച് കളിച്ചത് എല്ലാം ഒരു മിന്നായം പോലെ മനസ്സിലേക്ക് ഒാടിയെത്തി. മുട്ടോളം വളർന്ന് നിൽക്കുന്ന പുൽതകിടിയിലൂടെ നടക്കുമ്പോൾ അകലെ തീക്ഷണമായ സൂര്യതാപമേറ്റ് വെറുങ്ങലിച്ച് നിൽക്കുന്ന മണൽതരികളെ ഓർത്തുനോക്കി.
വിചനമായ കുന്നിപ്പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് നനഞ്ഞ് കുതിർന്ന കറുത്ത പാറയിൽ ഞാനിരുന്നു. അകലെ കാച്ചിനിക്കാടിന്റെ ഇടതൂർന്ന് നിലക്കുന്ന തെങ്ങിൻ തോപ്പുകൾ, കാറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്ന കവുങ്ങിൻ മരങ്ങൾ. ഒരുകാലത്ത് കാച്ചിനിക്കാടിന്റെ ഒരു വശത്ത് അറ്റം കാണാതെ നീണ്ട് കിടന്നിരുന്ന നെൽപാടത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി ഒരു സുവർണ്ണകാലത്തിന്റെ ഓർമ്മകൾ നൽകി നിൽക്കുന്നു. പാടം നികത്തി ഉയർന്ന് പൊങ്ങുന്ന കോൺക്രീറ്റ് കാടുകൾ ഒരു ശാപം കണക്കെ മുക്കിലും മൂലയിലും കാണാം. മൂർദ്ധാവിൽ ചുവന്ന തട്ടമിട്ട് ഒരു അപായ സൂചനകണക്കെ അവ നിരന്ന് കിടക്കുന്നു. എങ്ങുനിന്നോ ഒഴുകിവന്ന ശക്തിയേറിയ ഒരു കാറ്റ് കശുമാവുകളെ കുലുക്കി കറ്റന്നുപോയി, മഴപെയ്ത പോലെ ശരീരത്തിലേക്ക് ശിഖിരങ്ങളിൽ നിന്നും വെള്ളത്തുള്ളികൾ ചീറ്റിയടിച്ചു. അപ്പോഴാണ് കിഴക്കേമാനത്ത് കനത്ത് കൂടിയിരിക്കുന്ന കാർമേഘം കണ്ണിൽപെട്ടത്. മാനം വീണ്ടും ഒരു മഴക്ക് കോപ്പുകൂട്ടുകയാണ്.
"ക്വേ.............ക്"
"ക്വേ.............ക്"
"ക്വേ.............ക്"
കുന്നിപ്പറമ്പിന്റെ ദിക്കുകളെ പ്രകമ്പനം കൊള്ളിച്ച് ഒരു ശബ്ദം. ഞാൻ അറിയാതെ ഇരിന്നിടത്ത് നിന്നും എണീറ്റു. ചുറ്റും നോക്കി. ഒന്നും കാണാനില്ല, ഞാൻ ഒച്ചകേട്ട ഭാഗത്തേക്ക് മെല്ലെ ശബ്ദമുണ്ടാക്കാതെ നടന്നു. കൂട്ടമായി നിൽക്കുന്ന ചന്ദനമരത്തിന്റെ ഉടയിലൂടെ ഞാൻ പതുങ്ങി ചുറ്റുപാടുമൊന്ന് വീക്ഷിച്ചു. ഒന്നും കാണാനില്ല. എന്തായിരിക്കും അത്. ഏതോ ജീവിയുടെ കരച്ചിലാണ്. തീർച്ച....ഇത് വരെ കേട്ടിട്ടില്ലാത്ത ശബ്ദം... ഉള്ളിൽ ചെറു ഭീതിയോടെയാണെങ്കിലും എന്താണെന്നറിയാനുള്ള ജിക്ഞ്ഞാസ എന്നെ ഒന്നു കൂടി തിരയാൻ നിർബന്ധിച്ചു. പടിഞ്ഞാറെ മാനത്ത് ഒരു വെള്ളിടി വെട്ടി. ഒരു ഇളം കാറ്റ് പോകാൻ വിസമ്മതിച്ച് അവിടെയൊക്കെ വീശിക്കൊണ്ടിരുന്നു. മഴ തിമിർത്ത് പെയ്യാനുള്ള ഒരുക്കത്തിലാണ്. വേഗം വീട്ടിലേക്ക് പോയില്ലങ്കിൽ മുഴുവൻ നനയും. അടുത്തൊന്നും ഒരു വീടുപോലുമില്ല. താഴെ ജ്യേഷ്ടന്റെ പണിതീരാത്ത വീടാണുള്ളത്. അവിടേക്ക് പോയാലോ.. പക്ഷേ, ആ അപരിചിതമായ ശബ്ദത്തിന്റെ ഉടമയെ കാണാതെ എങ്ങനെ പോകും.
"ക്വേ..........ക്"
വീണ്ടും അതേ ശബ്ദം. ഇപ്പോൾ അൽപം അടുത്ത് നിന്നാണന്ന് ശബ്ദവ്യതിയാനത്തിൽ നിന്നും മനസ്സിലായി. ഒപ്പം ഒരു ഭീതി മനസ്സിനെ പിടികൂടി. അടുത്ത് ഒന്നു നിലവിളിച്ചാൽ പോലും ആരും കേൾക്കാൻ പോകുന്നില്ല. എന്തായാലും അറിഞ്ഞിട്ട് തന്നെ കാര്യം. അൽപം ധൈര്യം സംഭരിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് വീണ്ടും നടന്നു. കുറച്ച് പോയതേ ഉള്ളൂ, നിലത്തേക്ക് വള്ളിപോലെ പടർന്നിറങ്ങിയ കശുമാവിൻ ചില്ലകൾക്കിടയിലൂടെ ഞാൻ കണ്ടു. എന്താണത്.. ഞാൻ വീണ്ടും നോക്കി, കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. എന്റെ കണ്ണുകളെ വിശ്വസിപ്പിച്ചെടുക്കാൻ അൽപം സമയമെടുത്തു. ഭാരതമാതാവ് ഈ ഓണം കേറാമൂലയിൽ നേരിട്ടിറങ്ങി നൃത്തം ചെയ്യുകയോ. ദേശീയ പക്ഷി... മയിൽ... അതിന്റെ സ്വരൂപത്തിൽ ആടിക്കൊണ്ടിരിക്കുന്നു. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പെരിന്താറ്റിരിയിൽ മയിലുണ്ടെന്ന്. ഒരിക്കലും സത്യമായിരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാലിതാ എല്ലാ അവിശ്വാസങ്ങളേയും കാറ്റിൽ പറത്തി ഇന്ത്യാമഹാരജ്യത്തിന്റെ ഔദ്ധ്യോഗിക പക്ഷി എന്റെ ഈ ചെറുഗ്രാമത്തിന്റെ ആരും കാണാത്ത സുന്ദരമായ പുൽമേട്ടിൽ മനോഹരമായി നൃത്തം ചെയ്യുന്നു.
അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക് നീണ്ടു. ഈ അസുലഭ നിമിഷം മൊബെയിലിൽ പകർത്തണം. പക്ഷേ, എന്നും ശാപമായി വിടാതെ പിന്തുടരുന്ന മറവി അതെടുക്കതെ പോന്നിരിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ നഗ്ന നേത്രങ്ങൾകൊണ്ട് എന്റെ ഗ്രാമത്തിൽ വെച്ച് കാണാൻ കഴിയുമോ എന്നറിയില്ല. വെറുതെ വീട്ടിലിരിക്കുമ്പോൾ ഒറ്റക്ക് ഈ പറമ്പിലേക്ക് പോരാൻ തിരക്ക് കൂട്ടിയ മനസ്സിനെ ഞാൻ സ്വയം അഭിനന്ദിച്ചു. മഴക്ക് കോപ്പുകൂട്ടുന്ന പ്രകൃതിക്ക് സ്വാഗതമോതി മയിൽ തകർത്താടുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ കുറേനേരം ആ മനോഹരമായ കാഴ്ച കണ്ട് കൊണ്ടിരുന്നു. എവിടെ നിന്നായിരിക്കും ഇവിടേക്ക് മയിലെത്തിയതെന്ന് ഇന്നും അക്ഞ്ഞാതമായി തുടരുന്നു. കുറേ വർഷങ്ങളായി ഇവിടെ മയിലുണ്ടെന്ന് പറഞ്ഞ് കേൾക്കുന്നു. പക്ഷേ, ഇതെവിടെ നിന്നു വന്നു. എങ്ങനെ എത്തിപ്പെട്ടു. എത്ര എണ്ണമുണ്ട് എന്നൊന്നും ആർക്കുമറിയില്ല. ഇത് പെരിന്താറ്റിരിയുടെ സൗഭാഗ്യമാണ്. കൂടുതൽ കാഴ്ച്ചക്ക് സമയം അനുവദിക്കാതെ ആകാശം ശക്തമായ ഒരു ഇടിമിന്നലോടെ മഴ വർഷിച്ചു. പെട്ടന്ന് മയിൽ കുന്നിപ്പറമ്പിന്റെ തെക്കെ ദിശയിലേക്ക് പറന്ന് പോയി. കൺകുളിർക്കെ ആ കാഴ്ച്ചക്ക് സാക്ഷിയായി മഴയും നനഞ്ഞ് ഞാൻ നിന്നു. ഒരു അപൂർവ്വകാഴ്ച നൽകിയ അവേശത്തോടെ ശക്തമായി ചീറ്റിയടിച്ച പേമാരിയിൽ നനഞ്ഞ് കുതിർന്ന് ഞാൻ ആ കുന്നിൻ ചെരിവിറങ്ങി വീട്ടിലേക്ക് നടന്നു.
തുടരും............
1 അഭിപ്രായം:
പ്രവാസത്തിനിടയിൽ നാട്ടിൽ മറന്ന് വച്ച് ഒരു പിടി ഓർമ്മകളുടെ സംഗമമാണ് നരിക്കുന്നന്റെ “ഒരു മഴക്കാലത്ത്”
നന്നായിരിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ