2008, ജൂലൈ 22, ചൊവ്വാഴ്ച

ബാപ്പാക്കൊരു ഡെഡിക്കേഷൻ

ഉണർന്നെണീറ്റ് റിമോട്ടിന്റെ ബട്ടൺ ഞക്കിപ്പിഴിഞ്ഞ്
ലോകത്തെ ഒരു പെട്ടിക്കൂട്ടിലാക്കി
സമകാലീന മലിന വാർത്തകൾ കണ്ടും കേട്ടും

ഒരു കട്ടൻ ചായക്ക് പ്രിയതമയുടെ
കനിവിനായി കാത്തിരുന്നു
പല്ലു തേക്കാതെ മനുഷ്യാ ചായ തരില്ലയെന്നവൾ

ഉറക്കച്ചടവിലും പിറുപിറുത്തു കൊണ്ടിരിക്കുന്നു
മലിനമായിക്കിടക്കുന്ന നാടിന്റെ നഗ്ന ദൃശ്യങ്ങൾ

കണ്ണിന് കുളിർമ്മയാകുമ്പോൾ
എന്തിനാടീ പല്ല് തേക്കുന്നതെന്ന്
അവൾ കേൾക്കാതെ മുരടനക്കി
അവിശ്വാസങ്ങളും, വിശ്വാസങ്ങളും,

പാഠവും, പുസ്ഥകങ്ങളും, അണുവായുധവുമെല്ലാം
കത്തിക്കരിഞ്ഞ് ദുർഗന്ധം വമിക്കുമ്പോൾ
എല്ലാം കണ്ട്, എല്ലാം ശ്വസിച്ചെങ്ങിനിവൾ കൂർക്കം വലിക്കുന്നു.
ജലപീരങ്കികളാൽ തെരുവിൽ

നദിയൊഴുക്കിക്കളിക്കുന്ന ഈ പോലീസിനെന്താ
പൈപിലൂടെ കുറച്ച് വെള്ളം തിരിച്ച് വിട്ടാലെന്ന്
ബാത്ത് റൂമിലെ കാറ്റ്മാത്രം ചീറിശബ്ദമുണ്ടാക്കുന്ന

പൈപിൽ പിടിച്ച് ചിന്തിച്ചിരിക്കേ
ഇന്നും വെറുതെ കുളിക്കാൻ സമയം കളയണ്ടയെന്ന സത്യം

മനസ്സിന് നനയാത്ത കുളിർമ്മയായി.
വിഢിപ്പെട്ടിയെന്ന് പണ്ട് പറഞ്ഞവർ

ബുദ്ധിജീവികളുടെ മാത്രം വിഹാര ഗേന്ദ്രമയി
വ്യാക്യാനിക്കപ്പെട്ട ചതുരപ്പെട്ടിയിൽ
ഘോരഘോരം കത്തിക്കയറുന്ന നേതാവിന്റെ മുഖത്ത്
ഒരിക്കലും തോറ്റ് കൊടുക്കില്ലന്ന ആവേശം
വാർത്തകളില്ലാത്ത വാർത്തയിലെ

ദൈന്യത കണ്ണുകളെ വീണ്ടുമൊരു
മയക്കത്തിലേക്ക് വലിച്ചെറിയുമെന്ന് ഭയെപ്പെട്ടപ്പോൾ

റിമോട്ടിന്റെ മുഖത്ത് വീണ്ടുമിട്ടലക്കി
മുന്നിൽ അല്പവസ്ത്രധാരിയുടെ കൊഞ്ചലിൽ

പണ്ടത്തെ ചക്കരമാവിൻ ചുവട്ടിൽ
മറന്ന് വച്ച കാമുകിയെ തിരിച്ച്കിട്ടിയ
ആവേശത്തോടെ ചോർന്നൊലിക്കുന്ന പോക്കറ്റിൽ
നിന്നും അവസാനത്തെ നാണയുത്തുട്ടുമെടുത്ത്

അവന്റെ ഇഷ്ടപാട്ടിനായി കെഞ്ചുന്ന പ്രവാസി.
ഇയാൾക്കീ വിളി സ്വന്തം വീട്ടിലേക്ക് വിളിച്ചൂടെ എന്ന്
മനസ്സിൽ കരുതിയിരുന്നപ്പോൾ

മൊബൈലിൽ വയലാറിന്റെ പഴയപാട്ട്
കാതിനൊരു കുളിർമ്മയായി.
മ്യൂട്ട് ഞെക്കി അല്പനേരം റിങ് ടോൺ

ആസ്വദിച്ച് ഫോണെടുത്തപ്പോൾ
ആവശ്യങ്ങളുടെ ഭാണ്ടക്കെട്ടഴിച്ച്

മറുതലക്കൽ ബാപ്പ.
വെറുതയല്ല ഈ പ്രവാസി വീട്ടിലെ നമ്പർ മറന്നതെന്ന് തെല്ലൊരു
അത്ഭുതത്തോടെ ചിന്തിച്ചപ്പോൾ ഈ അവധി ദിനത്തിൽ
പുലർച്ചെയെണീറ്റീ പ്രശ്നപ്പെട്ടിയുടെ മുമ്പിൽ

തപസ്സിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.
പ്രിയതമയുടെ ഗാഢനിദ്രയിൽ അസൂയതോന്നി.
ചാനലിന്റെ അടിയിൽ എഴുതിക്കാണിച്ച ചൂടുള്ള നമ്പറിലേക്ക്
മൊബൈലിന്റെ ബട്ടണുകൾ മറുതലക്കൽ

കിളിനാദം കേൾക്കും വരേ ഞക്കിക്കൊണ്ടിരുന്നു.
ഹലോ,

പേരെന്താണ്,
എവിടെ നിന്നാണ്,
എന്ത് ചെയ്യുന്നു
കിളിക്കൊഞ്ചൽ കാതിലൊരു കിന്നാരമായി പതിഞ്ഞപ്പോൾ
വായിൽ നിന്നുയർന്ന ദുർഗന്ധം വകവെക്കാതെ
അങ്ങേതലക്കൽ മണമടിക്കില്ലന്ന ദൈര്യത്തോടെ

ഒരു ശോകഗാനം ഉപ്പാക്ക് ഡെഡിക്കേഷനിട്ടു….

6 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഗൾഫിൽ നിന്നും ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച് ശ്രിങ്കരിക്കുന്ന പ്രവാസികൾക്ക് ഡെഡിക്കേഷൻ എക്സ്റ്റന്റ് ചെയ്യുന്നു.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ.

ബഷീർ പറഞ്ഞു...

നരിക്കുന്നന്‍,

ഡെഡിക്കേഷനില്ലാതെ എന്ത്‌ ജീവിതം എന്ന നിലയിലായിരിക്കുന്നു.. ( ബാക്കിയുള്ളതെല്ലാം തത്കാലം മറക്കാം )

ഇങ്ങിനെ കുറെ ആളുകളില്ലെങ്കില്‍ ഈ ചാനലുകാര്‍ / റേഡിയൊക്കാര്‍ക്കും ജീവിക്കണ്ടെ ?

കൂര്‍ക്കം വലിച്ചുറങ്ങുന്നവര്‍ക്ക്‌ ഒരു ഡെഡിക്കേഷന്‍. : )

OAB/ഒഎബി പറഞ്ഞു...

ഇത് ഞാന്‍ ‘പ്രിയത്തില്‍ ശറഫു’ വിന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.

രസികന്‍ പറഞ്ഞു...

പണ്ടത്തെ ചക്കരമാവിൻ ചുവട്ടിൽ
മറന്ന് വച്ച കാമുകിയെ തിരിച്ച്കിട്ടിയ
ആവേശത്തോടെ ചോർന്നൊലിക്കുന്ന പോക്കറ്റിൽ
നിന്നും അവസാനത്തെ നാണയുത്തുട്ടുമെടുത്ത്
അവന്റെ ഇഷ്ടപാട്ടിനായി കെഞ്ചുന്ന പ്രവാസി.
ഇയാൾക്കീ വിളി സ്വന്തം വീട്ടിലേക്ക് വിളിച്ചൂടെ

സത്യമാണു മഷെ , പലരും മറന്നുപോവുന്ന സത്യം , കിട്ടുന്ന പണം പലവഴിയിൽ ചിലവഴിച്ച് അവസാനം ഒന്നും നേടാതെ ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന പലരെയും നമുക്കു കാണാൻ സാധിക്കും. നമ്മെ നമുക്കു മാത്രമെ തിരുത്താൻ കഴിയൂ.

ഇനിയും ഇനിയും എഴുതുക

smitha adharsh പറഞ്ഞു...

ഡെഡിക്കേഷന്‍ കലക്കി...വീണ്ടും വിഷയം പ്രവാസി അല്ലെ?