2009, ജൂലൈ 29, ബുധനാഴ്‌ച

സാമ്പത്തിക മാന്ദ്യം

ആഗോള സാമ്പത്തിക മാന്ദ്യം നമ്മെയൊക്കെ പരസ്യമായും പരോക്ഷമായും തട്ടിയും മുട്ടിയുമൊക്കെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. മണൽകാറ്റിന്റെ അസഹിഷ്ണുതയിലും ഇയർന്ന ജീവിതം സ്വപ്നം കണ്ട് പറന്നുയർന്നവർക്ക് അപ്രതീക്ഷിതമായി വന്ന് ചേർന്ന ഈ മാന്ദ്യം റസിഷെനെന്നും ക്രൈസിസെന്നും പല പേരിട്ടും വിളിക്കുമ്പോഴും തങ്ങളുടെ നിറമുള്ള സ്വപ്നങ്ങളിലേക്ക് കരിനിഴലായി മാറിയിരിക്കുന്നു. ഒരുപക്ഷേ മലയാളികൾ വളരെ അധികം ഈ മാന്ദ്യത്തിന്റെ പിടിയിൽ വെറുകയ്യോടെ വിലപിക്കുന്നുണ്ടാവണം. ഒരു ദിനത്തിൽ എച്ചാറിന്റെ അപ്രതീക്ഷിതമായ ഒരു വിളിയും അയാളുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങേണ്ട ഡിസ്മിഷൽ ലെറ്റെറും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഒരുപാട് പേർ ഇന്ന് ഗൾഫ് നാടുകളിൽ ഉണ്ട്. പറഞ്ഞ് വന്നത് ഇതൊന്നും അല്ല. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ പെട്ട് കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു അനുഭവം ആണ് ഈ പോസ്റ്റിനാധാരം.


മ്പനിയിൽ അടുത്ത മാസം മുതൽ ജോലിയില്ലെന്ന നോട്ടീസിലേക്കും തന്റെ വളരെ ശോഷിച്ച അക്കൌണ്ട് സ്റ്റേറ്റ്മെന്റിലേക്കും വേദനയോടെ നോക്കി വിഷമിച്ചിരിക്കുകയായിരുന്നു ഹമീദ്. വലിയ സമ്പാദ്യങ്ങളൊന്നും ഈ പ്രവാസ ജീവിതം സമ്മാനിച്ചിട്ടില്ലാത്ത തനിക്ക് നാട്ടിലേക്കൊരു മടങ്ങി പോക്ക് ചിന്തിക്കാൻ കഴിയില്ല. ഇവിടെ നിൽക്കണമെങ്കിൽ തന്നെ ഒരു ജോലി കിട്ടുന്നത് വരെ റൂമിനും ഭക്ഷണത്തിനും വരെ കാശ് തികയാത്ത അവസ്ഥ. ചിന്തിച്ചിരിക്കുമ്പോഴാണ് തലയിലൊരു ബൾബ് കത്തിയത്. റൂമിൽ അവശേഷിക്കുന്ന എല്ലാ ഉപകരണങ്ങളും ഫർണിച്ചറുകളും വിറ്റ് കാശാക്കുക. തൽക്കാലത്തെ സാമ്പത്തിക മാന്ദ്യം അത് കൊണ്ട് പരിഹരിക്കാം. കഴിഞ്ഞ വർഷം കുടുംബത്തെ നാട്ടിലാക്കിയപ്പോൾ വിൽക്കാതെ വച്ച ഈ ഫർണിച്ചറുകൾ ഏതായാലും നല്ലവിലക്ക് വിൽക്കാനാകും. അങ്ങനെ ഹമീദും സുഹൃത്തും നാട്ടുകാരനുമായ അജയനും കൂടി കച്ചവടത്തിന്റെ ആദ്യപടിയെന്നോണം ഒരു അലമാരയുമായി പ്രശസ്തമാ‍യ ഹരാജിലേക്ക് [പഴയ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വലിയ മാർക്കറ്റ്] 50 റിയാൽ നിരക്കിൽ ഒരു വണ്ടിക്കാരനെ പറഞ്ഞുറപ്പിച്ച് കൊണ്ട് പോയി.

‘എടാ..വണ്ടിക്ക് 50 റിയാൽ കൊടുത്താലെന്താ? ഈ അലമാരക്ക് ഒരു 300 റിയാലെങ്കിലും കിട്ടാതിരിക്കില്ല. അല്ലേ?‘ ആഗോളസാമ്പത്തിക മാന്ദ്യത്തെ തറപറ്റിച്ച് അഗോളാടിസ്ഥാനത്തിൽ തന്റെ സന്തത സഹജാരിയായിരുന്ന അലമാരകൊണ്ട് വളരാൻ പോകുന്ന ബിസിനസ്സ് സാമ്രാജ്യം സ്വപ്നം കാണുകയായിരുന്നു ഹമീദ്.

ഓഫീസിലെ സഹപ്രവർത്തകനായ തമിഴ്നാട്കാരൻ മണിയൻ 100 റിയാലിന് ചോദിച്ചതാണ്. താൻ വർഷങ്ങളോളം ഉപയോഗിച്ച തന്റെ സ്നേഹനിധിയായ അലമാരയെ വെറും നൂറ് രൂപക്ക് നൽകാൻ ഹമീദിന് മനസ്സുണ്ടായിരുന്നില്ല.

‘അല്ലാതെ പിന്നെ, ഇതിന് 300 കുറഞ്ഞൊരു സംഖ്യക്കും കൊടുക്കേണ്ടി വരില്ല.’

300ൽ നിന്ന് 50 കുറച്ചാൽ 250. എന്തായാലും ഒരു മാസത്തെ മെസ്സിന്റെ ചിലവെങ്കിലും ഇങ്ങ് പോരും. ബാക്കിയുള്ളത് കൂടി വിറ്റ് ഒരുപാട് പരിപാടികൾ ഹമീദ് മനസ്സിൽ കൂട്ടിയും ഗണിച്ചും ഇരുന്നു. ഒരിക്കൽ പോലും കിഴിക്കാതെ.

അങ്ങനെ 50 റിയാലിന് പറഞ്ഞുറപ്പിച്ച വണ്ടി സുഹൃത്തുക്കളേയും അലമാരയേയും കൊണ്ട് ഹരാജിന്റെ തിരക്കിലെത്തി. ഹമീദ് വണ്ടിയിൽ നിന്നിറങ്ങി അലമാരകളും മറ്റ് ഫർണിച്ചറുകളും വിൽക്കുന്ന ഒരു ആളുടെ അടുത്തെത്തി ഒരു അലമാര മുതലാളിയെ പോലെ നിന്നു. [അല്ലങ്കിൽ തന്റെ ചിന്താമണ്ഡലത്തിൽ വളർന്ന് പന്തലിച്ച ഒരു വൻ ബിസിനസ്സ് രാജാവിനെ പോലെ]. ബംഗാളിയായ കച്ചവടക്കാരന്റെ മുന്നിൽ അല്പം ഗർവ്വോടെ നിന്ന് അലമാര വിൽക്കാനുണ്ടെന്ന് പറഞ്ഞു. ഒറ്റനിൽ‌പ്പിൽ വണ്ടിയിൽ പിടിച്ച് വരിഞ്ഞ് കെട്ടിയ അലമാരിയിലേക്കും ഹമീദിന്റെ മുഖത്തേക്കും നോക്കി ബംഗാളി മൊഴിഞ്ഞു.

‘കിത്-നാ ഹെ?.‘

‘യാർ 300റിയാൽ ദേതോ. ബഹുത് അച്ചാഹെ. മേം 6 മൈനാകേ പെഹലെ ലായാ..’ ഹമീദ് അറിയുന്ന ഹിന്ദിയിൽ അടിച്ച് കാച്ചി.

‘300 റിയാൽ…? ഇസ് സെ അച്ചാ ചീസ് ആപ്കോ 200 കോ ചാഹിയേ?“

‘200 റിയാലിന് നിന്റെ അടുത്തുന്ന് അലമാറ വാങ്ങാനായിരുന്നെങ്കിൽ ഇതും വലിച്ച്കെട്ടി വരേണ്ടിയിരുന്നില്ലല്ലോ.’ ബംഗാളിയുടെ തിരിച്ചുള്ള ചോദ്യം ഹമീദിന് പിടിച്ചില്ലങ്കിലും മനസ്സിൽ പിറുപിറുത്തു.

‘തോ.. ആപ് കിത്-നാ ദേഗാ? ആദ്യ കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഒരു റേറ്റ് ഐഡിയ കിട്ടാനെന്നവണ്ണം ഹമീദ് ചോദിച്ചു.

‘ഹം 40 റിയാൽ ദേഗാ..’

ഹമീദിന്റെ സർവ്വ ഇത്സാഹവും അതോടെ പൊയി. കാറ്റ് പോയ ബലൂൺ പൊലെ ഹമീദ് ദീർഘനിശ്വാസം വിട്ടു. ഒരു നിമിഷം താൻ സ്വപ്നം കണ്ട സാമ്രാജ്യം തകർന്നടിയുന്നു. അതും വെറും ഒരു ബംഗാളിക്ക് മുമ്പിൽ.

‘ജ്ജ് പൊടാ.. ഈ ബല്യ മാർക്കറ്റില് ജ്ജ് ഒറ്റക്കൊള്ളൂ.. 40 റിയാലേയ്.. ഓന്റെ $*&^‘ ഹമീദ് തന്റെ സ്വതസിദ്ധമായ ഭാഷയിൽ പിറുപിറുത്ത് കൊണ്ട് വണ്ടിയിൽ കേറി. അല്ലങ്കിലും പിറുപിറുക്കൽ സ്വന്തം ഭാഷയിലേ വരൂ.

വീണ്ടും രണ്ട് മൂന്ന് സ്ഥലത്ത് വണ്ടിയിൽ തന്നെ കൊണ്ട് പോയി കാണിച്ചെങ്കിലും വർഷങ്ങളോളം തന്റെ വസ്ത്രങ്ങൾ ചുളിവ് വീഴാതെ തൂക്കിയിട്ട, തന്റെ പുസ്ഥകങ്ങളും കുറിപ്പുകളും ചിതലരിക്കാതെ സൂക്ഷിച്ച ഈ അലമാരയെ ആരും ഗൌനിക്കുന്നില്ലല്ലോ എന്ന് വേദനയോടെ മനസ്സിലാക്കിയ ഹമീദിന്റെ സർവ്വ ഉത്സാഹവും അതോടെ നഷ്ടപ്പെട്ടിരുന്നു. ആ മണിയൻ 100 രൂപക്ക് ചോദിച്ചപ്പോൾ കൊടുത്താൽ മതിയായിരുന്നു.

പാക്കിസ്ഥാനിയായ ഡ്രൈവർ അതിനിടയിൽ മുറുമുറുപ്പ് തുടങ്ങിയിരുന്നു.

‘ഭായി.. എനിക്ക് പോണം. ഹരാജ് വരേയേ നമ്മൾ ഏറ്റിട്ടുള്ളൂ. ഇങ്ങനെ തിരഞ്ഞ് നടന്നാൽ കാശ് കൂടും‘

പാക്കിസ്ഥാനി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങൾ ഹമീദിന് മനസ്സിലായി.

‘ഹമീദേ ഒരു ഇന്ത്യാപാക് യുദ്ധം ഉണ്ടാകുന്നതിനെക്കാളും നമുക്ക് നല്ലത് ഇതിവിടെ ഇറക്കി വെക്കുന്നതാ. എന്നിട്ട് നമുക്കങ്ങ് കച്ചവടം നടത്താം’

സുഹൃത്ത് അജയന്റെ വാക്കുകൾ ശരിയാണെന്ന് ഹമീദിനും തോന്നി. എന്നാലും ഒരു ഇത്… കമ്പനിയിൽ നിന്ന് പിരിച്ച് വിട്ടെങ്കിലും തന്റെ ഗ്ലാമർനഷ്ടപ്പെടുത്തി ഈ ഹരാജില് ഒരു അലമാരയും പിടിച്ച് കച്ചവടം നടത്തുന്നത് ആരെങ്കിലും കണ്ടാൽ മോശമല്ലേ. പണ്ടാരടങ്ങാനായി ഏതെങ്കിലും അലവലാതി നാട്ടുകാരൻ എങ്ങാനും ഇത് വഴി വന്നാൽ ശരിക്കും താനാണ് അലവലാതിയെന്ന് നാട്ടില് പാട്ടാവില്ലേ. ഇങ്ങനെയൊക്കെ ആണേലും ഈ പച്ചകളെ വെറുപ്പിക്കുന്നത് അത്ര രസമുള്ള കാര്യമല്ല. പച്ചകൾക്ക് ദേഷ്യം കേറിയാ പിന്നെ വല്യ ബുദ്ധിമുട്ടാ. ഏത് അരസികനാണോ അവോ ഇവരെ പച്ചയെന്ന് വിളിച്ച് തുടങ്ങിയത്. പച്ചക്ക് പകരം ചുകപ്പ് എന്നായിരിക്കും കൂടുതൽ നന്നാകുക. പച്ചാന്ന് വിളിക്കുന്ന സുഖം ചുകപ്പേന്ന് വിളിക്കുമ്പോൾ കിട്ടില്ലല്ലോ. എന്നാലും ചോപ്പോന്ന് വിളിച്ചൂടായിരുന്നോ. ഈ ഹലാക്കിങ്ങളെ കയ്യിന്നൊന്ന് കിട്ടിയാ പിന്നെ മയ്യത്തായത് തന്നെ. ഇപ്പോ കമ്പനീന്നേ പൊറത്താക്കീട്ടൊള്ളൂ. ഇവന്റെ അടി കൊണ്ടാ ഈ ഭൂമീന്ന് തന്നെ ഡിസ്മിസാകും.

അങ്ങനെ രണ്ടും കല്പിച്ച് തന്റെ വൈറ്റ് കോളർ തൽക്കാലം തിരച്ച് വെച്ച് അലമാര ഇറക്കി റോഡരികിൽ വെച്ചു. പാക്കിസ്ഥാനി ഡ്രൈവർക്ക് 50 റിയാൽ വെച്ച് നീട്ടി. പക്ഷേ അയാൾക്ക് അത് പോരായിരുന്നു. 10 റിയാൽ കൂടി അധികം വേണമെന്ന് ശഠിച്ച പച്ചയോട് ഒരു മൽ‌പ്പിടുത്തത്തിന് നിൽക്കുന്നത് പന്തിയല്ലന്ന് അറിയാവുന്നത് കൊണ്ട് ‘ജ്ജ് കൊണ്ടോയി പുഴുങ്ങി തിന്നെട പന്നീ’ എന്ന് തന്റെ സ്വന്തം മലയാളത്തിൽ പുഞ്ചിരിയോടെ പറഞ്ഞ് ഹമീദ് 10 റിയാൽകൂടി പാക്കിസ്ഥാനിക്ക് കൊടുത്തു.

എന്തൊ നല്ലകാര്യം പറയുകയാണെന്ന് തെറ്റിദ്ധരിച്ച പാക്കിസ്ഥാനി നന്ദി പറഞ്ഞ് മടങ്ങി.

നിലത്ത് ഇറക്കി വെച്ച അലമാരയേയും നോക്കി ഹമീദും അജയനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

ഇത്പ്പോ എന്ത് ചെയ്യും. 300 റിയാൽ പ്രതീക്ഷിച്ച് 60 റിയാലിന് വണ്ടി പിടിച്ച് ഇവിടം വരെ കൊണ്ട് വന്നിട്ട് വണ്ടിക്കൂലി പോലും കിട്ടിയില്ലല്ലോ എന്ന് വ്യാകുലപ്പെട്ട് നിൽക്കുന്നതിനിടയിൽ റോഡിൽ നിന്ന് പൊട്ടിമുളച്ചപൊലെ അതാ ഒരു മലയാളി. അല്ലെങ്കിലും കല്ലിനടിയിലും തൂണിലും ശൂന്യാകാശത്തും ചന്ദ്രനിലും ആന്റ്റാർട്ടിക്കയിലും ഒരുപോലെ കാണുന്ന ഒരേ ഒരു ജീവിയാണല്ലോ മലയാളി.

‘ഇത് കൊടുക്കാനാണോ?‘

‘അതേ’ അല്പം ഗൌരവം നടിച്ച് ഹമീദ് മറുപടിയിട്ടു.

‘എത്രയാ? ഇത് പഴങ്ങിയിരിക്കുന്നല്ലോ’

പുഴുങ്ങി തിന്നാനൊന്നും അല്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും അജയൻ വിട്ടില്ല.

‘ഹെയ്, 6 മാസം മുമ്പ് വാങ്ങിച്ചതാ… അവിടെ 250 റിയാൽ ആ ബംഗാളി പറഞ്ഞു. ഒരു 300 എങ്കിലും കിട്ടിയാൽ കൊടുക്കാമെന്ന് കരുതി നിൽക്കുകയാ’

അജയന്റെ കച്ചവട ബുദ്ധിയിൽ ഹമീദിന് അസൂയ തോന്നി. ലവൻ പറയുന്നതിന് മുമ്പ് ഞാനെങ്ങാനും വായ തുറന്നിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ. എന്നാലും ആ പഹയന് ഒരു 500 പറഞ്ഞൂടായിരുന്നോ..

‘ഇതിനോ? ആ ബംഗാളിക്ക് തന്നെ കൊടുക്കുന്നതാ നല്ലത്’

ആ മലയാളിയുടെ പരിഹാസത്തിലുള്ള വാക്കുകൾ ഹമീദിന് ഇഷ്ടപ്പെട്ടില്ലങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി പറഞ്ഞു.

‘ഹെയ്, അങ്ങനെയല്ല ആ വിലക്ക് നിങ്ങൾക്ക് വേണങ്കിൽ എടുത്തോളൂ… ഒരു ബംഗാളിക്ക് കൊടുക്കുന്നതിനേക്കാളും നല്ലതല്ലേ നമ്മൾ മലയാളിക്ക് വില കുറച്ച് കൊടുക്കുന്നത്’

‘വേണ്ട മാഷേ.. നമ്മൾ തമ്മിൽ സുഖിപ്പിക്കുന്നത് പെട്ടന്ന് മനസ്സിലാകും. ഞാനിതിനൊരു 25 റിയാൽ തരാം.’

ബംഗാളി പറഞ്ഞതിനേക്കാളും 15 റിയാൽ കുറവ്. ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികൾ… ലവനൊക്കെ വിൽക്കാൻ കണ്ട എന്നെവേണം തല്ലാൻ. ഹമീദിന്റെ മനസ്സിലെന്തെന്ന് അജയൻ വായിക്കുന്നുണ്ടായിരുന്നു.

‘ഇത് ഞങ്ങൾ തൽക്കാലം വിൽക്കുന്നില്ല. .. മാഷ് പോയാട്ടേ..’

ഹമീദിന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു. പക്ഷേ തിരിഞ്ഞ് നടക്കാൻ തുടങ്ങിയ മലയാളിയെ കൈയ്യിൽ പിടിച്ച് നിർത്തി അജയൻ പറഞ്ഞു.

‘അല്ലങ്കിൽ വേണ്ട.. ഒരു നാല്പത് റിയാൽ താ.. ഇതിനി ഇവിടന്ന് തിരിച്ച് കൊണ്ടുപോകുന്നതിനേക്കാളും നല്ലതല്ലേ..’

അജയന്റെ വാക്കുകേട്ട ഹമീദ് അന്തം വിട്ട് നിന്നു. 300 റിയാലിൽ നിന്ന് 40ലേക്ക് ചാടിയ ചാട്ടം കണ്ടില്ലേ. ഹെന്റമ്മോ ഇവൻ ഇത് കച്ചവടമാക്കിയിട്ടേ പോകൂ. തിരിഞ്ഞ് നടന്ന മലയാളി രണ്ടുപേരേയും ഒരിക്കൽ കൂടി നോക്കി തീർത്തു പറഞ്ഞു.

‘ഇരുപത്തഞ്ച്. അതിൽ കൂടുതൽ ഒരു റിയാൽ പോലും കൂടില്ല..’

അയാളുടെ വാശിയിൽ അമർഷം തോന്നിയെങ്കിലും അജയൻ വിട്ടില്ല.

‘ഒകെ. ആ കാശെടുത്തേ.. ഇരുപത്തഞ്ചേങ്കിൽ ഇരുപത്തഞ്ച്.. റൂമിൽ പോകാൻ ടാക്സിക്കെങ്കിലും തികയുമല്ലോ’

അജയന്റെ ഇടപെടലുകൾ ഹമീദിന് ഒട്ടും പിടിച്ചില്ലങ്കിലും ഒന്നും മിണ്ടിയില്ല. എന്തായാലും ആ മണിയന് കൊടുത്തിരുന്നെങ്കിൽ 100 റിയാൽ ഒരു ചിലവുമില്ലാതെ കിട്ടുമായിരുന്നു. അല്ലങ്കിൽ തന്നെ പതിനഞ്ച് കൊല്ലം ഉപയോഗിച്ച് ജീർണ്ണിച്ച തന്റെ പുത്തൻ ഫർണിച്ചറുകൾ കണ്ട് ബിസിനസ്സ് നടത്താനിറങ്ങിയ എന്റെ ഫുദ്ധിക്കിട്ട് തന്നെ കിട്ടി.

ആ മലയാളിയുടെ കയ്യിൽ നിന്നും തന്റെ പോക്കറ്റിൽ കിടക്കാൻ തീരെ ആയുസ്സില്ലാ‍ത്ത 25 റിയാൽ വാങ്ങി കയ്യിൽ വെച്ച് തന്റെ സഹമുറിയനായിരുന്ന അലമാരയെ ഒരിക്കൽ കൂടി നോക്കി ഹമീദ് പറഞ്ഞു.

‘അജയാ, ഈ സാമ്പത്തിക മാന്ദ്യം എനിക്ക് മാത്രമല്ലല്ലോ പിടിച്ചിട്ടുള്ളത്.. ഇത് വാങ്ങുന്നവർക്കും മാന്ദ്യമാണെന്ന് നാം ഓർക്കണമായിരുന്നു’


****

21 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

പരിഹാരക്രിയകൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഒരു സാമ്പത്തികമാന്ദ്യ കാഴ്ച.

ശ്രീ പറഞ്ഞു...

ഹാസ്യ രൂപേണ എഴുതിയെങ്കിലും കുറേയൊക്കെ കാര്യം തന്നെ മാ‍ഷെ

വരവൂരാൻ പറഞ്ഞു...

‘അജയാ, ഈ സാമ്പത്തിക മാന്ദ്യം എനിക്ക് മാത്രമല്ലല്ലോ പിടിച്ചിട്ടുള്ളത്.. ഇത് വാങ്ങുന്നവർക്കും മാന്ദ്യമാണെന്ന് നാം ഓർക്കണമായിരുന്നു’

സാബത്തികമാന്ദ്യത്തിന്റെ പേരു പറഞ്ഞ്‌
എത്ര പേർ ആവശ്യത്തിനും ആനാവശ്യത്തിനും ചൂഷണം ചെയ്യപ്പെടുന്നു....എന്തിനും ഏതിനും ഒരേ ഉത്തരം സാബത്തികമാന്ദ്യം.. പണ്ട്‌ റുമിലുള്ളവർ സ്വന്തം ശബളത്തിനും ഇൻങ്ക്രിമെന്റിനും വേണ്ടിയായിരുന്നു പ്രാർത്ഥിച്ചിരുന്നത്‌ ഇന്ന് കമ്പനിക്കു എന്തെങ്കിലും പ്രോജെകറ്റ്‌ കിട്ടണമേ എന്നാണു.

ഈ അവതരണത്തിനു നന്ദി.

ശ്രീഇടമൺ പറഞ്ഞു...

സാമ്പത്തികമാന്ദ്യ കാഴ്ച
ചിരിപ്പിച്ചെങ്കിലും ചിന്തിപ്പിച്ചു...
ചിരിയിലൂടെ ചിന്തിപ്പിച്ച ഈ അവതരണം വളരെ നന്നായിട്ടുണ്ട്...

കാസിം തങ്ങള്‍ പറഞ്ഞു...

നന്നായി നരിക്കുന്നാ. സാമ്പത്തിക മാന്ദ്യം പടര്‍ന്നു കയറുക തന്നെയാണ്. പരിഹാരക്രിയകളൊന്നുമില്ലാതെ അന്തം വിട്ടു നില്‍ക്കുകയാണല്ലൊ ഏവരും.. ഇനിയും കൂടുതല്‍ രൂക്ഷമാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Sukanya പറഞ്ഞു...

അറിയുന്നു, സാമ്പത്തിക മാന്ദ്യം വരുത്തുന്ന വിനകള്‍. പാവം ഹമീദ്‌.
നമുക്കു പ്രാര്‍ത്ഥിക്കാം ലോകാ സമസ്ത സുഖിനോ ഭവന്തു

രസികന്‍ പറഞ്ഞു...

ശരിയാ നരീ , സാക്ഷാല്‍ സാമ്പത്തിക മാന്ദ്യത്തിലും അധികരിച്ചു വരുന്നു ഡ്യൂപ്ലിക്കറ്റ് സാമ്പത്തികമാന്ദ്യം !! പലര്‍ക്കും പലതും നഷ്ടപ്പെടുമ്പോള്‍ ഒരുവശത്ത് പലതും മാന്ദ്യംകൊണ്ട് നേടിയെടുക്കുന്നവരുമുണ്ട് ............ ഒരുപാaഉ കാഴ്ചകളില്‍ ഒരു കാഴ്ച നല്ലശൈലിയില്‍ അവതരിപ്പിച്ചതിനു ആശംസകള്‍

താരകൻ പറഞ്ഞു...

വളരെ സരസമായി എഴുതിയിരിക്കുന്നു.

ഗീത പറഞ്ഞു...

ചിരിപ്പിക്കാനാണു നോക്കിയതെങ്കിലും ചിരിക്കാന്‍ കഴിഞ്ഞില്ല നരിക്കുന്നാ. സ്വയം വിഷമിക്കുമിമ്പോഴും മറ്റുള്ളവരും സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിക്കയാണല്ലോ എന്ന് ചിന്തിക്കാന്‍ കഴിഞ്ഞ ഹമീദിന് ദൈവം നന്മ വരുത്തട്ടെ.

siva // ശിവ പറഞ്ഞു...

സാമ്പത്തികമാന്ദ്യം ഒരു തരം ചീറ്റിംഗ് ആണെന്നാ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്....

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചിരിയിലൂടെ കാര്യം പറഞ്ഞ പഴയ വിജയനെയും ദാസനെയും ഓര്‍ത്തു പോയി... നരിക്കുന്നാ ഇത് നമ്മുടെ പ്രവാസികളുടെ വര്ത്തമാനമാ...

OAB/ഒഎബി പറഞ്ഞു...

ഇത് വായിച്ചപ്പോൾ ഞാൻ ഒരിക്കൽ പെട്ട് പോയതോർക്കുന്നു.
സെക്കൻ ഹാന്റ് റസീവർ ഹരാജിൽ നിന്നും വലിയ ലാഭമെന്ന് കരുതി 375 റിയാൽ കൊടുത്ത് വാങ്ങി. സൂഖിൽ അന്വേഷിച്ചപ്പോൾ പുതിയതിന് 250 റിയാൽ മാത്രം. തിരിച്ച് അങ്ങോട്ട് 200ന് കൊടുത്തപ്പൊ ബംഗാളി; “ബന്ധൂ നഹി ചാഹിയേ“
ബംഗാളി ജീവിക്കാൻ പഠിച്ചവനായിരുന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

മോറല്‍ ഓഫ് ദ സ്റ്റോറീ: അണ്ണന്‍ കൊടുക്കേണ്ടത് അണ്ണാന് വെച്ച് നീട്ടരുത്... കൊടുത്ത് 100 റിയാലാക്ക്യാ എന്തെല്ലാം നടന്നേനെ...

അരുണ്‍ കരിമുട്ടം പറഞ്ഞു...

കളിയിലും അല്പം കാര്യമാണല്ലോ നരി..
സോറി കുന്നാ

വീകെ പറഞ്ഞു...

ഈ സാമ്പത്തികമാന്ദ്യം ശരിക്കും ഒരു തട്ടിപ്പായിട്ടാ എനിക്കും തോന്നുന്നത്.

അല്ലെങ്കിലും നമ്മൾ എന്തെങ്കിലും വിൽക്കാൻ ചെല്ലുമ്പോഴല്ലെ വില കിട്ടാതുള്ളു. എന്തെങ്കിലും വാങ്ങാൻ ചെന്നു നോക്ക്.....

smitha adharsh പറഞ്ഞു...

അത് കലക്കി..
സംഭവം അവതരിപ്പിച്ചത് ഹാസ്യത്തിലായാലും...ചിലര്‍ക്കെങ്കിലും,ഈ സാമ്പത്തിക മാന്ദ്യം ഒരു വില്ലനായി അല്ലെ?

ശാന്ത കാവുമ്പായി പറഞ്ഞു...

വേദനിപ്പിക്കുന്ന സത്യങ്ങൾ ഹാസ്യത്തിൽ പൊതിഞ്ഞ്‌.ബേപ്പൂർ സുൽത്താന്റെ പിൻഗാമിയാകാൻ അർഹതയുണ്ട്‌.ആശംസകൾ.

Anil cheleri kumaran പറഞ്ഞു...

നല്ല എഴുത്ത്.

ജിതിന്‍ പറഞ്ഞു...

നരിക്കുന്നന്‍ മാഷേ എന്റെ ബ്ലോഗ് ഒന്ന് നോക്കിക്കെ ലിങ്ക് ഇവിടെ

http://neermathalappookkal.blogspot.com/

വിജയലക്ഷ്മി പറഞ്ഞു...

മോനെ നല്ല കാലോചിത മായ പോസ്റ്റ്‌ തന്നെ ...ഹമീദിന്റെ അവസ്ഥ ...ഇന്ന് പലരുടെയും കൂടിയാണ് ...

കുഞ്ഞായി | kunjai പറഞ്ഞു...

ഹാസ്യത്തില്‍ പൊതിഞ്ഞ രജന നന്നായിട്ടുണ്ട്