2008, ഡിസംബർ 20, ശനിയാഴ്‌ച

മഴക്കാല നൊമ്പരങ്ങൾ

ആകാശത്ത് മിന്നിയ വെള്ളിവെളിച്ചത്തിന് പിറകെ മുറ്റത്ത് മറച്ച് കെട്ടിയ ആസ്പെറ്റോസ് സീറ്റിലേക്ക് ചരക്കല്ലുകൾ വാരിയെറിഞ്ഞപോലെ മഴ പെയ്ത് തുടങ്ങി. കിഴക്ക് ഭാഗത്തേക്ക് വീശിയടിച്ച കാറ്റിൽ തൊടിയിലെ മരങ്ങൾ ഉലഞ്ഞാടാൻ തുടങ്ങി. പെട്ടന്ന് ഭയങ്കരമായ ശബ്ദത്തോടെ ഇടിവെട്ടി. ഒപ്പം മഴയുടെ ശക്തി കൂടിക്കൂടി വന്നു.

ഇടക്ക് വീശിയടിച്ച കാറ്റിൽ മഴനാരുകൾ ഹമീദിന്റെ മനസ്സിനും ശരീരത്തിനും കുളിരായി ഇറയത്തേക്ക് ചീറ്റിയറിച്ചു. നിർത്താതെ പെയ്യുന്ന മഴയേ നോക്കി ഇരിക്കാൻ നല്ല രസം തോന്നി. സിറ്റൌട്ടിൽ ചാരുകസേരയിൽ മഴയെ നോക്കി, അതിന്റെ താളം ആസ്വദിച്ച്, ചെരിഞ്ഞും നിവർന്നും ആടിയും ഉലഞ്ഞും പെയ്യുന്ന മഴയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാൻ തനിക്ക് കഴിയും.

‘’എന്താ രാവിലെത്തന്നെ മഴകണ്ടിരിക്ക്യാ.. അടുത്ത ആഴ്ച്ച പോകാനായി. ഒരുപാട് സ്ഥലത്ത് പോകാനുള്ളതാ… ഈ നശിച്ച മഴ കാരണം ഒന്ന് പൊറത്ത് എറങ്ങാനും കൂടി കഴിയാതായി.” വാതിൽ പടിയിൽ കയ്യിൽ ചൂടുള്ള പാൽചായയുമായി പുറത്ത് നിർത്താതെ പെയ്യുന്ന മഴയെ ശപിക്കുന്ന ഭാര്യയോട് പുച്ഛം തോന്നി. ഭാര്യയുടെ കയ്യിൽ നിന്നും ചൂടുള്ള ചായ വാങ്ങി കുടിക്കുമ്പോൾ തണുത്ത പ്രഭാതത്തിൽ തൊണ്ടയിലൂടെ ചൂടുള്ള വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി അറിഞ്ഞു. ആവിപറക്കുന്ന കപ്പിൽ നിന്നും ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തന്നെ നോക്കിയിരിക്കുന്ന തന്നെ ഭാര്യക്ക് മനസ്സിലാവുന്നുണ്ടാകില്ല. തന്റെ മനസ്സിൽ തിരയടിക്കുന്ന സാഗരം ഈ മഴനാരുകൾകൊണ്ട് കുളിര് പരത്താൻ കഴിയുമെങ്കിൽ ഇനിയും ഞാൻ മഴയെ നോക്കിയിരിക്കും.

‘’നിങ്ങൾ എണീറ്റ് വന്ന് മേൽ കഴുകി വരീ… ചായ കുടിച്ച് പെട്ടന്ന് പോണം.. എന്നാലേ ഉച്ചയാകുമ്പോഴേക്ക് അവിടെയെത്തൂ..” അകലെയുള്ള ഭാര്യവീട്ടിൽ ഇന്ന് ഉച്ചക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. തലേന്നേ പോകാത്തതിലുള്ള അരിശം അവളുടെ മുഖത്തുണ്ട്.

‘മോളൂ.. ചായ കുടിക്കാൻ വന്നാ… എന്നിട്ട് വേകം പോയി കുളിക്ക്…’

‘ച്ച് വയ്യ.. ഈ തണുപ്പത്ത് കുളിക്കാൻ‘ ഈ തണുത്ത വെളുപ്പാൻ കാലത്ത് ശരീരത്തിലേക്ക് വെള്ളം പാരുന്നത് ആർക്കും സഹിക്കില്ല.

‘പോയി കുളിക്ക്യാ അനക്ക് നല്ലത്. അവടെ ഒരുപാട് ആളുകൾ ഉണ്ടാകും‘

‘ഉമ്മ കുളിച്ചോ എനിക്ക് വയ്യ..‘

‘ഞാൻ വെള്ളം ചൂടാക്കി വച്ചക്കുണു… പോയി കുളിച്ച് വന്നാ….’

ഇനി രക്ഷയില്ലന്ന് കരുതിയാവണം മോളുടെ ശബ്ദം പിന്നെ കേട്ടില്ല.

‘നിങ്ങൾക്ക് കുളിക്കാൻ വെള്ളം ചൂടാക്കട്ടേ … വേകം കുളിച്ച് വരി മൻഷ്യാ….’

“എനിക്ക് നിന്റെ ചൂട് വെള്ളം ഒന്നും വേണ്ടടീ.. ഞാൻ ഈ തണുത്ത വെള്ളം കൊണ്ട് കുളിക്ക്യാൻ പോകാ..”

‘വേണ്ടട്ടോ… നല്ല തണുപ്പാ.. ചീരാപ്പ് പിടിച്ചാ ബുദ്ധിമുട്ടാകുംട്ടോ..‘ അവളുടെ വാക്കുകളിൽ തേനൊഴുകുന്നു. സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ എല്ലാ പെണ്ണുങ്ങളും ഇങ്ങനെത്തന്നെയാകും. അവിടെ എത്തുന്നത് വരെ തേനും ചക്കരയുമായിരിക്കും. എത്തിയാൽ പിന്നെ ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ഉള്ളവിവരം അറിയില്ല. കാരണവന്മാരുടെ അടുത്തേക്ക് നമ്മളെ തള്ളിവിട്ട് അവൾ സൊറപറയാൻ അടുക്കളയിലേക്ക് മുങ്ങും. ഇടക്കെപ്പോഴെങ്കിലും ഒരു ചായ, വെള്ളം എന്തെങ്കിലും തരാൻ വേണ്ടി മാത്രം തലയിളക്കം കാണും. എങ്കിലും, ഈ ജീവിതം എനിക്കെത്രയോ സുന്ദരമാണ്. മനസ്സിൽ ഒരുപാട് സംതൃപ്തിയുണ്ട്. മണലാരണ്യത്തിന്റെ തീച്ചൂളയിൽ മനസ്സുരുകിയെങ്കിലും തന്റെ കുടുംബത്തെ സന്തോഷത്തോടെ കൊണ്ട് പോകാൻ തനിക്ക് കഴിഞ്ഞിരിക്കുന്നു. തിരിച്ച് പോകാൻ ഇനിയും നാളുകളേ ഉള്ളൂ എന്ന തിരിച്ചറിവിൽ ഇടനെഞ്ചിൽ ഒരു തീപാറുന്നത്, ആ തീ ചിന്തകളിലേക്ക് പടർന്ന് കത്തുന്നത് ഒരു നിത്യസംഭവമായിരിക്കുന്നു. എങ്കിലും…..

കുളിമുറിയിൽ ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പുറത്ത് തിമർത്ത് പെയ്യുന്ന മഴയിൽ തണുത്തുറഞ്ഞ ഈ പ്രഭാതത്തിൽ ഒരു തണുത്ത കുളി. ഇതാസ്വദിക്കാൻ ഒരു പ്രവാസിക്കേ കഴിയൂ..

അകത്ത് ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ഇവളിതെവിടെ പോയി.

‘എടീ.. ആ ഫോണൊന്നെടുക്ക്.. നീയിതെവിടെയാ…’

‘ഇതാ വരണൂ…. അവൾ അടുക്കളയിൽ നിന്നും ഓടിയെത്തിയപ്പോഴേക്കും ബെല്ലടി നിലച്ചു.

വീണ്ടും അല്പ നേരം കഴിഞ്ഞ് വീണ്ടും ഫോണടിച്ചു. തല തുവർത്താതെ ബാത്ത് റൂമിൽ നിന്നും ഇറങ്ങി ചെന്ന് ഫോണെടുത്തു. മറുതലക്കൽ അബു.

‘എന്താ അബോ.. ഈ രാവിലത്തന്നെ ഫോണടിച്ച് കളിക്ക്യാ… ഞാൻ ഇന്ന് സർക്കീട്ട് ഭാര്യവീട്ടിലേക്കാ ഇഷ്ടാ…’

‘എടാ.. ഒരു കാര്യം പറയാനുണ്ട്…‘ മറുതലക്കൽ അബുവിന്റെ ശബ്ദത്തിലെ പരിഭ്രാന്തി കാതുകളിൽ അറിഞ്ഞു.

‘ഞമ്മടെ..ചേനത്തൊടീലെ മയമദാക്ക മരിച്ചു… ഇന്ന് രാവിലെ..’

അവന്റെ വാക്കുകൾ കാതുകളിലേക്ക് കുത്തിയിറങ്ങി. ഒരു നിമിഷം സ്ഥബ്ധനായി നിന്നു. ഈറൻ തുവർത്താത്ത നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ നിലത്തേക്ക് വീണ് ചിതറി.

..’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..’ (നിശ്ചയമായും ദൈവത്തിൽ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..) എന്നിൽ നിന്നും വന്ന വചനങ്ങൾ കേട്ട് പിന്നിൽ ഭാര്യയും ആകാക്ഷയോടെ നിൽക്കുന്നു.

‘ആരാ… ആരാ മരിച്ചത്..’

‘ചേനത്തൊടിയിലെ മയമാക്ക’

എവിടെയോ ഒരു നീറ്റൽ. വയസ്സായ ഒരു മനുഷ്യൻ.. തന്റെ നല്ല കാലം ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നെയാണ് അയാൾ പോയത്. ഒരുപാട് വർഷം ഗൽഫിൽ കഴിഞ്ഞ തനിക്ക് എന്നെങ്കിലുമൊക്കെ നാട്ടിൽ വരുമ്പോൾ കാണുന്ന ഇത്തരം പഴയ മനുഷ്യർ വലിയ മാനസിക അടുപ്പങ്ങളൊന്നും ഉണ്ടാക്കാറില്ല. പക്ഷേ, ഒരു സാധാരണക്കാരൻ എന്നതിലുപരി ഇദ്ധ്യേഹം മനസ്സിൽ നല്ലൊരു നീറ്റൽ ബാക്കിയാക്കിയിർക്കുന്നു.

ഒരുപാട് കാലം രോഗിയായി കിടക്കുകയായിരുന്ന അയാൾ ഇന്നലെ അങ്ങാടിയിലേക്കിറങ്ങി. അല്പം ആശ്വാസം ഉണ്ടായിരുന്നത്രെ. കണ്ടവരോടെല്ലാം കുശലം പറഞ്ഞു. കൂട്ടത്തിൽ തന്നോടും അബുവിനോടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

‘ഏല്ലാരിം കാണണമെന്നു ഒരു പൂതി… ഒരു അശ്വാസം കിട്ടിയപ്പൊൽ ഞാനിങ്ങു പോന്നു.’ പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ഹംസ ഹാജി ചോദിച്ചപ്പോൽ മയമാക്ക പറയുന്നത്‌ കേട്ടു.

ആയാളുടെ കണ്ണുകളിൽ ഒരു തരം പ്രകാശം നിറഞ്ഞിരുന്നു. ഇനിയും എന്തൊക്കെയോ പറയാൻ അയാളുടെ അന്തരംഗങ്ങൽ ആഗ്രഹിച്ചിരുന്നപോലെ. കണ്ടവരോടൊക്കെ വാതോരാതെ സംസാരിചു. വ്വൈകുന്നെരം ഞാനും അബുവുമാണു വീട്ടിലെക്കു കൊണ്ടു ചെന്നാക്കിയതു. മടങ്ങി പോരുമ്പോൾ ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക്‌ മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ വലിയ മനുഷ്യൻ. എന്തിനായിരുന്നു ഇതൊക്കെ. മരണം മുന്നിൽ കണ്ടിരുന്നോ.

മുമ്പു ഇതു പൊലെ ഒരിക്കൽ നട്ടിൽ നിന്നു മടങ്ങുമ്പോൾ എന്റെ അമ്മായിയും ഇങ്ങനെ ഒരു പാടു പറഞ്ഞിരുന്നു. ഞാൻ മടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു.

അബുവിനോട് കൂടെ ആ മരണവീട്ടിന്റെ മുറ്റത്തേക്കു കയറിയപ്പോൾ പ്രാർത്ഥനാനിർഭരമായ മനസ്സുകളുമായി ഒരുപാട് മുഖങ്ങൽ. ഏങ്ങും ഒരു മൂഖത. ഒരുപാട് പേർ കൂടിച്ചേർന്ന ഈ വീട്ടിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ആരുടേയും ശബ്ദം ഉച്ഛത്തിൽ കേൾക്കുന്നില്ല.

അകത്തു കട്ടിലിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരത്തിൽ നിന്നും മകൻ അലവിക്കുട്ടി ഞങ്ങൽക്കു കാണാനായി മുഖത്തെ തുണി മാറ്റിത്തന്നു. ഇന്നലെ രാത്രി തന്നെ കെട്ടിപ്പിടിച്ച് കണ്ണീർവ്വാർത്ത, ഇനി ഈ കുട്ട്യാളെ ഞാൻ കാണുമോ എന്നു വിലപിച്ചു കരഞ്ഞ ആ വലിയ മനുഷ്യന്റെ നിശ്ചലമായ മുഖത്തെക്കു കൂടുതൽ നോക്കിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല.

ഒരു വിലാപയാത്രയായി ആ മൃതശരീരം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് നടക്കുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ആറടി കുഴിയിലേക്ക് ആ മൃതശരീരത്തിനു മേലെ മൂന്നു പിടി മണ്ണ് വാരിയിട്ട് മടങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ഏതോ വേണ്ടപ്പെട്ട ഒരാളെ യാത്രയാക്കി മടങ്ങുമ്പോലെ. പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത ആ യാത്രക്കായി താനും കാത്തിരിക്കേണ്ടിയിരിക്കുന്നെന്ന് ഉള്ളിലിരുന്നാരോ ഓർമ്മിപ്പിക്കുമ്പോലെ.

ചാറ്റൽ മഴയിൽ വെള്ളം ഒലിച്ചിറങ്ങുന്ന തലമുടി നെറ്റിയിലേക്കു ഊർന്നിറങ്ങി വീടിന്റെ വരാന്തയിലേക്ക് കയറുമ്പോൾ വാതിലിൽ തന്നേയും കാത്ത് ഭാര്യയും മോളും ഒരുങ്ങി നില്പുണ്ടായിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന അവരെ കണ്ടില്ലെന്ന് നടിച്ച് ഞാൻ അകത്തേക്ക് കയറി.

പിന്നിൽ വാതിൽ ശക്തിയായി അടയുന്ന ശബ്ദം അവഗണിക്കാനേ തോന്നിയുള്ളൂ.

കണ്ണുകളിൻ ഒരു ഇടുങ്ങിയ കുഴിയിലേക്ക് ഇറക്കി വെക്കുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരം മാത്രം. ആളൊഴിഞ്ഞ പള്ളിക്കാട്ടിൽ ഇടുങ്ങിയ കുഴിക്കുള്ളിൽ ആ ശരീരം ഒറ്റക്കാണ്.

*****

39 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഒരു മഴ നനഞ്ഞ അവധിക്കാലത്തിന്റെ മറക്കാതെ കിടന്ന ഓർമ്മ ഇവിടെ കുറിക്കുന്നു.

Unknown പറഞ്ഞു...

മഴ മഴ കുട കുട .............
മഴ വന്നാല്‍ തൊപ്പിക്കുട ( ഇപ്പൊ പോപ്പി കുട നാളെ ....??)


ഓര്‍മകള്‍ മായുന്നില്ല നരിക്കുന്നാ

ഓരോ മഴ തുള്ളിയും ഉറ്റിവീഴും പോലെ നിസ്സാരമാണ് മനുഷന്റെ ജീവിതം...
ഇന്നു ഗുഡ് നൈറ്റ് പറഞ്ഞവന്‍ നാളെ ഗുഡ് മോര്‍ണിംഗ് പറയുമോ എന്നാര്‍ക്കറിയാം!!

തന്റെ കണ്മുന്നിലൂടെ ഓരോ ശരീരവും മണ്ണിലേക്ക് എടുത്തു വെക്കുമ്പോഴും നാളെ തന്നെയും 'മയ്യിത്ത്' എന്ന് വിളിക്കപ്പെടുന്ന നിമിഷം ആരും ഓര്‍ക്കുന്നില്ലല്ലോ....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നരിക്കുന്നാ,
മഴയെപ്പറ്റി വായന തുടങ്ങിയതോടെ മനസ്സില്‍ കുളിര്‍ പടരാന്‍ തുടങ്ങിയിരുന്നു, അതങ്ങിനെയാണ്, മഴ എനിക്കു ഒരു വികാരമാണ്.

പക്ഷെ പൊടുന്നനെ കഥ വഴിമാറിയതോടെ വല്ലാതെ വിഷമിച്ചു.

മരണം ഒരു വല്ലാത്ത പഹയനാണ്.
എങ്കിലും കഷ്ടപ്പാടുകളുടെ ലോകത്തു നിന്നും അത് ആളുകളെ രക്ഷിക്കുന്നുമുണ്ടാവും.

Unknown പറഞ്ഞു...

mazahyum mmaranavum... nalla post.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കഥ വായിച്ചു വന്നപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നു.പക്ഷേ അതിന്റെ അവസാനം വല്ലാത്ത ഒരു നൊമ്പരമുണർത്തി.മരണം ഒരു രംഗബോധമില്ലാത്ത കോമാളി ആണെന്നല്ലേ പറയുക.ജനിച്ചാൽ എന്നെങ്കിലും മരിക്കും.അവർക്ക് സ്വർഗ്ഗത്തിൽ തന്നെ സ്ഥാനം കിട്ടാൻ നമുക്ക് ഭൂമിയിൽ ഇരുന്നു പ്രാർഥിക്കാം നരിക്കുനൻ,

ചാണക്യന്‍ പറഞ്ഞു...

മഴയും മരണവും....
ജീവിതമെന്ന മഴയുടെ പെയ്തൊഴിയലല്ലെ മരണം...
നല്ല എഴുത്ത് നരിക്കുന്ന....ആശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മനസ്സിലെവിടെയോ ഒരു മുറിവുണ്ടാക്കി...
നല്ല കഥ... നല്ല എഴുത്ത് ....

കാസിം തങ്ങള്‍ പറഞ്ഞു...

“മഴ നനഞ്ഞ അവധിക്കാലത്തിന്റെ മറക്കാതെ കിടന്ന ഓര്‍മ്മകള്‍“ കണ്ണുകളേയും നനച്ചു. ആശംസകള്‍ നരിക്കുന്നാ.

ഒരു സ്നേഹിതന്‍ പറഞ്ഞു...

മഴയുടെ നൊമ്പരം വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രയും പ്രദീക്ഷിചില്ല, മഴയുടെ മധുര കുളിരിന്നൊടുവില്‍ മനസ്സൊന്നുടക്കി,
’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂന്‍..’ (നിശ്ചയമായും ദൈവത്തില്‍ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..)
അതാണ്...

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ആ മഴയില്‍ എന്‍റെ മനസും കിടന്നു നനയുന്നു നരിക്കുന്നാ

കാസിം തങ്ങള്‍ പറഞ്ഞു...

ഓഫ്: നരിക്കുന്നാ ഹജ്ജിന് പോയിരുന്നുവല്ലേ. ഹജ്ജും ഉം‌റയും മറ്റു സല്‍‌ക്കര്‍മ്മങ്ങളുമെല്ലാം അല്ലാഹു സ്വീകാര്യയോഗ്യമാക്കട്ടെ.

വരവൂരാൻ പറഞ്ഞു...

മനുഷ്യ ജീവിതമെന്ന നീർ കൂമിളയുടെ നിസ്സാരതയിൽ നീറി പിടഞ്ഞുപോയല്ലോ സുഹ്രുത്തേ..
നരി ആശംസകൾ ഈ നല്ല മനസ്സിനു

ബിന്ദു കെ പി പറഞ്ഞു...

വളരെ ഹൃദയസ്പർശിയായ എഴുത്ത്...വായിച്ചപ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം...

Unknown പറഞ്ഞു...

നരിക്കുന്നാ ആചാര്യന്റെ മനസ്സു മഴ നനയുന്നതും നോക്കി ഇരിപ്പാണോ ... വേഗം പോയി ഒരു തോര്‍ത്തെടുത്ത് വാ...

രസികന്‍ പറഞ്ഞു...

നരിക്കുന്നന്‍ : ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വന്ന ഈ പോസ്റ്റ് നല്ല നിലവാരം പുലര്‍ത്തി എന്നു മാത്രമല്ല, ഇതുപോലെയുള്ള പല മുഖങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു ..... മഴയെ ശപിക്കുന്ന ഭാര്യയില്‍ കഥ തുടങ്ങിയപ്പോള്‍ ഒരു യുദ്ധത്തിന്റെ കഥയായിരിക്കും പറയാന്‍ പോകുന്നതെന്നു കരുതിയിരുന്നു ... പക്ഷെ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ പെയ്തിറങ്ങിയ നൊമ്പരം ഇവിടെ മറച്ചു വെക്കുന്നില്ല .... ആശംസകള്‍

ശ്രീ പറഞ്ഞു...

മഴക്കാല കാഴ്ചകളുടെ സുഖം ആ മരണ വാര്‍ത്ത കൊണ്ടു പോയി. എന്നാലും ടച്ചിങ്ങ് ആയ പോസ്റ്റ്, മാഷേ

പോരാളി പറഞ്ഞു...

സകല സുഖങ്ങളേയും മുറിച്ച് കളയുന്ന മരണം സുനിശ്ചിതം തന്നെ. എന്നിട്ടും.....
അലപമെങ്കിലും ചിന്തിക്കാന്‍ പ്രചോദനമായി ഈ കഥ.നരിക്കുന്നാ ആശംസകള്‍.

ബഷീർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബഷീർ പറഞ്ഞു...

നരിക്കുന്നന്‍

ഈ പോസ്റ്റ്‌ ഞാന്‍ വായിച്ചിരുന്നു. അഭിപ്രായവും എഴുതി പോസ്റ്റ്‌ ചെയ്തിരുന്നു. അത്‌ എവിടെപ്പോയി!! പ്രശന സി.ബി.ഐ ക്ക്‌ വിടണോ ?

പോസ്റ്റിനെ പറ്റി

മരണം ഒരു നാള്‍ മാടി വിളിക്കുമ്പോള്‍ മടിച്ചു നില്‍ക്കാന്‍ ആര്‍ക്കുമാവില്ല
നോമ്പരങ്ങള്‍ക്കിടയിലെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നത്‌

ഹജ്ജിനു പോയിരുന്നോ ? അല്ലാഹ്‌ സ്വീകരിക്കട്ടെ. ആമീന്‍

അപരിചിത പറഞ്ഞു...

വായിച്ചു
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നേരം പോക്കു പോലെ എഴുതി പെട്ടെന്ന് മറ്റൊരു തലത്തിലേക്ക് നയിക്കുന്ന വായനാനുഭവം നരിക്കുന്നന്റെ എഴുത്തിന്റെ പ്രത്യേകതയായി തോന്നുന്നു.
മരണം അനിവാര്യതയാണ്..
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയും.

BS Madai പറഞ്ഞു...

നല്ല പോസ്റ്റ് നരിക്കുന്നന്‍. മഴയുടെ കുളിരില്‍ നനഞ്ഞുനില്‍ക്കെ, മരണത്തിന്റെ.... അതെ, മരണം എന്നും രംഗബോധമില്ലാത്ത കോമാളിയാണല്ലോ. ടച്ചി പോസ്റ്റ്.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

എന്തുണ്ട് വിശേഷം നരിക്കുന്നാ

മഴക്കിളി പറഞ്ഞു...

ആശംസകള്‍.....

മഴക്കിളി പറഞ്ഞു...

ആശംസകള്‍.....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

എന്താ പറയാ .. നന്നായി

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ഹാപ്പി ക്രിസ്മസ്

B Shihab പറഞ്ഞു...

wish you happy new year

ഭൂമിപുത്രി പറഞ്ഞു...

ഈ വേർപാടിനൊരു പശ്ചാതലമൊരുക്കുകയായിരുന്നു മഴ

Unknown പറഞ്ഞു...

ഒരു മഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെന്കില്‍..( വിനയ ചന്ദ്രന്‍ )

OAB/ഒഎബി പറഞ്ഞു...

നരിക്കുന്നൻ ചവറ്(ഷവറ്)ശരിയാവൂല.എനിക്ക് കിണറ്റിൽ നിന്നും ലൈവായി കോരിക്കുളിക്കുന്നതാണിഷ്ടം.:)

പിന്നെ “എന്നെ ആദ്യമായി കുളിപ്പിച്ചത് ഞാനല്ല, ഇനി അവസാനമായി കുളിപ്പിക്കുന്നതും ഞാനല്ല.....“. :(

(നാട്ടിലാറ് മാസം ഉണ്ടാവും. പോസ്റ്റെഴുതാൻ സമയമില്ലെന്നെ.ഇതാ ഇപ്പൊത്തന്നെ അകത്ത് നിന്നും “കിലുക്കം”അരംഭിച്ചിരിക്കുന്നു).

ഗീത പറഞ്ഞു...

ശരിയാ, ചിലരൊക്കെ വരാന്‍ പോകുന്നത് മുന്‍‌കൂട്ടി അറിയുന്നുണ്ടാവും.

ഓ.ടൊ. പറഞ്ഞാല്‍ വിരോധാവുമോ എന്നറിയില്ല. എന്നാലും പറയുന്നു.
കഥ തുടങ്ങുന്നത് തേര്‍ഡ് പേര്‍സണില്‍.പിന്നെ അത് ഇടയ്ക്കെപ്പോഴോ വച്ച് ഫസ്റ്റ് പേര്‍സണില്‍ ആകുന്നു. അവസാനമൊക്കെ ഭാഗമൊക്കെ ഫസ്റ്റ് പേര്‍സണില്‍. ഇനി എഴുതുമ്പോള്‍ ഇത് ശ്രദ്ധിക്കണം.

നരിക്കുന്നൻ പറഞ്ഞു...

സാബിത്: ആദ്യ കമന്റിന് നന്ദി. ഓർമ്മകൾ ഒരിക്കലും മായാതിരിക്കട്ടേ..
അനിൽ: മഴ എനിക്കും ഒരു വികാരമാണ്. എത്രനേരവും മഴയും കൊണ്ട് നടക്കാൻ കൊതിയാകുന്നു. കമന്റിനും പ്രോത്സാഹനത്തിനും നന്ദി.
മുന്നൂറാൻ,
കാന്താരിക്കുട്ടി: മരണം ഒരു രംഗബോധമില്ലാത്ത കോമാളി തന്നെ, പ്രോത്സാഹനത്തുന് നന്നി. കാന്താരിചേച്ചീ, ഞാൻ നരിക്കുന്നനാ [‘ന്ന’] നരിക്കുനൻ അല്ല.:)
ചാണക്യൻ,
കാസിം തങ്ങൾ,
ഒരു സ്നേഹിതൻ:
ആചാര്യൻ:ഈ പ്രോത്സാഹനത്തിന് നന്ദി. മഴകൊണ്ടിരിക്കുക, എല്ലാ വേദനയും ഒലിച്ച് പോകും.
കാസിം തങ്ങൾ: പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടേ..എല്ലാ മനുഷ്യരിലും ദൈവം സ്നേഹം നിറക്കട്ടേ.. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടേ..
വരവൂരാൻ,
ബിന്ദു കെപി. ഈ പ്രോത്സാഹനത്തിന് നന്ദി.
സാബിത്ത്: ഈ മഴയിൽ കുതിർന്നിരിക്കാൻ എന്ത് രസമാണെന്നോ..
രസികൻ,
ശ്രീ,
കുഞ്ഞിക്ക: ഈ പ്രോത്സാഹനത്തിന് നന്ദി.
ബഷീർക്ക: കമന്റ് താങ്കളാൽ തന്നെ നീക്കം ചെയ്തെന്നാ പോസ്റ്റിൽ കണ്ടത്. ഏതായാലും വീണ്ടും ഇട്ടത് നന്നായി. ഹജ്ജിന് പോയിരുന്നു. ആമീൻ, ഈ പ്രോത്സാഹനത്തിന് നന്ദി.
അപരിചിത: ഈ പോത്സാഹനത്തിന് നന്ദി. :)?
രാമചന്ദ്രൻ,
മഡായ്: ജീവിതം എന്ന നേരം പോക്കിൽ നാം മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന മരണമെന്ന വിരുന്ന്കാരൻ. പ്രതീക്ഷിക്കാതെ കടന്ന് വരുന്ന ഈ വിരുന്ന്കാരനെ സ്വീകരിക്കാൻ നാമെന്ത് കരുതിവച്ചു. ഈ പ്രോത്സാഹനത്തിനു നന്ദി.
അചാര്യൻ: സുഖം തന്നെ മാഷേ, ഈ അന്വേഷണം അക്ഷരാർദ്ധത്തിൽ എന്നെ കുളിർ കോരി. തണുത്ത മഴത്തുള്ളികൾ ശരീരത്തിൽ വീഴുമ്പോൾ ഞാൻ അനുഭവിച്ച അതേ കുളിർ. ആചാര്യനും സുഖം എന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു. പോളിംഗ് ഒക്കെ എവിടെ വരെയായി.
മഴക്കിളി,
മഴക്കിളി: ആശംസകൾ
കുരുത്തം കെട്ടവനേ: ഈ പ്രോത്സാഹനത്തിന് നന്ദി. അമേരിക്കയിലൊക്കെ കല്ലിട്ട് നിറഞ്ഞോ? സുഖമല്ലേ?
ഷിഹാബ്: താങ്കൾക്കും പുതുവത്സരാശംസകൾ!
ഭൂമിപുത്രി: അതെ, ആ പാശ്ചാത്തലം കണ്ണിൽ പൊടിഞ്ഞ നീർമണികളെ മറക്കാനാകാം. ഈ പ്രോത്സാഹനത്തിന് നന്ദി.
മുരളിക: അതെ എനിക്കും കൊതിയാകുന്നു, ബൂലോഗസുഹൃത്തുക്കളോട് കൂടെ ഒരുമിച്ചൊരു മഴക്കാലം. മഴകൊണ്ട് നനഞ്ഞ് കുതിർന്ന് നടക്കണം. ഈ പ്രോത്സാഹനത്തിന് നന്ദി.
ഒഎബി: എനിക്കും അതാ ഇഷ്ടം. പക്ഷേ മടിയാ... കോരിക്കുളിക്കാൻ. പ്രസക്തമായ വാക്കുകൾ.
നാട്ടിൽ നിന്ന് പോസ്റ്റിടാൻ എന്ത് രസാ...ല്ലേ..ഇങ്ങനെ കിലുക്കി വിളിക്കല്ലെന്ന് പറയൂ..
ഗീത്: നന്ദി. ഈ പ്രോത്സാഹനത്തിന് നന്ദി. ഒരിക്കലും വിരോധമില്ല. ഞാൻ ശ്രദ്ധിക്കാതെ പോയ വലിയൊരു തെറ്റ്. ഗീതിന്റെ കമന്റില്ലായിരുന്നെങ്കിൽ ഞാൻ ഒരു പക്ഷേ അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യില്ലായിരുന്നു. ഇനി ശ്രദ്ധിക്കാം. ഒരുപാട് നന്ദി.

വിജയലക്ഷ്മി പറഞ്ഞു...

Monum khudumbathhinum "puthuvalsaraashamsakal" nerunnu...mazhakkala nombarangal nannaayirikkunnu.manassine vallathonnu thattinovichhu...

Typist | എഴുത്തുകാരി പറഞ്ഞു...

അവസാനമെത്തിയപ്പോള്‍ ഒരു നൊമ്പരം.

ന‍വവത്സരാശംസകള്‍.

smitha adharsh പറഞ്ഞു...

പോസ്റ്റ് ഇഷ്ടപ്പെട്ടു..വല്ലാത്ത വിഷമം തോന്നി...വായിച്ചു തീര്‍ന്നപ്പോള്‍..
പുതുവല്‍സരാശംസകള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍.

വിജയലക്ഷ്മി പറഞ്ഞു...

wish you a happy new year!!!!
"താങ്കള്‍ക്കും കുടുംബത്തിനും ഈവര്‍ഷം പുതുമനിറഞ്ഞതും ആയുരാരോഗ്യ സൌഖ്യം നിറഞ്ഞതും സന്തോഷ പ്രദവുമായിരിക്കട്ടെ!"




















































"monum കുടുംബത്തിനും ഈവര്‍ഷം പുതുമനിറഞ്ഞതും ആയുരാരോഗ്യ സൌഖ്യം നിറഞ്ഞതും സന്തോഷ പ്രദവുമായിരിക്കട്ടെ!"

ശ്രീഇടമൺ പറഞ്ഞു...

’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..’ (നിശ്ചയമായും ദൈവത്തിൽ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..)

ഓര്‍മ്മപ്പെടുത്തലിന് നന്ദി...