2008, നവംബർ 6, വ്യാഴാഴ്‌ച

മടക്കം

മൊട്ടംകുന്നിൽ ജീപ്പിറങ്ങുമ്പോൾ രമേശന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ചുറ്റും കൂടി നിൽക്കുന്ന പരിചിത മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച്, പല പുതിയ മുഖങ്ങളെയും മനസ്സിലാകാതെ രമേശൻ വീട്ടിലേക്ക് നടന്നു. 15 വർഷം കൊണ്ട് തന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു. മഴ തോർന്ന് ചെളി നിറഞ്ഞ ചെമ്മൺപാതയുടെ സ്ഥാനത്ത് ഈറനണിഞ്ഞ കറുത്ത വീതിയുള്ള റോഡ് രമേശന് വിസ്മയമായി. ഇരു ഭാഗങ്ങളിലും ഇരുനില കെട്ടിടങ്ങൾ മൊട്ടംകുന്നിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതോ കാസറ്റ് കടയിൽ നിന്നും ഉയരുന്ന സംഗീതം അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ഒരു ഹോട്ടലിന് മുമ്പിൽ ടെലിവിഷനിലേക്ക് നോക്കിയിരിക്കുന്ന ആൾകൂട്ടം പഴയ ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നും ഈ നാടിന് മോചനം കിട്ടിയെന്നതിന് തെളിവായി. പലരും തന്നെ സംശയത്തോടെ നോക്കുന്നത് രമേശന് മനസ്സിലായെങ്കിലും തിരിഞ്ഞ് നോക്കാതെ അയാൾ വർഷങ്ങളുടെ പിറകിൽ പടിയിറങ്ങി പോയ വീട് ലക്ഷ്യമാക്കി നടന്നു.
 തന്റെ അമ്മയുടേയും, അച്ഛന്റേയും അടക്കിപ്പിടിച്ച തേങ്ങൽ വർഷങ്ങൾക്കിപ്പുറവും കാതുകളിൽ അലക്കുന്നു. അന്ന് പക്ഷേ ആ രോദനം കേട്ടില്ലന്ന് നടിച്ചു. ഒരിക്കലും തിരിഞ്ഞ് നോക്കാതെ അകന്ന് പോകുമ്പോൾ പിന്നിൽ ഉയർന്ന കരച്ചിൽ കേട്ടില്ലെന്ന് നടിക്കാനേ കഴിയുമായിരുന്നുള്ളു‍. ഒരു നാട് മുഴുവനും തന്റെ രക്തത്തിനായി മുറവിളികൂട്ടിയപ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബമായിരുന്നു. അച്ഛനായിരുന്നു, അമ്മയായിരുന്നു, തന്റെ ഒരു ജന്മമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരിക്കൽ കൂടി വരാൻ തന്നെ പ്രേരിപ്പിച്ചത് അച്ഛന്റേയും അമ്മയുടേയും ദീനമായ മുഖം ഇടക്കെപ്പോഴോ ഓർമ്മകളെ ശല്യംചെയ്തപ്പോഴാണ്.

എതിരെ വീശിയടിച്ച ഇളം കാറ്റിൽ റോഡരികിലെ മരച്ചില്ലകളിൽ ഒളിച്ചിരുന്ന മഴത്തുള്ളികൾ ശരീരത്തിലേക്ക് പെയ്തു. ആ തുള്ളികൾ നൽകിയ കുളിരിന് പക്ഷേ മനസ്സിൽ എരിയുന്ന തീ അണക്കാൻ പ്രാപ്തമായിരുന്നില്ല. അകലെ നിന്നേ കണ്ടു, കുത്തിയൊലിക്കാൻ ആർത്തലച്ച് പെയ്യുന്ന ഒരു മഴയെ പ്രതീക്ഷിച്ച് വാർധക്യം പിടിച്ച തന്റെ വീട്. താൻ പിച്ചവെച്ച് വളർന്ന കുടിൽ, തന്റെ ഓർമ്മകളിലെ കൊട്ടാരം. തന്റെ കാലുകൾക്ക് വേഗത തീരെ പൊരന്ന് രമേശന് തോന്നി. പുല്ലുകൾ മുളച്ച് പൊന്തിയ മുറ്റത്ത് ഒരു അന്യനെ പോലെ രമേശൻ നോക്കി നിന്നു. വേലികെട്ടി തിരിച്ച തൊടിക്കപ്പുറത്തെ വീട്ടിൽ നിന്ന് ആരൊക്കെയോ നോക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. പുതിയ ആളുകളായിരിക്കും. അല്ല, താനാണല്ലോ തന്റെ നാട്ടിൽ പുതിയതായി വന്നിരിക്കുന്നത്. ഇറയത്ത് വെച്ച വലിയ പാളയിലേക്ക് പൊട്ടിയ ഓടിൽ നിന്നും വെള്ളത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. ഇറയത്തേക്ക് കേറിനിന്ന് ഒന്ന് മുരടനക്കി.

'ആരൂല്ല്യേ?' ശബ്ദത്തിന് ശക്തി തീരെ പോരായിരുന്നു.

കുറച്ച് നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല. പൊളിഞ്ഞ് വീഴാറായ വാതിൽ പൊളികളിൽ മെല്ലെ മുട്ടി.

'ആരാ…?' അകത്ത് നിന്നും അവശയായ ഒരു സ്ത്രീ ശബ്ദം. വാതിൽ പാളികൾ മെല്ലെ തുറന്ന് ഒരു വൃദ്ധസ്ത്രീ പുറത്തേക്ക് വന്നു. മെലിഞ്ഞ് കണ്ണുകൾ കുഴിയിലേക്ക് വീണ ആ വൃദ്ധസ്ത്രീയുടെ മുഖത്തേക്ക് നോക്കിയ രമേശന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. തന്റെ അമ്മ. വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചിട്ട് പോയ തന്റെ അമ്മ.

'ആരാ..? വല്ലതും ഉണ്ടെങ്കിൽ.. അവടെ ആ.. പാത്രത്തിൽ വെച്ചാമതി.' ഇറയത്ത് വെച്ച വലിയ അലൂമിനിയ പാത്രത്തിലേക്ക് രമേശന്റെ കണ്ണുകളുടക്കി. അതിൽ ഒന്ന് രണ്ട് കീസുകൾ.

'അ..മ്മേ....' രമേശന്റെ വിളി തൊണ്ടയിൽ കുരുങ്ങി പാതി പുറത്ത് ചാടി. വാതിൽ അടക്കാൻ തിരിഞ്ഞ വൃദ്ധ സ്ത്രീ ഒന്ന് നിന്നു. അല്പ നേരം എന്തോ ആലോചിച്ച് തിരിഞ്ഞ് രമേശനെ നോക്കി. ഇടത്തെ കൈ നെറ്റിയിൽ പിടിച്ച് തലകുനിച്ച് തന്നെ സൂക്ഷിച്ച് നോക്കുന്ന അമ്മയുടെ കണ്ണുകളിൽ തിളക്കം. പത്ത് മാസം ചുമന്ന് നൊന്ത് പെറ്റ മകനെ ഒരമ്മക്ക് തിരിച്ചറിയാൻ കാലം മാറ്റിയ രൂപങ്ങൾ പ്രശ്നമല്ല.

'അമ്മേ.. ഇത് ഞാനാ.. രമേശൻ' ഒരു വേള എന്ത് പറയണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അമ്മയുടെ കാലിലേക്ക് രമേശൻ വീണു. അമ്മയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണു നീർ രമേശന്റെ തലയിലേക്ക് വീണു. ചുക്കിച്ചുളിഞ്ഞ് ഞരമ്പുകൾ ഉയർന്ന് നിൽക്കുന്ന കൈകൾ രമേശന്റെ തലയിലൂടെ തഴുകി നടന്നു.

അവർ ഒന്നും പറഞ്ഞില്ല. ആ കണ്ണുകളിൽ തികഞ്ഞ നിർവ്വികാരതയാണെന്ന് രമേശന് തോന്നി.
അകത്തേക്ക് കടന്ന് രമേശൻ ചുറ്റും നോക്കി. അവിടവിടെയായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് ഉറ്റി വീഴുന്ന മഴത്തുള്ളികൾ. ഒരു മൂലയിൽ വിരിച്ചിട്ട പുല്പായിൽ കുറേ തുണിക്കെട്ടുകൾ. മുഷിഞ്ഞ ഒരു തലയിണ. മുറിയിൽ അങ്ങിങ്ങായി പരന്ന്കിടക്കുന്ന വെള്ളം ആ പായയുടെ ഒരു മൂലയിലേക്കും കേറിയിരിക്കുന്നു. ഈ രണ്ട് മുറിക്കുടിലിനുള്ളിൽ നിന്നും എവിടെ നിന്നെങ്കിലും ഒരു ചുമ ഈ നിശ്ശബ്ധതയെ കീറിമുറിച്ച് തന്റെ കാതുകളിൽ പതിക്കുമെന്ന് രമേശൻ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. വാതിലടച്ച് പിറകെ വന്ന അമ്മയുടെ മുഖത്തേക്ക് രമേശൻ നോക്കി. തന്റെ മനസ്സ് വായിച്ചെന്ന പോലെ ജനലിലൂടെ പുറത്തേക്ക് കൈചൂണ്ടി.

അവിടെ പുല്ലുകൾ കുന്നുകൂടിയ ഒരു മൺകൂനക്കരികിൽ തിരിയണഞ്ഞ് പോയ ഒരു വിളക്ക്.

'നീ തിരിച്ച് വരുമെന്ന്.. അച്ഛൻ… ഒരുപാട്.. മോഹിച്ചിരുന്നു.. അവസാനം…. കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…'

ഒരു തേങ്ങൽ പേലെ അമ്മയിൽ നിന്നും വാക്കുകൾ മുറിഞ്ഞ് വീണു. രമേശൻ പുറത്തിറങ്ങി ആ മൺകൂനക്കരികിലേക്ക് നടന്നു. ഒരു തീനാളം തന്നെ വിഴുങ്ങുന്ന പോലെ. സ്വന്തം മകനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന് മരണപ്പെട്ട ഒരച്ഛന്റെ മുന്നിൽ മുഖം പൂഴ്ത്തി കരയാനല്ലാതെ രമേശന് ഒന്നും കഴിയുമായിരുന്നില്ല.

'വാ…നീ വല്ലതും കഴിച്ചിട്ടുണ്ടോ…' അമ്മയുടെ തലോടൽ രമേശനെ ഉണർത്തി. നിർവ്വികാരതയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ രമേശന്റെ ഉള്ളൊന്ന് പിടഞ്ഞു.

'അമ്മേ.. എന്ത് പ്രായക്ഷിത്വമാ ഞാൻ ചെയ്യേണ്ടത്? എന്ത് ചെയ്താലാ ഇതിനൊക്കെ പരിഹാരമാകുക…?' ചോദിക്കുമ്പോൾ രമേശന്റെ കണ്ണുകളിലെ നീർമണികൾ ആ മൺകൂനയിൽ വീണ് ചിതറി.

അമ്മ വിളമ്പിത്തന്ന ഉപ്പിടാത്ത കഞ്ഞി രമേശൻ ആർത്തിയോടെ കുടിച്ചു. ഇടക്കെപ്പോഴോ പുറത്തെ അലൂമിനിയ പാത്രത്തിലുണ്ടായിരുന്ന രണ്ട് കീസുകൾ അമ്മ അകത്ത് കൊണ്ട് വെന്ന് വെച്ചു. അമ്മ തന്നോടൊന്നും ചോദിക്കുന്നില്ലല്ലോ.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ…! ഒന്ന് ശാസിച്ചിരുന്നെങ്കിൽ….! പക്ഷേ ആ കണ്ണുകളിൽ എന്താണെന്ന് വായിച്ചറിയാൻ കഴിയുന്നില്ല. ഈ ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ അമ്മ അനുഭവിച്ചിരിക്കുന്നു.

അമ്മയുടെ മടിയിൽ തലവെച്ച് അനുഭവങ്ങളുടെ തഴമ്പ് വീണ കൈകൊണ്ട് തലേടലേറ്റ് കിടക്കുമ്പോൾ രമേശന്റെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരിക്കൽ കൂടി ശല്യം ചെയ്തു. പതിനഞ്ച് വർഷം മുമ്പ് സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയാവുന്ന തന്റെ ഗ്രാമശാലീനതയിലേക്ക്, മതങ്ങളുടേയും ജാതികളുടേയും അതിർവരമ്പുകളില്ലാതിരുന്ന മഞ്ഞിന്റെ നൈർമല്യതയിലേക്ക്, ചോരമണക്കുന്ന കത്തികളും വടിവാളുകളുമായി ആരാണ് നുഴഞ്ഞ് കയറിയത്? സ്നേഹ പുഷ്പങ്ങൾ വിതറിക്കിടന്ന ഈ ഗ്രാമത്തിന്റെ പാതകളിൽ, ഇടവഴികളിൽ പച്ചച്ചോരയുടെ മണമടിച്ചത് എപ്പോഴാണ്? പരസ്പരം അറിഞ്ഞും, സ്നേഹിച്ചും, സഹായിച്ചും കഴിഞ്ഞിരുന്ന അയൽക്കാരുടെ മനസ്സിലേക്ക്, അവരുടെ തലയിണക്കടിയിലേക്ക് മൂർച്ചയുള്ള കത്തികൾ ഒളിപ്പിച്ച് വെച്ചത് ആരുടെ നിർബന്ധമായിരുന്നു? പ്രിയ സുഹൃത്ത്, തന്റെ കളിക്കൂട്ടുകാരൻ, ഒരു വീട്പോലെ കഴിഞ്ഞ അയിശുമ്മാന്റെ പൊന്നുമോൻ റഹീമിന്റെ വയറ്റിലേക്ക് കുത്തിയിറക്കിയ കത്തിയിൽ എന്റെ വിരൽ പാടുകൾ എങ്ങനെ വീണു?

വർഗ്ഗീയതയുടെ തീനാളങ്ങൾ നാടിനെ ചുട്ടെരിച്ചപ്പോഴും തന്റേയും റഹീമിന്റേയും കുടുംബങ്ങളിൽ വിദ്വോഷങ്ങളുടെ ഒരു ലാഞ്ജന പോലും ഇല്ലായിരുന്നല്ലോ? എവിടെയാണ് പിഴച്ചത്? എപ്പോഴാണ് തങ്ങളിലേക്ക് മതഭീകരർ കുടിയേറിയത്? 7 വർഷത്തെ തടവ് ശിക്ഷക്കിടയിലോ, അതിന് ശേഷം നാടുകൾ തോറും അലഞ്ഞ് നടന്നപ്പോഴോ ഒരിക്കൽ പൊലും ഈ ഓർമ്മകളിലേക്ക് മനസ്സിനെ പറഞ്ഞ് വിട്ടിട്ടില്ല. ഒരിക്കലും ഓർക്കാൻ താത്പര്യപ്പെടാത്ത ഈ ചിന്തകൾ ഇവിടെ തന്നെ വീണ്ടും വേട്ടയാടുന്നു.

തന്റെ ഇടക്ക് നരവീണ താടിരോമങ്ങളിലേക്ക് നനവുള്ള തുള്ളികൾ വീഴുന്നു. അമ്മ കരയുകയാണ്.. തന്റെ മടിയിൽ ഒരു കൊച്ച് കുട്ടിയെ പോലെ ചുരുണ്ട് കിടക്കുന്ന മകന്റെ നരവീണ് തുടങ്ങിയ താടിരോമങ്ങളിലൂടെ, തലമുടിയിലൂടെ ആ അമ്മയുടെ വിരലുകൾ പരതി നടന്നു.

'അമ്മ ഉറങ്ങുന്നില്ലേ…' ഭീകരമായ ആ നിശ്ശബ്ദതയെ പൊട്ടിച്ചെറിയാതിരിക്കാൻ രമേശനാവുമായിരുന്നില്ല. ഒന്നും പറയാതെ കണ്ണീർ വാർക്കുന്ന അമ്മയുടെ നാവിൽ നിന്ന് എന്തെങ്കിലും പുറത്ത് വരണമെന്ന് അയാൾ ആഗ്രഹിച്ചു.

'അമ്മേ..എന്തെങ്കിലും പറയൂ…'

'എന്ത് പറയാൻ… ഒരു ജന്മം അനുഭവിക്കാനുള്ളതാണോ..ഞാൻ അനുഭവിച്ചത്? ഇത്ര..കാലത്തിനിടക്ക് ഇപ്പോഴെങ്കിലും..നീ വന്നത്..മരിക്കുന്നതിന് മുമ്പ്…നിന്നെ കാണണമെന്ന എന്റെ…ആഗ്രഹം.. നിറവേറ്റാനായിരിക്കും..പക്ഷേ…' അമ്മ പറഞ്ഞ് തുടങ്ങുകയാണ്.
'നിനക്കറിയോ…ഞാൻ എങ്ങനെയാണ് ജീവിച്ച് പോകുന്നതെന്ന്…? എങ്ങനെയാണ് ഈ ചോർന്നൊലിക്കുന്ന കുടിലിൽ…നിന്റെ അച്ഛനമ്മമാർ.. ജീവിക്കുന്നെതെങ്ങനെയെന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ…? പണ്ടെങ്ങോ.. ഏതോ കാരണവർ ചെയ്ത ..സുകൃതം കൊണ്ടാ… നിങ്ങളൊക്കെ…അലങ്കോലമാക്കി..പോയ ഈ നാട്ടിൽ.. ഒരുപാട് നല്ല മനുഷ്യരുടെ…സഹായങ്ങൾ.. പുറത്ത് വെച്ച വലിയ പാത്രത്തിൽ എന്നും വന്ന് വീണില്ലായിരുന്നെങ്കിൽ…!' അമ്മയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു. ഈ ഇരുട്ടിൽ അമ്മയുടെ കണ്ണുകളിലെ തീ തനിക്ക് കാണാം.

'പാവം ആയിശുമ്മ…റഹീമിനെക്കാളും.. നിന്നെയായിരുന്നില്ലേ..അവർ എറ്റവും കൂടുതൽ സ്നേഹിച്ചത്..? നിന്റെ കരച്ചിലുകളല്ലേ..ഏറ്റവും കൂടുതൽ അവരെ വേദനിപ്പിച്ചത്..? എന്നിട്ടും..എങ്ങനെ….?' അമ്മയുടെ വാക്കുകൾ പക്ഷേ രമേശന് ആശ്വാസമാകുകയായിരുന്നു. ആ ഒരു ശാസനത്തിനായിരുന്നു പതിനഞ്ച് വർഷം താൻ കാതോർത്തത്.

'ആ പാവം ഉമ്മാന്റെ… കാരുണ്യം കൊണ്ടാ…ഞങ്ങൾ ജീവിച്ചത്..ആദ്യമൊക്കെ നാട്ടുകാർ എതിർത്തു…അവരുടെ മഹല്ലിൽ നിന്ന് പുറത്താക്കാൻ വരെ ആളുകൾ ശബ്ദമുണ്ടാക്കിയതാ… പക്ഷേ, ആരുടേയോ ദയ.. അല്ല… ഇന്നും ഈ നാട്ടുകാരിൽ മരിക്കാത്ത സ്നേഹം..അത്കൊണ്ട് മാത്രാ ഈ വീടിന്റെ ഇറയത്ത് ഒരു പാത്രം വെച്ചത്. ആളുകൾ കൊണ്ട് വന്നിടുന്നതെന്തും എന്റെ അന്നമായത്. ഇനി….?'

അമ്മ ഒന്ന് നിർത്തി. രമേശന്റെ തലമുടിയിഴകളിലൂടെ അപ്പോഴും ആ വിരലുകൾ ഇഴഞ്ഞ് നടക്കുന്നുണ്ടായിരുന്നു. രമേശൻ അമ്മയെ നോക്കി… ആ കണ്ണുകൾ വീണ്ടും നിറയുന്നു. ചുളിവ് വീണ മുഖത്തിലൂടെ വെള്ളനാരുകൾ ഒലിച്ചിറങ്ങി തന്റെ മുഖത്തേക്ക് ഉറ്റ് വീഴുന്നു.

'നീ…. നീ‍..വരേണ്ടായിരുന്നു…ഒരു നാടിനെ വേദനിപ്പിക്കാൻ… വേണ്ട മോനേ…നീ മടങ്ങിപ്പോ…'

ദൃഢമായ അമ്മയുടെ വാക്കുകൾ രമേശന്റെ കാതുകളിൽ അലച്ചു. ഒന്നും പറയാൻ തോന്നുന്നില്ല. നാളെ രാവിലെ ഈ വീട്ട് മുറ്റത്ത് അന്നം വെന്ന് വീഴണമെങ്കിൽ താൻ പടിയിറങ്ങിയേ തീരൂ…. ഒരു നാടിന്റെ കനിവിൽ ജീവിക്കുന്ന അമ്മക്ക് വേണ്ടി ഈ ജന്മത്തിൽ തനിക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ.. അച്ഛനുറങ്ങുന്ന ഈ മണ്ണിൽ നിന്ന് അമ്മ വരില്ല. താൻ തന്നെയാണ് പോകേണ്ടവൻ…

രമേശൻ എണീറ്റു..അമ്മയുടെ കാലുകളിൽ തൊട്ടു. വാതിലിന് നേരെ നടക്കുമ്പോൾ പുറത്ത് മഴക്ക് അടയാളം നൽകി ഇടിവെട്ടി. പുറത്ത് ചാറ്റൽ മഴയിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ ഒരു തേങ്ങൽ കേട്ടുവോ..? തിരിഞ്ഞ് നോക്കാൻ തോന്നിയില്ല. നോക്കിയാൽ തനിക്ക് മടങ്ങാനാവില്ല. തേങ്ങൽ നേർത്ത് വരുന്നു.
എവിടേക്കെന്നറിയില്ല..
പക്ഷേ, പോയേ പറ്റൂ…
തന്റെ അമ്മക്ക് വേണ്ടി…
അമ്മയെയും തന്നെയും ഒരുപാട് സ്നേഹിച്ച അച്ചന് വേണ്ടി…

*********************

കുറിപ്പ്:
ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ഇമെയിലിലെ ചെറിയ വാചകം ഇവിടെ കടമെടുത്ത് കുറിക്കുന്നു.
"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"
********************

43 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് നരിക്കുന്നന്‍,
ആശംസകള്‍......

നരിക്കുന്നൻ പറഞ്ഞു...

"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"

BS Madai പറഞ്ഞു...

നരിക്കുന്നന്‍,
അമ്മയുടെയും രമേശന്റെയും നൊമ്പരം വായിക്കുന്നവരുടേതുകൂടിയാകുന്നു.... ജയരാജ് തന്റെ “ശാന്തം” സിനിമയില്‍ ഈ ഒരു സബ്ജക്ട് വളരെ മനോഹരമായി പകര്‍ത്തിയിരുന്നു.
നല്ല കഥ - എല്ലാ ഭാവുകങ്ങളും.

Unknown പറഞ്ഞു...

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഒരുക്കുന്ന ഇത്തരം കെണികളില്‍ ചെന്ന് ചാടുന്ന രമേഷിനെ പോലെയുള്ളവര്‍ക്ക് പിന്നീട് നന്നാവാനുള്ള അവസരം കൂടി മറ്റുള്ളവര്‍ ചേര്‍ന്ന് ഇല്ലാതാക്കുന്നു...

ഉപാസന || Upasana പറഞ്ഞു...

“കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…'“

നല്ല വാചകം.
കഥ നനായി.
:-)
ഉപാസന

പ്രയാസി പറഞ്ഞു...

നരിക്കുന്നാ ടെച്ചിംഗായി എഴുതാനുള്ള കഴിവിന് അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നരിക്കുന്നാ,

പ്രമേയത്തില്‍ പുതുമയില്ല, പക്ഷെ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രസക്തമായിത്തന്നെ ഇതിനെ കാണുന്നു.

മനസ്സില്‍ തട്ടും വിധം എഴുതിയിട്ടുണ്ട്.

ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അമ്മയുടെയും രമേശന്റെയും സങ്കടങ്ങള്‍ മനസ്സിനെ സ്പര്‍ശിച്ചു..നന്നായി എഴുതിയിരിക്കുന്നു

ajeeshmathew karukayil പറഞ്ഞു...

നന്നായിട്ടുണ്ട്,ആശംസകള്‍......

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"

ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം.
നന്നായി അവതരിപ്പിച്ചിരിക്കുന്നു.തികച്ചും കാലിക പ്രസക്തമായ വിഷയം.

നരിക്കുന്നൻ പറഞ്ഞു...

ചാണക്യൻ: നന്ദി മാഷേ. വീണ്ടും വരിക.
ബി.എസ് മടായി: ശാന്തം സിനിമ കണ്ടിട്ടുണ്ട്. എങ്കിലും ഇതെഴുതുമ്പോൾ മനസ്സിൽ ആ സിനിമ ഇല്ലായിരുന്നു. എന്നിരുന്നാലും ശാന്തത്തിലെ വൈകാരികമായ രംഗങ്ങളോട് ഈ കഥ ഏഴയലത്ത് പോലും എത്തില്ല. നന്ദി.. വീണ്ടും വരൂ.
സാബിത്: നന്ദി.. വീണ്ടും വരിക.
ഉപാസന: :-) നന്ദി... വീണ്ടും വരുമല്ലോ..
പ്രയാസി: നന്ദി മാഷേ.. വീണ്ടും വരിക.
അനിൽ: രാവിലെ ഒരു ലേഖനം വായിച്ചിരുന്നപ്പോൾ തോന്നിയ കഥ. അതപ്പോഴേ അങ്ങ് കമ്പ്യൂട്ടറിൽ പകർത്തി. പക്ഷേ ശ്രമം വിജയിച്ചോ..? ഒരു സംശയം ഇല്ലാതില്ല. നന്ദി.. വീണ്ടും വരിക.
കാന്താരിക്കുട്ടി: നന്ദി.. വീണ്ടും വരിക.
അജീഷ്: നന്ദി. വീണ്ടും വരിക.
രാമചന്ദ്രൻ വെട്ടിക്കാട്: എന്നും പുലർച്ചെ നാമോരൊരുത്തരും മനസ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യം. നന്ദി മാഷേ.. വീണ്ടും വരിക.

രസികന്‍ പറഞ്ഞു...

ഇന്നത്തെ സമൂഹം ഒരാളിലെ നന്മകള്‍ ചിലപ്പോള്‍ കണ്ടില്ലെന്നു വരാമെങ്കിലും അയാളിലെ തിന്മകള്‍ പെരുപ്പിച്ചു കാണീക്കാന്‍ തിടുക്കം കാണീക്കുന്നവരാണ്. ഒരുകാലത്ത് തെറ്റു ചെയ്തവന്‍ വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നതിനുള്ള മുഖ്യകാരണം സമൂഹത്തിന്റെ മുന്‍പില്‍ അവന്‍ എന്നും തെറ്റുകാരനായിത്തന്നെ മുദ്രകുത്തപ്പെടും എന്നതുതന്നെയാണ്.
ഒരാളെ നല്ല വഴിയിലേക്കു നയിക്കുന്നതിനു പകരം അയാളിലെ തെറ്റുകള്‍ പെരുപ്പിച്ച് കാണിക്കാനല്ലെ പലരും ഇന്നു ശ്രമിക്കുന്നത്? തെറ്റു ചെയ്യുന്നവന്‍ തെറ്റുകാരന്‍ തന്നെ. അതിനെ ന്യായീകരിക്കുകയല്ല പക്ഷെ അവനെ തിരുത്തി നല്ലതിലേക്ക് കൊണ്ടുവരേണ്ട കടമ സമൂഹത്തിനില്ലെ?
നന്നായിരുന്നു നരിക്കുന്നന്‍ . കാലിക പ്രസക്തിയുള്ള നല്ല പോസ്റ്റ്.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

“കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…'“

കീറിമുറിച്ചു കളഞ്ഞല്ലോ നരിക്കുന്നാ

ബഷീർ പറഞ്ഞു...

നരിക്കുന്നന്‍

ഹൃദയത്തില്‍ വിങ്ങലുകളുയര്‍ത്തി ഈ കുറിപ്പ്‌

കാലിക പ്രസക്തമായ ചോദ്യങ്ങള്‍.. ഏവരും സ്വയം ഉത്തരം കണ്ടെത്തട്ടെ.. ആശംസകള്‍

ബീരാന്‍ കുട്ടി പറഞ്ഞു...

നരിക്കുന്നൻ,

കാലിക പ്രസക്തമായ വിഷയം, വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലി.

രമേശും റഹീമും, ഇവിടെ വന്നവരുടെ മനസ്സിൽ, നോമ്പരമുണർത്തി തന്നെ കടന്ന് പോവുന്നു.

അഭിനന്ദനങ്ങൾ.

ശ്രീഅളോക് പറഞ്ഞു...

കഥ കഥ കഥ
കലികാലക്കഥ,
കഥയിതു പറയാന്‍
കഥയിതു കേള്‍ക്കാന്‍
കഥയില്ലാ ലോകം
കഥയില്ലാ കാലം.
കഥയതു മാറും കാലം
കഥയതു മാറും ലോകം
കണി കാണാന്‍ മോഹം
മോഹം മോഹം മോഹം


കണ്നുരിന്റെ ഹൃദയത്തില്‍ നിന്നും ദുഃഖത്തോടെ ......

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

നന്നായി...
കഥകള്‍ മനസ്സിന്റെ ചിന്തകളാണ്.
കഥവായിക്കുമ്പോഴും ചിന്തകള്‍ മനസ്സിലേക്ക് വരുന്നു.
ഈ ചിന്തകള്‍ ജീവിതത്തില്‍ കൊണ്ടുവരാനാണെന്റെ ശ്രമം.
അതെ, നമുക്ക് ഗാന്ധിജിയുടെയും അബ്ദുൽ ഖാദറിന്റെ മതം മതി ...
നന്‍മകളുടെ മതം!

Jayasree Lakshmy Kumar പറഞ്ഞു...

വെറും കഥയാണെന്നറിയാമെങ്കിലും വായനക്കിടയിൽ പലയിടത്തു കണ്ണുകൾ നിറഞ്ഞു. really touching

സുല്‍ |Sul പറഞ്ഞു...

നന്നായിരിക്കുന്നു പ്രമേയവും അവതരണവും.
അഭിനന്ദനങ്ങള്‍!
-സുല്‍

ബിന്ദു കെ പി പറഞ്ഞു...

പ്രമേയത്തിന്റെ അവതരണം നന്നായി.
ഒരു സംശയം ചോദിക്കട്ടെ: കീസ് എന്നതിന്റെ അർത്ഥം എന്താണ്?

കനല്‍ പറഞ്ഞു...

മദ്യം ഔഷധമാണ് അല്പമാണേല്‍
അധികമായാല്‍ തലയ്ക്ക് പിടിച്ചിട്ട് കാട്ടികൂട്ടുന്നതെന്തൊക്കെയാന്ന് പറയാന്‍ പറ്റില്ല.
ലഹരി വിടുമ്പോ ചെയ്തതൊക്കെ ഓര്‍ത്ത് പശ്ചാത്തപിക്കും.

മതവും ഇവിടെ ഏതാണ്ട് അത്പോലെയായി. പക്ഷെ ഇതിന്റെ ലഹരി അല്പംകടുപ്പമാ. മതം ലഹരി ആവാതിരിക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ നരിക്കുന്നന്‍ ,

വളരെ നല്ല എഴുത്ത്.. താങ്കളുടെ ഈ കഥയിലെ കഥാപാത്രങ്ങളെ പോലെ ശരിക്കും ജീവിക്കുന്ന എത്ര പേര്‍ ഇന്നു നമ്മുടെ സമൂഹത്തില്‍ ഉണ്ടാവും.പാര്‍ട്ടിക്കും മതത്തിനും വേണ്ടി സ്വന്തം സുഹൃത്തിന്റെയും സഹോദരന്റെയും അയല്‍ വാസിയുടെയും രക്തം ചീന്തിയവര്‍...

എനിക്കു തോന്നുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ ക്ലൈമാക്സ് താങ്കളുടെ കഥയില്‍ നിന്നും വ്യത്യസ്തമാവാ‍നാണ് സാധ്യത.വാളെടുത്തവന്‍ വാളാല്‍ എന്നാണ് ഇന്നു കണ്ടുവരുന്നത്

Unknown പറഞ്ഞു...

നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ ഈ വരികളാണ് എന്നെ ഏറെ ആകർഷിച്ചത്

നരിക്കുന്നൻ പറഞ്ഞു...

രസികൻ: പോസ്റ്റിനേക്കാൾ പ്രസക്തമായ കമന്റ്. നന്ദി, വീണ്ടും വരിക.
ആചാര്യൻ: നന്ദി മാഷേ, വീണ്ടും വരിക.
ബഷീർക്ക: അതേ, ഒരോരുത്തരും സ്വയം ഉത്തരം കണ്ടെത്തട്ടേ.. നന്ദി. വീണ്ടും വരിക.
ബീരാനിക്ക: ഈ വാക്കുകൾക്ക് നന്ദി. വീണ്ടും വരിക.
ശ്രീ അളോക്: എല്ലാം കഥമാത്രമായിരിക്കട്ടേ. കഥയും കഥയില്ലാത്ത ലോകവും മാറട്ടേ. നന്ദി, വീണ്ടും വരിക.
കുളത്തിൽ കല്ലിട്ട നല്ലവനേ: പേരിലെ ഒരിത് മുഴുമിപ്പിക്കാൻ തോന്നുന്നില്ല. കാരണം കുരുത്തം കെട്ടവൻ എന്നാൽ എന്റെ നാട്ടിൽ ഗുരുത്വം കെട്ടവൻ എന്നാണ്. ഗുരുത്വം കിട്ടാതിരുന്നവൻ അവാതിരിക്കട്ടേ നാമെല്ലാം. നമ്മുടെ ചിന്തകൾ നല്ലതാവട്ടേ. നല്ല ചിന്തകൾ കൊണ്ട് നല്ല സമൂഹം ഉണ്ടാവട്ടേ. നമുക്ക് നന്മകളുടെ മതം തന്നെ മതി. നന്ദി. വീണ്ടും വരിക.
ലക്ഷ്മി: നന്ദി. കഥയിലെ ശക്തി അത് പോലെ സൂക്ഷിക്കാൻ കഴിഞ്ഞോ എന്നറിയില്ല. വാക്കുകൾക്ക് നന്ദി. വീണ്ടും വരിക.
സുൽ: നന്ദി, വീണ്ടും വരിക.
ബിന്ദു: നന്ദി, കീസ് എന്നത് സഞ്ചി. ഇവിടെ ഞാൻ ഉദ്ധ്യേശിച്ചത് പ്ലാസ്റ്റിക് സഞ്ചി എന്നാണ് കെട്ടോ. നന്ദി വീണ്ടും വരിക.
കനൽ: നല്ലവാക്കുകൾക്ക് നന്ദി. മതമെന്ന ലഹരി അതിർവരമ്പുകൾ ഭേദിച്ച് നമ്മുടെ സിരകളെ ത്രസിപ്പിക്കാതിരിക്കട്ടേ.. നന്ദി, വീണ്ടും വരിക.
അജ്ഞാതൻ: താങ്കളുടെ പ്രസക്തമായ വാക്കുകൾക്ക് നന്ദി. വാളെടുത്തവൻ വാളാൽ തന്നെയാണ്. പക്ഷേ ശത്രുവിന് പോലും നാം മാപ്പ് കൊടുത്തേ പറ്റൂ. കൊടും ഭീഗരനായാലും മരണം നൽകുന്ന ശൂന്യത അതെല്ലാവർക്കും ഒരുപോലെയല്ലേ. നന്ദി, വീണ്ടും വരുമല്ലോ...
അനൂപ്: ഈ വാക്കുകൾ തന്നെയാണ് ഈ പോസ്റ്റിലെ പ്രസക്തവും എന്ന് കരുതുന്നു. ഈ വാക്കുകളാണ് എനിക്കീ കഥയുടെ പ്രചോദനവും. നന്ദി. വീണ്ടും വരിക.

Rose Bastin പറഞ്ഞു...

നരിക്കുന്നൻ,
വൈകിപ്പോയ ഒരു അഭിപ്രായം സ്വ്വികരിക്കുക!
കാലികപ്രസക്തിയുള്ള വളരെ നല്ല പോസ്റ്റ്.ഒഴുക്കുള്ള ശൈലി .അനുമോദനങ്ങൾ!!

വിജയലക്ഷ്മി പറഞ്ഞു...

മോനെ,...നല്ല ഗുണപാഠങ്ങളടങ്ങിയിരിക്കുന്ന കഥ.ആക്രമണ രാഷ്ട്രീയത്തിലകപ്പെട്ട് ,കുടുംബജീവിതം നഷ്ടപ്പെടുത്തുന്നവര്ക്ക് ഈ കഥഒരു പാഠകട്ടെ,മതവിദ്വേഷങ്ങളവസാനിക്കട്ടെ..

മാണിക്യം പറഞ്ഞു...

ജാതി ഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍‌വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് .......
എന്ന വരികള്‍ ഓര്‍‌മ്മിച്ചു അതായിരുന്നു നമ്മുടെ നാട്.സബീറ റമധാന് നോമ്പു നോറ്റപ്പോള്‍ അവള്‍ കഴിക്കാത്ത കൊണ്ട് ഒരു മാസം ഞങ്ങളും ഉച്ചക്ക് ഭക്ഷണം കഴിച്ചില്ല, വൃശ്ചികത്തില്‍ രമണിയെപോലെ എന്തിനെന്നറിയാതെയും വെളുപ്പിനു കുളിച്ചും മത്സ്യ മാംസം ചൊറ്റു പാത്രത്തില്‍ വേണ്ട എന്ന് പറഞ്ഞ കാലം
ഓണവും വിഷും ഈദും ക്രിസ്മസും ഞങ്ങള്‍ ഒന്നിച്ച് പങ്കുവച്ചത് ... ഇന്നും മറുനാട്ടില്‍
ആയതു കൊണ്ടാവാം വേറിട്ട് ചിന്തിക്കാന്‍ തുടങ്ങിട്ടിയില്ല....
ഈശ്വരന്‍ എന്ന ശക്തിയേ
പല പേരില്‍ വിളിച്ച് എന്തിനു ശണ്ഠ?
അതിന്റെ പേരില്‍ എത്ര എത്ര കുടുബങ്ങള്‍
കണ്ണിര്‍ ചിന്തുന്നു..മനുഷ്യന്റെ ഈ കാട്ടായം കണ്ട് ദൈവം ചിരിക്കുന്നു......
നരിക്കുന്നന്‍ ,ഈ പോസ്റ്റ് വായിച്ച് വളരെ കാര്യങ്ങള്‍ ചിന്തിച്ചു .നന്ദി .....

ഹംസ കോയ പറഞ്ഞു...

സമകാലിക സംഭവങ്ങളോട്‌ സംവാദിക്കുവാനുള്ള എഴുതുകാരന്റെ കഴിവിനെ പുകഴ്താതെ വയ്യ. സമൂഹത്തിന്റെ നേർകണ്ണാടിയാണ്‌ എഴുത്തുകാരൻ. തുടരുക

ആശംസകൾ.

yousufpa പറഞ്ഞു...

സാമ്രാജ്യത്വ ശക്തികളുടെ കയ്യിലെ കളിപ്പന്തുകളാണ് നാമെന്ന് കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സഹോദരാ....
മേരാ ഭാരത് മഹാന്‍ എന്നൂറ്റം കൊള്ളുമ്പോഴും വിദേശ പണത്തിന്റെ തിളക്കം അവരുടെ കണ്ണില്‍ ജ്വലിക്കുന്നു.രാജ്യം കാക്കുന്ന സൈന്യാധിപന്മാര്‍ പോലും രാജ്യം കുട്ടിച്ചോറാക്കാന്‍ കൂട്ട് നില്‍ക്കുന്നത് ഇന്ന് നാം കാണുന്നു.
പാശ്ചാത്യര്‍ ചെയ്തു വച്ചു പോയ കുരുട്ടു ബുദ്ധിയെ തിരിച്ചറിയാതെ പോയതാണ് നമ്മുടെ കുറ്റം.
എല്ലാ മതങ്ങളും സമാധാനമേ സംവിധാനിച്ചിട്ടുള്ളൂ.

നരിക്കുന്നന്‍.... മനസ്സില്‍ കൊണ്ട എഴുത്ത്..!

മേരിക്കുട്ടി(Marykutty) പറഞ്ഞു...

ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ഇമെയിലിലെ ചെറിയ വാചകം ഇവിടെ കടമെടുത്ത് കുറിക്കുന്നു.
"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"

നമ്മുക്ക് എന്തിനാണ് ഹിന്ദുത്വവും ഇസ്ലാമികതയും..നമ്മുക്ക് മനുഷ്യത്വം പോരെ?

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്നായിരിക്കുന്നു.മതത്തിനു പിറകെ നടക്കുന്നവര്‍ ഇത് വായിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ കണ്ണ്` തുറന്നേനെ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്നായിരിക്കുന്നു സുഹൃത്തേ,
താങ്കളെ വായിക്കാറുണ്ട് എപ്പോഴും...

ഭൂമിപുത്രി പറഞ്ഞു...

ഇതൊരുപക്ഷെ,പലരുടെയും കഥ തന്നെയാകും നരിക്കുന്നൻ

കൂതറ തിരുമേനി പറഞ്ഞു...

വളരെ നല്ലത്

ശ്രീ പറഞ്ഞു...

കഥ നന്നായിരിയ്ക്കുന്നു മാഷേ. മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

നല്ലമനസിനു നന്ദി നരിക്കുന്നാ, ഇന്നലെ 'ചിന്തുകള്‍' തുറന്നില്ല

Sunith Somasekharan പറഞ്ഞു...

kollaam ... orusadhaaranakkaarante vingalukalukalude dhwaniyundu....

വരവൂരാൻ പറഞ്ഞു...

നരി എവിടെയാണു പുതിയ പോസ്റ്റുകളൊന്നു കാണുനില്ലല്ലോ, എനിക്കു ഇത്തിരി മടിപിടിച്ചു. സുഖമാണന്നു കരുതുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നന്‍,

എന്തു പറ്റി? പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലല്ലോ?
വിഷയം ഇല്ലാതെയാണോ, അതോ?

താങ്കളില്‍ നിന്നും ഒരു നീണ്ട ഇടവേള പ്രതീക്ഷിക്കുന്നില്ല. പുതിയ വിഷയങ്ങളുമായി പോരട്ടേ പുതിയ പോസ്റ്റ്.

വിജയലക്ഷ്മി പറഞ്ഞു...

himone,puthiya postum kaanunnilla aaleyum kaanaanilla enthu patti?naattil poyathaano?

നരിക്കുന്നൻ പറഞ്ഞു...

റോസ്: വളരെ നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.
കല്യാണി: അമ്മേ നന്ദി. തീർച്ചയായും മനുഷ്യന്റെ മനസ്സിലെ എല്ലാ മതവിദ്വോഷങ്ങളും അവസാനിക്കട്ടേ. ഒരു നല്ല നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.
മാണിക്യം: നന്ദി. എന്റെ പോസ്റ്റിനേക്കാൽ പ്രസക്തമായ, മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന കമന്റ്. മതങ്ങളുടെ പേരിൽ പരസ്പരം കടിച്ച്കീറാത്ത ഒരു നാളേക്ക് വേണ്ടി എല്ലാവരും സ്നേഹത്തോടെ കഴിയുന്ന ഒരു സ്വപ്ന സുദിനത്തിനായി പ്രാർത്ഥിക്കാം. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ഹംസക്കോയ: ഈ പുകഴ്ത്തിയത് ഇഷ്ടായി കെട്ടോ.. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.
അത്ക്കൻ: നന്ദി മാഷേ. ഈ എളിയ പോസ്റ്റ് നമ്മുടെ മനസ്സിൽ എവിടെയെങ്കിലും കൊളുത്തി വലിച്ചാൽ ഞാൻ സംതൃപ്തനായി. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
മേരിക്കുട്ടി: നന്ദി. മനുഷ്യൻ ഉള്ളിടത്തോളം മതങ്ങളുണ്ടാകും. ഇതിനെ കുറിച്ച് ഒരുപാട് വലിയ ചർച്ചകൾ ആവശ്യമാണ്. എങ്കിലും നമുക്ക് മനുഷ്യനാകാം. മതങ്ങളുടെ മതിൽ കെട്ടുകളിൽ സ്പർദ്ദവളർത്താതിരിക്കുക. നാമോരോരുത്തരുടേയും മനസ്സിൽ സ്നേഹം നിറക്കുക. വിജയം ഉണ്ടാകും തീർച്ച. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
അരുൺ: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.
രൺജിത്: നന്ദി മാഷേ, വന്നതിനും അഭിപ്രായം അറിയിച്ചതിനും.
ഭൂമിപുത്രി: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.
കുതറ: വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.
ശ്രീ: വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.
ആചാര്യൻ: നല്ല മനസ്സുകൾ ലോകം കീഴടക്കട്ടേ. നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും.
മൈ ക്രാക്ക്: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും.
വരവൂരാൻ: ഒരുപാട് ഒഴിച്ച് കൂടാനാവാത്ത തിരക്കുകൾ. ഇതിനിടയിൽ മടിപിടിച്ചോ എന്നറിയില്ല. പക്ഷേ ഒന്നറിയാം ബ്ലോഗ് പോസ്റ്റുകൾ വായിക്കാൻ പോലും കഴിയാത്ത തിരക്കിൽ ഞാൻ ശരിക്കും ബ്ലോഗ് മിസ്സ് ചെയ്തിരുന്നു. എനിക്കു സുഖം. താങ്കൾക്കും അത്പോലെയെന്ന് കരുതുന്നു. വളരെ നന്ദിയുണ്ട്. ഇവിടെ വന്ന് എന്നെ അന്വേഷിച്ചതിന്.
രാമചന്ദ്രൻ: വളരെ നന്ദി, എന്നെ ഇവിടെ വന്ന് അന്വേഷിച്ചതിന്. വിഷയങ്ങളില്ലാത്തതല്ല, ഒഴിച്ച് കൂടാത്ത തിരക്കുകൾ.. ഏതായാലും തീർച്ചയായും എഴുതി തുടങ്ങാം.. ഈ ലോകത്ത് വിഷയങ്ങൾ മരിക്കുന്നില്ല. എഴുത്തും.
കല്യാണി: അമ്മ വീണ്ടും വന്നു അല്ലേ. നന്ദി കെട്ടോ. ഈ അന്വേഷണങ്ങൾക്ക്, സ്നേഹങ്ങൾക്ക് ഞാനെന്ത് പകരം തരും. തീർച്ചയായും വരാം. പുതിയ പോസ്റ്റുകളുമായി.

OAB/ഒഎബി പറഞ്ഞു...

പിടിച്ചിരുത്തിക്കളഞ്ഞല്ലൊ നരീ...
അഭിനന്ദനങ്ങൾ.

നരിക്കുന്നൻ പറഞ്ഞു...

ഒഎബി: നന്ദി മാഷേ.. എന്നാ മടക്കം?
നാട്ടിൽ തന്നെ കൂടുകയാണോ..