2009, മാർച്ച് 26, വ്യാഴാഴ്‌ച

മഴ നനഞ്ഞ ഓർമ്മകൾ!


മഴതോർന്ന് ഈറനണിഞ്ഞ കരിമ്പാൽകുന്നിന്റെ ചെരുവിൽ വൃക്ഷ ശിഖരങ്ങൾ ഒരു ഭൂത കാലത്തെ ഓർമ്മിപ്പിച്ച്‌ തലയുയർത്തി നിൽക്കുന്നു. ഒരു പാടു പ്രണയങ്ങളുടെ മൂഖസാക്ഷിയായി ഭൂതകാലത്തിന്റെ അതേ പ്രസന്നതയിൽ യൗവ്വനങ്ങളെ പ്രതീക്ഷിച്ച്‌ ഇവരിന്നും ഇവിടെയുണ്ട്‌.

ഈ കുന്നിൻ ചെരുവിൽ ഒരിക്കൽ ഞാനും അക്ഷമനായി കാത്ത് നിന്നിരുന്നു. പ്രക്ഷുബ്ദമായ മനസ്സുമായി നീണ്ടു പുളഞ്ഞു പോകുന്ന പാതയുടെ അറ്റത്തേക്ക്‌ കണ്ണും നട്ട്‌ ഈറനണിഞ്ഞ ഈ വൃക്ഷങ്ങൾക്ക്‌ കീഴെ ഞാനും ഒരാളെ കാത്തിരുന്നിരുന്നു. കുടക്കമ്പികളിൽ കൂടി മഴവെള്ളം ഊർന്ന് വീണ് നനഞ്ഞ്‌ കുതിർന്ന പുസ്തകക്കെട്ടുമായി അങ്ങേ അറ്റത്ത്‌ അവളുടെ മുഖം പ്രത്യക്ഷമാകുമ്പോൾ ഒരു കടലിരമ്പുന്ന മനസ്സുമായി ഞാനിവിടെ നിൽക്കാറുണ്ടായിരുന്നു. പരസ്പരം കാണുമ്പോൾ എല്ലാം മറന്ന് ഒന്നും പറയാതെ കണ്ണുകൾ കണ്ണുകളോട്‌ കഥപറഞ്ഞ്‌ അവൾ നടന്ന് നീങ്ങുമ്പോൾ ചുണ്ടിൽ അവൾക്കായി മാത്രം ഒളിപ്പിച്ച്‌ വച്ച ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ ആ മരത്തണലിൽ ഇരുട്ടും വരേ ഞാൻ സ്വപ്നം കണ്ടിരിക്കുമായിരുന്നു.

ഒരു പുഞ്ചിരിയിൽ തുടങ്ങി മറ്റൊരു പുഞ്ചിരിയോടെ വിട പറഞ്ഞ്‌ പോയ ഒരു പ്രണയ സ്വപ്നവും പേറി ഞാൻ ആ മരത്തണലിൽ നിന്നു. സന്ധ്യാനേരത്ത്‌ ചുവന്ന് തുടുത്ത ആകാശത്തെ അങ്ങനെ നോക്കിയിരുന്നപ്പോൾ ബൂതകാലത്തിലെ ചെമ്മൺപാതയിൽ പാതസരങ്ങളുടെ കിലുക്കം. മനസ്സുകൾ തമ്മിൽ സ്വപ്നങ്ങൾ കൊണ്ട് എത്ര കോർത്തെടുത്താലും ഒരിക്കൽ പിടിതരാതെ പറന്നകലുമെന്ന് അകലെ നിന്നാരോ പറയുന്നപോലെ. നുണക്കവിളുള്ള അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി എന്നിലെ യൌവനം കൊതിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിന്നെപ്പിന്നെ തമ്മിൽ പിരിയാനാവാതെ പ്രണയത്തിന്റെ അതിർവരമ്പുകളെ നിശ്ചലമാക്കി ഈ കുന്നിൻ ചെരുവിൽ സ്വയം മറന്ന് നിന്ന നിമിശങ്ങൾക്ക് സാക്ഷിയായി അന്നും ഒരു മന്ദമാരുതൻ ഇവിടെയൊക്കെ തങ്ങിനിന്നിരുന്നു.

ഇലകൾ തളിർത്ത് വളർന്ന് പന്തലിച്ച മാവിൻ ചുവട്ടിൽ അവളുടെ മടിയിൽ തലചയ്ച്ച് കിടക്കുമ്പോൾ എന്തോ മനസ്സ് നിർവ്വികാരമായിരുന്നു. രണ്ടുപേരും ഒന്നും സംസാരിക്കാനില്ലാതെ പരസ്പരം നോക്കിയിരുന്നു. പക്ഷേ നാലു കണ്ണുകൾ എന്തൊക്കെയോ നിശ്ശബ്ദമായി പറയുന്നുണ്ടായിരുന്നു. നാളെ ഇതുപോലൊരു പകൽ തങ്ങൾക്കിടയിൽ മൌനമായി പെയ്തിറങ്ങില്ല. പെയ്തൊഴിഞ്ഞ മഴത്തുള്ളികളുടെ അവശിഷ്ടങ്ങളിൽ തട്ടി അസ്തമയ സൂര്യന്റെ വർണ്ണരശ്മികളെ സ്വീകരിക്കാൻ ഈ കുന്നിൻ ചെരുവിൽ നാളെ ഞങ്ങളുണ്ടാവില്ല. ഇനി വർഷങ്ങളുടെ കാത്തിരിപ്പുകൾ. സ്വപ്നങ്ങളും മോഹങ്ങളും അത്യാഗ്രഹങ്ങൾക്ക് വഴിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ യാത്രക്കൊടുവിൽ തങ്ങൾ ഇനിയും കണ്ടുമുട്ടുമോ..?

‘..ഇനി എന്നാ..’
അവളുടെ ചുണ്ടുകൾ ചലിച്ചുവോ?

മടിയിൽ കിടന്നു കൊണ്ടു തന്നെ അവളെ നോക്കി. ആ കവിളുകളിലേക്ക് രണ്ട് നീർമ്മണികൾ ഒലിച്ചിറങ്ങിയിരിക്കുന്നു.

‘… നീ കരയാണോ..?’
ആ നീർമുത്തുകളെ വലത് കയ്കൊണ്ട് ഒപ്പിയെടുത്തു. അവളുടെ ചുണ്ടുകൾ എന്തോ പറയാനെന്ന വണ്ണം വിറക്കുന്നു.

‘..എത്ര നാളെന്ന് കരുതിയാ…. എനിക്ക് വയ്യ..പോകാതിരുന്നൂടെ..’ അതൊരു തേങ്ങലായിരുന്നു.

‘പോകാതിരിക്കാൻ കഴിയോ? ഈ സങ്കടങ്ങളൊക്കെ കുറച്ച് ദിവസം മാത്രം..’

‘എങ്ങനെ നിനക്കിങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു… ഒരു വേദനയുമില്ലേ..’

‘വേദനിച്ച് കൊണ്ടിരുന്നിട്ടെന്താ…? ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചേ പറ്റൂ..‘ എന്റെ വാക്കുകൾ പക്ഷേ അവൾക്ക് ആശ്വാസമേകിയില്ല. കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരിൽ സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിച്ചു.

‘പക്ഷേ.. അപ്പോഴേക്കും ഞാൻ…’
എന്തോ മുഴുമിപ്പിക്കാൻ കഴിയാതെ അർദ്ധോഗ്ദിയിൽ നിർത്തി അവൾ മുകളിലേക്ക്
കണ്ണ് നട്ടിരുന്നു. കഠിനമായൊരു വേദന കടിച്ചിറക്കുകയാണെന്ന് അവളുടെ മുഖത്ത് നിന്ന് വായിക്കാമായിരുന്നു.

മരച്ചില്ലകളിൽ തങ്ങിനിന്ന അവസാനത്തെ തുള്ളിയും ശരീരത്തിലേക്ക് പെയ്യിച്ച് ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി നീങ്ങി. പടിഞ്ഞാറേ മാനത്ത് ചുവന്ന് തുടുത്ത സൂര്യൻ പതിയെ മാളത്തിലൊളിക്കാൻ തുടങ്ങുന്നു. പതിയെ അവളുടെ മടിയിൽ നിന്നും തലയുയത്തി അവളുടെ മുഖത്തേക്ക് നോക്കി. എന്തായിരുന്നു ആ മനസ്സ് നിറയേ…വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.

‘..പോകണ്ടേ… ഇരുട്ടിത്തുടങ്ങി..’ എന്റെ വാക്കുകൾ അവൾ കേട്ടോ? ഭീകരമായൊരു നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അവൾ.

അവൾ പതിയെ എണീറ്റു. നിർവ്വികാരമായ ആ മുഖത്ത് നോക്കി ഒരിക്കൽകൂടി യാത്രപറയാൻ ശക്തിപോരായിരുന്നു. തിരിഞ്ഞ് നടക്കുമ്പോൾ പിന്നിൽ ഉയർന്ന അടക്കിപ്പിടിച്ച ഒരു തേങ്ങൽ കേട്ടില്ലന്ന് നടിച്ചു. റോഡിലേക്കിറങ്ങി ഒരിക്കൽകൂടി തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അപ്പോഴും ആ മരത്തിൽ ചാരി തന്നെത്തന്നെ നോക്കി നിൽക്കുന്നു. കൈകൾ വീശി അവസാനമായി ഒരു ചുംബനമെറിഞ്ഞ് ഞാൻ നടന്നു.

ഇന്ന് ഈ കുന്നിൻ ചെരുവിൽ മഴ പെയ്തൊഴിഞ്ഞ സന്ധ്യാ നേരത്ത് തനിയെ നിൽക്കുമ്പോൾ താൻ അവളുടെ സാമീപ്യം ആഗ്രഹിക്കുന്നു. അവൾ തന്നോട് പറയാതെ പോയ വാക്കുകൾ പെറുക്കിയെടുക്കാൻ മനസ്സ് കൊതിക്കുന്നു. അങ്ങകലെ ആകാശത്തിരുന്ന് അവളും കൊതിക്കുന്നുണ്ടാകും. ഈ കുന്നിൻ ചെരുവിൽ വർഷങ്ങൾക്ക് ശേഷം വാക്ക്പാലിച്ച് തന്നെ തേടിവന്ന പ്രാണനാഥനോട് ഒന്നിച്ചിരുന്ന് വർണ്ണാഭമായ അസ്തമയ സൂര്യനെ കാണാൻ.

മനസ്സിലെ പുസ്തകശാലയിൽ മറവിയുടെ മാറാല വീഴാതെ ഇന്നും തെളിയുന്ന രണ്ട് വരികൾ ചുണ്ടിൽ അറിയാതെ ശബ്ദമുണ്ടാക്കി.

‘….അന്ധകാരത്തെ പുൽകാൻ പോകുന്ന അസ്തമയ സൂര്യന്
എന്തിനിത്ര അഴകൊക്കെ കൊടുത്തു വിശ്വംഭരൻ…….’

19 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

((ഠേ )) ഇനി വായിക്കട്ടെ...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രിയ നരീ,
മനസ്സിനുള്ളിലേക്ക് പെയ്തിറങ്ങുന്നു നിന്റെ ഈ അക്ഷര ക്കൂട്ടുകള്‍... വളരെ നല്ല ശൈലിയില്‍ എഴുതിയിരിക്കുന്നു...
ആശംസകള്‍..

ശ്രീ പറഞ്ഞു...

ഹൃദ്യമായ മറ്റൊരു പോസ്റ്റു കൂടി... നന്നായിരിയ്ക്കുന്നു മാഷേ
:)

നരിക്കുന്നൻ പറഞ്ഞു...

മനസ്സിലെ പുസ്തകശാലയിൽ മറവിയുടെ മാറാല വീഴാതെ ഇന്നും തെളിയുന്ന രണ്ട് വരികൾ ചുണ്ടിൽ അറിയാതെ ശബ്ദമുണ്ടാക്കി.

‘….അന്ധകാരത്തെ പുൽകാൻ പോകുന്ന അസ്തമയ സൂര്യന്
എന്തിനിത്ര അഴകൊക്കെ കൊടുത്തു വിശ്വംഭരൻ…….’

രസികന്‍ പറഞ്ഞു...

തുള്ളികള്‍ അടര്‍ന്നു വീഴുന്ന മാവിനു മുകളില്‍ അടര്‍ന്നു വീഴാറായ ചക്കയുണ്ടായിരുന്നെങ്കിലെന്നാലോചിച്ച (മാവില്‍ മാങ്ങയല്ലെ ഉണ്ടാവുക എന്ന ചോദ്യത്തിനു നോ പ്രസക്തി) ഏതോ ഒരാള്‍ വര്‍ത്തമാന കാലത്തിലെ ചെമ്മണ്ണിനു പകരമുള്ള ചുമന്ന കാര്‍പ്പറ്റിലൂടെ പാതസരങ്ങള്‍ കുലുക്കിക്കൊണ്ട് ഉലക്കയന്വേഷിച്ചു പോയതായി പോസ്റ്റിട്ടതിനു ശേഷമുള്ള പൊട്ടിയ പാത്രങ്ങളുടെയും, തകര്‍ന്ന ടീപോയികളുടെയും ചീന്തുകള്‍ നമ്മെ വിളിച്ചറിയിക്കുന്നു ( ഞാനൊന്നും പറഞ്ഞിട്ടില്ലേ.....)

നരീ തമാശിച്ചതാണു കെട്ടോ.... നല്ലപോസ്റ്റ് , നല്ല ഒഴുക്കുള്ള ശൈലിയിലുള്ള രചന എന്നെ പിടിച്ചിരുത്തി എന്നത് ഞാന്‍ മറച്ചു വെക്കുന്നില്ല എന്നേപ്പോലെ തന്നെ എല്ലാ വായനക്കാര്‍ക്കും ഇത് ഇഷ്ടമാകും എന്നും ഞാന്‍ മനസ്സിലാക്കുന്നു

തുടര്‍ന്നും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നതോടൊപ്പം സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

സസ്നേഹം രസികന്‍

Typist | എഴുത്തുകാരി പറഞ്ഞു...

ഒരു പ്രണയവും കൂടെ വേദനയും.കൊള്ളാം.

ശ്രീഇടമൺ പറഞ്ഞു...

പ്രക്ഷുബ്ദമായ മനസ്സുമായി നീണ്ടു പുളഞ്ഞു പോകുന്ന പാതയുടെ അറ്റത്തേക്ക്‌ കണ്ണും നട്ട്‌ ഈറനണിഞ്ഞ ഈ വൃക്ഷങ്ങൾക്ക്‌ കീഴെ ഞാനും ഒരാളെ കാത്തിരുന്നിരുന്നു. കുടക്കമ്പികളിൽ കൂടി മഴവെള്ളം ഊർന്ന് വീണ് നനഞ്ഞ്‌ കുതിർന്ന പുസ്തകക്കെട്ടുമായി അങ്ങേ അറ്റത്ത്‌ അവളുടെ മുഖം പ്രത്യക്ഷമാകുമ്പോൾ ഒരു കടലിരമ്പുന്ന മനസ്സുമായി ഞാനിവിടെ നിൽക്കാറുണ്ടായിരുന്നു. പരസ്പരം കാണുമ്പോൾ എല്ലാം മറന്ന് ഒന്നും പറയാതെ കണ്ണുകൾ കണ്ണുകളോട്‌ കഥപറഞ്ഞ്‌ അവൾ നടന്ന് നീങ്ങുമ്പോൾ ചുണ്ടിൽ അവൾക്കായി മാത്രം ഒളിപ്പിച്ച്‌ വച്ച ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ ആ മരത്തണലിൽ ഇരുട്ടും വരേ ഞാൻ സ്വപ്നം കണ്ടിരിക്കുമായിരുന്നു.

കവിത തുളുംബുന്ന വരികള്‍.....*
വളരെ നല്ല വിവരണം.....*
ആശംസകള്‍...*

സമാന്തരന്‍ പറഞ്ഞു...

മൂകസാക്ഷിയായി പ്രകൃതിയെ, കവിതാമയമായി അവതരിപ്പിച്ചത് വളരെ വളരെ സുന്ദരം...

നോവു പകരുന്ന ഓര്‍മ്മകളുടെ
ഹൃദയം കവരുന്ന അവതരണവും

ആസാംസകള്‍ ..

ചാണക്യന്‍ പറഞ്ഞു...

നന്നായി....ആശംസകള്‍...

അരുണ്‍ കരിമുട്ടം പറഞ്ഞു...

‘….അന്ധകാരത്തെ പുൽകാൻ പോകുന്ന അസ്തമയ സൂര്യന്
എന്തിനിത്ര അഴകൊക്കെ കൊടുത്തു വിശ്വംഭരൻ…….’

പഴയ പോസ്റ്റുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തത.
നന്നായിരിക്കുന്നു

aneeshans പറഞ്ഞു...

നന്നായിരിയ്ക്കുന്നു.
ആശംസകള്‍

siva // ശിവ പറഞ്ഞു...

നഷ്ടപ്രണയം വരികളാകുമ്പോള്‍ എന്നും ഏറെ മനോഹരമായിരുന്നു

siva // ശിവ പറഞ്ഞു...

നഷ്ടപ്രണയം വരികളാകുമ്പോള്‍ എന്നും ഏറെ മനോഹരമായിരുന്നു

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

പഴയ ശൈലി ആയിരുന്നിട്ടും
നേര്‍ത്ത ഒരു ദുഃഖം വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്നു..
അവിടെ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു..


ആശംസകള്‍..

വരവൂരാൻ പറഞ്ഞു...

"ഒരു പുഞ്ചിരിയിൽ തുടങ്ങി മറ്റൊരു പുഞ്ചിരിയോടെ വിട പറഞ്ഞ്‌ പോയ ഒരു പ്രണയം"
"മനസ്സുകൾ തമ്മിൽ സ്വപ്നങ്ങൾ കൊണ്ട് എത്ര കോർത്തെടുത്താലും ഒരിക്കൽ പിടിതരാതെ പറന്നകലുമെന്ന്"
പെയ്തൊഴിഞ്ഞ മഴത്തുള്ളികളുടെ അവശിഷ്ടങ്ങളിൽ തട്ടി അസ്തമയ സൂര്യന്റെ വർണ്ണരശ്മികളെ സ്വീകരിക്കാൻ ഈ കുന്നിൻ ചെരുവിൽ നാളെ ഞങ്ങളുണ്ടാവില്ല
മനസ്സിലെ പുസ്തകശാലയിൽ മറവിയുടെ മാറാല വീഴാതെ
നീ ഇങ്ങനെ ഒരോന്ന് കരുതിവെച്ചിരിക്കുന്നു

അതിമനോഹരം പക്വതയാർന്ന രചന

ബഷീർ പറഞ്ഞു...

ഒരു പുഞ്ചിരിയിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത പ്രണയ ബന്ധങ്ങൾ ...
ഓർത്തു നൊമ്പരപ്പെടാൻ...

നന്നായിരിക്കുന്നു ..

smitha adharsh പറഞ്ഞു...

നഷ്ട പ്രണയം...വേദനയുളവാക്കുന്ന ഓര്‍മ്മകളും..വരികളും..
മനസ്സില്‍ തട്ടുന്നവ...
നന്നായിരിക്കുന്നു.നല്ല പോസ്റ്റ്.

കെ.കെ.എസ് പറഞ്ഞു...

വരികൾക്കിടയിൽ ആർദ്രമായ പ്രണയത്തിന്റെ
മഞ്ഞുതുള്ളികൾ തിളങുന്നുണ്ട്..ആശംസകൾ

Unknown പറഞ്ഞു...

ക്ഷമിക്കണം കേട്ട ഞാന്‍ പുതിയ ആളായത് കൊണ്ട് ഇന്നാ കണ്ടത് എല്ലാം നന്നായിട്ടുണ്ട്