2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ഫസ്റ്റ് യു ടേൺ

വൈകുന്നേരം വരേയുള്ള ജോലിയുടെ ക്ഷീണം ശരീരത്തേയും ബാധിച്ചിരുന്നു. റൂമിലെത്തി നേരെ സോഫയിലേക്ക് ചാഞ്ഞു. പ്രിയതമ വെച്ച് നീട്ടിയ കടുപ്പമുള്ള ചായ കുടിച്ചെന്ന് വരുത്തി. ടെലിവിഷനിൽ കണ്ണീരൊഴുക്കുന്ന സീരിയൽ നടിയുടെ മുഖത്തെ കുഴികൾ അടച്ച് കറുപ്പ് നിറം മറച്ച് വെള്ള പൂശിയ ക്രീമേതെന്ന് വെറുതെ ചിന്തിച്ചിരിക്കുന്നതിനിടയിൽ, സൈലന്റാക്കിവെച്ച മൊബൈൽ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് വിറക്കുന്നു. നീരസത്തോടെ മൊബൈലിലെടുത്ത് സ്ക്രീനിൽ നോക്കിയപ്പോൾ അപരിചിതമായ ഒരു നമ്പർ. അതങ്ങ് അടിച്ച് കട്ടാവട്ടേ എന്ന് വിചാരിച്ച് സോഫയിലേക്ക് ഒന്ന് കൂടി ചാഞ്ഞ് കിടന്നു. ഒരുപാട് നേരം അവിടെ കിടന്ന് വിറച്ച മൊബൈൽ വിറയൽ നിലച്ച് അടങ്ങിക്കിടന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും ബ്ര്ര്ര്ര്ര്ര്രൂ‍ൂം എന്ന് ആഞ്ഞ് വിറക്കുന്ന മൊബൈൽ ഭാര്യയെടുത്ത് കയ്യിലേക്ക് നീട്ടി.

'ഇതൊന്ന് എട്ത്തൂടേ.. അല്ലങ്കിൽ പിന്നെ എന്തിനാ മൊബൈല്?'

നീരസത്തോടെ അവളുടെ മുഖത്തേക്കും കിടന്ന് വിറക്കുന്ന മൊബൈലിലേക്കും നോക്കി പച്ച ബട്ടണമർത്തി.

'ഹലോ..'

'ഹലോ… എന്താ ഫോണെടുക്കാത്തത്? ഞാൻ എത്ര നേരാ‍യി അടിക്കണു.'

അതൊക്കെ മനസ്സിലായി. എന്റെ ഫോൺ എനിക്കിഷ്ടമുള്ളപ്പോൾ എടുക്കും. ഈ അസമയത്ത് എന്നെ ഫോണെടുക്കാൻ പഠിപ്പിക്കുന്ന ഇയാളാരെന്ന് മനസ്സിലായില്ല. ചോദിക്കാൻ ധൈര്യമില്ലാഞ്ഞിട്ടല്ലങ്കിലും വെറുതെ മനസ്സിൽ പറഞ്ഞു.

'ആ.. ആരാ‍..? ഞാൻ ബാത് റൂമിലായിരുന്നു…'

'എടാ അനക്കെന്നെ മനസ്സിലായില്ലേ?'

ഇത്ര അധികാരത്തിൽ പറയണമെങ്കിൽ ഇവനാരെങ്കിലും ഒക്കെ ആവും. ഏതായാലും പാവത്തിന്റെ കാശ് വെറുതെ കളയണ്ട. അറിയില്ലന്ന് പറഞ്ഞാൽ സംസാരം ഒഴിവാക്കാമല്ലോ..

'എടാ മനസ്സിലായില്ല.. '

'ഞാൻ ശിഹാബാടാ കുട്ടീ… ഇത്ര എളുപ്പം മറന്നു അല്ലേ..'

കാതുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

'എടാ ശിഹാബേ ജ്ജെവിടെന്നാ ഈ വിളിക്കണേ..?'

ഭൂതകാലത്തിന്റെ കുത്തൊഴുക്കിൽ അനിവാര്യമായ യാത്രക്കൊരുങ്ങിയപ്പോൾ നഷ്ടപ്പെട്ടുപോയ ബാല്യകാല സുഹൃത്തിന്റെ ശബ്ദം അപ്പോൾ എനിക്ക് വ്യക്തമാകുന്നുണ്ടായിരുന്നു.

ഗൾഫിലേക്ക് വന്നതിന് ശേഷം നഷ്ടപ്പെട്ട പഴയ കൂട്ടുകാരിൽ എപ്പൊഴെങ്കിലുമൊക്കെ വിളിച്ചുണർത്തുന്ന ശബ്ദം. എന്നിട്ടും ഒരുപാട് നാളുകൾക്ക് ശേഷമായത് കൊണ്ടാകാം ആദ്യം മനസ്സിലാവാതെ പോയത്.

'ഞാനിവിടെ അടുത്തുന്ന് തന്നെയാണ്. എങ്ങനെയാ അന്റെ അടുത്തുക്ക് വരിക.'

'ജ്ജ് പ്പൊ എവിടെയാ?'

'മദീനാ റോഡിലാ.. ഹയാത് റിജൻസിന്റെ അടുത്ത്, ബലദിൽക്ക് പോകുന്ന വഴി'

'എന്നാലേ… കുറച്ച് കൂടി മുന്നോട്ട് പോയാൽ ഫസ്റ്റ് യു ടേൺ കിട്ടും. അവിടന്ന് യുടേൺ ചെയ്ത് രണ്ടാമത് റൈറ്റിലേക്ക് കാണുന്ന റോഡിലൂടെ വന്ന് മൂന്നാമത് കാണുന്ന ബിൽഡിംഗ്.. അവിടെ എത്തിയിട്ട് ഒരു മിസ്സടിക്ക്. ഞാൻ പുറത്തിറങ്ങി വരാം.'

'ഓക്കെടാ'

റൂമിന്റെ മാപ്പ് ഇത്ര കൃത്യമായി പറഞ്ഞ് കൊടുത്ത ആശ്വാസത്തിൽ ഒന്ന് ഞെളിഞ്ഞിരുന്ന് ഭാര്യയെ നോക്കി.

'എന്താണ്ടാക്ക്വാ… ശിഹാബ് വരുണുണ്ട്. ആദ്യായിട്ട് വരികയല്ലേ…'

'എന്തിനായാലും പാലില്ല. ങ്ങളൊന്ന് പുറത്ത് പോയി എന്തെങ്കിലും കൊണ്ടുവരീ..'

പ്രിയ സുഹൃത്തിനെ സൽക്കരിക്കാൻ എന്തെങ്കിലും കൊണ്ട് വന്നേ പറ്റൂ.. ഇവളുടെ കൈപ്പുണ്യം ആ പാവത്തിനെ പരീക്ഷിക്കണ്ട.

'ഞാനിന്നാലേയ് എന്തെങ്കിലും വാങ്ങി വരാം. അവൻ ദാ ഇപ്പൊ വരും ആ വാതിലൊന്ന് തൊറന്ന് കൊടുത്തേക്ക്.'

പുറത്തിറങ്ങി അടുത്തുള്ള ബേക്കറിയിൽ കേറി രണ്ട് പിസ്സയും പെപ്സിയും പാലുമൊക്കെയായി റൂമിൽ മടങ്ങിയെത്തിയിട്ടും സുഹൃത്തിനെ കാണാനില്ല. ഇവനിതെവിടെ പോയി?

ഹെന്റെ റബ്ബേ,.ഇത്ര അടുത്തുന്ന് വരുന്ന അവൻ ഇത്ര വൈകേണ്ടതില്ലല്ലോ. വല്ല അപകടവും പറ്റിയോ? അതോ വഴിതെറ്റി വേറെ എവിടേക്കെങ്കിലും തിരിഞ്ഞോ? ഒരു ആപത്തും പറ്റാതിരുന്നാൽ മതിയായിരുന്നു. ഈ ഹലാക്ക് പിടിച്ച നാട്ടിൽ ഒന്ന് നിലവിളിച്ചാൽ പോലും ഒരുത്തനും തിരിഞ്ഞ് നോക്കില്ല. മനസ്സിലൂടെ ഒരുപാട് ചിന്തകൾ അകാരണമായി മിന്നിമറഞ്ഞു.

മൊബൈലിന്റെ കാൾ ഹിസ്റ്ററിയിൽ നിന്നും നമ്പർ തപ്പിയെടുത്ത് ഡയൽ ചെയ്യാൻ ഒരുങ്ങുമ്പോൾ ക്വാളിംഗ് ബെല്ലിൽ കിളി ചിലച്ചു. ആകാംക്ഷയോടെ വാതിൽ തുറന്നപ്പോൾ വിയർത്ത് കുളിച്ച് തന്റെ പ്രിയ കൂട്ടുകാരൻ മുന്നിൽ. വിയർപ്പ് കണങ്ങൾ ഷർട്ടിലേക്കൊലിച്ചിറങ്ങി ക്ഷീണിതനായ ആ മുഖത്ത് നോക്കിയപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി.

'ഹെന്ത് പറ്റി. ആകെ വിയർത്തിരിക്കുന്നു.'

'വെസർക്കാതെ പിന്നെ, ഒരു കിലോ മീറ്ററ് നടന്നിട്ടുണ്ടാകും'

റൂമിലേക്ക് കേറി ഏസിയുടെ തണുപ്പിലേക്ക് ഷർട്ടിന്റെ രണ്ട് ബട്ടൺ തുറന്ന് വെച്ച് നെഞ്ചിലേക്ക് ഊതിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ ഞാൻ ഒന്നും മനസ്സിലാകാത്തപോലെ അവന്റെ മുഖത്തേക്ക് നോക്കി.

'അപ്പൊ.. നീ നടന്നാണോ വന്നത്?'

'അല്ലാതെ പിന്നെ. ആ യു ടേൺ തെരഞ്ഞ് ഞാൻ എത്ര നടന്നൂന്നോ? ജ്ജ് പറഞ്ഞപ്പോ ഞാൻ കരുതി അടുത്തായിരിക്കുംന്ന്.'

അവന്റെ നിശ്കളങ്കമായ വാക്കുകൾ എന്റെ പ്രക്ഷുബ്ദമായ മനസ്സിലേക്കൊരു ചിരിമാല തൂക്കി.

'അനക്ക് ചിരിച്ചാ മതി. നടന്ന് കൊഴങ്ങിയത് ഞാനാ..'

ഒരു റോഡ് മുറിച്ച് കടക്കാൻ മാത്രമുള്ള ദൂരത്തേക്ക് 1 കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് യു ടേൺ ചെയ്ത് നടന്ന് കുഴങ്ങി വന്ന എന്റെ പ്രിയസുഹൃത്തിന്റെ നിഷ്കളങ്കതയായിരുന്നു അപ്പോൾ എന്റെ മനസ്സ് നിറയേ…..

'എന്റെ ഒരോ സുഹൃത്തുക്കളേയ്' :)

22 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഈ റൂട്ട് മാപ്പ് പിന്തുടർന്ന് യൂടേൺ ചെയ്ത് വരുന്ന ഏവർക്കും ഹാർദ്ദവമായ സ്വാഗതം. പക്ഷേ പിസ്സ ഉണ്ടാകില്ല. പരിപ്പുവടയും കട്ടൻ ചായയും ഫ്രീ...

വരവൂരാൻ പറഞ്ഞു...

നരി അതു കലക്കി.. പാവം
ഈ റൂട്ട് മാപ്പ് പിന്തുടർന്ന് യൂടേൺ ചെയ്ത് വരണോ.. അതോ റോഡ്‌ മുറിച്ചു കടന്നു വരണോ ഈ പരിപ്പുവടക്കും ചായക്കും. ആശംസകൾ

ചാണക്യന്‍ പറഞ്ഞു...

ഹോ..പറഞ്ഞതു നന്നായി....
ഇനി ആ ഏര്യയിലെവിടെയെങ്കിലും വന്ന് പെട്ടിട്ട് ഇയാളോട് വഴി ചോദിക്കുന്ന പ്രശ്നമില്ല....:):):)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വല്ലാതെ വേദനപ്പെടുത്തുന്നു ഈ വരികളിലൂടെ പോകുമ്പൊള്‍... നമ്മള്‍ പലപ്പോഴും യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കതെയല്ലോ പെരുമാറുന്നത്.. ചിലപ്പോള്‍ പിന്നീട് മനസ്സിലാക്കുമ്പോഴേക്കും പലതും കൈവിട്ടു പോയിരിക്കാം,.. അഭിവാദ്യങ്ങള്‍... !

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

hahaha chirippichchoo

koottaarokke varumpo porathoonnu vaangi thinnaan kodukkaathe maryaadaykk homely food kodukk ( beeshani )

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഹ ഹ ഹ അതു കലക്കി.ഒരു കാര്യം എനിക്കു മനസ്സിലായി.എന്തൊക്കെ സംഭവിച്ചാലും ഇനിയൊരിക്കലും നരിക്കുന്നനോട് വഴി ചോദിക്കില്ല!!

Typist | എഴുത്തുകാരി പറഞ്ഞു...

കുറച്ചുകാലമായിട്ടെവിടെയായിരുന്നു?

പാവം ചങ്ങാതി. നടന്നിട്ടായാലും എത്തിയില്ലേ, വേറെ ആരെങ്കിലുമാണെങ്കില്‍ വേണ്ടെന്നു വച്ചു പോയേനേ!

ബിന്ദു കെ പി പറഞ്ഞു...

ഹ..ഹ.. സംഭവം നന്നായി ചിരിപ്പിച്ചു. പക്ഷെ പാവം ചങ്ങാതി..

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഒരു റോഡ് മുറിച്ച് കടക്കാൻ മാത്രമുള്ള ദൂരത്തേക്ക് 1 കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് യു ടേൺ ചെയ്ത് നടന്ന് കുഴങ്ങി വന്ന എന്റെ പ്രിയസുഹൃത്തിന്റെ നിഷ്കളങ്കതയായിരുന്നു അപ്പോൾ എന്റെ മനസ്സ് നിറയേ…..

നരിക്കുന്നാ, നിഷ്ക്കളങ്കരായ സുഹൃത്തുക്കള്‍ തന്നെയാണു നല്ലത്...

രസികന്‍ പറഞ്ഞു...

റൂട്ട്മാപ്പ് കിട്ടിയല്ലോ .... ഇനി ബൂലോഗര്‍ക്ക് തരാനുള്ളത് നേരിട്ടുവന്നങ്ങു തരാമല്ലോ.... എന്നാലും ആ പാവത്തിനെ യൂടേര്‍ണ്‍ ചെയ്യിച്ചത് ഇത്തിരി കടന്നുപോയി കെട്ടോ .... അന്നെയൊക്കെ മരത്തിനു മൊകളില്‍ കെട്ടി ഇട്ട് നല്ല മുള്ളുബെച്ച ബെടിയുണ്ടകൊണ്ട് ബെടിബെച്ച് കൊല്ലണം..... :)

ആശംസകള്‍

ajeeshmathew karukayil പറഞ്ഞു...

'മദീനാ റോഡിലാ.. ഹയാത് റിജൻസിന്റെ അടുത്ത്, ബലദിൽക്ക് പോകുന്ന വഴി'
അവിടെ എവിടെയായിട്ടു വരും നരിക്കുന്നാ ?

sreeNu Lah പറഞ്ഞു...

"You" ടേൺ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇങ്ങനെ പറ്റിക്കാന്‍ പാടില്ലായിരുന്നു നരിക്കുന്നാ. ചുരുങ്ങിയത് നീ എങ്ങനെയാണ് വരുന്നതെങ്കിലും ചോദിക്കണമായിരുന്നു, വഴി പറയുന്നതിനു മുമ്പ്.

ശ്രീ പറഞ്ഞു...

നിഷ്കളങ്കമായ മറുപടി അല്ലേ... പാവം സുഹൃത്ത്!

:)

Unknown പറഞ്ഞു...

ബ്ര്ര്ര്ര്ര്ര്രൂ‍ൂം പോക്കറ്റിൽ കിടന്ന് ഫോൺ ഇങ്ങനെയും അറ്റിക്കുമോ .എന്റെ നരി.ഇങ്ങളുടെ റൂമീൽ ഞാനും വരണുണ്ട്.പക്ഷെ വഴി പറഞ്ഞു തരണ്ട ഞാൻ കണ്ട് പിടിച്ചോളാം

Anil cheleri kumaran പറഞ്ഞു...

ഹ.. ഹ.. കലക്കി..

ശ്രീഇടമൺ പറഞ്ഞു...

നന്നായിട്ടുണ്ട്...വിവരണം...
തികച്ചും സൂപ്പര്‍...

ആശംസകള്‍...*

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

വിവരണം നന്നായിരിക്കുന്നു..
എന്നാലും ഉള്ളില്‍ എന്തോ ഒന്ന് ........
ആ സുഹൃത്തിനു സംഭവിച്ച അമളി എനിക്ക് ചിരി വരുത്തുന്നില്ല...!!

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്‍റെ പൊന്നു മാഷേ,ഒന്നു റോഡ് ക്രോസ്സ് ചെയ്യാന്‍ പറഞ്ഞാല്‍ പോരാരുന്നോ?
ഇത് ചതി ആയി പോയി

smitha adharsh പറഞ്ഞു...

ഹ്മ്..വഴി പറഞ്ഞു കൊടുത്തത് തെറ്റിച്ചതും,പോരാ..അത് പോസ്ടാക്കി...പടച്ചു വിട്ടേക്കുന്നു!!
ചുമ്മാ..
പാവം ഫ്രണ്ട്...ഇതെല്ലാവര്‍ക്കും പറ്റാവുന്നത് തന്നെ അല്ലെ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നരീ .. മെയിൽ ഐടി ഒന്ന് അയച്ചു തരണേ...

വിജയലക്ഷ്മി പറഞ്ഞു...

ഒരു പ്രിയ സുഹൃത്തിനെ വഴി പറഞ്ഞു കൊടുത്തു ഇത്രയും ചുറ്റി ക്കണ മായിരുന്നോ മോനെ ?കൊള്ളാം നല്ല പോസ്റ്റ് ...