2008, ജൂൺ 30, തിങ്കളാഴ്‌ച

....ഒരു മഴക്കാലത്ത്..2...

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോൾ മുതൽ മഴ ചെറുതായി ചാറ്റുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും ശക്തിയേറി. ഉച്ചക്ക്‌ 2 മണിയാകുന്നത്‌ വരേ മഴ തുടർന്നു. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പ്രതീക്ഷിക്കാത്ത എന്നാൽ എന്നും ആഗ്രഹിച്ച ഒരു അതിഥി തീൻ മേശയിൽ.

"ചക്കക്കൂട്ടാൻ അനക്ക്‌ എന്നും നല്ല ഇഷ്ടായിരുന്നു"
ഉമ്മാന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നതായിരുന്നു പിന്നീടുള്ള എന്റെ പ്രവർത്തി. ചോറ്‌ തൽക്കാലം മാറ്റിവെച്ച്‌ ചക്കക്കൂട്ടാൻ തന്നെ മുഖ്യാഹാരമായി ഒരു ഉച്ചയൂണ്. പുറത്ത്‌ തിമിർത്ത്‌ പെയ്യുന്ന മഴ. അകത്ത്‌ മഴയത്ത്‌ കഴിക്കാൻ ഏറ്റവും യോജിച്ച ഭക്ഷണം കഴിച്ച്‌ ഏമ്പക്കമിട്ട്‌ ഞാനിരുന്നു. ഈ അവധി കഴിയാതിരുന്നെങ്കിൽ.... അകത്താരോ മനസ്സിനോട്‌ മന്ത്രിക്കും പോലെ...
കുട്ടികളെല്ലാം സ്കൂളിൽ പോയതായിരിക്കണം. കുട്ടികളെ ആരേയും കണ്ടില്ല.

"എവിടെ എല്ലാരും... ഇന്ന് സ്കൂളുണ്ടോ""

ഇന്ന് അവസാന പരീക്ഷയാ... ആർക്കും പോകാൻ വല്ല്യ ഇഷ്ടൊന്നും ഇല്ലാർന്നു... പരീക്ഷ ആയ്തോണ്ട്‌ മാത്രാ പോയത്‌"

എന്റെ ചോദ്യത്തിന്‌ ചെറിയാത്തയാണ് ഉത്തരം തന്നത്‌.

"താത്താ കൊടണ്ടോ"

കുറേ നേരം വീട്ടിൽ തന്നെയിരുന്നപ്പോ ഒരു മുഷിപ്പ്‌. ഒന്ന് അങ്ങാടിയിലിറങ്ങി വരാം.

"ജ്ജ്പ്പൊ എട്ക്കാ.. ഈ മയത്ത്‌...പ്പോ വന്നതല്ലേള്ളൂ...കൊർച്ചേരം കെടന്നോ" ഉപ്പാന്റെ വാക്കുകൾ പക്ഷേ എനിക്ക്‌ സ്വീകാര്യമായിരുന്നില്ല.

കാലങ്ങളുടെ ഇടവേളയിൽ ഒരൽപം സമയം. അത്‌ ഉറങ്ങി തീർക്കാനുള്ളതല്ല. യാന്ത്രികമായ ജീവിതത്തിൽ ഒരൽപം സുഖം തേടിയാണ് ഞാൻ വന്നത്‌. 55 ദിവസങ്ങൾ 1320 മണിക്കൂറും ഉണർന്നിരിക്കാൻ കഴിഞ്ഞെങ്കിൽ!!! മണ്ണിന്റെ മണമുള്ള ഇളം കാറ്റേറ്റ്‌ ഈ പെരിന്താറ്റിരിയുടെ മുക്കിലും മൂലയിലും കറങ്ങി നടക്കണം. പുഞ്ചക്കുഴിയിൽ ചാടിക്കുളിച്ച്‌, പാടത്ത്‌ തോട്ടിൽ നിന്ന് മീൻ വെട്ടി ചുട്ട്‌ തിന്ന്, പഴുത്ത നാടൻ മാങ്ങയും ചക്കയും മൂക്ക്‌ മുട്ടെ തിന്ന്, സുകുവിന്റെ തമിഴ്‌ പാട്ട്‌ കേട്ട്‌, ചാപ്പിന്റെ വാടൻ ചായയും നുറുക്കും തിന്ന്, മുത്തുവിന്റെ സ്വതസിദ്ധമായ ചിരികേട്ട്‌, ഉമ്മർ കാക്കാന്റെ കപ്പയും മത്തിയും ബോട്ടിയും ചപ്പാത്തിയും മാറി മാറി രുചിച്ച് നോക്കി, കൂട്ടിലങ്ങാടി പുഴയിൽ മതിവരുവോളം നീന്തിക്കുളിച്ച്, കുന്നിപ്പറമ്പിൽ എന്നും ഉത്സവമാകാറുള്ള കാൽപന്ത്‌ കളിയിൽ ഒരു കൈനോക്കി ഈ അവധിക്കാലം ഒരുത്സവമാക്കണം. "ന്നാ, പ്പത്തന്നെ ങ്ങട്ട്‌ പോര്ണം കെട്ടോ, ആ കുട്ട്യാള് വന്നാ അന്നെ ചോയ്ക്കും" കുട കയ്യിൽതന്ന് ഉമ്മ പറഞ്ഞു. "ഈ നേരത്ത്‌ മൊട്ടംകുന്നത്ത്‌ ആരും ണ്ടാകൂലാ.. വേകങ്ങട്ട്‌ പോരേ"ഉപ്പാക്ക്‌ മകനെ കണ്ട്‌ പൂതികെട്ടിട്ടുണ്ടാവില്ല."ഞാപ്പൊ വരാ.. " ഉപ്പാനോട്‌ പറഞ്ഞ്‌ കുടയും ചൂടി ഞാൻ നടന്നു. ചെരക്കല്ല് വാരിയെറിഞ്ഞത്‌ പോലെ മഴ കുടയിൽ തട്ടി ഒരു വല്ലാത്ത ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. കുടക്കാൽ ഇരുകൈയ്യിന്റേയും ഉള്ളം കയ്യിലിട്ട്‌ തിരിച്ച്‌ മഴവെള്ളം വശങ്ങളിലേക്ക്‌ വട്ടത്തിൽ തെറിപ്പിച്ച്‌ ഞാൻ മൊട്ടംകുന്നിലേക്ക്‌ നടന്നു. വീതികുറഞ്ഞ ടാറിട്ട്‌ റോഡിന്റെ ഇരുവശത്തേയും ഓവു ചാലിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നു. കഴിഞ്ഞ ലീവിൽ നാട്ടിൽ വരുമ്പോൾ ഈ ചാലുകൾ ഇല്ലായിരുന്നു. അന്ന് മഴ പെയ്താൽ വെള്ളം റോട്ടിലേക്കൊലിച്ചിറങ്ങുന്നത്‌ ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. ചെരക്കല്ലുകളും മറ്റ്‌ ചവറുകളും റോഡിലേക്കൊലിച്ചിറങ്ങി വൃത്തിഹീനമായി കിടന്നിരുന്ന പെരിന്താറ്റിരിയുടെ റോഡുകൾ ഇന്ന് മഴ നനഞ്ഞ്‌ വൃത്തിയോടെ ഈറനണിഞ്ഞ്‌ നിൽക്കുന്നത്‌ കാണാൻ നല്ല ചന്തമാണ്.
------------------------------------------
ഇനി വീണ്ടും നാലെ കാണാം
ശുഭ ദിനം

1 അഭിപ്രായം:

HARI VILLOOR പറഞ്ഞു...

സുഹ്രത്തേ..
നല്ലപോലെ എഴിതിയിരിക്കുന്നു...... എങ്കിലും പല ഭാഗങ്ങളിലും ചില അക്ഷരങ്ങള്‍ വിട്ടു പോയിരിക്കുന്നു... ആ അക്ഷര പിശാചിനെ സൂക്ഷിക്കുക....

എല്ലാവിധ നന്മകളും നേരുന്നു...... സ്നേഹപൂര്‍വ്വം ഹരി.